തിരയുക

പതിനെട്ട് പേരുടെ മരണത്തിനിടയാക്കിയ അപകടദൃശ്യം പതിനെട്ട് പേരുടെ മരണത്തിനിടയാക്കിയ അപകടദൃശ്യം 

ക്രെമെൻചുക് ഷോപ്പിംഗ് സെന്ററിൽ ഉണ്ടായ അക്രമത്തെ അപലപിച്ച് പാപ്പാ

ജൂൺ 27 തിങ്കളാഴ്ച ഉക്രൈനിലെ ക്രെമെൻചുക് ഷോപ്പിംഗ് സെന്ററിൽ ഏതാണ്ട് പതിനെട്ട് പേരുടെ മരണത്തിനിടയാക്കിയ റഷ്യൻ മിസൈൽ ആക്രമണത്തെ പാപ്പാ അപലപിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ക്രെമെൻചുക് ഷോപ്പിംഗ് സെന്ററിൽ ഉണ്ടായത്, കിരാതമായ അക്രമണമാണെന്ന് കുറ്റപ്പെടുത്തിയ പാപ്പാ, തുടർച്ചയായ ആക്രമണങ്ങളാൽ പ്രഹരിക്കപ്പെടുന്ന ഉക്രൈനെ എപ്പോഴും താൻ ഹൃദയത്തിൽ സ്മരിക്കുന്നു എന്ന് പറഞ്ഞു. ഭ്രാന്തമായ ഈ യുദ്ധം കഴിയുന്നതും വേഗം അവസാനിക്കട്ടെയെന്നാണ് തന്റെ പ്രാർത്ഥനയെന്ന് പാപ്പാ വ്യക്തമാക്കി. ഇപ്പോഴത്തെ സ്ഥിതിയിൽ നിരാശരാകാതെ, സമാധാനത്തിനായുള്ള പ്രാർത്ഥനകളിൽ എല്ലാവരും തുടരണമെന്ന് ആഹ്വാനം ചെയ്തു.

മനുഷ്യർ ഇപ്പോൾ ആഗ്രഹിക്കാത്ത പരസ്പരസംവാദങ്ങളുടെയും ചർച്ചകളുടെയും പാതകൾ കർത്താവ് തുറക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. യുദ്ധത്തിന്റെ കഠിനമായ ആക്രമണങ്ങളാൽ വളരെയധികം കഷ്ട്ടപ്പെടുന്ന ഉക്രൈൻ ജനതയെ സഹായിക്കുന്നതിൽ നാം ഒരിക്കലും അവഗണന കാണിക്കരുതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ക്രെമെൻ‌ചുക്കിലെ തിരക്കേറിയ ഷോപ്പിംഗ് സെന്ററിന് നേരെ ഉണ്ടായ കഴിഞ്ഞ ദിവസത്തെ റഷ്യൻ മിസൈൽ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടതായി ഉക്രൈൻ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ തങ്ങൾ സാധാരണ ആളുകളെ അല്ല ലക്ഷ്യമിട്ടതെന്നും, സൈനികമേഖലയിലേക്കാണ് ആക്രമണം നടത്തിയതെന്നും റഷ്യ അവകാശപ്പെട്ടു. അതേസമയം G7 സമ്മേളനം ഇതിനെ ഒരു യുദ്ധക്കുറ്റമെന്നാണ് വിശേഷിപ്പിച്ചത്.

പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ആഘോഷദിനമായ ജൂൺ 29-ബുധനാഴ്ച മധ്യാഹ്നത്തിൽ വത്തിക്കാനിൽ വച്ച് ത്രികാലജപ പ്രാർത്ഥന നയിച്ച പാപ്പാ, അതിനുശേഷം ചത്വരത്തിലുണ്ടായിരുന്ന പതിനയ്യായിരത്തോളം ആളുകളെ അഭിസംബോധന ചെയ്യവെയാണ്, ക്രെമെൻചുക് ഷോപ്പിംഗ് സെന്ററിൽ ഉണ്ടായ മിസൈൽ അക്രമത്തെ അപലപിക്കുകയും, ഉക്രൈനുവേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയും ചെയ്തത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 ജൂൺ 2022, 16:48