പാപ്പാ: കുടുംബസ്നേഹം ഒരു ദൈവവിളിയും വിശുദ്ധിയിലേക്കുള്ള വഴിയും
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ജൂൺ 22 ബുധനാഴ്ച റോമിൽ ആരംഭിക്കുന്ന 10 മത് ആഗോള കുടുംബ സംഗമത്തെ (# WMOF22) പറ്റി ഇന്നലെ ഞായറാഴ്ച പാപ്പാ കത്തോലിക്കരെ ഓർമ്മപ്പെടുത്തി. 1994 ൽ ജോൺ പോൾ രണ്ടാമൻ പാപ്പാ തുടങ്ങി വച്ചതാണ് WMOF അഥവാ World Meeting of Families.
അൽമായർക്കും കുടുംബത്തിനും ജീവനുമായുള്ള ഡിക്കാസ്റ്റെറി സംഘടിപ്പിക്കുന്ന ഈ സമ്മേളനത്തിന്റെ ഈ വർഷത്തെ വിഷയം "കുടുംബ സ്നേഹം: ഒരു ദൈവവിളിയും വിശുദ്ധിയിലേക്കുള്ള പാതയും" എന്നാണ്.
ആഗോളതലത്തിലുള്ള ഒരു പൊതു സമ്മേളനത്തിനു പകരം, ഈ വർഷം ഈ സംഭവം, പ്രാദേശിക തലത്തിൽ ഓരോ രൂപതയിലും ഇഷ്ടാനുസാരം മെത്രാന്മാരുമായി പ്രാർത്ഥനയുടേയും സഹവാസത്തിന്റെയും പ്രാദേശിക രൂപീകരണ അനുഭവമാക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നിരുന്നാലും കത്തോലിക്കാ കുടുംബങ്ങളുടെ ആഗോളതലത്തിൽ നിന്നുള്ള പ്രതിനിധികൾ ജൂൺ 22 മുതൽ 26 വരെ വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ ഒരുമിച്ചുകൂടും. കാര്യപരിപാടികളുടെ പാരമ്പര്യമനുസരിച്ച് പാപ്പായുടെ സാന്നിധ്യത്തിൽ ആരംഭത്തിലും അവസാനത്തിലും നടക്കുന്ന അന്തർദ്ദേശീയ ദൈവശാസ്ത്ര - അജപാലന സമ്മേളനം കൂടാതെ ജാഗരണവും കുടുംബോൽസവവും ഒരു ആഘോഷപൂർവ്വമായ ദിവ്യബലിയും ഈ സംഗമത്തിന്റെ ഭാഗമായിരിക്കും.
പാപ്പായുടെ നന്ദിയുടെ വാക്കുകൾ
ഞായറാഴ്ച മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്കു ശേഷം സംസാരിക്കവെ സമ്മേളനം റോമിലും അതേ സമയം ലോകം മുഴുവനിലുമാണ് നടക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പാ സൂചിപ്പിച്ചു. വിചിന്തനത്തിന്റെയും, തിരുക്കർമ്മങ്ങളുടേയും ആഘോഷങ്ങളുടേയും നിമിഷങ്ങളിലേക്ക് കുടുംബങ്ങളെ നയിച്ച മെത്രാന്മാക്കും, ഇടവക വികാരിമാർക്കും കുടുംബ അജപാലക സേവകർക്കും പാപ്പാ നന്ദിയർപ്പിച്ചു.
"എല്ലാറ്റിലുമുപരിയായി, കുടുംബ സ്നേഹം ഒരു ദൈവവിളിയും വിശുദ്ധിയിലേക്കുള്ള വഴിയുമാണെന്ന സാക്ഷ്യം വഹിക്കുന്ന വിവാഹിതരായ ദമ്പതികൾക്കും, കുടുംബങ്ങൾക്കും ഞാൻ നന്ദി പറയുന്നു. നല്ല ഒരു സമ്മേളമാവട്ടെ!" പാപ്പാ ആശംസിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: