കുടുംബങ്ങൾക്കായി പ്രാർത്ഥിക്കുക: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ജൂൺ മാസത്തിൽ റോമിൽവച്ച് കുടുംബങ്ങളുടെ ആഗോളസമ്മേളനം നടക്കാനിരിക്കെ, ഈ മാസത്തിൽ എല്ലാ കുടുംബങ്ങൾക്കും വേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കുവാൻ ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു. പ്രായം കുറഞ്ഞവരും വയോധികരും ഒരുമിച്ച് ജീവിക്കുവാൻ പഠിക്കുന്ന സ്ഥലമാണ് കുടുംബമെന്ന് പറഞ്ഞ പാപ്പാ, വ്യത്യസ്‌തകൾ ഉള്ളപ്പോഴും ഒരുമിച്ചു നിൽക്കുന്ന യുവജനങ്ങളും, വയോധികരും, മുതിർന്നവരും കുട്ടികളും തങ്ങളുടെ ജീവിതമാതൃക കൊണ്ട് സുവിശേഷം പ്രഘോഷിക്കുകയാണ് ചെയ്യുന്നത് എന്ന് ഓർമ്മിപ്പിച്ചു.
എല്ലാം തികഞ്ഞ കുടുംബം ഇല്ല. മാത്രവുമല്ല, പലപ്പോഴും എല്ലാ കാര്യങ്ങളും അംഗീകരിക്കുവാനും എളുപ്പമല്ല. എന്നാൽ തെറ്റുകളെ ഭയപ്പെടാതെ, അവയിൽ നിന്ന് പഠിച്ച് മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. നമ്മുടെ കുടുംബങ്ങളിലും, നമ്മുടെ അയല്പക്കങ്ങളിലും, നാം വസിക്കുന്ന നഗരത്തിലും, അങ്ങനെ എല്ലായിടത്തും ദൈവം നമ്മോടൊപ്പം ഉണ്ടെന്ന കാര്യം നാം മറക്കരുതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ദൈവം നമ്മെക്കുറിച്ച് ശ്രദ്ധാലുവാണെന്ന് പറഞ്ഞു. നമ്മുടെ ജീവിതനൗക ഇളകിമറിയുന്ന കടലിൽ ആടിയുലയുമ്പോഴും, നമ്മൾ തമ്മിൽ തർക്കങ്ങൾ നടക്കുമ്പോഴും, നമ്മുടെ വിഷമങ്ങളിലും, സന്തോഷങ്ങളിലും, ദൈവം നമ്മോടു കൂടെയുണ്ട്, അവൻ നമ്മെ സഹായിക്കുന്നു, നമ്മെ തിരുത്തുന്നു, പാപ്പാ തുടർന്നു.
കുടുംബത്തിൽ ജീവിക്കുന്ന സ്നേഹം എന്നത്, നമ്മുടെ വിശുദ്ധിയുടെ വ്യക്തിപരമായ മാർഗ്ഗമാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, അതുകൊണ്ടുതന്നെയാണ്, ഈ മാസത്തിൽ നടക്കുവാൻ പോകുന്ന കുടുംബങ്ങളുടെ ആഗോളസംഗമത്തിന്റെ പ്രതിപാദ്യവിഷയമായി അതെടുത്തതെന്ന് വ്യക്തമാക്കി. "കുടുംബത്തിലെ സ്നേഹം; വിളിയും, വിശുദ്ധിയുടെ മാർഗ്ഗവും" എന്നതാണ് ജൂൺ മാസം 22 മുതൽ 26 വരെ തീയതികളിൽ റോമിൽ വച്ച് നടക്കുന്ന ആഗോള കടുംബസമ്മേളനത്തിന്റെ പ്രമേയം.
ലോകമെമ്പാടുമുള്ള ക്രൈസ്തവകുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു. വ്യക്തമായ പ്രവർത്തികളിലൂടെ, ജീവിതത്തിൽ സൗജന്യമായി ലഭിക്കുന്ന സ്നേഹത്തിന്റെയും ദൈനംദിന ജീവിതത്തിന്റെ വിശുദ്ധിയും ആളുകൾ ജീവിക്കുന്നതിനു വേണ്ടി എല്ലാ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാം എന്ന ആഹ്വാനത്തോടെയാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: