തിരയുക

ഫ്രാൻസിസ് പാപ്പാ റോവാക്കോ അംഗങ്ങളോടൊപ്പം - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പാ റോവാക്കോ അംഗങ്ങളോടൊപ്പം - ഫയൽ ചിത്രം  (Vatican Media)

കായേന്റെ പദ്ധതികളാണ് ഇന്ന് ലോകത്തെ നയിക്കുന്നത്: ഫ്രാൻസിസ് പാപ്പാ

പൗരസ്ത്യസഭകൾക്കായുള്ള സഹായപ്രവർത്തനങ്ങളുടെ സംഘടനയുടെ (ROACO) പ്ലീനറി സമ്മേളനത്തിൽ സംബന്ധിച്ച ആളുകളോട് സംസാരിക്കവെ, പഴയനിയമത്തിലെ സഹോദരഘാതകനായ കായേന്റെ പദ്ധതികളാണ് ഇന്ന് ലോകത്ത് പലയിടത്തും നിലനിൽക്കുന്നതെന്ന് പാപ്പാ പറഞ്ഞു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സമാധാനത്തിനായുള്ള ശ്രമങ്ങൾ ലോകത്തിന്റെ വിവിധയിടങ്ങളിൽ നടക്കുന്നുണ്ടെങ്കിലും, പലയിടങ്ങളിലും ഭക്ഷണം കുറയുകയും ആയുധക്കൂമ്പാരങ്ങൾ വർദ്ധിക്കുകയുമാണ് ചെയ്യുന്നതെന്ന് പാപ്പാ അപലപിച്ചു. നിലവിലെ സ്ഥിതിയിൽ, പ്രാർത്ഥനയും ഉപവാസവും, മറ്റുള്ളവർക്കുള്ള സഹായങ്ങളും, സംഘർഷങ്ങളുടെ കൊടുംകാട്ടിൽ, സമാധാനത്തിന്റെ പാതകൾക്ക് ഇടം കണ്ടെത്തുന്നതിനായി പ്രവർത്തിക്കുന്നത് തുടരാമെന്നും പാപ്പാ പറഞ്ഞു. എത്യോപ്യ, എറിത്രിയ പ്രദേശങ്ങളിലെ സംഘർഷങ്ങളും, ഉക്രൈനിൽ തുടരുന്ന യുദ്ധവും ലോകത്തിന്റെ മാറ്റ് വിവിധ ഭാഗങ്ങളിൽ തുടരുന്ന അക്രമങ്ങളുമായി ബന്ധപ്പെട്ടാണ് പാപ്പാ ഇങ്ങനെ പറഞ്ഞത്.

ഉക്രൈനിൽ തുടരുന്ന യുദ്ധത്തെക്കുറിച്ച് സംസാരിക്കവെ, അവിടെ ജീവനെ നശിപ്പിക്കുന്ന ഒരു അക്രമമാണ് തുടരുന്നതെന്ന് പാപ്പാ പറഞ്ഞു. ഇത്, പൈശാചികമായ, ലുസിഫെറിന്റേതുപോലുള്ള ഒരു അക്രമമാണെന്നും, അതിനോട്, പ്രാർത്ഥനയുടെ ശക്തിയുടെയും, മൂർത്തമായ കാരുണ്യപ്രവർത്തികളുടെയും, ക്രൈസ്തവമായ എല്ലാ മാർഗങ്ങളിലൂടെയും പ്രതികരിക്കണമെന്നും പാപ്പാ ആവശ്യപ്പെട്ടു. ആയുധങ്ങൾ ചർച്ചകൾക്ക് വഴിമാറിക്കൊടുക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

റോവാക്കോയുടെ പ്രവർത്തനങ്ങളെ ശ്ലാഖിച്ച പാപ്പാ, അവരുടേത്, സിനഡൽ മാർഗ്ഗത്തിന്റേതായ രീതിയാണെന്ന് പറഞ്ഞു. നിരവധി ഘടകങ്ങളുടെ ഒരുമിച്ചുള്ള പ്രവർത്തനത്തിലൂടെയാണ് അവരുടെ ഓരോ പദ്ധതികളും അവതരിപ്പിക്കപ്പെടുന്നത്. അതിൽ, പദ്ധതികൾ അവതരിപ്പിക്കുന്നവർ, വൈദഗ്ധ്യമുള്ള ജോലിക്കാർ, രൂപതാധ്യക്ഷൻ, പൊന്തിഫിക്കൽ പ്രതിനിധികൾ, പൗരസ്ത്യസഭകൾക്കായുള്ള ഡികാസ്റ്ററി, വിവിധ ഏജൻസികൾ തുടങ്ങി വിവിധ ആളുകളാണ് സിനഡൽ രീതിയിൽ പ്രവർത്തിക്കുന്നത്.

സിറിയയിലെ കാത്തോലിക്കമെത്രാന്മാരുടെ അസ്സെംബ്ലിയിൽ റോവാക്കോ നടത്തിയ പ്രവർത്തികളെ പ്രശംസിച്ച പാപ്പാ, നീണ്ട പന്ത്രണ്ടു വർഷങ്ങളിൽ തുടർന്ന യുദ്ധം സൃഷ്‌ടിച്ച ദാരിദ്ര്യത്തിന്റെയും, പിന്തിരിപ്പൻ മനസ്ഥിതിയുടെയും മരുഭൂമിയിൽ, അതിൽപ്പെട്ട കക്ഷികൾ തങ്ങളുടെ താൻപോരിമ അവസാനിപ്പിച്ച്, മറ്റുള്ളവരെ ശ്രവിച്ച്, ശരിയായ മുൻഗണന എന്തിനാണ് കൊടുക്കേണ്ടതെന്ന് മനസ്സിലാക്കിയാൽ മാത്രമേ, സ്ഥിതിഗതികൾ മെച്ചപ്പെടുത്താൻ സാധിക്കൂ എന്ന് കണ്ടെത്താൻ നിങ്ങൾക്ക് കഴിഞ്ഞു എന്ന് പാപ്പാ പറഞ്ഞു.

ബെനഡിക്ട് എമിരറ്റസ് പാപ്പായുടെ അപ്പസ്തോലിക പ്രബോധനം എക്ലേസിയ ഇൻ മേദിയോ ഓറിയെന്തെയുടെ പത്താം വാർഷികം സെപ്റ്റംബറിൽ ഉണ്ടാകുമെന്ന കാര്യവുമായി ബന്ധപ്പെട്ട് സംസാരിച്ച പാപ്പാ, കഴിഞ്ഞ പത്തു വർഷങ്ങളിൽ ഇറാഖിലും, സിറിയയിലും, ലെബനോനിലും നിരവധി ദുഃഖകരമായ കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നത് അനുസ്മരിച്ചു. എന്നാൽ അതെ സമയം, മാനവികസഹോദര്യം സംബന്ധിച്ച, അബുദാബി രേഖ പോലെ, പ്രതീക്ഷയ്ക്കു വക നൽകുന്ന കാര്യങ്ങളും ആ പ്രദേശങ്ങളിൽ ഇണ്ടായിട്ടുണ്ടെന്ന് ഓർമ്മിപ്പിച്ചു.

മദ്ധ്യപൂർവ്വദേശങ്ങളിലേക്കുള്ള സിനഡിന്റെ ഫലങ്ങൾ പ്രാദേശികമായി പരിശോധിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ പാപ്പാ, അവിടുത്തെ പ്രാദേശിക സഭകളോട് കൂടുതൽ അടുപ്പവും അനുഭവവും പ്രകടിപ്പിക്കാനുള്ള യോജ്യമായ മാർഗ്ഗങ്ങളും, കാലികമായ ഉപകരണങ്ങളും കണ്ടെത്തേണ്ടതാണെന്ന് ഓർമ്മിപ്പിച്ചു.

ചടങ്ങുകളിൽ, പൗരസ്ത്യകത്തോലിക്കാസഭകൾക്കായുള്ള ഡിക്കസ്റ്ററിയുടെ അധ്യക്ഷൻ കർദ്ദിനാൾ സാന്ദ്രി, കർദ്ദിനാൾ സ്സെനാറി എന്നിവറുൾപ്പെടെ നിരവധിപേർ പങ്കെടുത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 June 2022, 15:32