പാപ്പാ : കുഞ്ഞുങ്ങൾ ഭാവിയുടെ ഒഴിച്ചുകൂടാനാവാത്ത സമ്പത്താണ്
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
കുടുംബങ്ങൾക്ക്, പ്രത്യേകിച്ച് യുക്രെയിനിൽ നിന്നു പലായനം ചെയ്യുന്നവരേയും ഉൾപ്പെടുത്തിക്കൊണ്ട് ചെയ്യുന്ന സേവനങ്ങൾക്ക്യൂറോപ്പിലെ കത്തോലിക്കാ കുടുംബ സംഘങ്ങളുടെ സംയുക്ത സമിതിക്ക് (Federation of Catholic family Associations in Europe (FAFCE) ) നന്ദി പറഞ്ഞു കൊണ്ട് ഫ്രാൻസിസ് പാപ്പാ സഭയോടു കുടുംബങ്ങളെ അനുധാവനം ചെയ്യാൻ ആഹ്വാനം ചെയ്തു. കൂടാതെ ഏകാന്തതയുടെ പകർച്ചവ്യാധി, വാടക ഗർഭധാരണം, അശ്ലീലത തുടങ്ങിയ ഭീഷണികളെ അപലപിക്കുകയും ചെയ്തു.
കുഞ്ഞുങ്ങൾ ഒരിക്കലും പരിസ്ഥിതിക്ക് ഒരു ഭീഷണിയല്ല എന്നും മറിച്ച് ഭാവിക്ക് ഒഴിച്ചുകൂടാനാവാത്ത സമ്പത്താണ് എന്നും ചൂണ്ടിക്കാണിച്ച ഫ്രാൻസിസ് പാപ്പാ ഉപഭോഗവാദത്തേയും, വ്യക്തിവാദത്തേയുമാണ് അഭിമുഖീകരിക്കേണ്ടതെന്ന് അറിയിച്ചു. യൂറോപ്പിലെ കത്തോലിക്കാ കുടുംബ സംഘങ്ങളുടെ സംയുക്ത സമിതി അംഗങ്ങൾക്ക് 25ആം വാർഷീകത്തോടനുബന്ധിച്ച് വെള്ളിയാഴ്ച വത്തിക്കാനിൽ വച്ചു നൽകിയ കൂടിക്കാഴ്ചയിലാണ് പാപ്പായുടെ ശക്തമായ ഈ ഉദ്ബോധനം.
കുടുംബം ഒരു വിഭവമാണ് എന്ന് സമൂഹങ്ങളെ ബോധ്യപ്പെടുത്തുക
കുടുംബങ്ങളുടെ നേർക്കുള്ള സേവനത്തിൽ യുദ്ധത്തിന്റെ ഈ നേരത്ത് അവർ ചെയ്യുന്ന നല്ല പ്രവർത്തികളുമായി മുന്നോട്ടു പോകാൻ പാപ്പാ FAFCE അംഗങ്ങളെ പ്രോൽസാഹിപ്പിച്ചു. യൂറോപ്പിലെ സ്ഥാപനങ്ങൾക്ക് ഒരു ശബ്ദമായതിനും യൂറോപ്പു മുഴുവൻ കുടുംബങ്ങളുടെ ശ്രംഖലകൾ തീർക്കുന്ന അവരുടെ പ്രവർത്തനങ്ങൾക്കും പാപ്പാ നന്ദി പറഞ്ഞു. കഴിഞ്ഞ 5 വർഷങ്ങളിൽ, സംയുക്ത സമിതി പത്ത് പുതിയ കുടുംബസംഘടനകളെയും യുക്രെയ്ൻ ഉൾപ്പെടെ നാലു യൂറോപ്യൻ രാജ്യങ്ങളെയും തങ്ങളോടൊപ്പം കൂട്ടിച്ചേർത്തതിനുള്ള കൃതജ്ഞതയും പാപ്പാ രേഖപ്പെടുത്തി.
കുടുംബങ്ങളെ പിന്തുണയ്ക്കാനും അവയ്ക്കും കുട്ടികൾക്കുമെതിരായ വിവേചനത്തിനെതിരെയും താഴ്ന്ന ജനനനിരക്ക്, പ്രായമായവരോടുള്ള അവഗണന, അശ്ലീലതയുടെ ശാപം എന്നിവയ്ക്കെതിരെയും തന്റെ പരാമർശങ്ങളിൽ പാപ്പാ മുന്നറിയിപ്പു നൽകി.
യുക്രേനിയൻ അഭയാർത്ഥികളെ സ്വാഗതം ചെയ്യുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന കുടുംബങ്ങൾ
യുക്രെയ്നിലെ യുദ്ധം മൂലം ഈ സമയത്ത് കുടുംബങ്ങൾ നാടകീയവും ദുരന്ത പൂർണ്ണവുമായ നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നതിൽ പാപ്പാ ഖേദം പ്രകടിപ്പിച്ചു. കുടുംബങ്ങൾ യുദ്ധമാഗ്രഹിക്കുന്നില്ല എന്ന് ഓർമ്മിപ്പിച്ച ഫ്രാൻസിസ് പാപ്പാ പോളണ്ടിലും, ലിത്വാനിയ, ഹംഗറി എന്നിവിടങ്ങളിലും അഭയാർത്ഥികളെ സ്വാഗതം ചെയ്യുന്നതിൽ മുൻ നിരയിൽ നിൽക്കുന്ന കുടുംബങ്ങളെയും കുടുംബശൃംഖലകളേയും അഭിനന്ദിക്കുകയും ചെയ്തു. യൂറോപ്പിലെ, പ്രത്യേകിച്ച് ഇറ്റലിയിലെ ജനനനിരക്കിൽ വന്ന കുറവിലേക്ക് ശ്രദ്ധ ക്ഷണിച്ച ഫെഡറേഷന്റെ പ്രവർത്തിയെയും പാപ്പാ പ്രശംസിച്ചു.
അൽമായരും കുടുംബങ്ങളും കുടുംബങ്ങളെ പിൻതുടരുന്ന പ്രവർത്തനങ്ങളോടുള്ള തുറവ് യൂറോപ്പിലും, അതിനു പുറത്തുമുള്ള, പ്രാദേശിക സഭകളിൽ അടിയന്തിരമായി ആവശ്യമാണ്, പാപ്പാ കൂട്ടിച്ചേർത്തു.
കുട്ടികൾ ഭാവിയുടെ ഒഴിച്ചുകൂടാനാവാത്ത സമ്പത്ത്
കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന വലുതും പരസ്പരബന്ധിതവുമായ വെല്ലുവിളികളെ തിരിച്ചറിഞ്ഞു കൊണ്ട് പരിശുദ്ധ പിതാവ് "തലമുറകൾ തമ്മിലുള്ള ഐക്യദാർഢ്യമില്ലാതെ സുസ്ഥിര വികസനത്തെക്കുറിച്ച് സംസാരിക്കാൻ കഴിയില്ല. " എന്ന് പറഞ്ഞു.
കുട്ടികളെ സൃഷ്ടിയോടും അല്ലെങ്കിൽ അതിന്റെ പ്രകൃതി വിഭവങ്ങളോടുമുള്ള ഉത്തരവാദിത്വമില്ലായ്മയായി കണക്കാക്കുന്നതിനെ വിമർശിച്ച പാപ്പാ 'പാരിസ്ഥിതിക കാൽപ്പാട്' എന്ന ആശയം കുട്ടികളിലേക്ക് പ്രയോഗിക്കരുത് എന്നും കുട്ടികൾ ഭാവിയുടെ ഒഴിച്ചുകൂടാനാവാത്ത സമ്പത്താണ് എന്നും ഓർമ്മിപ്പിച്ചു. വിഭവങ്ങളുടെ ഉത്തമീകരണത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായി കുടുംബങ്ങളെ കണ്ടു കൊണ്ട് ഉപഭോഗവാദത്തേയും വ്യക്തിത്വ വാദത്തേയുമാണ് അഭിമുഖീകരിക്കേണ്ടത് എന്ന് ഫ്രാൻസിസ് പാപ്പാ അവരെ ഉദ്ബോധിപ്പിച്ചു.
അശ്ലീലം (Pornography): അന്തസ്സിനും പൊതുജനാരോഗ്യത്തിനും നേരെയുള്ള ശാശ്വതമായ അക്രമം
കുടുംബത്തെയും സമൂഹത്തെയും ഭീഷണിപ്പെടുത്തുന്ന അശ്ലീലതയെയും പാപ്പാ അപലപിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പ്രാദേശിക സമൂഹങ്ങളുടേയും സഹകരണത്തോടെ ഈ വിപത്തിനെ തടയാനും നേരിടാനും ആസക്തിയുടെ ചുഴിയിലകപ്പെട്ടവരുടെ മുറിവുകൾ സാക്ഷ്യപ്പെടുത്തുവാനും കുടുംബശൃംഖലകൾ വളരെ പ്രധാനപ്പെട്ടതാണ് എന്ന് പാപ്പാ അടിവരയിട്ടു.
'വാടക ഗർഭപാത്ര'വും ഏകാന്തതയുടെ പകർച്ചവ്യാധിയും
മനുഷ്യന്റെ അന്തസ്സിന് ഭീഷണി നേരിടുമ്പോൾ, മനുഷ്യത്വരഹിതവും വർദ്ധിച്ചുവരുന്നതുമായ 'വാടക ഗർഭപാത്ര' സമ്പ്രദായത്തിലൂടെ സ്ത്രീകൾ, പലപ്പോഴും ദരിദ്രരായ സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുകയും കുട്ടികളെ ചരക്കുകളായി കണക്കാക്കപ്പെടുകയും ചെയ്യുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ അപകടസൂചന നൽകി. കൂടാതെ പലപ്പോഴും അവഗണിക്കപെട്ടിരുന്നതും എന്നാൽ കോവിഡ് 19 വെളിച്ചത്ത് കൊണ്ടുവന്നതുമായ "ഏകാന്തതയുടെ പകർച്ചവ്യാധിയെ " യും പാപ്പാ അപലപിച്ചു.
സ്ത്രീയും പുരുഷനും തമ്മിലുള്ള പരസ്പര സ്നേഹം ദൈവം മനുഷ്യനെ സ്നേഹിക്കുന്ന മൂർത്തവും ഒരിക്കലും തോൽക്കാത്തതുമായ സ്നേഹത്തിന്റെ പ്രതിഫലനമാണ് എന്നും അത് സാമൂഹികമായ പൊതു പ്രവർത്തനത്തിലും സൃഷ്ടിയുടെ പരിപാലനത്തിലും ഫലം നൽകാൻ വേണ്ടിയുള്ളതുമാണ് എന്നും പാപ്പാ വിശദീകരിച്ചു.
അവരുടെ സേവനവുമായി മുന്നോട്ടു പോകുവാൻ ആഹ്വാനം ചെയ്ത പാപ്പാ സുവിശേഷം അവകാശപ്പെടുന്നവയ്ക്ക് വേണ്ടി എപ്പോഴും തയ്യാറായിരിക്കാൻ അവരെ പ്രോൽസാഹിപ്പിക്കുകയും ചെയ്തു. അവരെ ആശീർവദിക്കുകയും തനിക്കായി പ്രാർത്ഥിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു കൊണ്ട് ഫ്രാൻസിസ് പാപ്പാ ഉപസംഹരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: