സഭയെക്കുറിച്ച് പരാതിപ്പെടുന്നതിനു പകരം, സഭയ്ക്കായി പ്രവർത്തിക്കുക: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
2022 ജൂൺ 29-ആം തീയതി ബുധനാഴ്ച വിശുദ്ധ പത്രോസ് പൗലോസ് അപ്പസ്തോലന്മാരുടെ തിരുനാൾ ആഘോഷദിനത്തിൽ പതിവുപോലെ, വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ വച്ച് ആഘോഷമായ വിശുദ്ധബലിയർപ്പണം നടന്നു. ഫ്രാൻസിസ് പാപ്പായുടെ സാന്നിദ്ധ്യത്തിൽ, കർദ്ദിനാൾ റേ, മുഖ്യ കാർമ്മികനായ വിശുദ്ധ ബലിയർപ്പണത്തിൽ നിരവധി കർദ്ദിനാൾമാരും മെത്രാന്മാരും വൈദികരും സഹകാർമികരായി. വിശുദ്ധബലിയർപ്പണത്തിൽ പങ്കുകൊള്ളുന്നതിന് നൂറുകണക്കിന് വിശ്വാസികൾ ബസലിക്കയിൽ സന്നിഹിതരായിരുന്നു. ലത്തീൻ ആരാധനാക്രമപ്രകാരം ഈ തിരുനാൾ ദിനത്തിൽ വിശുദ്ധബലിമധ്യേ വായിക്കപ്പെട്ട, വിശുദ്ധ മത്തായിയുടെ സുവിശേഷം പതിനാറാം അദ്ധ്യായം പതിമൂന്ന് മുതൽ പത്തൊൻപത് വരെയുള്ള വാക്യങ്ങളിൽ, ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത് എന്ന് ശിഷ്യന്മാരോടുള്ള യേശുവിന്റെ ചോദ്യത്തിന് ഉത്തരമായി, ""നീ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്" (മത്തായി 16:16) എന്ന പത്രോസിന്റെ വിശ്വാസപ്രഖ്യാപനവും, പത്രോസാകുന്ന പാറമേൽ, തന്റെ സഭ സ്ഥാപിക്കുമെന്ന യേശുവിന്റെ വാക്കുകളും ഉൾക്കൊള്ളുന്ന തിരുവചനഭാഗം, അപ്പസ്തോലപ്രവർത്തനങ്ങൾ പന്ത്രണ്ടാം അദ്ധ്യായം ഒന്നുമുതൽ പതിനൊന്ന് വരെയുള്ള വാക്യങ്ങൾ, വിശുദ്ധ പൗലോസ് തിമോത്തിയോസിനെഴുതിയ രണ്ടാം ലേഖനം നാലാം അധ്യായം ആറ് മുതൽ എട്ടുവരെയും, പതിനേഴും പതിനെട്ടും വാക്യങ്ങളും അടിസ്ഥാനമാക്കിയായിരുന്നു പാപ്പാ തന്റെ പ്രഭാഷണം നടത്തിയത്.
ഇറ്റാലിയൻ ഭാഷയിലായിരുന്ന ഫ്രാൻസിസ് പാപ്പയുടെ പ്രഭാഷണം.
വലിയ രണ്ട് അപ്പോസ്തലന്മാരായ പത്രോസിന്റെയും പൗലോസിന്റെയും സാക്ഷ്യം സഭയുടെ ആരാധനക്രമപ്രകാരം ഇന്ന് വീണ്ടും സജീവമാകുകയാണ്. ഹെരോദാവ് രാജാവ് ജയിലിലേക്ക് അയച്ച ആദ്യത്തെയാളോട്, കർത്താവിന്റെ ദൂതൻ പറയുന്നു: "വേഗം എഴുന്നേൽക്കൂ" (അപ്പ. പ്രവ.12,7); രണ്ടാമത്തെയാൾ, തന്റെ മുഴുവൻ ജീവിതവും തന്റെ അപ്പോസ്തോലനപ്രവർത്തനവും സംഗ്രഹിച്ച് പറയുന്നു: "ഞാൻ നല്ല പോരാട്ടം നടത്തി" (2 തിമോത്തി 4,7). ഈ രണ്ട് വശങ്ങൾ - വേഗം എഴുന്നേൽക്കുക എന്നതും, നല്ല പോരാട്ടം നടത്തുക എന്നതും - പരിശോധിച്ചുകൊണ്ട്, സിനഡൽ പ്രക്രിയ നടന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത്, ഇന്നത്തെ ക്രൈസ്തവസമൂഹത്തോട് അവയ്ക്ക് എന്താണ് നിർദ്ദേശിക്കാനുള്ളതെന്ന് സ്വയം ചോദിക്കാം.
ആദ്യമായിത്തന്നെ, പത്രോസ് തടവറയിൽ നിന്ന് മോചിതനായ രാത്രിയെക്കുറിച്ച് അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ നമ്മോട് വിവരിക്കുന്നു; അവൻ ഉറങ്ങുമ്പോൾ കർത്താവിന്റെ ഒരു ദൂതൻ അവന്റെ പാർശ്വത്തിൽ തൊട്ട്, "അവനെ ഉണർത്തികൊണ്ട് പറഞ്ഞു, വേഗം എഴുന്നേൽക്കുക" (12,7). ദൂതൻ അവനെ ഉണർത്തുകയും എഴുന്നേൽക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ഈ രംഗം ഈസ്റ്റർദിനത്തെ ഓർമ്മിപ്പിക്കുന്നു, കാരണം പുനരുത്ഥാനത്തിന്റെ വിവരണങ്ങളിൽ ഉപയോഗിക്കുന്ന രണ്ട് ക്രിയകൾ ഇവിടെ കാണാം: ഉണരുക, എഴുന്നേൽക്കുക. ദൂതൻ പത്രോസിനെ മരണനിദ്രയിൽ നിന്ന് ഉണർത്തി, എഴുന്നേൽക്കാൻ, അതായത്, ഉയിർത്തെഴുന്നേൽക്കാനും, വെളിച്ചത്തിലേക്ക് ഇറങ്ങിച്ചെല്ലാനും, കർത്താവിനാൽ നയിക്കപ്പെട്ട്, അടഞ്ഞ വാതിലുകളുടെ തടസങ്ങൾ മറികടക്കാൻ തന്നെത്തന്നെ വിട്ടുകൊടുക്കാനും പ്രേരിപ്പിച്ചു എന്നാണ് ഇതിന്റെ അർത്ഥം (വാ. 10). സഭയെ സംബന്ധിച്ചിടത്തോളം ഇത് അർത്ഥവത്തായ ഒരു ചിത്രമാണ്. കർത്താവിന്റെ ശിഷ്യന്മാർ എന്ന നിലയിലും ക്രൈസ്തവസമൂഹം എന്ന നിലയിലും, വേഗത്തിൽ എഴുന്നേറ്റ് പുനരുത്ഥാനത്തിന്റെ യാഥാർത്ഥ്യത്തിലേക്ക് പ്രവേശിക്കുന്നതിനും, കർത്താവ് നമുക്ക് കാണിച്ചുതരാൻ ആഗ്രഹിക്കുന്ന പാതകളിലൂടെ അവനാൽ നയിക്കപ്പെടാനും, നാമും വിളിക്കപ്പെട്ടിരിക്കുന്നു.
മുന്നോട്ടു നീങ്ങാൻ അനുവദിക്കാത്ത നിരവധി ആന്തരിക പ്രതിരോധങ്ങൾ നാം ഇപ്പോഴും അനുഭവിക്കുന്നുണ്ട്. ഒരുപാട് പ്രതിരോധങ്ങൾ. എഴുന്നേറ്റ്, പുതിയ ചക്രവാളങ്ങളിലേക്ക്, തുറന്ന സാഗരത്തിലേക്ക് നമ്മുടെ നോട്ടമെത്തിക്കുന്നതിന് പകരം, അലസതമൂലം, തളർന്ന മട്ടിൽ, നമ്മുടെ കൈവശമുള്ള സുരക്ഷിതമായ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കാനാണ് ചിലപ്പോഴെങ്കിലും നാം ഇഷ്ടപ്പെടുന്നത്. മാറ്റങ്ങളെ ഭയന്ന്, നമ്മുടെ സമ്പ്രദായങ്ങളുടെ ചങ്ങലയാൽ ബന്ധിക്കപ്പെട്ട്, നാമും പത്രോസിനെപ്പോലെ, നമ്മുടെ ശീലങ്ങളുടെ തടവറയിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഇതുവഴി നാം ഒരു വെറും സാധാരണ ആധ്യാത്മികതയിലേക്ക് വഴുതിവീഴുന്നു. അജപാലന ജീവിതത്തിൽപ്പോലും "അത്യാവശ്യം ജീവിക്കാൻ വേണ്ടി മാത്രമുള്ള ജോലി" ചെയ്യുക എന്ന അപകടസാധ്യതയിൽപ്പെടുന്നു, മിഷനറി ദൗത്യത്തിന്റെ ആവേശം മങ്ങുന്നു, കൂടാതെ, ചൈതന്യത്തിന്റെയും സർഗ്ഗാത്മകതയുടെയും അടയാളമാകുന്നതിന് പകരം, തണുപ്പൻ സ്വഭാവത്തിന്റെയും, അനിശ്ചിതത്വത്തിന്റെയും ഒരു പ്രതീതി നൽകുന്നതിലേക്ക് എത്തുന്നു. അങ്ങനെ, ഫാ. ദേ ലുബാക് എഴുതിയതുപോലെ, സുവിശേഷമെന്ന, ജീവിതത്തിന്റെ മഹത്തായ പ്രവാഹം, നമ്മുടെ കരങ്ങളിൽ, "ഔപചാരികതയിലേക്കും ശീലങ്ങളിലേക്കും ഒതുങ്ങുന്ന ഒരു വിശ്വാസമായി മാറുന്നു; ആചാരങ്ങളുടെയും ഉപാസനകളുടെയും, വിഭൂഷണങ്ങളുടെയും, സാധാരണമായ സ്വാന്തനങ്ങളുടെയും മതം. പൗരോഹിത്യ ക്രിസ്തുമതം, ഔപചാരികതയുടെ ക്രിസ്തുമതം, മരവിച്ചതും കഠിനവുമായ ക്രിസ്തുമതം" (Il dramma dell’umanesimo ateo. L’uomo davanti a Dio, Milano 2017, 103-104).
നാം ആചരിച്ചുകൊണ്ടിരിക്കുന്ന സിനഡ്, തന്നിൽത്തന്നെ ചുരുണ്ടുകൂടിയിരിക്കാതെ, കാലുകളിൽ എഴുന്നേറ്റുനിന്ന്, അകലങ്ങളിലേക്ക് നോക്കാൻ കഴിവുള്ള, തന്റെ തടവറകളിൽനിന്ന് പുറത്തുവന്ന് ലോകത്തെ അഭിമുഖീകരിക്കാൻ കഴിവുള്ള, വാതിലുകൾ തുറക്കുവാൻ ധൈര്യമുള്ള ഒരു സഭയായി മാറാനാണ് നമ്മെ വിളിക്കുന്നത്. അതേ രാത്രി തന്നെ മറ്റൊരു പ്രലോഭനമുണ്ടായി: പേടിച്ചരണ്ട ആ പെൺകുട്ടി വാതിൽ തുറക്കുന്നതിനുപകരം ചില ഭ്രമചിന്തകൾ പറയാൻ തിരികെ പോകുന്നു. നമുക്ക് വാതിലുകൾ തുറക്കാം. വിളിക്കുന്നത് കർത്താവാണ്. നമ്മൾ തിരികെ പോകുന്ന റോദാ എന്ന പെണ്കുട്ടിയെപ്പോലെയാണ്.
ചങ്ങലകളും മതിലുകളുമില്ലാത്ത, തങ്ങൾ സ്വീകരിക്കപ്പെടുന്നെന്നും, സഹഗമിക്കപ്പെടുന്നെന്നും, ഓരോരുത്തർക്കും അനുഭവപ്പെടുന്ന, പരിശുദ്ധാത്മാവിന്റെ മാത്രം അധികാരത്തിനു കീഴിൽ, മറ്റുള്ളവരെ കേൾക്കുന്നതിന്റെയും, പരസ്പരസംഭാഷണത്തിന്റെയും, പങ്കുചേരലിന്റെയും കലയെ വളർത്തിയെടുക്കുന്ന ഒരു സഭ. സ്വതന്ത്രവും, എളിമയുള്ളതുമായ, വേഗം എഴുന്നേൽക്കുന്ന, സ്തംഭിച്ചുനിൽക്കാത്ത, ഇന്നിന്റെ വെല്ലുവിളികളുടെമേൽ കാലതാമസം വർദ്ധിപ്പിക്കാത്ത, വിശുദ്ധയിടങ്ങളുടെ പരിധികൾക്കുള്ളിൽ തങ്ങിനിൽക്കാത്ത, സുവിശേഷ പ്രഘോഷണത്തോടുള്ള അഭിനിവേശത്താലും, എല്ലാവരിലും എത്തിച്ചേരാനും, എല്ലാവരെയും സ്വീകരിക്കാനുമുള്ള ആഗ്രഹത്താലും സ്വയം നയിക്കപ്പെടുവാൻ അനുവദിക്കുന്ന ഒരു സഭ. ഈ വാക്ക് നാം മറക്കരുത്: എല്ലാവരും, എല്ലാവരും. നാൽക്കവലയിൽ പോയി എല്ലാവരേയും കൊണ്ടുവരിക, അന്ധർ, ബധിരർ, മുടന്തർ, രോഗികൾ, നീതിമാന്മാർ, പാപികൾ: എല്ലാവരും, എല്ലാവരും! കർത്താവിന്റെ ഈ വചനം, മനസ്സിലും ഹൃദയത്തിലും വീണ്ടും മുഴങ്ങണം: എല്ലാവർക്കും, സഭയിൽ എല്ലാവർക്കും ഇടമുണ്ട്. പലതവണ നാം തുറന്ന വാതിലുകളുള്ള ഒരു സഭയായി മാറുന്നുണ്ട്. എന്നാൽ അത് ആളുകളെ പറഞ്ഞുവിടാനും ആളുകളെ കുറ്റപ്പെടുത്താനുമാണ്. ഇന്നലെ നിങ്ങളിൽ ഒരാൾ എന്നോട് പറഞ്ഞു: "സഭയ്ക്ക് ഇത് പറഞ്ഞു വിടുവാനുള്ള കാലമല്ല, ഇത് സ്വീകരിക്കാനുള്ള സമയമാണ്". അവർ വിരുന്നിന് വന്നില്ല, നാൽക്കവലയിലേക്ക് പോകുക. എല്ലാവരും, എല്ലാവരും! "എന്നാൽ അവർ പാപികളാണ് ...". എല്ലാവരും!
തന്റെ ജീവിതം മുഴുവൻ ഓർത്തുകൊണ്ട്, പൗലോസ് പറയുന്ന, "ഞാൻ നല്ല പോരാട്ടം നടത്തി" (2 തിമോത്തി 4,7) എന്ന വാക്കുകളാണ് രണ്ടാം വായന നമുക്ക് മുന്നിൽ കൊണ്ടുവരുന്നത്. യേശുവിന്റെ സുവിശേഷം പ്രഘോഷിക്കുന്നതിൽ കുറവുവരുത്താത്ത, ചിലപ്പോഴൊക്കെ പീഡനങ്ങളും സഹനങ്ങളും നേരിടേണ്ടിവന്ന, എണ്ണമറ്റ സാഹചര്യങ്ങളെയാണ് അപ്പസ്തോലൻ പരാമർശിക്കുന്നത്. തന്റെ ജീവിതത്തിന്റെ അവസാനമാകാറായ ഈ സമയത്ത്, ചരിത്രത്തിൽ ഇപ്പോഴും ഒരു വലിയ യുദ്ധം തുടർന്നുകൊണ്ടിരിക്കുകയാണെന്ന് അവൻ കാണുന്നു; കാരണം പലരും യേശുവിനെ സ്വീകരിക്കാൻ തയ്യാറല്ല. അവർ കൂടുതലും സൗകര്യപ്രദവും, എളുപ്പവും, തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ളവതുമായ സ്വന്തം താല്പര്യങ്ങളെയും മറ്റ് ഗുരുക്കന്മാരെയുമാണ് പിന്തുടരാൻ ഇഷ്ടപ്പെടുന്നത്. പൗലോസ് തന്റെ പോരാട്ടം നടത്തി, തന്റെ ഓട്ടം പൂർത്തിയാക്കിയപ്പോൾ, തിമോത്തിയോസിനോടും സമൂഹത്തിലെ മറ്റു സഹോദരങ്ങളോടും ജാഗ്രതയോടും, സുവിശേഷപ്രഘോഷണത്തോടും, അധ്യയനത്തോടും കൂടി ഈ പ്രവൃത്തി തുടരാൻ ആവശ്യപ്പെടുന്നു: ചുരുക്കത്തിൽ, ഓരോരുത്തരും തങ്ങളിൽ ഏൽപ്പിച്ച ദൗത്യം നിർവഹിക്കുകയും അവനവന്റെ ഭാഗം ചെയ്യുകയും വേണം.
സഭയിൽ ഓരോരുത്തരും എങ്ങനെ മിഷനറികളായ ശിഷ്യന്മാരായിരിക്കാനും അവരവരുടെ സംഭാവനകൾ നൽകാനും വിളിക്കപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള അവബോധമുണർത്തുന്ന, നമുക്കുവേണ്ടിക്കൂടിയുള്ള ജീവന്റെ വചനമാണിത്. ഇവിടെ രണ്ട് ചോദ്യങ്ങൾ എന്റെ മനസ്സിലേക്ക് വരുന്നു. ആദ്യത്തേത് ഇതാണ്: സഭയ്ക്കുവേണ്ടി എനിക്ക് എന്തുചെയ്യാൻ കഴിയും? സഭയെക്കുറിച്ച് പരാതിപ്പെടുന്നതിനു പകരം, സഭയ്ക്കായി പ്രവർത്തിക്കുക. ആവേശത്തോടെയും വിനയത്തോടെയും പങ്കാളിയാവുക: ആവേശത്തോടെ, കാരണം നാം നിഷ്ക്രിയരായ കാഴ്ചക്കാരായി തുടരരുത്; എളിമയോടെ, കാരണം സമൂഹത്തിൽ ഇടപഴകുക എന്നതിന് പ്രധാന സ്ഥാനം ഏറ്റെടുക്കുക എന്നതാകരുത് ഒരിക്കലും അർത്ഥം. സ്വയം മറ്റുള്ളവരെക്കാൾ മെച്ചപ്പെട്ടവരാണെന്ന തോന്നൽ, മറ്റുള്ളവരെ സഭയോട് എടുക്കുന്നതിൽനിന്ന് തടയുക എന്നതാണ്. സിനഡൽ പ്രക്രിയയിലുള്ള സഭ എന്നാൽ,: എല്ലാവരും പങ്കെടുക്കുന്നു, എന്നാൽ ആരും മറ്റുള്ളവരുടെ സ്ഥാനത്ത് അല്ലെങ്കിൽ മറ്റുള്ളവരെക്കാൾ മുകളിൽ അല്ല എന്നതാണ്. ഒന്നാം തരവും രണ്ടാം തരവും ക്രിസ്ത്യാനികൾ ഇല്ല, എല്ലാവരും, എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു.
എന്നാൽ പങ്കെടുക്കുക എന്നതിനർത്ഥം പൗലോസ് പറയുന്ന "നല്ല പോരാട്ടം" തുടരുക എന്നതാണ്. സത്യത്തിൽ ഇതൊരു "പോരാട്ടം" ആണ്, കാരണം സുവിശേഷ പ്രഘോഷണം നിഷ്പക്ഷമല്ല. സുവിശേഷത്തെ വേർതിരിച്ചെടുക്കുന്നതിൽനിന്ന് കർത്താവ് നമ്മെ സ്വതന്ത്രരാക്കട്ടെ, സുവിശേഷം വേർതിരിച്ചെടുത്ത വെള്ളമല്ല, സുവിശേഷ പ്രഖ്യാപനം നിഷ്പക്ഷമല്ല. സുവിശേഷം കാര്യങ്ങളെ അവ ആയിരിക്കുന്ന രീതിയിൽ അവശേഷിപ്പിക്കുന്നില്ല, ലോകത്തിന്റെ യുക്തിയുമായി വിട്ടുവീഴ്ച ചെയ്യുന്നില്ല, എന്ന് മാത്രമല്ല, അധികാരം, തിന്മ, അക്രമം, അഴിമതി, അനീതി, പാർശ്വവൽക്കരണം എന്നിവയുടെ മാനുഷിക സംവിധാനങ്ങൾ വാഴുന്ന ഇടങ്ങളിൽ ദൈവരാജ്യത്തിന്റെ അഗ്നി ജ്വലിപ്പിക്കുന്നു. ചരിത്രത്തിന്റെ കടലിനെ വിഭജിക്കുന്നവനായി യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റത് മുതൽ, "ജീവിതവും മരണവും തമ്മിലും, പ്രതീക്ഷയും നിരാശയും തമ്മിലും, മോശമായ കാര്യങ്ങളെ ഉപേക്ഷിക്കുന്നതും, മികച്ചതിനായുള്ള പോരാട്ടം നടത്തുന്നതും തമ്മിലും ഒരു വലിയ യുദ്ധം ആരംഭിച്ചു. വിദ്വേഷത്തിന്റെയും നാശത്തിന്റെയും എല്ലാ ശക്തികളുടെയും നിർണായകമായ പരാജയം നേടുന്നത് വരെ അവസാനമില്ലാത്ത ഒരു പോരാട്ടമായിരിക്കും അത്. (C. M. MARTINI, Omelia Pasqua di Risurrezione, 4 aprile 1999).
ഇനി രണ്ടാമത്തെ ചോദ്യം ഇതാണ്: നമ്മൾ ജീവിക്കുന്ന ലോകത്തെ കൂടുതൽ മാനുഷികവും, നീതിപൂർവ്വകവും, കൂടുതൽ ഐക്യമുള്ളതും, ദൈവത്തോടും മനുഷ്യർ തമ്മിലുള്ള സഹോദര്യത്തോടും കൂടുതൽ തുറന്നതുമായ ഒന്നാക്കാൻ, സഭ എന്ന നിലയിൽ നമുക്ക് ഒരുമിച്ച് എന്ത് ചെയ്യാൻ സാധിക്കും? തീർച്ചയായും നമ്മുടെ സഭാ വൃത്തങ്ങളിൽ സ്വയം അടച്ചുപൂട്ടി, നമ്മുടെ വിഫലമായ ചർച്ചകളിൽ മുഴുകുകയല്ല വേണ്ടത്. പരോഹിത്യാധിപത്യം എന്നതിൽ വീഴാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കുക, പരോഹിത്യാധിപത്യം ഒരു വൈകല്യമാണ്: പരോഹിത്യാധിപത്യമനോഭാവത്തോടെ വൈദികനാകുന്ന ശുശ്രൂഷി തെറ്റായ പാതയാണ് സ്വീകരിച്ചത്, അതിലും മോശം പരോഹിത്യാധിപത്യമനോഭാവം ജീവിക്കുന്ന അൽമായരാണ്; പൗരോഹിത്യത്തിന്റെ ഈ വൈകല്യത്തിനെതിരെ നമുക്ക് ജാഗ്രത പാലിക്കാം, ലോകത്തിന്റെ മാവിനെ പുളിപ്പിക്കുന്ന പുളിമാവായി മാറാൻ നമ്മെത്തന്നെ സഹായിക്കണം. നമുക്കൊരുമിച്ച്, മനുഷ്യജീവന്റെ പരിചരണത്തിനും, സൃഷ്ടലോകത്തിന്റെ സംരക്ഷണത്തിനും, ജോലിയുടെ മാന്യതയ്ക്കും, കുടുംബങ്ങളുടെ പ്രശ്നങ്ങൾക്കും, പ്രായമായവരുടെയും ഉപേക്ഷിക്കപ്പെട്ടവരുടെയും നിരസിക്കപ്പെട്ടവരുടെയും നിന്ദിതരുടെയും മെച്ചപ്പെട്ട അവസ്ഥയ്ക്കും വേണ്ടിയുള്ള പ്രവൃത്തികൾ ചെയ്യാനാകും, അവ നാം ചെയ്യേണ്ടതുണ്ട്. ചുരുക്കത്തിൽ, എല്ലാവരുടെയും ജീവിതത്തിൽ സുവിശേഷത്തിന്റെ ആനന്ദം പ്രകാശിക്കത്തക്കവിധം, കരുതലിന്റെയും, ലാളനയുടെയും ദുർബലരോടുള്ള അനുകമ്പയുടെയും സംസ്കാരം പ്രോത്സാഹിപ്പിക്കുന്ന, നമ്മുടെ നഗരങ്ങളും നാം ഇടയ്ക്കിടെ സന്ദർശിക്കുന്ന സ്ഥലങ്ങളും ഉൾപ്പെടെയുള്ള ഇടങ്ങളിലെ എല്ലാത്തരം അധഃപതനങ്ങൾക്കുമെതിരെയുള്ള പോരാട്ടത്തിന്റെയും, ഒരു സഭയാകുക: ഇതാണ് നമ്മുടെ "പോരാട്ടം”, ഇതാണ് വെല്ലുവിളി. നാം ആയിരിക്കുന്നതുപോലെ തുടരാനുള്ള പ്രലോഭനങ്ങൾ നിരവധിയാണ്, മുൻപുണ്ടായിരുന്ന കാലങ്ങൾ മെച്ചപ്പെട്ടവയായിരുന്നു എന്ന് കരുതി അവയിലേക്ക് നോക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഗൃഹാതുരത്വത്തിന്റെ പ്രലോഭനങ്ങൾ. ദയവായി പഴയകാല അവസ്ഥയിലേക്കുപോകാനുള്ള പ്രലോഭനത്തിലേക്ക് നാം വീഴരുത്, പഴയകാല അവസ്ഥയിലേക്കുപോകാനുള്ള സഭയുടെ പ്രലോഭനം ഇന്ന് ഫാഷനാണ്.
സഹോദരീ സഹോദരന്മാരേ, മനോഹരമായ ഒരു പാരമ്പര്യമനുസരിച്ച്, പുതുതായി നിയമിതരായ മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പുമാർക്കായി ഇന്ന് ഞാൻ പാലിയം വെഞ്ചരിച്ചു. അവരിൽ പലരും നമ്മുടെ ഈ ആഘോഷത്തിൽ പങ്കെടുക്കുന്നുണ്ട്. പത്രോസുമായുള്ള കൂട്ടായ്മയിൽ, ഉറങ്ങാനല്ല, "വേഗത്തിൽ എഴുന്നേറ്റ്", ആട്ടിൻകൂട്ടത്തിന്റെ ജാഗരൂകരായ കാവൽക്കാരാകാണും, എഴുന്നേറ്റ് "നല്ല പോരാട്ടം പൊരുതാനും" അവർ വിളിക്കപ്പെട്ടിരിക്കുന്നു, ഇത് ഒരിക്കലും ഒറ്റയ്ക്കല്ല, മറിച്ച് എല്ലാ വിശ്വസ്തരായ ദൈവജനങ്ങളോടും ഒപ്പമാണ് അവർ ചെയ്യുന്നത്. നല്ല ഇടയന്മാരെന്ന നിലയിൽ അവർ ജനങ്ങളുടെ മുമ്പിലും, നടുവിലും, പിന്നിലും ആയിരിക്കണം, എന്നാൽ എല്ലായ്പ്പോഴും ദൈവത്തിന്റെ വിശ്വസ്തരായ വിശുദ്ധജനത്തോടൊപ്പം ആയിരിക്കണം, കാരണം അവർ ദൈവത്തിന്റെ വിശ്വസ്ത വിശുദ്ധജനത്തിന്റെ ഭാഗമാണ്. പ്രിയ സഹോദരൻ ബർത്തലോമിയോ അയച്ച പാത്രിയാർക്കേറ്റ് എക്യുമെനിക്കൽ പ്രതിനിധിസംഘത്തെ ഞാൻ അഭിവാദ്യം ചെയ്യുന്നു. നന്ദി, നിങ്ങളുടെ ഇവിടുത്തെ സാന്നിധ്യത്തിനും ബർത്തലോമിയോയുടെ സന്ദേശത്തിനും നന്ദി! നന്ദി, ഒരുമിച്ച് സഞ്ചരിക്കുന്നതിന് നന്ദി, കാരണം ഒരുമിച്ച് മാത്രമേ സുവിശേഷത്തിന്റെ വിത്താകാനും സാഹോദര്യത്തിന്റെ സാക്ഷികളാകാനും നമുക്ക് സാധിക്കൂ.
പത്രോസും പൗലോസും നമുക്കുവേണ്ടി, റോമാ നഗരത്തിനുവേണ്ടി, സഭയ്ക്കുവേണ്ടി, ലോകത്തിന് മുഴുവൻ വേണ്ടി മാധ്യസ്ഥ്യം വഹിക്കട്ടെ. ആമേൻ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: