തിരയുക

പത്താമത് ആഗോള കുടുംബസമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പാ പത്താമത് ആഗോള കുടുംബസമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പാ  

സഭ കുടുംബങ്ങൾക്ക് ഒരു നല്ല സമരിയക്കാരൻ: ഫ്രാൻസിസ് പാപ്പാ

ജൂൺ 22 ബുധനാഴ്ച വത്തിക്കാനിൽ ആരംഭിച്ച പത്താമത് ആഗോള കുടുംബസമ്മേളനത്തിൽ സംസാരിക്കവെ, സുവിശേഷത്തിലെ നല്ല സമരിയക്കാരന്റെ മാതൃകയിൽ, മുന്നോട്ടു നീങ്ങാനാകാതെ നിൽക്കുന്ന കുടുംബങ്ങൾക്ക് സഭ സഹായഹസ്തമേകുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

"കുടുംബത്തിലെ സ്നേഹം; വിളിയും, വിശുദ്ധിയുടെ മാർഗ്ഗവും" എന്ന പ്രമേയത്തിൽ അധിഷ്ഠിതമായി, ജൂൺ 22 മുതൽ 26 വരെ തീയതികളിൽ വത്തിക്കാനിൽ വച്ച് നടക്കുന്ന ആഗോളകുടുംബസമ്മേളനത്തിന്റെ ആദ്യദിനത്തിൽ പോൾ ആറാമൻ ശാലയിൽവച്ച് ആയിരക്കണക്കിന് വരുന്ന സമൂഹത്തോട് സംസാരിക്കവെ, ഓരോ കുടുംബങ്ങൾക്കും ഫ്രാൻസിസ് പാപ്പാ തന്റെ സാമീപ്യം വാഗ്ദാനം ചെയ്തു. വധൂവരന്മാർ, തങ്ങളുടെ കുടുംബങ്ങൾക്കും, സഭയ്ക്കുമൊപ്പം ഒരുമിച്ച് മുന്നേറണമെന്ന് പാപ്പാ ആഹ്വാനം ചെയ്‌തു. സുവിശേഷത്തിൽ വിവരിക്കുന്ന സമരിയക്കാരൻ, ആപത്തിൽപ്പെട്ട മനുഷ്യന് സമരിയക്കാരനെന്നപോലെയാകട്ടെ, നിങ്ങൾക്ക് സഭ എന്ന് പറഞ്ഞു. സമരിയക്കാരൻ മുറിവേറ്റ് വഴിയിൽ കിടക്കുന്ന മനുഷ്യനെ സഹായിച്ച്, അയാളുടെ യാത്ര മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുന്നതുപോലെ, സഭയും, നിങ്ങൾക്ക് സമീപസ്ഥയായി, മുന്നോട്ടുള്ള കാൽവയ്പ്പുകളിൽ നിങ്ങളെ സഹായിക്കട്ടെ എന്ന് പാപ്പാ ആശംസിച്ചു. സമീപസ്ഥനായിരിക്കുക എന്നത് ദൈവത്തിന്റെ ശൈലിയാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

സമ്മേളനത്തിന്റെ ഭാഗമായി പങ്കുവയ്ക്കപ്പെട്ട അനുഭവസാക്ഷ്യങ്ങൾ ആധാരമാക്കി സംസാരിക്കവേ, നിസ്സംഗതയുടേതായ ഈ ലോകത്ത് സഭ, തുറന്ന മനോഭാവത്തോടെ ആളുകളെ സ്വീകരിക്കുകയും, ഒരുമിച്ച് സഞ്ചരിക്കാൻ വിശ്വാസികളെ സഹായിക്കുകയും ചെയ്യട്ടെ എന്ന് പാപ്പാ പറഞ്ഞു.

ക്രിസ്തുവിന്റെ സ്നേഹത്തിൽ അധിഷ്ഠിതമായ കൂദാശയാണ് വിവാഹമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ജീവിതത്തിലെ ബുദ്ധിമുട്ടുകളെ ഒരുമിച്ച് തരണം ചെയ്യുവാനും, പരസ്പരം ക്ഷമിക്കുവാനും, തുറന്ന മനസ്സോടെ ജീവിക്കുവാനും, സാഹോദര്യത്തിന്റെ മനോഭാവത്തിലേക്ക് കൂടുതൽ അടുക്കുവാനും കുടുംബങ്ങൾക്ക് സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

കൂടുതലായി ദൈവസ്വരം ശ്രവിക്കാനും, ക്രിസ്തുവിനാൽ രൂപാന്തരപ്പെടാനും, അതുവഴി ലോകത്തെ കൂടുതൽ മെച്ചപ്പെട്ട ഒരു സ്ഥലമായി പരിവർത്തനം ചെയ്യാനും, അഭയം തേടുന്നവർക്കും, ക്രിസ്തുവിനെ കണ്ടുമുട്ടാനും, സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്നവർക്ക് ഒരു ഭവനമായി അതിനെ മാറ്റാനും കുടുംബങ്ങൾക്ക് സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

ജൂൺ 22 ബുധനാഴ്ച ആരംഭിച്ച പത്താമത് ആഗോള കുടുംബസമ്മേളനത്തിന്റെ ഭാഗമായി ശനിയാഴ്ച വൈകുന്നേരം ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ വിശുദ്ധ ബലിയർപ്പിക്കും. മുൻപ് പറഞ്ഞിരുന്നതിൽനിന്ന് വ്യത്യസ്തമായി, വൈകുന്നേരം 6.30 -നായിരിക്കും വിശുദ്ധബലിയർപ്പിക്കുക എന്ന് വത്തിക്കാൻ പത്രം ഓഫീസ് ജൂൺ 23-ന് പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. റോമിലെ ഉയർന്ന ചൂട് കണക്കിലെടുത്ത്, കൂടുതൽ വിശ്വാസികളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ മാറ്റം. വൈകുന്നേരം 5.15 ആയിരുന്നു മുൻപ് നിശ്ചയിച്ചിരുന്ന സമയം. ഞായറാഴ്ചയാണ് സമ്മേളനം അവസാനിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 June 2022, 15:42