തിരയുക

ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ 

മോസ്കൊയിൽ വച്ച് പുട്ടിനുമായി കൂടിക്കാഴ്ച നടത്താൻ താൻ തയ്യാറാണെന്ന് പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ അഭിമുഖം: യുദ്ധം ആയുധങ്ങൾ പരീക്ഷിക്കലാണെന്ന് വ്യക്തമാണ്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

റഷ്യ ഉക്രയിനിൽ നടത്തുന്ന ആക്രമണത്തിന് അറുതി വരുത്തുകയെന്ന ലക്ഷ്യത്തോടെ റഷ്യയിൽ പോയി അന്നാടിൻറെ പ്രസിഡൻറ് വ്ലാദിമീർ പുടിനുമായി കൂടിക്കാഴ്ച നടത്താനുള്ള തൻറെ സന്നദ്ധത മാർപ്പാപ്പാ വെളിപ്പെടുത്തുന്നു.

ഇറ്റലിയിലെ ദിനപ്പത്രങ്ങളിൽ ഒന്നായ “കൊറിയേരെ ദെല്ല സേര”യുടെ മേധാവി ലുച്യാനൊ ഫൊന്താനൊയ്ക് അനുവദിച്ച ഒരു അഭിമുഖത്തിലാണ് ഫ്രാൻസീസ് പാപ്പാ തൻറെ ഈ സന്നദ്ധത ആവർത്തിച്ച് വെളിപ്പെടുത്തിയത്.

താൻ മോസ്കൊയിലേക്കു വരാൻ തയ്യാറാണെന്ന് പ്രസിഡൻറ് പുട്ടിനെ അറിയിക്കാൻ, യുദ്ധാരംഭാനന്തരം ഇരുപതു ദിനം പിന്നിട്ടപ്പോൾ,  താൻ വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും  എന്നാൽ അതിന് ഇതുവരെ മോസ്കൊയിൽ നിന്ന് മറുപടി ലഭിച്ചിട്ടില്ലെന്നും പുട്ടിൻ തനിക്കായി വാതിൽ തുറക്കണമെന്നും പാപ്പാ പറഞ്ഞു.

ഈ വേളയിൽ ഇത്തരമൊരു കൂടിക്കാഴ്ച പുട്ടിൻ അഭിലഷിക്കുന്നില്ല അല്ലെങ്കിൽ അദ്ദേഹത്തിനു സാധിക്കില്ല എന്ന് തനിക്ക് ആശങ്കയുണ്ടെങ്കിലും ഈ കൂടിക്കാഴ്ച്ചയുടെ കാര്യത്തിൽ നിർബ്ബന്ധം പിടിക്കുകയാണെന്ന് പാപ്പാ പറഞ്ഞു.

ഉക്രൈയിനിൽ നടക്കുന്ന ഈ ക്രൂരത അവസാനിപ്പിക്കാതിരിക്കാൻ എങ്ങനെ സാധിക്കുമെന്ന് ചോദിക്കുന്ന പാപ്പാ 25 വർഷം മുമ്പ് റുവാണ്ടയിലും ഇത്തരമൊരു ക്രൂരതയ്ക്ക് നാം സാക്ഷികളായിട്ടുണ്ട് എന്നത് അനുസ്മരിച്ചു.

ഉക്രൈയിനിലെ കിയേവിലേക്കു പോകുന്നതിനു മുമ്പ് മോസ്കൊ സന്ദർശിക്കുകയും പുടിനുമായി കൂടിക്കാഴ്ച നടത്തുകയും വേണം എന്നതാണ് തൻറെ നിലപാട് എന്ന് പാപ്പാ വ്യക്തമാക്കി.

ഉക്രയിനിൽ ഇപ്പോൾ നടക്കുന്നത് ആയുധങ്ങളുടെ പരീക്ഷണമാണെന്നും ആയുധ പരീക്ഷണത്തിന്, നമ്മൾ ഉല്പാദിപിച്ച് ആയുധങ്ങൾ പരീക്ഷിക്കുന്നതിന് വേണ്ടിയാണ് യുദ്ധം ചെയ്യുന്നതെന്നും വ്യക്തമാണെന്ന് പാപ്പാ കുറ്റപ്പെടുത്തി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 May 2022, 13:35