തിരയുക

പാപ്പാ: വാർദ്ധക്യത്തിനു മുന്നിൽ നാം എന്തിന് അസ്വസ്ഥരാകണം?

ഫ്രാൻസീസ് പാപ്പായുടെ പൊതുദർശന പ്രഭാഷണം: വാർദ്ധക്യത്തെ അധികരിച്ച് എഴുപത്തിയൊന്നാം സങ്കീർത്തനത്തെ ആധാരമാക്കിയുള്ള പരിചിന്തനം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ ഈ ബുധനാഴ്ചയും (01/06/22) പതിവുപോലെ പ്രതിവാര പൊതുദർശനം അനുവദിച്ചു. അർക്കാംശുവർഷണം ശക്തമായിക്കൊണ്ടിരിക്കുന്ന ഒരു വേളയാണിതെങ്കിലും, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ തുറസ്സായ അങ്കണം തന്നെയായിരുന്നു വേദി. തന്നെ എല്ലാവർക്കും കാണത്തക്കരീതിയിൽ സുരക്ഷാക്രമീകരണങ്ങളോടെ സജ്ജമാക്കിയിരിക്കുന്ന വെളുത്ത തുറന്ന വാഹനത്തിൽ പാപ്പാ ചത്വരത്തിൽ പ്രവേശിച്ചപ്പോൾ അവിടെ സന്നിഹിതരായിരുന്ന വിവിധ രാജ്യക്കാരായിരുന്ന തീർത്ഥാടകരുടെയും സന്ദർശകരുടെയും കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു. എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് അവർക്കിടയിലൂടെ വാഹനത്തിൽ നീങ്ങിയ പാപ്പാ, അതിൽ ഇരുന്നുകൊണ്ട്, ജനസഞ്ചയത്തെ വലം വെച്ചു. ഇടയക്കു വച്ച് പാപ്പാ, കഴിഞ്ഞ ആഴ്ചയും ചെയ്തതു പോലെ, ഏതാനും ബാലികാബാലന്മാരെ വാഹനത്തിൽ കയറ്റുകയും അവരോടൊപ്പം മുന്നോട്ടുപോകുകയും ചെയ്തു. പാപ്പാ പ്രസംഗവേദിയിലെത്തുന്നതിനു മുമ്പ്, തന്നോടൊപ്പമുണ്ടായിരുന്ന കുട്ടികളെ വാഹനത്തിൽ നിന്നിറക്കി. അതിനുശേഷം പാപ്പാ ആ വണ്ടിയിൽ തന്നെ പ്രസംഗവേദിക്കടുത്തേക്കു പോകുകയും റോമിലെ സമയം രാവിലെ ഏതാണ്ട് 9.00 മണിയ്ക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30, കഴിഞ്ഞപ്പോൾ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു. തദ്ദനന്തരം പാപ്പാ, പൊതുകൂടിക്കാഴ്ചാ വേളയിൽ താൻ വാർദ്ധക്യത്തെ അധികരിച്ച് നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടർന്നു. സ്വന്തം അവസ്ഥയുടെ അടിസ്ഥാനത്തിൽ ഒരു വയോധികൻ കർത്താവിങ്കലേക്കുയർത്തുന്ന പ്രാർത്ഥനയടങ്ങിയ  എഴുപത്തിയൊന്നാം സങ്കീർത്തനമായിരുന്നു പാപ്പായുടെ ഈ വിചിന്തനത്തിന് അവലംബം. ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന തൻറെ വിചിന്തനത്തിൽ പാപ്പാ ഇപ്രകാരം പറഞ്ഞു:

 എഴുപത്തിയൊന്നാം സങ്കീർത്തനത്തിലെ പ്രാർത്ഥന              

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

തരണം ചെയ്ത കഷ്ടപ്പാടുകളുടെയും ലഭിച്ച അനുഗ്രഹങ്ങളുടെയും സ്മരണ വിശ്വാസത്തിൻറെയും പ്രത്യാശയുടെയും പരീക്ഷണത്തിന് വിധേയമാക്കപ്പെടുന്ന വേളയിൽ, വാർദ്ധക്യാവസ്ഥയിൽ കുടികൊള്ളുന്ന ശക്തമായ പിരിമുറുക്കത്തെക്കുറിച്ച് ധ്യാനിക്കാൻ, നാം ശ്രവിച്ച എഴുപത്തിയൊന്നാം  സങ്കീർത്തനത്തിൽ കാണുന്ന വൃദ്ധൻറെ മനോഹരമായ പ്രാർത്ഥന,  നമുക്ക് പ്രചോദനമേകുന്നു.

വാർദ്ധക്യത്തിൻറെ ബലഹീനത, ചൂഷണത്തിനിരകളാകുന്ന വയോധികർ 

വാർദ്ധക്യം ദുർബ്ബലതയിലൂടെയും വേധ്യതയിലൂടെയും കടന്നുപോകുമ്പോൾ അതിനെ അകമ്പടി സേവിക്കുന്ന ബലഹീനതയിൽത്തന്നെ ഈ പരീക്ഷണം പ്രകടമാകുന്നു. സങ്കീർത്തകൻ - കർത്താവിങ്കലേക്ക് തിരിയുന്ന ഒരു വൃദ്ധൻ - ഈ പ്രക്രിയ, പരിത്യക്തതയുടെയും, വഞ്ചനയുടെയും, ഒഴിഞ്ഞുമാറ്റത്തിൻറെയും, അധികാരഭാവത്തിൻറെയും അവസരമായി മാറുന്നു എന്ന വസ്തുത വ്യക്തമായി പരാമർശിക്കുന്നുണ്ട്, കൂടാതെ, ഇത് ചിലപ്പോൾ പ്രായമായവരോടുള്ള ക്രോധവുമായിത്തീരുന്നു. നമ്മുടെ ഈ സമൂഹത്തിൽ നാം പ്രത്യേകം വൈദഗ്ദ്യം നേടിക്കൊണ്ടിരിക്കുന്ന ഒരു തരം ഭീരുത്വമാണിത്. സത്യത്തിൽ, വയോധികരുടെ പ്രായം മുതലെടുത്ത്, അവരെ ചതിക്കുകയും  പല വിധത്തിൽ ഭയപ്പെടുത്തുകയും ചെയ്യുന്നവർ വിരളമല്ല. യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ കബളിപ്പിക്കപ്പെടുകയും സമ്പാദ്യം തട്ടിയെടുക്കപ്പെടുകയും ചെയ്യുന്ന വൃദ്ധജനത്തെക്കുറിച്ച്  നാം പലപ്പോഴും പത്രങ്ങളിൽ വായിക്കുകയോ കേൾക്കുകയോ ചെയ്യാറുണ്ട്; അല്ലെങ്കിൽ അവർക്ക് സംരക്ഷണം നല്കുന്നില്ല, പരിചരണമില്ലാതെ ഉപേക്ഷിക്കപ്പെടുന്നു; അതുമല്ലെങ്കിൽ അവർ അവഹേളനങ്ങളാൽ വ്രണപ്പെടുത്തപ്പെടുകയും അവരുടെ അവകാശങ്ങൾ അവർ ഉപേക്ഷിക്കേണ്ടതിന് ഭീഷണിപ്പെടുത്തപ്പെടുകയും ചെയ്യുന്നു. കുടുംബങ്ങളിലും ഇത്തരം ക്രൂരതകൾ അരങ്ങേറുന്നു. കുടുംബങ്ങളിൽ ഇതു സംഭവിക്കുന്നു എന്നത് ഗുരുതരമാണ്. പ്രായംചെന്നവർ വൃദ്ധസദനങ്ങളിലേക്കു വലിച്ചെറിയപ്പെടുന്നു, അവിടെ ഉപേക്ഷിക്കപ്പെടുന്നു. ഇതു സംഭവിക്കുന്നു. അതിനെക്കുറിച്ച് നാം ചിന്തിക്കേണ്ടതുണ്ട്.

പ്രായമേറിയവരെ പരിപാലിക്കുക

സമൂഹത്തിൽ എണ്ണത്തിൽ എന്നും കൂടുതലുള്ളവരും പലപ്പോഴും കൂടുതൽ പുറന്തള്ളപ്പെടുന്നവരുമായ വയോധികരെ പരിപാലിക്കാൻ ആ സമൂഹം മുഴുവനും വ്യഗ്രത കാട്ടണം. സ്വയംപര്യപ്തതയും സുരക്ഷിതത്വവും വീടും പോലും കൈവിട്ടുപോയ വയോജനങ്ങളെക്കുറിച്ചു കേൾക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് ഇന്നത്തെ സമൂഹത്തിന് വയോജനങ്ങളോടുള്ള പരസ്പരവിരുദ്ധമായ വൈകാരിക നിലപാട് അവഗണന ഒറ്റപ്പെട്ട യാദൃശ്ചിക അടിയന്തിര പ്രശ്‌നമല്ല, പ്രത്യുത, നാം ജീവിക്കുന്ന ലോകത്തെ വിഷലിപ്തമാക്കുന്ന വലിച്ചെറിയൽ സംസ്‌കാരത്തിൻറെ ഒരു സ്വഭാവമാണെന്നാണ്. സങ്കീർത്തനത്തിലെ വൃദ്ധൻ തൻറെ അസ്വാസ്ഥ്യം ദൈവത്തോട് തുറന്നുപറയുന്നു: "എൻറെ ശത്രുക്കൾ എനിക്കെതിരെ സംസാരിക്കുന്നു, എനിക്കെതിരെ ചാരപ്പണി ചെയ്യുന്നവർ സംഘം ചേരുന്നു, അവർ പറയുന്നു:" ദൈവം അവനെ ഉപേക്ഷിച്ചു, പിന്തുടർന്ന്  അവനെ പിടികൂടുക: അവനെ രക്ഷിക്കാൻ ആരുമില്ല!” (സങ്കീർത്തനം 71,10-11). അനന്തരഫലങ്ങൾ മാരകമാണ്. വാർദ്ധക്യത്തിന് അതിൻറെ ഔന്നത്യം നഷ്ടപ്പെടുക മാത്രമല്ല, തുടരാൻ അർഹതയുണ്ടോ എന്ന് പോലും സംശയിക്കുന്നു. അങ്ങനെ, നമ്മുടെ വേധ്യതകൾ മറയ്ക്കാനും, നമ്മുടെ അസുഖം, പ്രായം, വാർദ്ധക്യം എന്നിവ ഒളിച്ചുവയ്ക്കാനും നാമെല്ലാവരും പ്രലോഭിപ്പിക്കപ്പെടുന്നു, കാരണം അവ നമ്മുടെ ഔന്നത്യം നഷ്ടപ്പെടുന്നതിൻറെ തുടക്കമാണെന്ന് നമ്മൾ ഭയപ്പെടുന്നു. നമുക്ക് സ്വയം ചോദിക്കാം: ഈ വികാരം ഉണ്ടാകുക മാനുഷികമാണോ? എന്തുകൊണ്ടാണ് വളരെ വികസിച്ചതും കാര്യക്ഷമവും ആയ ആധുനിക നാഗരികത, രോഗത്തിൻറെയും വാർദ്ധക്യത്തിൻറെയും മുന്നിൽ അസ്വസ്ഥമാകുന്നത്? മാന്യമായ അതിജീവനത്തിൻറെ അതിരുകൾ നിർവ്വചിക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ രാഷ്ട്രീയം, അതേ സമയം വൃദ്ധരും രോഗികളുമായി സ്‌നേഹപൂർവമായ സഹവർത്തിത്വത്തിൻറെതായ അന്തസ്സിനോട് നിർവ്വികാരത പ്രകടിപ്പിക്കുന്നത് എന്തുകൊണ്ടാണ്?

ദൈവത്തിങ്കലേക്കു തിരിയുന്ന വൃദ്ധൻ 

തൻറെ വാർദ്ധക്യം ഒരു പരാജയമായി കാണുന്ന സങ്കീർത്തനത്തിലെ വൃദ്ധൻ കർത്താവിലുള്ള വിശ്വാസം വീണ്ടും കണ്ടെത്തുന്നു. സഹായം ആവശ്യമാണെന്ന അവബോധം അയാൾക്ക് ഉണ്ടാകുന്നു. അവൻ ദൈവത്തിങ്കലേക്കു തിരിയുന്നു. വിശുദ്ധ അഗസ്റ്റിൻ ഈ സങ്കീർത്തനത്തെക്കുറിച്ചുള്ള വ്യാഖ്യാനത്തിൽ ആ വൃദ്ധനെ ഉപദേശിക്കുന്നത് ഇങ്ങനെയാണ്: "നിൻറെ വാർദ്ധക്യത്തിൽ ഉപേക്ഷിക്കപ്പെടുമെന്ന് ഭയപ്പെടരുത്.....കർത്താവ് നിന്നെ ഉപേക്ഷിക്കുമെന്നും, നിൻറെ വാർദ്ധക്യകാലത്ത്, നിൻറെ ശക്തി ക്ഷയിക്കുമ്പോൾ, നിന്നെ തള്ളിക്കളയുമെന്നും നീ ഭയപ്പെടുന്നത് എന്തുകൊണ്ട്? എന്നാൽ തീർച്ചയായും,  അപ്പോഴായിരിക്കും, നിനക്ക് ബലക്ഷയമുണ്ടാകുമ്പോൾ ആയിരിക്കും അവിടത്തെ ശക്തി നിന്നിലുണ്ടാകുക "(PL 36, 881-882). വയോധികനായ സങ്കീർത്തകൻ വിളിച്ചുപറയുന്നു: "എന്നെ സ്വതന്ത്രനാക്കൂ, എന്നെ സംരക്ഷിക്കൂ,  നിൻറെ ചെവി എന്നിലേക്ക് ചായിക്കുകയും എന്നെ രക്ഷിക്കുകയും ചെയ്യൂ. എൻറെ പാറയാകുക,  എന്നും പ്രവേശിക്കാനാകുന്ന ഭവനമാകുക; നീ എനിക്ക് രക്ഷ ഏകാൻ തീരുമാനിച്ചു: / തീർച്ചയായും നീ എൻറെ അഭയശിലയും എൻറെ കോട്ടയുമാണ്! (സങ്കീർത്തനം 71,2-3). ഈ പ്രാർത്ഥന ദൈവത്തിൻറെ വിശ്വസ്തതയെ സാക്ഷ്യപ്പെടുത്തുകയും, സമഗ്രതയിൽ സംരക്ഷിക്കപ്പെടേണ്ട മർത്ത്യജീവിതത്തിൻറെ ഉപമയോടുള്ള നിർവ്വികാരതയിൽ നിന്ന് വഴിമാറിപ്പോയ മനസ്സാക്ഷിയെ ഇളക്കാനുള്ള അതിൻറെ കഴിവിനെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. അവൻ വീണ്ടും ഇങ്ങനെ പ്രാർത്ഥിക്കുന്നു: "ദൈവമേ, എന്നിൽ നിന്ന് അകന്നിരിക്കരുതേ: എൻറെ ദൈവമേ, എന്നെ സഹായിക്കാൻ വേഗം വരേണമേ. / എന്നെ കുറ്റപ്പെടുത്തുന്നവർ ലജ്ജിക്കുകയും നശിപ്പിക്കപ്പെടുകയും ചെയ്യട്ടെ, എന്നെ ദ്രോഹിക്കാൻ നോക്കുന്നവർ നിന്ദനവും അപകീർത്തിയും കൊണ്ട് മൂടപ്പെടട്ടെ" (സങ്കീർത്തനം 71,12-13).

പ്രാർത്ഥനയുടെ ശക്തി

തീർച്ചയായും, രോഗത്തിൻറെയും വാർദ്ധക്യത്തിൻറെയും ബലഹീനത മുതലെടുക്കുന്നവരുടെ മേൽ ലജ്ജ പതിക്കണം. പ്രാർത്ഥന, പ്രായാധക്യത്തിലെത്തിയവൻറെ ഹൃദയത്തിൽ ദൈവത്തിൻറെ വിശ്വസ്തതയുടെയും അനുഗ്രഹത്തിൻറെയും വാഗ്ദാനം നവീകരിക്കുന്നു.  വയോധികൻ പ്രാർത്ഥന വീണ്ടും കണ്ടെത്തുകയും അതിൻറെ ശക്തിയെ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു., സഹായിക്കപ്പെടേണ്ടവരുടെ പ്രാർത്ഥന, യേശു, സുവിശേഷങ്ങളിൽ ഒരിക്കലും നിരസിക്കുന്നില്ല. നാമെല്ലാവരും കർത്താവിന് നമ്മെത്തന്നെ വിട്ടുകൊടുക്കണമെന്നും അവിടത്തെ സഹായം അഭ്യർത്ഥിക്കണമെന്നും മറ്റു ജീവിതദശകളിലുള്ളവരെ പഠിപ്പിക്കാൻ, പ്രായമായവർക്ക്, അവരുടെ ബലഹീനത നിമിത്തം കഴിയും. ഈ അർത്ഥത്തിൽ, നാമെല്ലാവരും വാർദ്ധക്യത്തിൽ നിന്ന് പഠിക്കേണ്ടതുണ്ട്: അതെ, വയോധികരായിരിക്കുകയെന്നാൽ, ദൈവത്തിൽ നിന്ന് തുടങ്ങി മറ്റുള്ളവരുടെ സംരക്ഷണത്തിന് സ്വയം ഏല്പിക്കലാണെന്ന് മനസ്സിലാക്കുക ഒരു ദാനമാണ്.

വാർദ്ധക്യം: എല്ലാവരും കടന്നുപോകേണ്ട ജീവിത ദശ

മനുഷ്യജീവിതത്തിൻറെ മുഴുവൻ കാലയളവിലും വിശ്വസനീയമായി ഓർമ്മിക്കാൻ കഴിയുന്ന ഒരു അവസ്ഥയാണ് വാർദ്ധക്യം എന്ന "ദുർബ്ബലതയുടെ സിദ്ധാന്തം" ഉണ്ട്. ഈ സിദ്ധാന്തം നമ്മുടെ തന്നെ നാഗരികതയുടെ നവീകരണത്തിന് നിർണ്ണായകമായ ഒരു ചക്രവാളം തുറക്കുന്നു. ഈ നവീകരണം ഇപ്പോൾ എല്ലാവരുടെയും സഹവർത്തിത്വത്തിന് അനിവാര്യമാണ്. വൃദ്ധജനത്തെ, ആശയപരവും പ്രായോഗികവുമായി, പാർശ്വവൽക്കരിക്കുന്നത്, വാർദ്ധക്യദശയെ മാത്രമല്ല, ജീവിതത്തിൻറെ എല്ലാ ഘട്ടങ്ങളെയും ദുഷിപ്പിക്കുന്നു. നമുക്ക് ഓരോരുത്തർക്കും ഇന്ന് കുടുംബത്തിലെ മുതിർന്നവരെക്കുറിച്ച് ചിന്തിക്കാൻ കഴിയും: എനിക്ക് അവരുമായുള്ള ബന്ധം എപ്രകാരമാണ്, ഞാൻ അവരെ ഓർക്കുന്നുണ്ടോ, അവരെ സന്ദർശിക്കുന്നുണ്ടോ? അവർക്ക് എന്തെങ്കിലും കുറവുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടോ? ഞാൻ അവരെ ബഹുമാനിക്കുന്നുണ്ടോ? എൻറെ കുടുംബത്തിലെ പ്രായമായവർ: അതായത്, അപ്പൻ അമ്മ, മുത്തച്ഛൻ, മുത്തശ്ശി, അമ്മാവന്മാർ, അമ്മായിമാർ, സുഹൃത്തുക്കൾ എന്നിവരെക്കുറിച്ച് ചിന്തിക്കാം ... ഞാൻ അവരെ എൻറെ ജീവിതത്തിൽ നിന്ന് മായിച്ചുകളഞ്ഞോ? അതോ ജ്ഞാനം, ജീവിത ജ്ഞാനം ലഭിക്കാൻ ഞാൻ അവരുടെ പക്കലേക്കു പോകുമോ? നിങ്ങളും വാർദ്ധക്യം പ്രാപിക്കുമെന്ന് ഓർക്കുക. വാർദ്ധക്യം സകലർക്കും ഉണ്ടാകുന്നു. നിങ്ങൾ പരിചരിക്കപ്പെടാൻ, വാർദ്ധക്യത്തിൽ പരിചരിക്കപ്പെടാൻ, ആഗ്രഹിക്കുന്നതുപോലെ, നിങ്ങൾ ഇന്ന് പ്രായമായവരോട് പെരുമാറുക. അവർ കുടുംബത്തിൻറെ ഓർമ്മയാണ്, മാനവികതയുടെ സ്മരണയാണ്, നാടിൻറെ ഓർമ്മയാണ്. ജ്ഞാനമായ മുതിർന്നവരെ പരിപാലിക്കുക.  സഭയുടെ ഘടകമായ വൃദ്ധജനത്തിന് ഈ പ്രാർത്ഥനയുടെയും ഈ പ്രകോപനത്തിൻറെയും മാഹാത്മ്യം കർത്താവ് പ്രദാനം ചെയ്യട്ടെ. കർത്താവിലുള്ള ഈ വിശ്വാസം നമ്മിൽ സംക്രമിക്കട്ടെ. അത് സകലരുടെയും, അവരുടെയും നമ്മുടെയും നമ്മുടെ മക്കളുടെയും നന്മയ്ക്കായിഭവിക്കട്ടെ നന്ദി.

സമാപനാഭിവാദ്യങ്ങൾ

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

ധാന്യത്തെ യുദ്ധോപാധിയാക്കരുത്

ഉക്രൈയിനിൽ നിന്നുള്ള ധാന്യക്കയറ്റുമതി തടഞ്ഞിരിക്കുന്ന അവസ്ഥയിലുള്ള ആശങ്ക പാപ്പാ പ്രകടിപ്പിച്ചു.

ദശലക്ഷക്കണക്കിന് ആളുകളുടെ, പ്രത്യേകിച്ച് ദരിദ്ര രാജ്യങ്ങളിലുള്ളവരുടെ ജീവിതം ഉക്രൈയിനിൽ നിന്നെത്തുന്ന ഭക്ഷ്യധാന്യത്തെ ആശ്രയിച്ചാണിരിക്കുന്നതെന്ന വസ്തുതയും പാപ്പാ അനുസ്മരിച്ചു.  

ഈ പ്രശ്നത്തിൻറെ പരിഹൃതിക്കും ഭക്ഷണമെന്ന സാർവ്വത്രിക മനുഷ്യാവകാശം ഉറപ്പാക്കപ്പെടുന്നതിനും സർവ്വവിധ ശ്രമങ്ങളും നടത്താൻ പാപ്പാ  ഹൃദയംഗമമായി അഭ്യർത്ഥിക്കുകയും ചെയ്തു.

അടിസ്ഥാന ഭക്ഷണമായ ഗോതമ്പ് യുദ്ധോപാധിയാക്കരുതെന്ന് പാപ്പാ പറഞ്ഞു.

പാപ്പാ വയോധികരോടും രോഗികളോടും യുവതയോടും നവദമ്പതികളോടും

പൊതുദർശനപരിപാടിയുടെ അവസാനഭാഗത്ത് പാപ്പാ,  പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ, പതിവുപോലെ, അഭിവാദ്യം ചെയ്തു.

ജൂൺ 5-ന്  ഞായറാഴ്ച പെന്തക്കോസ്ത തിരുന്നാൾ തിരുസഭ ആചരിക്കുന്നതിനെക്കുറിച്ച് തദ്ദവസരത്തിൽ സൂചിപ്പിച്ച പാപ്പാ, യുവജനത്തെ സംബന്ധിച്ചിടത്തോളം പരിശുദ്ധാരൂപി, അവരെ മരവിപ്പിൽ നിന്ന് രക്ഷിക്കുകയും സഭയോടും സമൂഹത്തോടുമുള്ള  മഹത്തായ ആദർശങ്ങളെയും പ്രതിബദ്ധതയെയും സ്നേഹിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന കാറ്റും തീയും ആകട്ടെയെന്ന് ആശംസിച്ചു.

തങ്ങളുടെ ദൈനംദിന കഷ്ടപ്പാടുകളുടെ വേളയിൽ ദൈവത്തിൻറെ സ്നേഹത്തെക്കുറിച്ച് ഉറപ്പേകിക്കൊണ്ട് പരിശുദ്ധാരൂപി രോഗികൾക്ക് സാന്ത്വനദായകനായി ഭവിക്കട്ടെയെന്ന് പാപ്പാ പറഞ്ഞു.

നവദമ്പതികളെ സംബന്ധിച്ചിടത്തോളം, പരിശുദ്ധാരൂപി, പരസ്പരസ്നേഹത്തിൽ വളരാൻ അവരെ സഹായിക്കുന്ന "കൂട്ടായ്മയുടെ" ഉറവിടമാകട്ടെയെന്ന് പാപ്പാ  ആശംസിച്ചു.

തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടതിനു ശേഷം, പാപ്പാ,  എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 June 2022, 00:02

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >