തിരയുക

ഫ്രാൻസിസ് പാപ്പാ ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചാവേളയിൽ 

ഉക്രൈനിലെ ഗോതമ്പ് ഒരു യുദ്ധായുധമായി ഉപയോഗിക്കരുത്!: ഫ്രാൻസിസ് പാപ്പാ

ഉക്രൈനിൽനിന്നുള്ള ധാന്യകയറ്റുമതി തടയുന്നതിനെതിരെ ഫ്രാൻസിസ് പാപ്പായുടെ അഭ്യർത്ഥന.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

കിഴക്കൻ യൂറോപ്യൻ രാജ്യമായ ഉക്രൈനിൽനിന്നുള്ള ധാന്യകയറ്റുമതി തടസ്സപ്പെടുത്തരുതെന്ന് ജൂൺ 1 ബുധനാഴ്‌ച വത്തിക്കാനിലെ പതിവ് പൊതുകൂടിക്കാഴ്ചാവേളയിൽ പാപ്പാ അഭ്യർത്ഥിച്ചു.

"ദശലക്ഷക്കണക്കിന് ആളുകളുടെ, പ്രത്യേകിച്ച് കൂടുതൽ പാവപ്പെട്ട രാജ്യങ്ങളിലെ ആളുകളുടെ, ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന രീതിയിൽ ഉക്രൈനിൽനിന്നുള്ള ധന്യകയറ്റുമതി തടയുന്നത് വളരെ ആശങ്കാജനകമാണെന്ന്" പാപ്പാ പറഞ്ഞു. "ഈയൊരു പ്രശ്നം പരിഹരിക്കാനും, ഭക്ഷണം കഴിക്കാനുള്ള സാർവ്വത്രിക മനുഷ്യാവകാശം ഉറപ്പുവരുത്താനും എല്ലാ ശ്രമങ്ങളും നടത്തണമെന്ന് താൻ ഹൃദയംഗമായി അഭ്യർത്ഥന നടത്തുന്നു" എന്ന് തുടർന്ന പാപ്പാ, "അടിസ്ഥാന ഭക്ഷണമായ ഗോതമ്പിനെ ദയവായി യുദ്ധത്തിനുള്ള ആയുധമായി ഉപയോഗിക്കരുത്" എന്നും കൂട്ടിച്ചേർത്തു.

ലോകത്തുതന്നെ ഗോതമ്പിന്റെ ഏറ്റവും വലിയ ഉല്പാദകരാജ്യങ്ങളിൽ ഒന്നാണ് ഉക്രൈൻ. നിലവിൽ തുടർന്നുകൊണ്ടിരിക്കുന്ന റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ ഭാഗമായി ഇവിടെനിന്നുള്ള ധന്യകയറ്റുമതി തടഞ്ഞിരിക്കുന്നതിനാൽ, ലോകത്തെ വിവിധ രാജ്യങ്ങളിൽ, പ്രത്യേകിച്ച് ദരിദ്രരായ ജനങ്ങളാണ് ഇതിന്റെ വിലനൽകേണ്ടിവരുന്നത്. പൊതുകൂടിക്കാഴ്ചയുടെ അവസാനമാണ് പാപ്പാ ഇപ്പോഴത്തെ പ്രത്യേക അവസരത്തിൽ ഈ അഭ്യർത്ഥന നടത്തിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 ജൂൺ 2022, 10:48