തിരയുക

"പിയോ റൊമെനോ'' കോളേജിലെ സമൂഹവുമായി ഫ്രാൻസിസ് പാപ്പാ. "പിയോ റൊമെനോ'' കോളേജിലെ സമൂഹവുമായി ഫ്രാൻസിസ് പാപ്പാ.  (Vatican Media)

പാപ്പാ: ഫലം കായ്ക്കാൻ നിങ്ങളുടെ വേരുകളോടു സത്യസന്ധത പുലർത്തുക

പിയൂസ് പതിനൊന്നാമൻ പാപ്പാ "പിയോ റൊമെനോ'' കോളേജ്‌ സ്ഥാപിച്ചതിന്റെ എൺപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് പൊന്തിഫിക്കൽ റൊമാനിയൻ കോളേജിലെ സമൂഹവുമായി മെയ് പത്തൊമ്പതാം തിയതി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച്ച നടത്തി.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പാരമ്പര്യങ്ങൾ മതപരമോ സാംസ്കാരികമോ ആകട്ടെ  അവയുടെ വേരുകളിലേക്ക് നോക്കേണ്ടതിന്റെ  ആവശ്യകതയായിരുന്നു പൊന്തിഫിക്കൽ റൊമാനിയൻ കോളേജിനെ അഭിസംബോധന ചെയ്ത പാപ്പായുടെ സന്ദേശത്തിന്റെ കാതൽ.

പരിപോഷിപ്പിക്കുന്ന വേരുകൾ

റൊമേനിയയിൽ നിന്നുള്ള വൈദീക വിദ്യാർത്ഥികളോടു,  പഠനത്തിലൂടെയും ധ്യാനത്തിലൂടെയും തങ്ങളുടെ വേരുകളെ തൃപ്തികരമായ രീതിയിൽ വീണ്ടും കണ്ടെത്താനുള്ള അവസരമാണ് റോമിൽ അവർക്ക്  ലഭിക്കുന്ന പരിശീലനം  നൽകുന്നതെന്ന് പാപ്പാ പറഞ്ഞു. വേരുകൾ എങ്ങനെ രൂപപ്പെട്ടുവെന്ന് ചിന്തിക്കാനുള്ള വിലപ്പെട്ട അവസരം കൂടിയാണതെന്നും പാപ്പാ കൂട്ടി ചേർത്തു.

കൊല്ലപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്തതു മൂലം രണ്ടാം ലോകമഹായുദ്ധസമയത്ത്, റൊമാനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയിൽ പ്രായോഗികമായി മെത്രാന്മാരില്ലാതിരുന്ന കാലഘട്ടത്തെ പാപ്പാ ഓർമ്മിച്ചു.

അക്കാലത്ത് പല പുരോഹിതന്മാരും തങ്ങളുടെ കഷ്ടപ്പാടുകളും വിശ്വാസത്തിന്റെ സാക്ഷ്യവും, ജീവൻ പോലും വിലയായി കൊടുത്ത് ദൈവത്തിനു സമർപ്പിച്ചതും പാപ്പാ പങ്കുവച്ചു. വേരുകളെ പരിപോഷിപ്പിക്കുന്നില്ലെങ്കിൽ “എല്ലാ മതപാരമ്പര്യങ്ങൾക്കും ഫലപുഷ്ടി നഷ്ടപ്പെടും” എന്ന് പാപ്പാ അടിവരയിട്ടു.

ആത്മീയ ലൗകികതയുടെ വൈറസ്

കാലം  കടന്നുപോകുമ്പോൾ ഒരാൾ കൂടുതൽ കൂടുതൽ ശ്രദ്ധ തന്നിൽത്തന്നെയും, സ്വന്തം കാര്യങ്ങളിലും കേന്ദ്രീകരിക്കുന്നതു വഴി തങ്ങളുടെ ഉത്ഭവത്തിന്റെ ചലനാത്മകത നഷ്ടപ്പെടുന്ന അപകടകരമായ ഒരു പ്രക്രിയ സംഭവിക്കുന്നതായി പാപ്പാ അറിയിച്ചു. അപ്പോൾ ശ്രദ്ധ സ്ഥാപനപരവും ബാഹ്യവുമായ വശങ്ങളിലും, സ്വന്തം സമൂഹത്തിന്റെ സംരക്ഷണത്തിലും, സ്വന്തം ചരിത്രത്തിലും ആനുകൂല്യങ്ങളിലും  കേന്ദ്രീകരിക്കുകയും അങ്ങനെ, അറിയാതെ തന്നെ  ഉൽഭവത്തിലുണ്ടായിരുന്ന വരപ്രദാസത്തിന്റെ വാസന നഷ്ടപ്പെടുത്താൻ  ഇടയാക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ പറഞ്ഞു. “ആത്മീയ ലൗകികതയുടെ വൈറസിനാൽ ഒരാൾ തൃപ്തനാകുകയും കളങ്കപ്പെടുകയും ചെയ്യുമ്പോഴാണ് ഇത്  സംഭവിക്കുന്ന''തെന്ന് ഫ്രാൻസിസ് പാപ്പാ വിശദീകരിച്ചു. പിന്നെ, അത് ഔദ്യോഗിക ഉന്നമനം, നിലകയറ്റം, വ്യക്തിപരമായ സംതൃപ്തി, ലൗകീക സുഖം എന്നിവ ഒരുക്കുന്ന ഒരു സാധാരണ, സ്വയം സൂചക ജീവിതത്തിലേക്ക്  കൂപ്പുകുത്തുന്നു എന്നും പാപ്പാ കൂട്ടിച്ചേർത്തു.

വേരുകൾ പരിഷ്കരിക്കുക

അവരുടെ ശുശ്രൂഷ ഫലവത്താക്കുന്നതിനുവേണ്ടി, അവരുടെ വേരുകൾ "ആനുകാലികമാക്കാൻ"റോമിൽ ആയിരിക്കുന്നത് അവർക്ക് അവസരം നൽകുന്നുവെന്ന് പാപ്പാ അഭിപ്രായപ്പെട്ടു. അവർക്ക് പാരമ്പര്യമായി ലഭിച്ച വിശ്വാസത്തിന്റെ സന്തോഷമുള്ള അപ്പോസ്തലന്മാരായിരിക്കുവാനും തങ്ങൾക്കായി തന്നെ ഒന്നും കാത്തു വയ്ക്കാതെ എല്ലാവരുമായും അനുരഞ്ജനത്തിന് തയ്യാറാവാനും, ക്ഷമിക്കാനും, ഐക്യത്തെ നെയ്തെടുക്കാനും, എല്ലാ ശത്രുതകളെയും, ദ്രോഹങ്ങളെയും അതിജീവിക്കാനും ആഹ്വാനം ചെയ്ത പാപ്പാ അപ്പോൾ അവരുടെ വിത്തുകളും സുവിശേഷാനുസാരമുള്ളതും ഫലം കായ്ക്കുന്നതുമാകുമെന്നും  അവരോടു പറഞ്ഞു.

വേരുകളെ കുറിച്ച് സംസാരിച്ച ശേഷം, "മണ്ണിലേക്ക്" തന്റെ ശ്രദ്ധ തിരിച്ച പാപ്പാ“നിങ്ങൾ പഠിക്കുമ്പോൾ, വിശ്വാസത്തിന്റെ നല്ല മണ്ണിനെ മറക്കരുത്" എന്ന് അവരെ ഓർമ്മിപ്പിച്ചു. "അത് നിങ്ങളുടെ മുത്തശ്ശി മുത്തച്ഛമാരും, നിങ്ങളുടെ മാതാപിതാക്കളും, ദൈവത്തിന്റെ വിശുദ്ധ ജനവും കിളച്ച മണ്ണാണ് എന്ന് അവരോടു പാപ്പാ പങ്കുവച്ചു. "നല്ല മണ്ണാണ് യേശുവിന്റെ സാന്നിദ്ധ്യമുള്ള

ദരിദ്രരിലും രോഗികളിലും കഷ്ടപ്പെടുന്നവരിലും ചെറിയവരിലും എളിമയുള്ളവരിലും സഹിക്കുന്നവരിലും ക്രിസ്തുവിന്റെ മാംസത്തെ സ്പർശിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നതും," പാപ്പാ പറഞ്ഞു. അയൽരാജ്യമായ യുക്രെയ്നിൽ നിന്നുള്ള നിരവധി അഭയാർത്ഥികളെ റൊമാനിയയും സ്വാഗതം ചെയ്യുകയും സഹായിക്കുകയും ചെയ്യുന്നതിനെ പാപ്പാ പ്രത്യേകം പരാമർശിച്ചു.

ജനങ്ങളുടെ പുരോഹിതന്മാർ

"ദൈവശാസ്ത്ര-പരീക്ഷണശാലാ വൈദികരാകരുത്" എന്ന് അവിടെ സന്നിഹിതരായവരോടു പാപ്പാ  പറഞ്ഞു. "ജനങ്ങളുടെ ഇടയിൽ നിന്നുള്ള, ആളുകളുടെ മണമുള്ള, ആട്ടിൻകൂട്ടത്തിന്റെ ഗന്ധമുള്ള, പുരോഹിതന്മാരാകുക," പാപ്പാ നിർദ്ദേശിച്ചു.

മുൻ സെന്റ് എഫ്രേംസ് കോളേജിലെ അറബി ഭാഷ സംസാരിക്കുന്ന വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട്  കഴിഞ്ഞ പത്ത് വർഷത്തിലേറെയായി, അവർ  എല്ലാവരും ഒരു സമൂഹം രൂപീകരിച്ച് അവരുടെ ജീവിതം പങ്കുവയ്ക്കുന്നതിൽ അവരുടെ സവിശേഷമായ സ്വഭാവസവിശേഷതകൾക്ക്  കുറവു വരുന്നായി  അനുഭവപ്പെടരുതെന്നും മറിച്ച് അതിനെ ഭാവിയുടെ ഫലവത്തായ വാഗ്ദാനമായിട്ടാണ് കണക്കാക്കപ്പെടേണ്ടതെന്നും പരിശുദ്ധ പിതാവ് പറഞ്ഞു.

പൗരസ്ത്യ, ലത്തീൻ ദേശീയ സ്ഥാപനങ്ങളിൽ നിന്ന് പഠനദിനം കഴിഞ്ഞ്  മടങ്ങി നിങ്ങൾ വീട്ടിലെത്തുന്നത് പോലെ ജീവിക്കാൻ മടങ്ങുന്ന അടച്ചുകെട്ടാവരുത് എന്നും  മറിച്ച് സാഹോദര്യ കൂട്ടായ്മയുടെ ശിൽപശാലകളാകണമെന്നും അവിടെ അവർക്ക് ആധികാരികമായ കാതോലികതയും സഭയുടെ സാർവത്രികതയും  അനുഭവിക്കാൻ കഴിയണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

ശ്വസിക്കാനുള്ള നല്ല വായുവാണ് ഈ സാർവത്രികത. അതുവഴി സുവിശേഷവൽക്കരണത്തെ തടഞ്ഞുനിർത്തുന്ന സ്വകാര്യ ശ്രദ്ധകളിലേക്ക് വലിച്ചെറിയപ്പെടാതിരിക്കുമെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. “വേരുകൾ, മണ്ണ്, നല്ല വായു,” എന്ന് പറഞ്ഞ പാപ്പാ, “റോമിലായിരിക്കുന്ന വർഷങ്ങളിൽ നിങ്ങളുടെ വിളി ഈ രീതിയിൽ വളർത്തിയെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു” എന്ന് അവരെ അനുഗ്രഹിച്ച് കൊണ്ട് തന്റെ സന്ദേശം ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 May 2022, 13:10