തിരയുക

എലിസബത്ത് II രാജ്ഞി വത്തിക്കാനിലെത്തിയപ്പോൾ - ഫയൽ ചിത്രം എലിസബത്ത് II രാജ്ഞി വത്തിക്കാനിലെത്തിയപ്പോൾ - ഫയൽ ചിത്രം 

എലിസബത്ത് രാജ്ഞിയുടെ ജന്‍മദിനവും യു.കെ. ദേശീയദിനാഘോഷവും: ഫ്രാൻസിസ് പാപ്പായുടെ ആശംസകൾ

എലിസബത്ത് രാജ്ഞി തന്റെ ഔദ്യോഗികജന്മദിനാഘോഷവും അതോടനുബന്ധിച്ച് യുണൈറ്റഡ് കിങ്ഡം എന്ന ഐക്യരാജ്യത്തിന്റെ ദേശീയദിനാഘോഷവും നടത്തുന്ന വേളയിൽ ഫ്രാൻസിസ് പാപ്പാ തന്റെ ആശംസകൾ നേർന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

രാജ്ഞിയുടെ ജന്മദിനവും രാജ്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷവും

എലിസബെത്ത് രാജ്ഞി തന്റെ ജന്മദിനവും രാജ്യത്ത് അധികാരത്തിലേറിയതിന്റെ എഴുപതാം വാർഷികവും ആഘോഷിക്കുന്ന അവസരത്തിൽ രാജ്ഞിക്കും രാജകുടുംബാംഗങ്ങൾക്കും താൻ മംഗളാശംസകളും നന്മകളും നേരുന്നുവെന്ന് പാപ്പാ എഴുതി. സർവ്വശക്തനായ ദൈവം രാജ്ഞിയേയും കുടുംബത്തെയും, രാജ്യത്തെ എല്ലാ ജനങ്ങളെയും അനുഗ്രഹിക്കട്ടെ എന്നും പാപ്പാ ആശംസിച്ചു. ദൈവം ഐക്യവും, സമൃദ്ധിയും, സമാധാനവും ഏവർക്കുമേകട്ടെ എന്നും പാപ്പാ കൂട്ടിച്ചേർത്തു.

എലിസബത്ത് രാജ്ഞിക്ക് പാപ്പായുടെ കത്ത്

രാജ്ഞി അധികാരമേറ്റതിൻറെ എഴുപതാം വാർഷികം രാജ്യമൊട്ടാകെ ആഘോഷിക്കുന്ന വേളയിൽ പാപ്പാ യു.കെയുടെ രാജ്ഞിക്ക് വ്യക്തിപരമായ ഒരു കത്തിലൂടെ പ്രത്യേകമായി ആശംസകൾ നേർന്നു. രാജ്ഞി തന്റെ ജനത്തിന്റെയും രാഷ്ട്രത്തിന്റെയും നന്മയ്ക്കായി ചെയ്ത സേവനങ്ങൾക്ക് പാപ്പാ അനുമോദനമറിയിച്ചു. രാജ്യത്തിൻറെ ആധ്യാത്മിക, സാംസ്‌കാരിക, രാഷ്ട്രീയ പാരമ്പര്യം നിലനിർത്തുന്നതിൽ രാജ്ഞിയുടെ പങ്കിനെ പാപ്പാ പ്രത്യേകം പരാമർശിച്ചു.

പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട്, "രാജ്ഞിയുടെ പച്ച മേലാപ്പ്" എന്ന പേരിൽ നടത്തുന്ന സംരഭത്തിലേക്ക്, ലെബനോനിലെ ഒരു ദേവദാരു സംഭാവന ചെയ്യുന്നുവെന്ന് പാപ്പാ എഴുതി.

രാജ്ഞിക്കും, കുടുംബത്തിനും രാജ്യത്തെ ജനങ്ങൾക്കും തന്റെ പ്രാർത്ഥനകളും ദൈവാനുഗ്രഹങ്ങളും നേർന്ന പാപ്പാ, തനിക്കുവേണ്ടിയും പ്രാർത്ഥനകൾ അഭ്യർത്ഥിച്ചു.

ആഘോഷങ്ങൾ

ജൂൺ രണ്ടു മുതൽ അഞ്ചു വരെ തീയതികളിലായാണ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ നടക്കുന്നത്. ഈ ദിവസങ്ങളിൽത്തന്നെയാണ് രാജ്ഞി തന്റെ ജന്മദിനം ഔദ്യോഗികമായി ആഘോഷിക്കുന്നത്. 1926 ഏപ്രിൽ 21-ന് ജോർജ് ആറാമൻ രാജാവിന്റെയും എലിസബത്ത് രാജ്ഞിയുടെയും മകളെയാണ് രണ്ടാം എലിസബെത്ത് രാജ്ഞി ജനിച്ചത് എങ്കിലും ജൂൺ മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് സാധാരണയായി രാജ്ഞിയുടെ ജന്മദിനാഘോഷങ്ങൾ നടത്തുന്നത്. 1952 ജൂൺ ആറിന് തന്റെ പിതാവിന്റെ മരണത്തോടെ അവർ രാജഭരണം ഏറ്റെടുക്കുകയായിരുന്നു.

ഗ്രേറ്റ് ബ്രിട്ടൺ ദ്വീപുകളിലെ ഇംഗ്ലണ്ട്, സ്കോട്ട്‌ലാന്റ്, വെയിൽസ് എന്നീ രാജ്യങ്ങളും, അയർലന്റ് ദ്വീപിലെ ഉത്തര അയർലണ്ടും ഉൾപ്പെട്ട കൂട്ടായ്മയാണ്‌ ഐക്യരാജ്യം

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 ജൂൺ 2022, 16:35