തിരയുക

അന്തർദേശിയ ബെനായ് ബ്രിത്ത് എന്ന സംഘടനയിൽ നിന്നുള്ള  പ്രതിനിധി സംഘവുമായി 2022 മെയ് 30ന്  പാപ്പാ വത്തിക്കാനിൽ  നടത്തിയ കൂടിക്കാഴ്ച്ച. അന്തർദേശിയ ബെനായ് ബ്രിത്ത് എന്ന സംഘടനയിൽ നിന്നുള്ള പ്രതിനിധി സംഘവുമായി 2022 മെയ് 30ന് പാപ്പാ വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ച്ച. 

പാപ്പാ: ആവശ്യമുള്ളവരെ സഹായിച്ചുകൊണ്ട് സാഹോദര്യം പ്രോത്സാഹിപ്പിക്കുക

അന്തർദേശിയ ബെനായ് ബ്രിത്ത് എന്ന സംഘടനയിൽ നിന്നുള്ള പ്രതിനിധി സംഘവുമായി 2022 മെയ് 30ന് പാപ്പാ വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ച്ചയിൽ നൽകിയ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഒരു യഹൂദ പ്രതിനിധി സംഘത്തെ ഒരിക്കൽ കൂടി സ്വാഗതം ചെയ്യുന്നതിൽ തന്റെ സന്തോഷം പ്രകടിപ്പിച്ച പാപ്പാ  കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഇത്തരം നിരവധി സന്ദർശനങ്ങൾ പകർച്ചവ്യാധി കാരണം മാറ്റിവയ്ക്കേണ്ടിവന്നതും പങ്കുവച്ചു.

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ Nostra Aetate എന്ന പ്രഖ്യാപനം പ്രസിദ്ധീകരിച്ചതിന് ശേഷമുള്ള വർഷങ്ങൾ മുതൽ ഈ സ്ഥാപനത്തിന് പരിശുദ്ധ സിംഹാസനവുമായുള്ള ബന്ധത്തിന്റെ ഒരു നീണ്ട ചരിത്രമുണ്ട് എന്ന് പാപ്പാ അവരോടു പറഞ്ഞു. ഈ വർഷങ്ങളിലുടനീളം, മാനുഷിക വിഷയങ്ങളിൽ അശ്രാന്തമായി അവർ പ്രകടിപ്പിച്ച പ്രതിജ്ഞാബദ്ധതയ്ക്ക്  അവരെ അഭിനന്ദിച്ച പാപ്പാ വിപുല സമൂഹത്തിൽ നിന്ന് സഹായവും ഐക്യദാർഢ്യവും സ്വീകരിക്കാൻ കുറവുകളുള്ള വ്യക്തികൾക്ക് അവകാശമുണ്ടെന്നും മറ്റെന്തിനേക്കാളും അവർക്ക് പ്രത്യാശിക്കാനുള്ള അവകാശമുണ്ടെന്നും കൂട്ടിചേർത്തു.

സാഹോദര്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗ്ഗം

മറ്റുള്ളവരെ പരിപാലിക്കാനുള്ള കടമ  മനുഷ്യകുടുംബത്തിലെ ഓരോ അംഗത്തിനും ബാധ്യതയാണെങ്കിൽ, അത് യഹൂദന്മാരും ക്രൈസ്തവരുമായ നമുക്ക് വളരെയധികമുണ്ടെന്ന് പാപ്പാ ഓർമ്മപ്പെടുത്തി.

നമ്മെ സംബന്ധിച്ചിടത്തോളം, ദരിദ്രരെ സഹായിക്കുക എന്നതിനർത്ഥം സങ്കീർത്തകന്റെ വാക്കുകളിൽ പറയുന്നത് പോലെ  "പരദേശികളെ പാലിക്കുകയും,വിധവകളെയും അനാഥരെയും സംരക്ഷിക്കുകയും (സങ്കീർത്തനങ്ങൾ 146:9) ചെയ്യുന്ന അത്യുന്നതന്റെ ഇഷ്ടത്തെ മാനിക്കുക" എന്നതാണെന്ന് പാപ്പാ വിശദീകരിച്ചു. ദരിദ്രരെയും സമൂഹത്തിന്റെ പ്രാന്തപ്രദേശങ്ങളിലുള്ളവരെയും ദൈവം സംരക്ഷിക്കുന്നു. എളിയവരെയും ദരിദ്രരെയും രോഗികളെയും സഹായിക്കുക എന്നത് കൂടുതൽ മനുഷ്യ സാഹോദര്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏറ്റവും മൂർത്തമായ മാർഗ്ഗമാണിത്, പാപ്പാ സന്ദേശത്തിൽ പങ്കുവച്ചു.

ജനങ്ങളുടെ സുരക്ഷയെ അപകടപ്പെടുത്തുന്ന രൂപങ്ങൾ

ഇന്ന് നമ്മുടെ ലോകത്തിലെ ജനങ്ങളുടെ സുരക്ഷയെ അപകടപ്പെടുത്തുന്ന നിരവധി സംഘട്ടനങ്ങളെയും തീവ്രവാദത്തിന്റെ അപകടകരമായ രൂപങ്ങളെയും കുറിച്ച് ചിന്തിക്കുമ്പോൾ, പലപ്പോഴും ഏറ്റവും വലിയ അപകട ഘടകത്തെ പ്രതിനിധീകരിക്കുന്നത് ഭൗതികവും വിദ്യാഭ്യാസപരവും ആത്മീയവുമായ ദാരിദ്ര്യമാണെന്ന് തിരിച്ചറിയാതിരിക്കാൻ നമുക്ക് കഴിയില്ല.  അത് പിന്നീട് വെറുപ്പ്, കോപം, നിരാശ, മൗലീകവാദം എന്നിവ വളർത്തുന്നതിനുള്ള ഫലഭൂയിഷ്ഠമായ ഇടമായി മാറുന്നു.

സ്വാർത്ഥതാൽപ്പര്യങ്ങളും അനിയന്ത്രിതമായ  അത്യാഗ്രഹവും കൊണ്ട് നയിക്കപ്പെടുന്ന സവിശേഷവാദത്തിന്റെയും ദേശീയതയുടെയും രൂപങ്ങളാൽ ലോകസമാധാനത്തിനും നമ്മുടെ കാലത്ത്  ഭീഷണിയുണ്ട്. ഇത് മനുഷ്യാന്തസ്സിനും അവകാശങ്ങൾക്കും നേരെ കൂടുതൽ പുച്ഛമുണ്ടാക്കുന്ന  അപകടസാധ്യതയെ വർദ്ധിപ്പിക്കുന്നു എന്ന് പാപ്പാ അവരോടു വ്യക്തമാക്കി. തിന്മയുടെ ഈ വർദ്ധനയ്ക്കുള്ള മറുമരുന്ന് ഓർമ്മപ്പെടുത്തലാണെന്ന് പറഞ്ഞ പാപ്പാ ഭൂതകാലത്തിന്റെയും, യുദ്ധങ്ങളുടെയും  ഷോവായുടെയും എണ്ണമറ്റ മറ്റനവധി  ക്രൂരതകളെയും കുറിച്ചുള്ള സ്മരണ ആവശ്യമാണെന്ന് പാപ്പാ അനുസ്മരിപ്പിച്ചു.

നിന്റെ സഹോദര൯ എവിടെ?

വിശുദ്ധ ഗ്രന്ഥത്തിന്റെ താളുകൾ സാക്ഷ്യപ്പെടുത്തുന്നതുപോലെ, നമ്മുടെ പൊതുവായ ആത്മീയ ഓർമ്മകൾ തന്റെ സഹോദരൻ ആബേലിനെ കൊന്ന കായേനിലേക്ക് അതായത് അക്രമത്തിന്റെ ആദിമ പ്രവൃത്തിയിലേക്ക് നമ്മെ തിരികെ കൊണ്ടുവരുന്നുവെന്ന് വ്യക്തമാക്കി.

നിന്റെ സഹോദരനായ ആബേൽ എവിടെ എന്ന ദൈവത്തിന്റെ ചോദ്യത്തിന് ‘എനിക്കറിയില്ല; ഞാൻ എന്റെ സഹോദരന്റെ കാവൽക്കാരനാണോ?'' (ഉൽപത്തി 4:9) എന്ന് ഉത്തരം പറഞ്ഞ കായേൻ  താൻ അപ്പോൾ കൊന്ന സഹോദരൻ എവിടെയാണെന്ന കാര്യത്തെ നിഷേധിക്കുകയാണെന്ന് സൂചിപ്പിച്ച പാപ്പാ അക്രമത്തെ എപ്പോഴും നുണയും നിസ്സംഗതയും അനുഗമിക്കുന്നുവെന്ന് വിശദീകരിച്ചു.

നിന്റെ സഹോദരൻ എവിടെ? എന്ന ഈ ചോദ്യത്തിൽ നാമെല്ലാവരും അസ്വസ്ഥരായിരിക്കണമെന്നും അത് നമ്മോടു തന്നെ ആവർത്തിക്കണമെന്നും പാപ്പാ ആവശ്യപ്പെട്ടു. സഹോദരീസഹോദരന്മാരാൽ നിറഞ്ഞ ഒരു ലോകത്തെക്കുറിച്ചുള്ള ദൈവത്തിന്റെ സ്വപ്‌നം നമുക്ക് അക്രമവും നിസ്സംഗതയും കൊണ്ട് അടയാളപ്പെടുത്തിയ മക്കളാൽ മാത്രം നിറഞ്ഞ ലോകമാക്കി മാറ്റാൻ കഴിയില്ല.

അക്രമത്തിന്റെയും, നിസ്സംഗതയുടെയും മുന്നിൽ വിശുദ്ധഗ്രന്ഥ താളുകൾ നമ്മുടെ സഹോദരീ സഹോദരങ്ങളുടെ മുഖത്തെ കാണിച്ചുതരുന്നുവെന്ന് വിശദീകരിച്ച പാപ്പാ അത് "അപരന്റ വെല്ലുവിളി"യെയാണ്  നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത് എന്ന് അടിവരയിട്ടു.

നാം ആരാണെന്നതിനോടും നമ്മുടെ പൊതു മാനവികതയോടുമുള്ള നമ്മുടെ വിശ്വസ്തതയുടെ അളവുകോലാണിത്. അത് അളക്കുന്നത് നമ്മുടെ സാഹോദര്യത്തിലൂടെയും മറ്റുള്ളവരോടുള്ള നമ്മുടെ കരുതലിലൂടെയുമാണ്. തിരുവെഴുത്തുകളിലൂടെ ദൈവം, തുടക്കം മുതൽ മനുഷ്യരാശിയെ അഭിസംബോധന ചെയ്യുന്ന മഹത്തായ ചോദ്യങ്ങളാണ് ഇക്കാര്യത്തിൽ ശ്രദ്ധേയമായതെന്ന് വിവരിച്ച പാപ്പാ  ആദാമിനോട് "നീ എവിടെയാണ്?" (ഉൽപത്തി 3:9) എന്ന് ചോദിച്ചത് പോലെ കായേനോടു "നിന്റെ സഹോദരൻ എവിടെ? എന്ന് ചോദിക്കുന്നു. ഈ രണ്ട് ചോദ്യങ്ങളും "എവിടെ?'' എന്ന ഒരേ ചോദ്യത്താൽ ബന്ധിപ്പിച്ചിരിക്കുന്നു.  നമ്മുടെ സഹോദരീസഹോദരന്മാരെ ശ്രദ്ധിക്കാതെ നമുക്ക് പൂർണ്ണമായി ജീവിക്കാൻ കഴിയില്ല. നമ്മുടെ അയൽക്കാരനെ സ്വീകരിക്കാതെ നമുക്ക് നിത്യനായ ദൈവത്തെ കണ്ടെത്താൻ കഴിയില്ല. പാപ്പാ വിശദീകരിച്ചു.

യുദ്ധം ഒരിക്കലും ഒരു  പരിഹാരമല്ല ;അതൊരു പ്രശ്നമാണ്

അതിനാൽ, നമ്മൾ പരസ്പരം സഹായിക്കുന്നത് നല്ലതാണ്. കാരണം നമ്മിൽ ഓരോരുത്തരിലും, എല്ലാ മതപാരമ്പര്യങ്ങളിലും, എല്ലാ മനുഷ്യ സമൂഹത്തിലും വ്യക്തവും പവിത്രവുമായ തത്വങ്ങളുടെ പേരിൽ പോലും മറ്റുള്ളവരോടു പക വച്ചു പുലർത്താനും തർക്കങ്ങൾ വളർത്താനുമുള്ള അപകടസാധ്യത

എല്ലായ്പ്പോഴുമുണ്ട്.  ഇത് അക്രമത്തിന്റെ വഞ്ചനാപരമായ പ്രലോഭനമാണെന്നും ഇത് ഹൃദയത്തിന്റെ വാതിൽക്കൽ പതുങ്ങിയിരിക്കുന്ന ദുഷ്ടതയാണ് (cf. Gen 4:7) എന്നും പാപ്പാ ഊന്നി പറഞ്ഞു.

അക്രമത്തിലൂടെയും യുദ്ധത്തിലൂടെയും തർക്കങ്ങൾ പരിഹരിക്കാമെന്ന മിഥ്യാധാരണയാണിത്. എന്നിട്ടും അക്രമം എപ്പോഴും കൂടുതൽ അക്രമം സൃഷ്ടിക്കുന്നു, ആയുധങ്ങൾ മരണത്തെ മാത്രമേ ഉളവാക്കുകയുള്ളൂ, യുദ്ധം ഒരിക്കലും ഒരു  പരിഹാരമല്ല. മറിച്ച് അതൊരു പ്രശ്നമാണ്.

ഇക്കാരണത്താൽ " കായേന്റെ നേരെ വരുന്ന ആരും അവനെ കൊല്ലാതിരിക്കാൻ കർത്താവ് അവനിൽ ഒരു  അടയാളം നൽകി" (വാക്യം 15). ഇത് അക്രമത്തിന്റെ ചക്രഗതിയെയും  വിദ്വേഷത്തിന്റെ വലം പിരിയെയും  പൊട്ടിച്ചു  പരസ്പരം സംരക്ഷിക്കാൻ ആരംഭിക്കുന്നതിനായുള്ള സ്വർഗ്ഗത്തിന്റെ "തന്ത്രം" മാണ്. 

അവഗണിക്കപ്പെട്ടവരെ സംരക്ഷിക്കുക

നിങ്ങൾ ഇതിൽ ഉറച്ചുനിൽക്കുമെന്നും നമ്മുടെ സഹോദരീ സഹോദരന്മാരെയും, പ്രത്യേകിച്ച് ഏറ്റവും ദുർബലരും അവഗണിക്കപ്പെട്ടവരുമായവരെ സംരക്ഷിക്കുന്നത് തുടരുമെന്നും താൻ പ്രതീക്ഷിക്കുന്നുവെന്നും പാപ്പാ അവരോടു പറഞ്ഞു. ഇത് നമുക്ക് ഒരുമിച്ച്  ചെയ്യാൻ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച പാപ്പാ ദരിദ്രർക്കുവേണ്ടിയും സമാധാനത്തിന് വേണ്ടിയും നീതിക്കുവേണ്ടിയും, സൃഷ്ടിയുടെ സംരക്ഷണത്തിന് വേണ്ടിയും നമുക്ക് പ്രവർത്തിക്കാമെന്ന് പറഞ്ഞ് അവരെ പ്രോത്സാഹിപ്പിച്ചു.

യഹൂദ-കത്തോലിക്കാ സംവാദത്തെ പ്രോത്സാഹിപ്പിക്കുന്നതും ആഴപ്പെടുത്തുന്നതും  തന്റെ ഹൃദയത്തോടു ചേർന്നുള്ള ഒന്നായിരുന്നുവെന്ന് വെളിപ്പെടുത്തിയ പാപ്പാ കാരണം അത് സാഹോദര്യത്തിന്റെ കൂടിക്കാഴ്ച്ചയും മൂർത്തമായ ആംഗ്യങ്ങളും ചേർന്ന ഒരു സംവാദമാണ് എന്ന് പറഞ്ഞു.

എല്ലാ അക്രമങ്ങൾക്കെതിരെയും മാനുഷിക അന്തസ്സ് സംരക്ഷിക്കാനും സമാധാനം തേടാനും, പങ്ക് വയ്ക്കലിന്റെ ആത്മീയ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം.

സർവ്വശക്തൻ നമ്മെ അനുഗ്രഹിക്കട്ടെ, അങ്ങനെ നമ്മുടെ സൗഹൃദം വളരാനും പൊതുനന്മയ്ക്കായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാനും കഴിയുമെന്ന് പാപ്പാ ആശംസിച്ചു. ശാലോം! എന്ന വാക്ക് ഉപയോഗിച്ച് കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 മേയ് 2022, 14:53