ആരാധനക്രമം സഭാജീവിതത്തിന്റെ അടിസ്ഥാനം: ദെസിദേരിയോ ദെസിദെരാവിയിൽ ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
പത്രോസിന്റെ പിൻഗാമിയായതിനുശേഷം, പത്താം വർഷത്തിൽ, വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനമായ ജൂൺ 29-ആം തീയതി, ആരാധനക്രമം സംബന്ധിച്ച 65 ഖണ്ഡികകളുള്ള പുതിയ അപ്പസ്തോലിക ലേഖനം ഫ്രാൻസിസ് പാപ്പാ പുറത്തിറക്കി. വിശുദ്ധ ലൂക്കായുടെ സുവിശേഷം 22-ആം അദ്ധ്യായത്തിലെ, "പീഢയാനുഭവിക്കുന്നതിനു മുൻപ്, നിങ്ങളോടുകൂടെ ഈ പെസഹാ ഭക്ഷിക്കുന്നതിന് ഞാൻ അത്യധികം ആഗ്രഹിച്ചു" എന്ന 15-ആം വാക്യത്തെ പരാമർശിച്ചുകൊണ്ടാണ്, ദൈവജനത്തിന്റെ ആരാധനക്രമപരിശീലനം സംബന്ധിച്ച ഈ രേഖ പാപ്പാ പുറത്തിറക്കിയത്.
"ത്രദിസിയോണിസ് കുസ്തോദെസ്" എന്ന പ്രത്യേക രേഖ വഴി, ആരാധനക്രമം സംബന്ധിച്ച് മെത്രാന്മാരെ അഭിസംബോധന ചെയ്‌ത് എഴുതിയതിനു ശേഷം, എല്ലാ വിശ്വാസികളിലേക്കും ഇതേ വിഷയത്തിൽ സന്ദേശമെത്തിക്കുകയാണ് തന്റെ ഉദ്ദേശമെന്ന് പാപ്പാ വ്യക്തമാക്കി. ആരാധനക്രമം സഭാജീവിതത്തിന്റെ അടിസ്ഥാനമാനമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ക്രൈസ്തവവിശ്വാസത്തിന്റെ ആഘോഷത്തിന്റെ മനോഹാരിതയെക്കുറിച്ച് ധ്യാനിക്കാനുള്ള ചില വിചിന്തനങ്ങളാണ് ഇതിലുള്ളതെന്നും പാപ്പാ തന്റെ ലേഖനത്തിന്റെ ആരംഭത്തിൽത്തന്നെ എഴുതി.
ആരാധനാക്രമത്തിന്റെ ബാഹ്യമായ ഔപചാരികതയിൽ മാത്രം ആനന്ദിക്കുന്ന സൗന്ദര്യാത്മകതയെയും ആരാധനക്രമങ്ങളിലെ അലസതയെയും മറികടക്കാൻ തന്റെ ലേഖനത്തിലൂടെ ഫ്രാൻസിസ് പാപ്പാ എല്ലാവരെയും ക്ഷണിച്ചു. "സുവിശേഷം പകരാത്ത വിശുദ്ധബലിയാഘോഷം ആധികാരികമല്ല" എന്ന് പാപ്പാ വ്യക്തമാക്കി.
രണ്ടാം വത്തിക്കാൻ കൗൺസിലിൽ നിന്ന് ഉയർന്നുവന്ന, ദിവ്യകാരുണ്യ ആഘോഷത്തിന്റെ അഗാധമായ അർത്ഥത്തെക്കുറിച്ച് ഓർമ്മിപ്പിക്കുകയും, ആരാധനാക്രമവുമായി ബന്ധപ്പെട്ട വളർച്ചയിലേക്ക് വിശ്വാസികളെ ക്ഷണിക്കുകയുമാണ് പാപ്പാ തന്റെ അപ്പസ്തോലിക ലേഖനത്തിലൂടെ ചെയ്യുന്നത്.
ദിവ്യാരാധനയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായുള്ള റോമൻ ഡികാസ്റ്ററിയുടെ, 2019 ഫെബ്രുവരിയിൽ നടന്ന പ്ലീനറി മീറ്റിംഗിന്റെ ഫലമായാണ് 65 ഖണ്ഡികകലുള്ള ഈ ലേഖനം പാപ്പാ പ്രസിദ്ധീകരിക്കുന്നത്. മുൻപ് സൂചിപ്പിച്ച "ത്രദിസിയോണിസ് കുസ്തോദെസ്" എന്ന മോത്തു പ്രോപ്രിയോ രേഖയുടെ പിന്തുടർച്ചകൂടിയാണ് പുതിയ ഈ അപ്പസ്തോലിക ലേഖനം. വത്തിക്കാൻ കൗൺസിലിന് ശേഷമുള്ള മാറ്റങ്ങൾക്കനുസരിച്ച്, ആരാധനാക്രമവുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കേണ്ട സഭാകൂട്ടായ്മയെക്കുറിച്ചായിരുന്നു "ത്രദിസിയോണിസ് കുസ്തോദെസ്" പരാമർശിച്ചിരുന്നത്.
തികച്ചും പുതിയതായി നിർദ്ദേശങ്ങളോ പ്രത്യേക മാനദണ്ഡങ്ങളുടെ ഒരു മാർഗ്ഗരേഖയോ എന്നതിനേക്കാൾ, ബലിയർപ്പണത്തിന്റെ മനോഹാരിതയെ മനസ്സിലാക്കാൻവേണ്ടിയുള്ള വിചിന്തനമാണ് ഇത്.
"പരിശുദ്ധാത്മാവ് സഭയോട് പറയുന്നത് കേൾക്കുവാൻ വേണ്ടി, നമുക്ക് വിവാദങ്ങൾ ഉപേക്ഷിക്കാമെന്നും, സഭാകൂട്ടായ്‌മയെ സംരക്ഷിച്ചുകൊണ്ട്, ആരാധനാക്രമത്തിന്റെ ഭംഗിയെക്കുറിച്ച് നമുക്ക് വിസ്മയിച്ചുകൊണ്ടിരിക്കാം" (65) എന്ന ആഹ്വാനത്തോടെയാണ് പാപ്പാ തന്റെ ലേഖനം അവസാനിപ്പിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: