തിരയുക

വാർദ്ധക്യത്തെ വിശ്വാസത്തിൽ വളരാനുള്ള അവസരമാക്കി മാറ്റുക: ഫ്രാൻസിസ് പാപ്പാ

ഫ്രാൻസീസ് പാപ്പായുടെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിൻറെ (22-06-2022) പരിഭാഷ.
പാപ്പായുടെ പ്രഭാഷണത്തിന്റെ മലയാള പരിഭാഷ - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഫ്രാൻസിസ് പാപ്പായുടെ ഈ മാസത്തിലെ നാലാമത്തെ പൊതുകൂടിക്കാഴ്ചയായിരുന്നു ജൂൺ ഇരുപത്തിരണ്ടാം തീയതി ബുധനാഴ്ച രാവിലെ 9 മണിക്ക് വത്തിക്കാനിൽ വച്ച് നടന്നത്. പ്രാദേശിക സമയം രാവിലെ 8. 35, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.05-ന് വത്തിക്കാനിലെ പത്രോസിന്റെ ചത്വരത്തിലെത്തിയ പാപ്പാ, കഴിഞ്ഞ ആഴ്ചകളിലേതുപോലെ, ഇത്തവണയും തന്റെ തുറന്ന ജീപ്പിൽ തന്നോടൊപ്പം സഞ്ചരിക്കാൻ കുറച്ചു കുട്ടികൾക്ക് അവസരം നൽകി. ആളുകളെ അഭിവാദനം ചെയ്തു നീങ്ങവേ, കുറച്ചു ശിശുക്കൾക്ക് പാപ്പാ ചുംബനം നൽകുകയും അവരെ ആശീർവദിക്കുകയും ചെയ്തു. ചത്വരത്തിലേക്ക് പാപ്പാ എത്തിയപ്പോൾ അവിടെയുണ്ടായിരുന്ന ആയിരക്കണക്കിന് ആളുകൾ കരഘോഷമുയർത്തി. 8.50-ന് പാപ്പാ പ്രധാന പീഠത്തിലെത്തി ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് ആരംഭം കുറിച്ചു. വാർദ്ധക്യത്തെക്കുറിച്ച് നടത്തിവരുന്ന പ്രബോധനപരമ്പരയാണ് പാപ്പാ തുടർന്നത്. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഇരുപത്തിയൊന്നാം അദ്ധ്യായത്തിന്റെ അവസാനഭാഗത്ത്, ഉത്ഥിതനായ യേശുവും പത്രോസും തമ്മിലുള്ള സംഭാഷണത്തെ ആധാരമാക്കിയാണ് ഫ്രാൻസിസ് പാപ്പാ ഇന്നത്തെ അധ്യായനം നടത്തിയത്. അധ്യയനത്തിന് മുൻപായി വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഇരുപത്തിയൊന്നാം അദ്ധ്യായം പതിനേഴും പതിനെട്ടും തിരുവചനങ്ങൾ വിവിധ ഭാഷകളിൽ വായിക്കപ്പെട്ടു. “അവൻ മൂന്നാം പ്രാവശ്യവും അവനോട് ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമെയോനെ, നീ എന്നെ സ്നേഹിക്കുന്നുവോ? തന്നോട് മൂന്നാം പ്രാവശ്യവും നീ എന്നെ സ്നേഹിക്കുന്നുവോ എന്ന് അവൻ ചോദിച്ചതുകൊണ്ട് പത്രോസ് ദുഃഖിതനായി. അവൻ പറഞ്ഞു: കർത്താവെ, നീ എല്ലാം അറിയുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നും നീ അറിയുന്നു. യേശു പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയിക്കുക. സത്യം സത്യമായി ഞാൻ നിന്നോട് പറയുന്നു, ചെറുപ്പമായിരുന്നപ്പോൾ നീ സ്വയം അര മുറുക്കുകയും ഇഷ്ടമുള്ളിടത്തേക്കു പോവുകയും ചെയ്തിരുന്നു. എന്നാൽ, പ്രായമാകുമ്പോൾ നീ നിന്റെ കൈകൾ നീട്ടുകയും മറ്റൊരുവൻ നിന്റെ അര മുറുക്കുകയും, നീ ആഗ്രഹിക്കാത്തിടത്തേക്കു നിന്നെ കൊണ്ടുപോവുകയും ചെയ്യും”. തുടർന്ന് പാപ്പാ ഇറ്റാലിയൻ ഭാഷയിൽ തന്റെ പ്രഭാഷണം ആരംഭിച്ചു.

യേശുവും ശിഷ്യന്മാരുമായുള്ള ബന്ധം

പ്രിയ സഹോദരീസഹോദരന്മാരേ, സ്വാഗതം, ശുഭദിനം!

വാർദ്ധക്യത്തെ അധികരിച്ചുള്ള നമ്മുടെ മതപഠനത്തിന്റെ തുടർച്ചയായി, വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിന്റെ അവസാനഭാഗത്ത് (21.15-23), ഉത്ഥിതനായ യേശുവും പത്രോസും തമ്മിലുള്ള സംഭാഷണത്തെക്കുറിച്ച് നമുക്ക് ഇന്ന് ധ്യാനിക്കാം. വികാരനിർഭരമായ ഒരു സംഭാഷണമാണിത്. അതിൽ, തന്റെ ശിഷ്യന്മാരോടുള്ള യേശുവിന്റെ സ്നേഹവും അവരുമായുള്ള,  പ്രത്യേകിച്ച് പത്രോസുമായുള്ള യേശുവിന്റെ ബന്ധത്തിന്റെ ഉന്നതമായ മാനവികത വ്യക്തമാകുന്നുണ്ട്: ഇത് ആർദ്രമായ, എന്നാൽ മുഷിഞ്ഞതല്ലാത്ത, നേരിട്ടുള്ള, ശക്തമായ,സ്വതന്ത്രമായ, തുറന്ന ഒരു ബന്ധമാണ്. മാനുഷികമായ, സത്യത്തിലുള്ള ഒരു ബന്ധം. അങ്ങനെ, യോഹന്നന്റെ, വളരെ ആത്മീയവും ഉന്നതവുമായ സുവിശേഷം, യേശുവും പത്രോസും തമ്മിലുള്ള സംവാദത്തിൽ സ്വാഭാവികതയോടെ ഇഴചേർന്ന, സ്നേഹത്തിന്റെ ശക്തമായ അഭ്യർത്ഥനയോടെയും, വാഗ്ദാനത്തോടെയും അവസാനിക്കുന്നു. സുവിശേഷകൻ, അവൻ വസ്തുതകളുടെ സത്യത്തിന് സാക്ഷ്യം നൽകുകയാണ് എന്ന് നമുക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട് (cf. Jn 21:24). അവയിൽ, വസ്തുതകളിൽ ആണ്, സത്യം അന്വേഷിക്കപ്പെടേണ്ടത്.

നാമും യേശുവുമായുള്ള ബന്ധം

നമുക്ക് സ്വയം ചോദിക്കാം: യേശുവും ശിഷ്യന്മാരുമായുള്ള ഈ ബന്ധത്തിന്റെ ഭാവം, അതായത്, തുറന്നതും, അവ്യാജവും, നേരിട്ടുള്ളതും, മാനുഷികമായി സത്യസന്ധമായതുമായ അതിന്റെ ശൈലി അനുസരിച്ച്  കാത്തുസൂക്ഷിക്കാൻ നമുക്ക് കഴിയുമോ? യേശുവുമായുള്ള നമ്മുടെ ബന്ധം എപ്രകാരമുള്ളതാണ്? അപ്പോസ്തലന്മാരും അവനുമായുള്ളതുപോലെയാണോ? അതോ, സുവിശേഷത്തിന്റെ സാക്ഷ്യത്തെ, അവസരോചിതമായി ഭക്തി ചേർത്ത, "മാധുര്യം നിറഞ്ഞ" വെളിപാടെന്ന കൊക്കൂണിൽ അടയ്ക്കാൻ,  നാം പലപ്പോഴും പ്രലോഭിപ്പിക്കപ്പെടുന്നുണ്ടോ? ആദരവ് എന്ന് തോന്നിക്കുന്ന ഈ മനോഭാവം സത്യത്തിൽ യഥാർത്ഥ യേശുവിൽ നിന്ന് നമ്മെ അകറ്റുകയും, വളരെ അമൂർത്തമായ, താൻപോരിമയുടേതായ, വളരെ ലൗകികമായ വിശ്വാസപ്രയാണത്തിനുള്ള ഹേതുവായിപ്പോലും മാറുന്നു; അത് യേശുവിലേക്കുള്ള വഴിയല്ല. മനുഷ്യനായിത്തീർന്ന ദൈവവചനമാണ് യേശു, അവൻ മനുഷ്യനെപ്പോലെ പെരുമാറുന്നു, അവൻ നമ്മോട് മനുഷ്യനെപ്പോലെ സംസാരിക്കുന്നു; ദൈവ-മനുഷ്യനാണവൻ. ഈ ആർദ്രതയോടെ, ഈ സൗഹൃദത്തോടെ, ഈ അടുപ്പത്തോടെ. പടങ്ങളിലെ മാധുര്യം നിറഞ്ഞ സങ്കല്പം പോലെയല്ല യേശു, മറിച്ച്, യേശു നമ്മുടെ കൈപ്പിടിയിലാണ്, അവൻ നമ്മോട് സമീപസ്ഥനാണ്.

ദൗർബല്യത്തിലും ജീവിതസാക്ഷ്യം നൽകുക

പത്രോസുമായുള്ള യേശുവിന്റെ ചർച്ചയിൽ, വാർദ്ധക്യം, ദൈർഘ്യം എന്നിവയുമായി കൃത്യമായി ബന്ധപ്പെട്ടിരിക്കുന്ന രണ്ട് ഭാഗങ്ങൾ നാം കാണുന്നു: സാക്ഷ്യത്തിന്റേതായ സമയം, ജീവിതത്തിന്റെ സമയം. പത്രോസിനുള്ള യേശുവിന്റെ മുന്നറിയിപ്പാണ് ആദ്യഭാഗം: ചെറുപ്പമായിരുന്നപ്പോൾ നീ സ്വയം പര്യാപ്തനായിരുന്നു, എന്നാൽ പ്രായമാകുമ്പോൾ നീ നിന്റെയും, നിന്റെ ജീവിതത്തിന്റെയും നിയന്താവായിരിക്കില്ല. വീൽചെയറിൽ സഞ്ചരിക്കേണ്ടിവരുന്ന എന്നോട് ഇതിനെക്കുറിച്ച് പറയേണ്ടതുണ്ടോ. എന്നാൽ, ജീവിതം അങ്ങനെയാണ്: വാർദ്ധക്യത്തോടെ നിങ്ങൾക്ക്  വിവിധ രോഗങ്ങൾ വരുന്നു, അവ വരുമ്പോൾ നാം അവയെ അംഗീകരിക്കേണ്ടേ? യുവാക്കളുടെ ആരോഗ്യം നമുക്കില്ല! യേശു പറയുന്നു: നിങ്ങളുടെ സാക്ഷ്യത്തിനൊപ്പം  നിങ്ങളുടെ ബലഹീനതയും  ഉണ്ടാകും. ബലഹീനതയിലും രോഗത്തിലും മരണത്തിലും പോലും നിങ്ങൾ യേശുവിന്റെ സാക്ഷിയായിരിക്കണം. ലയോളയിലെ വിശുദ്ധ ഇഗ്നേഷ്യസിന്റെ മനോഹരമായ ഒരു വാക്യമുണ്ട്: "ജീവിതത്തിലെന്നപോലെ, മരണത്തിലും നാം യേശുവിന്റെ ശിഷ്യന്മാരുടേതായ സാക്ഷ്യം വഹിക്കണം". ജീവിതാവസാനം ശിഷ്യന്മാരുടേതായ  ജീവിതാവസാനമായിരിക്കണം: പ്രായത്തിനനുസരിച്ച് കർത്താവ് എപ്പോഴും സംസാരിക്കുന്ന യേശുവിന്റെ ശിഷ്യന്മാരുടേതായ  ജീവിതാവസാനം. ഏറ്റവും ഏറിയ സാക്ഷ്യത്തെ, രക്തസാക്ഷിത്വത്തിന്റെയും മരണത്തിന്റെയും സാക്ഷ്യത്തെയാണ് യേശു സൂചിപ്പിച്ചതെന്ന് വിശദീകരിച്ചുകൊണ്ട് സുവിശേഷകൻ തന്റെ വ്യാഖ്യാനം കൂട്ടിച്ചേർക്കുന്നു. എന്നാൽ ഈ മുന്നറിയിപ്പിന്റെ അർത്ഥം നമുക്ക് കൂടുതൽ സാമാന്യ അർത്ഥത്തിൽ മനസ്സിലാക്കാം: നിങ്ങളുടെ ദുർബലത, ബലഹീനത, വസ്ത്രധാരണത്തിലും നടത്തത്തിലും നിങ്ങൾ മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുന്നത്, എന്നിവയാൽ ശിക്ഷണം നേടുവാനും, രൂപപ്പെടുവാനും, നിങ്ങളുടെ ക്രിസ്‌താനുഗമനം അഭ്യസിക്കേണ്ടതുണ്ട്. എന്നാൽ നീ "എന്നെ അനുഗമിക്കുക" എന്ന് വചനം പറയുന്നു (വാക്യം 19). യേശുവിനെ അനുഗമിക്കുന്നത് എല്ലായ്‌പ്പോഴും തുടരണം. നല്ല ആരോഗ്യത്തോടെയാണെങ്കിലും, മോശമായ ആരോഗ്യത്തോടെയാണെങ്കിലും, സ്വയംപര്യാപ്തതയോടെയാണെങ്കിലും, സ്വയംപര്യാപ്തതയോടെയല്ലെങ്കിലും, യേശുവിനെ അനുഗമിക്കുന്നത് പ്രധാനപ്പെട്ടതാണ്: യേശുവിനെ എല്ലായ്പ്പോഴും, കാൽനടയായും, ഓടിയും, സാവധാനം സഞ്ചരിക്കുമ്പോഴും, വീൽചെയറിൽ ആയിരിക്കുമ്പോഴും, പിന്തുടരുക. ബലഹീനതയുടെയും വാർദ്ധക്യത്തിന്റെയും പരിമിതമായ സാഹചര്യങ്ങളിൽപ്പോലും, വിശ്വാസപ്രഖ്യാപനം തുടരാനുള്ള മാർഗ്ഗം യേശുവിനെ അനുഗമിക്കുന്നതിലെ ജ്ഞാനം കണ്ടെത്തണം. പത്രോസ് ഇങ്ങനെയാണ് മറുപടി പറയുന്നത്: "കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് നീ അറിയുന്നു" (വാ. 15.16.17). വയോധികരോട് അവരുടെ കണ്ണുകളിലേക്ക് നോക്കി സംസാരിക്കാൻ എനിക്ക് ഇഷ്ടമാണ്: അവർക്ക് തിളങ്ങുന്ന കണ്ണുകളാണുള്ളത്, വാക്കുകളേക്കാൾ കൂടുതലായി നിങ്ങളോട് സംവദിക്കുന്ന കണ്ണുകൾ, ജീവിതത്തിന്റെ സാക്ഷ്യമാണവ. യേശുവിനെ ഊർജ്വസ്വലതയോടെ അനുഗമിക്കുന്നത് മനോഹരമാണ്. ഇത് നമുക്ക് അവസാനം വരെ കാത്തുസൂക്ഷിക്കണം.

ദൗർബല്യത്തിൽ ശിഷ്യണം അഭ്യസിക്കുക

യേശുവും പത്രോസും തമ്മിലുള്ള ഈ സംഭാഷണത്തിൽ എല്ലാ ശിഷ്യന്മാർക്കും, വിശ്വാസികളായ നമുക്കെല്ലാവർക്കും വേണ്ടിയുള്ള വിലയേറിയ ശിക്ഷണം അടങ്ങിയിരിക്കുന്നു. ഇത് വയോധികർക്കും ബാധകമാണ്. വലിയതോതിൽ മറ്റുള്ളവരെ ഭരമേൽപ്പിച്ചിരിക്കുന്ന, വലിയതോതിൽ മറ്റുള്ളവരുടെ പ്രവർത്തനത്തിൽ ആശ്രയിച്ചിരിക്കുന്ന നമ്മുടെ ജീവിതസാഹചര്യങ്ങളിലും നമ്മുടെ ജീവിതസാക്ഷ്യത്തിന്റെ ഉൾപ്പൊരുത്തം വ്യക്തമാക്കാൻ നമ്മുടെ ദുർബലതയിൽ നിന്ന് നാം പഠിക്കേണ്ടിയിരിക്കുന്നു. അസുഖത്തോടും, വാർദ്ധക്യത്തോടുമൊപ്പം, നമ്മുടെ പരാശ്രയത്വം വർദ്ധിക്കുന്നു, നാം പഴയതുപോലെ സ്വാശ്രയരല്ല; ഈ അവസ്ഥ വളരുമ്പോഴും, നമ്മുടെ വിശ്വാസം പക്വത പ്രാപിക്കുന്നു, അവിടെയും യേശു നമ്മോടൊപ്പമുണ്ട്, ജീവിതത്തിന്റെ പാതയിൽ നല്ല രീതിയിൽ ജീവിച്ച വിശ്വാസത്തിന്റെ സമൃദ്ധി അവിടെയും ഒഴുകുന്നു.

എന്നാൽ വീണ്ടും നാം സ്വയം ചോദിക്കണം: നമ്മുടെ സ്വാശ്രയത്വത്തിന്റെ ശക്തിയെക്കാൾ, മറ്റുള്ളവർക്ക് ഭരമേൽപ്പിക്കപ്പെട്ട നമ്മുടെ ബലഹീനതയുടെ ഈ സമയത്തിന്റെ, ദീർഘവും വ്യാപകവുമായ അവസ്ഥയെ വ്യാഖ്യാനിക്കാൻ ശരിക്കും പ്രാപ്തമായ ഒരു ആത്മീയത നമുക്കുണ്ടോ? എപ്രകാരമാണ്, ക്രിസ്തുവിനെ അനുധാവനം ചെയ്യുന്നതിനോടും, വാഗ്ദാനം ചെയ്ത സ്നേഹത്തോടും, കാര്യങ്ങൾ സ്വയം തുടങ്ങുവാൻ കഴിവുണ്ടായിരുന്ന സമയത്തു തേടിയിരുന്ന നീതിയോടും, എങ്ങനെയാണ് ദുർബലതയുടെയും, പരാശ്രയത്വത്തിന്റെയും, വിടപറയലിയന്റെയും, നമ്മുടെ ജീവിതം മുഖ്യധാരയിൽനിന്ന് അകന്നുപോകുന്നതിന്റെയും സമയത്ത് വിശ്വസ്തരായിരിക്കാൻ സാധിക്കുക? ഇത് അത്ര എളുപ്പമല്ല അല്ലെ? നായകസ്ഥാനത്തുനിന്ന് മാറിനിൽക്കുന്നത് എളുപ്പമല്ല.

ദൗർബല്യകാലവും പരീക്ഷണങ്ങളും

ഈ പുതിയ സമയം തീർച്ചയായും ഒരു പരീക്ഷണത്തിന്റെ സമയം കൂടിയാണ്. നിസ്സംശയമായും വളരെ മാനുഷികവും എന്നാൽ അതെ സമയം ഹാനികരവുമായ, പ്രഥമസ്ഥാനം നിലനിർത്തുകയെന്ന പ്രലോഭനത്തിൽ നിന്ന് ഇത് ആരംഭിക്കുന്നു. ചിലപ്പോൾ നായകൻ ചെറുതാകേണ്ടതുണ്ട്, അവൻ സ്വയം താഴണം, നായകനെന്ന നിലയിൽ, വാർദ്ധക്യം നിങ്ങളെ ചെറുതാക്കുന്നു എന്നത് അംഗീകരിക്കുക. എന്നാൽ അതെ സമയം നിങ്ങൾക്ക് സ്വയാവിഷ്കാരത്തിനുള്ള മറ്റൊരു മാർഗമുണ്ടാകും, കുടുംബത്തിലും, സമൂഹത്തിലും, സുഹൃത്തുക്കളുടെ ഗ്രൂപ്പിലും പങ്കാളിയാകാനുള്ള മറ്റൊരു മാർഗം. പത്രോസിൽ ഉണ്ടാകുന്നത് കൗതുകമാണ്: തങ്ങളെ അനുഗമിച്ച പ്രിയ ശിഷ്യനെ കണ്ട് "അയാളും?" എന്ന് പത്രോസ് ചോദിക്കുന്നു (cf. vv. 20-21). മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടുകയോ, സാധിക്കില്ല. യേശു പറയുന്നു: "നിശ്ശബ്ദനായിരിക്കുക!". ഞാൻ ആയിരിക്കുന്ന യേശുവിന്റെ അനുഗമനത്തിൽ അവനും ഉണ്ടാകേണ്ടതുണ്ടോ? അവൻ എന്റെ ഇടം കൈവശപ്പെടുത്തേണ്ടതുണ്ടോ? അവൻ എന്റെ പിൻഗാമിയാകുമോ? ഇവ ഉപയോഗശൂന്യമായ, സഹായകരമല്ലാത്ത ചോദ്യങ്ങളാണ്. അവൻ എന്നെക്കാൾ കൂടുതൽ കാലം ജീവിക്കുകയും എന്റെ സ്ഥാനം ഏറ്റെടുക്കുകയും ചെയ്യുമോ? യേശുവിന്റെ ഉത്തരം വ്യക്തവും പരുഷവുമാണ്: "നിനക്കെന്ത്? നീ നിന്റെ ജീവിതത്തിന്റെയും നിന്റെ നിലവിലെ അവസ്ഥയുടെയും കാര്യം നോക്കുക, മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാതിരിക്കുക. അവരുടെ കാര്യത്തിൽ നിനക്കെന്ത്? നീ എന്നെ അനുഗമിക്കുക" (വാക്യം 22). അതെ, യേശുവിനെ അനുഗമിക്കുക എന്നത് പ്രധാനപ്പെട്ടതാണ്: ജീവിതത്തിലും മരണത്തിലും, ആരോഗ്യത്തിലും രോഗത്തിലും, ജീവിതം വളരെയധികം വിജയങ്ങളാൽ സമൃദ്ധമായിരിക്കുമ്പോഴും പ്രയാസകരമായിരിക്കുമ്പോഴും, വീഴ്ചകളുടെ നിരവധി മോശം സമയങ്ങളിലും.   മറ്റുള്ളവരുടെ ജീവിതത്തിൽ നാം ഇടപെടാൻ ആഗ്രഹിക്കുമ്പോൾ, യേശു പറയുന്നു: “നിനക്കെന്ത്?" "നീ എന്നെ പിന്തുടരുക ". മനോഹരമാണിത്. പ്രായമായ നമ്മൾ, നമ്മുടെ സ്ഥാനം ഏറ്റെടുക്കുന്ന, നമ്മെക്കാൾ കൂടുതൽ കാലം ജീവിക്കുന്ന, അവരുടെ വഴിക്ക് പോകുന്ന ചെറുപ്പക്കാരെക്കുറിച്ച് അസൂയപ്പെടരുത്. നമ്മുടേ വിടവാങ്ങലിനോട് നമ്മെ അടുപ്പിക്കുന്ന അവസ്ഥയിലും, സ്നേഹത്തോട് നാമെടുത്ത പ്രതിജ്ഞയോടുള്ള വിശ്വസ്തതയുടെ പാലനം, നാം വിശ്വസിച്ച വിശ്വാസത്തിന്റെ അനുഗമനത്തിലുള്ള വിശ്വസ്തത, എന്നിവയാണ് വരുന്ന തലമുറകൾക്ക് നമ്മോടുള്ള ആദരവിന്റെയും കർത്താവിന്റെ ഭാഗത്തുനിന്നുള്ള അംഗീകാരത്തിന്റെയും ആധാരം. വിടപറയാൻ പഠിക്കുക എന്നതാണ് വയോധികരുടെ ജ്ഞാനം. എന്നാൽ അത്, നന്നായി ശ്രദ്ധയോടെ, പുഞ്ചിരിയോടെ പറയണം; സമൂഹത്തോടും, മറ്റുള്ളവരോടും. വയോധികന്റേത് ഒരു വിടപറയലിന്റെ ജീവിതമാണ്, സാവധാനത്തിൽ, എന്നാൽ സന്തോഷപൂർവ്വകമായ രീതിയിൽ: ഞാൻ എന്റെ ജീവിതം ജീവിച്ചു, ഞാൻ എന്റെ വിശ്വാസം സംരക്ഷിച്ചു. വയോധികനായ ഒരാൾക്ക്, "ഞാൻ എന്റെ ജീവിതം ജീവിച്ചു, ഇത് എന്റെ കുടുംബമാണ്; ഞാൻ എന്റെ ജീവിതം ജീവിച്ചു, ഞാൻ ഒരു പാപിയാണ് എന്നാൽ ഞാൻ നന്മകളും ചെയ്തു" എന്ന് പറയാൻ സാധിക്കുന്നത് മനോഹരമാണ്. ഇങ്ങനെയുള്ളപ്പോൾ വരുന്ന സമാധാനം, ഇതാണ് ഒരു വയോധികന്റെ വിടവാങ്ങൽ.

നിഷ്ക്രിയത്വവും അവസരമാക്കി മാറ്റുക

കർത്താവിന്റെ വാക്കുകളാൽ മാറ്റപ്പെട്ട്, വൈകാരികമായ ധ്യാനത്താലും, ശ്രവണത്താലും നിർബന്ധപൂർവ്വം നിഷ്ക്രിയമാക്കപ്പെടുന്ന, ലാസറിന്റെ സഹോദരി മരിയയുടേതുപോലെയുള്ള അനുഗമനംപോലും, അവരുടെ, വയോധികരുടെ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായി മാറും.  ഈ ഭാഗം നമ്മിൽനിന്ന് എടുക്കപ്പെടാതിരിക്കട്ടെ (cf. Lk 10:42). നമുക്ക് പ്രായമായവരെ നോക്കാം. അവർക്ക് അവരുടെ ജീവിത ജ്ഞാനം ജീവിക്കാനും പ്രകടിപ്പിക്കാനും, അവർക്ക് തങ്ങളിലുള്ള ഭംഗിയും, മനോഹാരിതയും, നന്മയും നമുക്ക് നൽകാനും സാധിക്കുന്നതിനുവേണ്ടി നമുക്ക് അവരെ ശ്രദ്ധിക്കുകയും, അവരെ സഹായിക്കുകയും ചെയ്യാം. നമുക്ക് അവരെ ശ്രദ്ധിക്കുകയും, അവരെ സഹായിക്കുകയും ചെയ്യാം. മുതിർന്നവരായ നാം, യുവാക്കളെ പുഞ്ചിരിയോടെ നോക്കാം: അവർ പാത പിന്തുടരും, നമ്മൾ വിതച്ചത് അവർ തുടർന്ന് കൊണ്ടുപോകും, നമുക്ക് ധൈര്യമോ അവസരമോ ഇല്ലാതിരുന്നതിനാൽ നാം വിതയ്ക്കാതിരുന്നതു പോലും അവർ മുന്നോട്ട് കൊണ്ടുപോകും: അവർ എന്നാൽ എപ്പോഴും ഈ ബന്ധം അത് തുടരും. പ്രായമായ ഒരാൾക്ക് ചെറുപ്പക്കാരെ നോക്കാതെ സന്തോഷിക്കാൻ കഴിയില്ല, ചെറുപ്പക്കാർക്ക് പ്രായമായവരെ നോക്കാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല. നന്ദി..

സമാപനാഭിവാദ്യവും ആശീർവ്വാദവും

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങി വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. സ്പാനിഷ് ഭാഷക്കാരായ ആളുകളോട്, പാപ്പാ തന്റെ മാതൃഭാഷയായ സ്പാനിഷിൽത്തന്നെയാണ് സംസാരിച്ചത്.

അഫ്ഗാൻ ഭൂകമ്പം

അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടവരെയും പരിക്കേറ്റവരെയും പാപ്പാ അനുസ്മരിക്കുകയും, അവരോട് സഹാനുഭൂതി അറിയിക്കുകയും ചെയ്തു. എല്ലാവരുടെയും സഹായത്തോടെ അഫ്ഗാൻ ജനതയുടെ ഇപ്പോഴത്തെ സഹനം ലഘുവാക്കി മാറ്റാമെന്ന് പാപ്പാ പ്രതീക്ഷ പ്രകടിപ്പിച്ചു.

മെക്സിക്കോയിലെ കൊലപാതകങ്ങൾ

കഴിഞ്ഞ ദിവസം മെക്സിക്കോയിൽ കൊല്ലപ്പെട്ട രണ്ട് ഈശോസഭാ വൈദികരുടെയും ഒരു അല്മയന്റെയും കാര്യം അനുസ്മരിച്ച പാപ്പാ, അവരുടെ വിയോഗത്തിൽ ദുഃഖവും അനുശോചനവും അറിയിച്ചു. എത്രമാത്രം മരണങ്ങളാണ് മെക്സിക്കോയിൽ നടക്കുന്നതെന്ന് പറഞ്ഞ പാപ്പാ, പ്രാർത്ഥനയിലും, സ്നേഹത്തിലും താൻ അവിടുത്തെ കത്തോലിക്കാസമൂഹത്തോട് സമീപസ്ഥനാണെന്ന് അറിയിച്ചു. അക്രമങ്ങൾ പ്രശ്നപരിഹാരത്തിനല്ല, കൂടുതൽ അനാവശ്യ സഹനത്തിനേ ഉപകരിക്കൂ എന്ന് പാപ്പാ പറഞ്ഞു.

ഉക്രൈൻ

ചത്വരത്തിൽ പ്രവേശിച്ചപ്പോൾ തന്റെ കൂടെ ജീപ്പിലുണ്ടായിരുന്നത്, ഉക്രൈനിൽനിന്നുള്ള കുട്ടികളാണെന്ന് പറഞ്ഞ പാപ്പാ, ഉക്രൈനെ മറക്കാതിരിക്കാമെന്നും, അവിടുത്തെ സഹിക്കുന്ന, കൊല്ലപ്പെടുന്ന ആളുകളെ മറക്കാതിരിക്കാമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

യേശുവിന്റെയും പരിശുദ്ധ അമ്മയുടെയും ഹൃദയത്തിനൊപ്പം

സ്പാനിഷ് ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്യവേ, യേശുവിന്റെയും പരിശുദ്ധ മറിയത്തിന്റെയും ഹൃദയങ്ങളോട്, നമ്മുടെ ഹൃദയത്തെയും അവരുടേതുപോലെയാക്കണമെന്ന് പ്രാർത്ഥിക്കാമെന്ന് പറഞ്ഞ പാപ്പാ, അങ്ങനെ, ഒരേ താളത്തിൽ മിടിക്കുന്ന ഹൃദയത്തോടെ, വിശ്വാസത്തോടെയും, സമാധാനം നിറഞ്ഞ സന്തോഷത്തോടെയും, നമ്മുടെ ജീവിതത്തിന്റെ ഓരോ ഘട്ടവും ജീവിക്കാൻ നമുക്ക് അഭ്യസിക്കാമെന്നും പറഞ്ഞു.

സമാപനം

പൊതുദർശനപരിപാടിയുടെ അവസാനഭാഗത്ത്, പാപ്പാ,  പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ, പതിവുപോലെ, അഭിവാദ്യം ചെയ്തു.

തുടർന്ന് സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ലത്തീൻഭാഷയിൽ ആലപിക്കപ്പെട്ടതിനു ശേഷം, പാപ്പാ,  എല്ലാവർക്കും തൻറെ അപ്പൊസ്തോലിക ആശീർവ്വാദം നല്കി. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 June 2022, 16:38

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >