സ്വിസ് ഗാർഡുകളോടു പാപ്പാ: വത്തിക്കാനിലെ സേവനം സാഹോദര്യത്തിന്റെയും വളർച്ചയുടെയും സമയമാണ്
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
പൊന്തിഫിക്കൽ സ്വിസ് ഗാർഡ് ഉദ്യോഗസ്ഥരെയും അംഗങ്ങളെയും അഭിവാദ്യം ചെയ്തു കൊണ്ടു സമൂഹത്തെ സേവനത്തിൽ കെട്ടിപ്പടുക്കുന്നതിനും അവരുടെ ജീവിതത്തിൽ ദൈവത്തിന്റെ വിളി കണ്ടെത്തുന്നതിനും പാപ്പയെ സംരക്ഷിക്കാൻ കടമയായി സത്യപ്രതിജ്ഞ ചെയ്ത സൈനികരെ ഫ്രാൻസിസ് പാപ്പാ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
പൊന്തിഫിക്കൽ സ്വിസ് ഗാർഡുകളുടെ ജീവിതത്തിലെ ഒരു സുപ്രധാന തീയതിയാണ് മെയ് 6. കാരണം റോമിനെ കൊള്ളയടിച്ച1527-ൽ ക്ലെമന്റ് ഏഴാമൻ പാപ്പയെ സംരക്ഷിക്കുന്നതിനിടെ അവരുടെ മുൻഗാമികളിൽ 147 പേർ കൊല്ലപ്പെട്ടു. എല്ലാ വർഷവും ഈ ദിവസം, പുതിയ സ്വിസ്സ് ഗാർഡുകൾ സത്യപ്രതിജ്ഞ ചെയ്യുകയും പരിശുദ്ധ പിതാവിന്റെ സംരക്ഷകരെന്ന ജോലിയിൽ ഔദ്യോഗികമായി തങ്ങളുടെ സേവനം ആരംഭിക്കുകയും ചെയ്യുന്നു.
"മനോഹരമായ ഒരു സന്ദർഭം" എന്ന് വിശേഷിപ്പിച്ചു കൊണ്ട് ആ ദിവസം ആഘോഷിക്കാൻ ഫ്രാൻസിസ് പാപ്പാ വെള്ളിയാഴ്ച സ്വിസ് ഗാർഡുകളുമായി കൂടിക്കാഴ്ച നടത്തി.
പ്രയാസമേറിയ പരീക്ഷണങ്ങളെ പുണർന്ന് പാപ്പയുടെ സേവനത്തിൽ
ഗാർഡുകളോടും അവരുടെ കുടുംബങ്ങളോടും പങ്കുവച്ച സന്ദേശത്തിൽ വെള്ളിയാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്യുന്ന പുതിയ സൈനീകർക്ക് പാപ്പാ തന്റെ പ്രത്യേക ആശംസകൾ അറിയിച്ചു.
"സാർവ്വത്രിക സഭയുടെ ഹൃദയത്തിൽ ആകർഷകവും ഉത്തരവാദിത്തം നിറഞ്ഞതുമായ ഒരു ദൗത്യ"ത്തിനായി അവർ തങ്ങളുടെ ജീവിതത്തിന്റെ ഏതാനും വർഷങ്ങൾ സമർപ്പിക്കുകയാണെന്ന് പാപ്പാ പറഞ്ഞു.
പാപ്പയെ സംരക്ഷിക്കാനും പൂർണ്ണ സ്വാതന്ത്ര്യത്തോടെ തന്റെ ദൗത്യം നിർവ്വഹിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കാനും ഉദാരവും വിശ്വസ്ഥവുമായ പ്രതിബദ്ധതയിലൂടെ സ്വന്തം രക്തം ചൊരിയുകവരെ ചെയ്യാൻ, നൂറ്റാണ്ടുകളായി ചില പുരുഷന്മാർ കഠിനമായ പരീക്ഷണങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയിട്ടില്ല എന്ന് പാപ്പാ അനുസ്മരിച്ചു.
പാപ്പയുടെയും അദ്ദേഹത്തിന്റെ വസതിയുടെയും സുരക്ഷ ഉറപ്പാക്കാൻ സ്വിസ് ഗാർഡുകൾ പരമോന്നത സമർപ്പണത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
സമൂഹത്തിന്റെ ക്രൈസ്തവ സാക്ഷ്യം
"ഒരു ക്രിസ്ത്യാനിയായും സമൂഹമായും സാക്ഷ്യ" മേകി ജീവിക്കേണ്ട "വിശിഷ്‌ടമായ സഭാ ദൗത്യം" ആരംഭിക്കാനുള്ള തീരുമാനത്തിൽ ഫ്രാൻസിസ് പാപ്പാ പുതിയ സൈനീകരെ പ്രോത്സാഹിപ്പിച്ചു. സ്വിസ് ഗാർഡുകൾ ഒരു സമൂഹമായിട്ടാണ് പ്രവർത്തിക്കുന്നത്, അല്ലാതെ വ്യക്തിപരമായിട്ടല്ല, അവരുടെ ദിവസത്തിലെ ഓരോ നിമിഷത്തിലും സമൂഹജീവിതത്തെ ആശ്ലേഷിക്കാൻ പാപ്പാ അവരെ പ്രേരിപ്പിച്ചു.
“ഒരു സമൂഹത്തിൽ സജീവമായ സേവനം ഒരു വെല്ലുവിളിയാണ്,” “വ്യത്യസ്ഥമായ വ്യക്തിത്വങ്ങളും സ്വഭാവങ്ങളും സംവേദനക്ഷമതയും ഉള്ള വ്യക്തികളെ ഒരുമിച്ച് കൊണ്ടുവരുന്നത് അതിൽ ഉൾപ്പെടുന്നു." പാപ്പാ കുട്ടിചേർത്തു. എന്നിരുന്നാലും, ഗാർഡുകളെ പ്രചോദിപ്പിക്കുന്നത് "സഭയെ സേവിക്കുന്നതിനുള്ള ആദർശം" ആണെന്നും, ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ അവയെ നേരിടാൻ അത് അവരെ സഹായിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.
രൂപീകരണവും വിവേയിച്ചറിയലും
രൂപീകരണത്തിന് വേണ്ടി സമയം ചെലവഴിക്കാനും ക്രൈസ്തവരായി വളരാൻ സ്വയം അനുവദിക്കാനും പരിശുദ്ധ പിതാവ് പുതിയ സ്വിസ് ഗാർഡുകളെ ക്ഷണിച്ചു.
“ക്രിസ്ത്യാനികളായി വളരുന്നതിന് റോമിലെ അവരുടെ താമസത്തെ വിലമതിക്കണം. ഓരോരുത്തർക്കും വേണ്ടിയുള്ള ദൈവത്തിന്റെ പദ്ധതി കണ്ടെത്താൻ നമ്മെ പ്രാപ്തരാക്കുന്ന ആത്മീയ ജീവിതത്തെക്കുറിച്ചാണ് താൻ ചിന്തിക്കുന്നതെന്ന് പാപ്പാ വ്യക്തമാക്കി. അതേ സമയം, "ആത്മാർത്ഥവും സാഹോദര്യവുമായ സംവാദത്തിലൂടെ" ആത്മാവിൽ, അവരുടെ സഹോദര സൈനീകരുമായി ആരോഗ്യകരമായ സൗഹൃദം വളർത്തിയെടുക്കാൻ പാപ്പാ അവരെ ആഹ്വാനം ചെയ്തു.
സ്വിസ് ഗാർഡിന്റെ മരണത്തിൽ ദു:ഖം
അടുത്തിടെ മരിച്ച ഒരു യുവ സൈനീകനേയും പാപ്പാ അനുസ്മരിച്ചു.
“ഒരു നിമിഷം വേദനയോടും സങ്കടത്തോടും നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” പാപ്പാ പറഞ്ഞു. “നിങ്ങളുടെ സഹപ്രവർത്തകനായ സിൽവാൻ വുൾഫ് ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. നിർഭാഗ്യവശാൽ, അവൻ മരിച്ചു, നല്ല, സന്തോഷമുള്ള ഒരു ചെറുപ്പക്കാരൻ. ഒരു അപകടം (‘സംഭവം’: ഇറ്റാലിയൻ ഭാഷയിൽ) അവനെ നമ്മളിൽ നിന്ന് അകറ്റി. നിശ്ശബ്ദതയിൽ നമുക്ക് സിൽവാനെ അനുസ്മരിക്കാം, അവനുവേണ്ടി പ്രാർത്ഥിക്കാം.
സമർപ്പണത്തിന് നന്ദി
"പരിശുദ്ധ സിംഹാസനം നിങ്ങളിൽ വിശ്വാസമർപ്പിക്കുന്നു!" എന്നും " നിങ്ങളുടെ സാന്നിധ്യത്തിൽ വത്തിക്കാൻ അഭിമാനിക്കുന്നു!"' എന്ന് പറഞ്ഞു കൊണ്ട് സ്വിസ് ഗാർഡുകളുടെ സമയനിഷ്ഠയ്ക്കും വിലയേറിയതുമായ സഹകരണത്തിനും അവരെ പ്രശംസിച്ചുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥതയിലും അവരുടെ രക്ഷാധികാരികളായ വിശുദ്ധ മാർട്ടിൻ, സെബാസ്റ്റ്യൻ പരിശുദ്ധ പിതാവ് അവരെ ഭരമേൽപ്പിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: