തിരയുക

ക്രിസ്തുവിനെ സ്വീകരിച്ച് സംതൃപ്തിയടയുക: ഫ്രാൻസിസ് പാപ്പാ

ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങളുടെ തിരുനാൾ ദിനത്തിലെ മദ്ധ്യാഹ്നനപ്രാർത്ഥനാവേളയിൽ ഫ്രാൻസീസ് പാപ്പാ പങ്കുവച്ച ചിന്തകൾ.
പാപ്പായുടെ പ്രഭാഷണത്തിന്റെ മലയാള പരിഭാഷയുടെ ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങളുടെ തിരുനാൾ ആയിരുന്ന ഈ ഞായറാഴ്‌ച (19/06/22) മദ്ധ്യാഹ്നത്തിൽ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ ഞായാറാഴ്ചകളിൽ പതിവുള്ള പൊതുവായ ത്രികാലപ്രാർത്ഥന നയിച്ചു. ഇതിൽ പങ്കുകൊള്ളുന്നതിന് വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിനകത്തും പുറത്തുമായി ഇറ്റലിക്കാരും മറ്റു രാജ്യക്കാരുമായിരുന്ന ആയിരക്കണക്കിന് വിശ്വാസികൾ സന്നിഹിതരായിരുന്നു. “കർത്താവിൻറെ മാലാഖ” എന്ന ത്രികാലജപപ്രാർത്ഥന നയിക്കുന്നതിനായി പാപ്പാ, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചകഴിഞ്ഞ് 3.30-ന്, പതിവുപോലെ, അപ്പസ്തോലിക കൊട്ടാരത്തിന്റെ ജാലകത്തിങ്കൽ എത്തിയപ്പോൾ തീർത്ഥാടകരും സന്ദർശകരുമായെത്തിയ ജനസമൂഹം ആനന്ദാരവങ്ങൾ ഉയർത്തി. ലത്തീൻ ആരാധനക്രമമനുസരിച്ച് ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങളുടെ തിരുനാൾ ദിനത്തിൽ വിശുദ്ധബലിമധ്യേ വായിക്കപ്പെട്ട, വിശുദ്ധ ലൂക്കായുടെ സുവിശേഷം ഒൻപതാം അദ്ധ്യായം പതിനൊന്ന് മുതൽ പതിനേഴു വരെയുള്ള  വാക്യങ്ങളിൽ, അഞ്ചപ്പവും രണ്ടു മത്സ്യവും അയ്യായിരത്തോളം പുരുഷന്മാർ ഉൾപ്പെടുന്ന വലിയ ജനക്കൂട്ടത്തിന് തൃപ്തിയാകുവോളം നൽകിയ യേശുവിനെക്കുറിച്ചുള്ള തിരുവചനങ്ങളെ അടിസ്ഥാനമാക്കി വിശുദ്ധ കുർബാനയെക്കുറിച്ചായിരുന്നു പാപ്പാ ത്രികാലജപപ്രാർത്ഥനയോടനുബന്ധിച്ചുള്ള തന്റെ പ്രഭാഷണം നടത്തിയത്.

തിരുശരീരരക്തങ്ങളുടെ തിരുനാൾ

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനവും ശുഭ ഞായറും!

ഇറ്റലിയിലും മറ്റ് രാജ്യങ്ങളിലും ഇന്ന് ക്രിസ്തുവിന്റെ തിരുശരീരത്തിന്റെയും തിരുരക്തത്തിന്റെയും തിരുനാൾ ആഘോഷിക്കപ്പെടുകയാണ്. അന്ത്യ അത്താഴ വേളയിൽ സ്ഥാപിച്ച വിശുദ്ധ കുർബാന, ഒരു യാത്ര എത്തിച്ചേരുന്ന സ്ഥലം പോലെയായിരുന്നു. ഈ യാത്രയിൽ, യേശു ചില അടയാളങ്ങളിലൂടെ അതിനെ മുൻകൂട്ടി കാണിച്ചിരുന്നു, പ്രത്യേകിച്ച് ആരാധനാക്രമമനുസരിച്ച് ഇന്നത്തെ സുവിശേഷത്തിൽ വിവരിക്കപ്പെടുന്ന അപ്പം വർദ്ധിപ്പിക്കുന്നതിലൂടെ (cf.Lk 9: 11b. -17). തന്റെ വചനം കേൾക്കാനും വിവിധ തിന്മകളിൽ നിന്ന് മോചനം നേടാനുമായി തന്നെ അനുഗമിച്ച വലിയ ജനക്കൂട്ടത്തെ യേശു പരിപാലിക്കുന്നു. അവൻ അഞ്ചപ്പവും രണ്ട് മീനും ആശീർവദിക്കുന്നു, മുറിക്കുന്നു. ശിഷ്യന്മാർ അത് വിതരണം ചെയ്യുന്നു. എല്ലാവരും തൃപ്തിയാകുവോളം അത് ഭക്ഷിക്കുന്നു (ലൂക്കാ 9:17) എന്ന് സുവിശേഷം പറയുന്നു. വിശുദ്ധ കുർബാനയിൽ എല്ലാവർക്കും കർത്താവിന്റെ സ്നേഹനിർഭരവും മൂർത്തവുമായ ഈ പരിപാലനം അനുഭവിക്കാൻ കഴിയും. ക്രിസ്തുവിന്റെ ശരീരവും രക്തവും വിശ്വാസത്തോടെ സ്വീകരിക്കുന്നയാൾ ഭക്ഷിക്കുക മാത്രമല്ല, തൃപ്തയടയുകയും ചെയ്യുന്നു. ഭക്ഷിക്കുക, തൃപ്തരാക്കപ്പെടുക: വിശുദ്ധ കുർബാനയിൽ നിറവേറ്റപ്പെടുന്ന രണ്ട് അടിസ്ഥാന ആവശ്യങ്ങളാണിവ.

നമ്മുടെ കാര്യങ്ങളിൽ ശ്രദ്ധാലുവായ ക്രിസ്തു

ഭക്ഷിക്കുക: വിശുദ്ധ ലൂക്കാ എഴുതുന്നത് ഇങ്ങനെയാണ് "എല്ലാവരും ഭക്ഷിച്ചു". സായാഹ്നമായപ്പോൾ, ജനക്കൂട്ടം ഭക്ഷണം തേടിപ്പോകുന്നതിനുവേണ്ടി, അവരെ പിരിച്ചുവിടാൻ ശിഷ്യന്മാർ യേശുവിനെ ഉപദേശിച്ചു. എന്നാൽ ഗുരു അതും കൂടി നൽകാൻ ആഗ്രഹിക്കുന്നു: താൻ പറയുന്നത് കേട്ടുകൊണ്ടിരുന്നവർക്ക് ഭക്ഷണം കൂടി നൽകാൻ അവൻ ആഗ്രഹിക്കുന്നു. അപ്പത്തിന്റെയും മത്സ്യത്തിന്റെയും അത്ഭുതം പക്ഷെ ഒരു പ്രദർശനമെന്ന രീതിയിൽ അല്ല നടക്കുന്നത്: കാനായിലെ കല്യാണാവസരത്തിലെന്നതുപോലെ, രഹസ്യമായാണ് അത് നടക്കുന്നത്: കൈയിൽ നിന്ന് കൈകളിലൂടെ കടന്നുപോകുമ്പോൾ അപ്പം വർദ്ധിക്കുന്നു. യേശു എല്ലാം ചെയ്യുന്നുവെന്ന്, ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ജനക്കൂട്ടം മനസ്സിലാക്കുന്നു. ഇതാണ് കുർബാനയിൽ സന്നിഹിതനായ കർത്താവ്: അവൻ നമ്മെ സ്വർഗ്ഗത്തിലെ പൗരന്മാരാകാൻ വിളിക്കുന്നു, എന്നാൽ അതിനിടയിൽ ഭൂമിയിൽ നാം അഭിമുഖീകരിക്കേണ്ട യാത്രയെ അവൻ കണക്കിലെടുക്കുന്നു. എന്റെ സഞ്ചിയിൽ കുറച്ച് അപ്പമേ ഉള്ളു എങ്കിൽ, അവൻ അത് അറിയുകയും അതിനെക്കുറിച്ച്  ഉത്കണ്ഠകുലനാകുകയും ചെയ്യുന്നു.

ശരിയായ ആരാധന

ചിലപ്പോഴൊക്കെ വിശുദ്ധ കുർബാനയെ, പ്രകാശിതവും സുഗന്ധപൂരിതവും ആണെങ്കിലും, ദൈനംദിന ജീവിതത്തിന്റെ ദുർഘടാവസ്ഥകളിൽനിന്ന് വളരെ അകലെ, അവ്യക്തവും വിദൂരവുമായ ഒരു തലത്തിലേക്ക് പരിമിതപ്പെടുത്താനുള്ള ഒരു അപായസാധ്യതയുണ്ട്. വാസ്തവത്തിൽ, ഏറ്റവും പ്രാഥമികമായവയിൽ തുടങ്ങി നമ്മുടെ എല്ലാ ആവശ്യങ്ങളും കർത്താവ് ശ്രദ്ധിച്ച് പരിപാലിക്കുന്നുണ്ട്. പകൽ സമയത്ത് തന്നെ ശ്രവിച്ചുകൊണ്ടിരുന്ന ആളുകൾക്ക് "നിങ്ങൾതന്നെ അവർക്ക് ഭക്ഷിക്കാൻ കൊടുക്കുക" (വാക്യം 13) എന്ന് പറഞ്ഞുകൊണ്ട് ശിഷ്യന്മാർക്ക് ഒരു ഉദാഹരണം നൽകാൻ അവൻ ആഗ്രഹിക്കുന്നു. യേശു ചെയ്യുന്നതുപോലെ മറ്റുള്ളവരെ പരിപാലിക്കുമ്പോൾ നമ്മുടെ ദിവ്യകാരുണ്യ ആരാധന ശരിയായതാണെന്ന്  തെളിയുന്നു: നമുക്ക് ചുറ്റും ഭക്ഷണത്തിനായുള്ള വിശപ്പുണ്ട്, മാത്രമല്ല സഹവാസത്തിനും, സാന്ത്വനത്തിനും സൗഹൃദത്തിനും സന്തോഷത്തിനും, ശ്രദ്ധിക്കപ്പെടുന്നതിനും വേണ്ടിയുള്ള വിശപ്പുണ്ട്, അതുപോലെ, സുവിശേഷവത്കരിക്കപ്പെടാനുള്ള ഒരു വിശപ്പുണ്ട്. വിശുദ്ധ കുർബാനയപ്പത്തിൽ നാം ഇത് കാണുന്നുണ്ട്: നമ്മുടെ ആവശ്യങ്ങളെക്കുറിച്ചുള്ള ക്രിസ്തുവിന്റെ ശ്രദ്ധയും, നമ്മുടെ ചുറ്റുമുള്ളവർക്കു വേണ്ടി അതുപോലെ നാമും ചെയ്യാനുള്ള ക്ഷണവും. ഭക്ഷിക്കുകയും ഭക്ഷിക്കാൻ നൽകുകയും വേണം.

ഭക്ഷിച്ച് തൃപ്തിയടയുക

ഭക്ഷിക്കുന്നതിലുപരി പക്ഷെ, ഒരാൾ തൃപ്തനാകുക എന്നത് ഇല്ലാതാകരുത്. ഭക്ഷണത്തിന്റെ സമൃദ്ധിയിലും, ഒപ്പം അത് യേശുവിൽ നിന്ന് ലഭിച്ചതിന്റെ സന്തോഷത്തിലും വിസ്മയത്തിലും ജനക്കൂട്ടം തൃപ്തരായി! നമുക്ക് തീർച്ചയായും ഭക്ഷണം കഴിക്കേണ്ടതിന്റേയും, എന്നാൽ അതേസമയം നമുക്ക് ലഭിക്കുന്ന പോഷകാഹാരം സ്നേഹത്താൽ നല്കപ്പെടുന്നതാണെന്നറിഞ്ഞ് സംതൃപ്തരാകുന്നതിന്റെയും  ആവശ്യമുണ്ട്. ക്രിസ്തുവിന്റെ ശരീരത്തിലും രക്തത്തിലും അവന്റെ സാന്നിദ്ധ്യം, നാം ഓരോരുത്തർക്കുമായി നൽകപ്പെട്ട അവന്റെ ജീവൻ നമുക്ക്  കണ്ടെത്താം. മുന്നോട്ട് പോകാൻ അവൻ നമ്മെ സഹായിക്കുക മാത്രമല്ല, അവൻ തന്നെത്തന്നെ നമുക്കായി നൽകുന്നു: അർത്ഥവും ഉത്സാഹവും നൽകിക്കൊണ്ട് അവൻ നമ്മുടെ സഹയാത്രികനാകുന്നു, നമ്മുടെ കാര്യങ്ങളിൽ ഇടപെടുന്നു, നമ്മുടെ ഏകാന്തതകളിൽ സന്ദർശിക്കുന്നു. കർത്താവ് നമ്മുടെ ജീവിതത്തിനും, നമ്മുടെ അന്ധകാരങ്ങൾക്കും, നമ്മുടെ സംശയങ്ങൾക്കും അർത്ഥം നൽകുന്നത് നമുക്ക് തൃപ്തി നൽകും. അവൻ എല്ലാത്തിന്റെയും അർത്ഥം കാണുകയും, അവൻ നൽകുന്ന ആ അർത്ഥം നമ്മെ തൃപ്തിപ്പെടുത്തുകയും ചെയ്യും. ഇത് നാം തേടുന്ന "കൂടുതൽ", അതായത് കർത്താവിന്റെ സാന്നിധ്യം നൽകുന്നു. കാരണം അവന്റെ സാന്നിധ്യത്തിന്റെ ഊഷ്മളതയിൽ നമ്മുടെ ജീവിതം മാറുന്നു: അവനില്ലായെങ്കിൽ അത് ശരിക്കും ഇരുണ്ടതായിരിക്കും. ക്രിസ്തുവിന്റെ ശരീരത്തെയും രക്തത്തെയും ആരാധിച്ചുകൊണ്ട്, നമുക്ക് അവനോട് ഹൃദയപൂർവ്വം ചോദിക്കാം: "കർത്താവേ, മുന്നോട്ട് പോകുവാനായി അന്നന്നുവേണ്ട അപ്പം എനിക്ക് തരേണമേ, കർത്താവേ നിന്റെ സാന്നിധ്യത്താൽ എന്നെ തൃപ്തിപ്പെടുത്തേണമേ!".

ജീവിക്കുന്ന യേശുവിനെ വിശുദ്ധ കുർബാനയിൽ ആരാധിക്കുവാനും അവനെ നമ്മുടെ സഹോദരീസഹോദരന്മാരുമായി പങ്കുവെക്കുവാനും പരിശുദ്ധ കന്യാമറിയം നമ്മെ പഠിപ്പിക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് മാർപ്പാപ്പാ ത്രികാലജപപ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

വാഴ്ത്തപ്പെട്ട ഡൊമിനിക്കൻ സമൂഹാംഗങ്ങൾ

ആശീർവാദത്തിനു ശേഷം തന്റെ വാക്കുകൾ തുടർന്ന പാപ്പാ, ജൂൺ പതിനെട്ട് ശനിയാഴ്ച സ്പെയിനിലെ സെവിലിൽ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ട ഡൊമിനിക്കൻ സമൂഹത്തിലെ ആളുകളെക്കുറിച്ച് പരാമർശിച്ചു സംസാരിച്ചു. സുവിശേഷപ്രഘോഷക സമൂഹത്തിലെ സന്ന്യാസിമാരായിരുന്ന ആഞ്ചലോ മരീന ആൽവരെസും പത്തൊൻപത് കൂട്ടാളികളും, ജ്യോവന്നി ആഗ്വിലാർ ഡോണിസും നാല് കൂട്ടാളികളും, ഡൊമിനിക്കൻ സമൂഹത്തിലെ മുതിർന്ന സന്ന്യാസിനിയായിരുന്ന ഇസബെല്ലാ സാഞ്ചസ് റൊമേറോ, ഡൊമിനിക്കൻ മൂന്നാം സഭാംഗമായ ഫ്രൂത്തുവോസോ പെരെസ് മാർക്വേസ് എന്നിവരായിരുന്നു അവർ. കഴിഞ്ഞ നൂറ്റാണ്ടിലെ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സ്പെയിനിൽ നടന്ന മതപീഡനത്തിൽ വിശ്വാസത്തോടുള്ള വിദ്വേഷത്താലാണ് ഇവരെല്ലാവരും കൊല്ലപ്പെട്ടത്. "അവർ നൽകിയ, ക്രിസ്തുവിനോടു ചേർന്നുനിൽക്കുന്നതിന്റെയും തങ്ങളുടെ കൊലയാളികളോടുള്ള ക്ഷമയുടെയും സാക്ഷ്യം, നമുക്ക് വിശുദ്ധിയിലേക്കുള്ള വഴി കാണിച്ചുതരുകയും ജീവിതം ദൈവത്തിനും നമ്മുടെ സഹോദരങ്ങൾക്കും സ്‌നേഹത്തിന്റെ ദാനമായി നൽകാൻ നമ്മെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന്" പാപ്പാ പറഞ്ഞു. അവരെയോർത്ത് ദൈവത്തിന് നന്ദി പറയുവാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

കത്തിയെരിയുന്ന മ്യാൻമാർ

മ്യാന്മാറിൽ തുടരുന്ന സംഘർഷങ്ങളെക്കുറിച്ച് പരാമർശിക്കവെ, തങ്ങളുടെ വീടുകൾ കത്തിയേറിയപ്പെട്ടതിനാൽ അവ ഉപേക്ഷിച്ചിറങ്ങേണ്ടിവന്ന മ്യാൻമറിലെ ആളുകളുടെ നിലവിളിയുടെ സ്വരം ഇപ്പോഴും ഉയരുന്നുവെന്ന് പാപ്പാ ഓർമ്മിച്ചു.അടിസ്ഥാന മാനവിക സഹായം പോലും അവർക്ക് ഇപ്പോഴും ലഭ്യമല്ല. മനുഷ്യരുടെ അന്തസ്സും ജീവിക്കാനുള്ള അവകാശവും ആരാധനാലയങ്ങളും ആശുപത്രികളും സ്‌കൂളുകളും മാനിക്കപ്പെടുന്നതിന് അന്താരാഷ്‌ട്ര സമൂഹം ബർമീസ് ജനതയെ മറക്കാതിരിക്കണമെന്ന, ആ പ്രിയപ്പെട്ട നാട്ടിലെ ബിഷപ്പുമാരുടെ അഭ്യർത്ഥനയിൽ ഞാനും ചേരുന്നുവെന്ന് പാപ്പാ പറഞ്ഞു. ഞായറാഴ്‌ച പത്രോസിന്റെ ചത്വരത്തിലുണ്ടായിരുന്ന ബിർമാനിയയിൽനിന്നുള്ള ആളുകൾക്ക് പാപ്പാ അനുഗ്രഹങ്ങൾ ആശംസിക്കുകയും ചെയ്തു.

കുടുംബങ്ങളുടെ ആഗോളസംഗമം

ജൂൺ 22 ബുധനാഴ്ച റോമിൽ നടക്കുവാനിരിക്കുന്ന കുടുംബങ്ങളുടെ പത്താമത് ആഗോളസംഗമത്തെക്കുറിച്ച് സംസാരിച്ച പാപ്പാ, ലോകമെമ്പാടും, ചിന്തയുടെയും ആഘോഷത്തിന്റെയും ഉത്സവത്തിന്റെയും നിമിഷങ്ങളിലേക്ക് കുടുംബങ്ങളെ വിളിച്ചു ചേർത്ത ബിഷപ്പുമാർ, ഇടവക വൈദികർ, കുടുംബ അജപാലന രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവർക്ക് നന്ദി പറഞ്ഞു. വിശുദ്ധിയിലേക്കുള്ള വഴിയും വിളിയുമാകുന്ന കുടുംബസ്നേഹത്തിന്റെ സാക്ഷ്യം നൽകുന്ന വിവാഹിതർക്കും കുടുംബങ്ങൾക്കും പാപ്പാ നന്ദി പറയുകയും എല്ലാവർക്കും നല്ല ഒരു സംഗമം ആശംസിക്കുകയും ചെയ്തു.

പൊതു സമൂഹം

ചത്വരത്തിൽ എത്തിയ എല്ലാവരെയും, പ്രത്യേകിച്ച് റോമാക്കാരെയും, മറ്റു രാജ്യങ്ങളിൽനിന്നും എത്തിയ തീർത്ഥാടകരെയും, പ്രത്യേകിച്ച്, ലണ്ടനിൽ നിന്നെത്തിയ വിദ്യാർത്ഥികളെയും, കൊച്ചുകുട്ടികളുമായി ബന്ധപ്പെട്ട അജപാലന പരിപാലന വിദ്യാഭ്യാസം നടത്തുന്നവരെയും മറ്റു ഗ്രൂപ്പുകളെയും പാപ്പാ അഭിസംബോധന ചെയ്തു.

ഉക്രയിൻ ജനത

അടിച്ചമർത്തപ്പെട്ട, കഷ്ടപ്പെടുന്ന ഉക്രേനിയൻ ജനതയെ നാം മറക്കരുതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ഉക്രൈൻ ജനതയ്ക്കുവേണ്ടി നാമെന്താണ് ചെയ്യുന്നതെന്ന ഒരു ചോദ്യം നമ്മിൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. അവർക്കുവേണ്ടി നാം പ്രാർത്ഥിക്കുന്നുണ്ടോ, അവർക്കായി നാം എന്തെങ്കിലും ചെയ്യുന്നുണ്ടോ? അവരെ മനസ്സിലാക്കാൻ നാം പരിശ്രമിക്കുന്നുണ്ടോ? എന്നീ ചോദ്യങ്ങൾ ഉയർത്തിയ പാപ്പാ, നാം ഹൃദയത്തിൽ ഇവയ്ക്കുള്ള ഉത്തരങ്ങൾ നൽകണമെന്ന് ഓർമ്മിപ്പിച്ചു.

എല്ലാവർക്കും ഒരിക്കൽക്കൂടി നല്ലൊരു ഞായറാഴ്ച ആശംസിച്ച പാപ്പാ, തനിക്കുവേണ്ടി പ്രാർത്ഥനകൾ ആവശ്യപ്പെടുകയും, വീണ്ടും കാണാമെന്ന വാക്കുകളോടെ അപ്പസ്തോലികകൊട്ടാരത്തിന്റെ ജനാലയ്ക്കൽനിന്ന് പിൻവാങ്ങുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 June 2022, 14:07

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >