പാപ്പാ: സംരക്ഷിക്കാനുള്ള മനുഷ്യന്റെ കഴിവിന്റെ പരാജയമാണ് യുദ്ധം
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
രാജ്യത്തിന്റെ എല്ലാ സ്ഥലങ്ങളിലും മനുഷ്യവിഭവശേഷിയുടെയും ഉപാധികളുടെയും സാന്നിധ്യം ഉറപ്പുവരുത്തുന്നതിനും, പ്രവർത്തനപരവും സംഘടനാപരവും തീരുമാനങ്ങളെടുക്കുന്നതിനുള്ള കഴിവുകളും ഉറപ്പുവരുത്തി പ്രകൃതിദത്തവും മാനുഷികവുമായ ദുരന്തങ്ങളിൽ സമയബന്ധിതവും ഫലപ്രദവുമായ രീതിയിൽ ഇടപെടാൻ മാത്രമല്ല അവ തടയാനും മുൻകൂട്ടി കാണാനും വേണ്ടി 1992-ൽ ഔദ്യോഗികമായി സ്ഥാപിതമായതാണ് ഇറ്റാലിയൻ സിവിൽ പ്രൊട്ടക്ഷൻ സർവീസ് (Protezione Civile). വടക്കൻ ഇറ്റലിയിലെ ഫ്രിയൂലി വെനേത്സിയ ജൂലിയയിൽ ഉണ്ടായ വിനാശകരമായ ഭൂകമ്പത്തെത്തുടർന്ന് എഴുപതുകളുടെ മധ്യത്തിലാണ് ഇതിന്റെ ഉത്ഭവം.
കൂടിക്കാഴ്ച്ചയുടെ അവസരത്തിൽ നൽകിയ സന്ദേശത്തിൽ അവരുടെ ജോലി എത്രത്തോളം സ്തുത്യർഹമാണ് എന്നു പറഞ്ഞ പാപ്പാ മഹാമാരിയുടെ സമയത്ത് പ്രത്യേകിച്ച് അതിന്റെ ഏറ്റവും തീക്ഷ്ണമായ ഘട്ടങ്ങളിൽ അവർ ചെയ്ത നന്മകളെ അനുസ്മരിക്കുകയും ചെയ്തു. ഏറ്റവും ദുർബ്ബലരായ കുടുംബങ്ങളെ സഹായിക്കുന്നതിന് അവർ നൽകിയ ലഭ്യതയും പ്രായമായവർക്കും ദുർബ്ബലരായ ആളുകൾക്കും നൽകിയ പിന്തുണയും, സുരക്ഷാ സേവനങ്ങളും പാപ്പാ ഓർമ്മിച്ചു. രോഗികളെയും, ദരിദ്രരെയും, വീട്ടിൽ തനിച്ച് കഴിഞ്ഞിരുന്ന പലരെയും അവർ സഹായിച്ചതും പാപ്പാ സന്ദേശത്തിൽ എടുത്തു പറഞ്ഞു.
സന്നദ്ധ സേവകരുടെ പ്രവർത്തനത്തിലൂടെ പ്രതിരോധ കുത്തിവയ്പ്പിനെ കാര്യക്ഷമമായി പിന്തുണച്ചതും
അതുപോലെ, യുക്രെയ്നിൽ നിന്നുള്ള അഭയാർത്ഥികളെ ഇറ്റലിയിൽ സ്വീകരിക്കുന്നതിലും പ്രത്യേകിച്ച് ഈ അസംബന്ധ യുദ്ധത്തിൽ നിന്ന് പലായനം ചെയ്ത സ്ത്രീകൾക്കും കുട്ടികൾക്കും സഹായം ലഭ്യമാക്കാൻ
മനുഷ്യത്വപരമായ സഹായം നൽകുന്നതിൽ അവരുടെ പ്രതിബദ്ധതയ്ക്ക് കുറവുണ്ടായില്ല എന്നും പാപ്പാ പങ്കുവയ്ക്കുകയും അവർ ചെയ്യുന്ന നിശബ്ദ സേവനത്തിന് അവർക്ക് നന്ദി പറയുകയും ചെയ്തു. നന്മ ശബ്ദമുണ്ടാക്കുന്നില്ല പക്ഷേ ലോകത്തെ പണിതുയർത്തുന്നു എന്ന് പാപ്പാ കൂട്ടി ചേർത്തു. പിന്നീട് പാപ്പാ അവരുടെ സേവനത്തെ പ്രചോദിപ്പിക്കുന്ന 'സംരക്ഷണം' എന്ന വാക്കിന്റെ മൂന്ന് തലങ്ങളെ കുറിച്ച് വിശദീകരിച്ചു.
അപകടങ്ങൾക്കും ദൗർബ്ബല്യങ്ങൾക്കും ഏറ്റവും കൂടുതൽ വിധേയരാകുന്ന ജനങ്ങളെ സംരക്ഷിക്കാനാണ് ദേശീയ പൗര സംരക്ഷണ വിഭാഗത്തിന്റെ സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചിരിക്കുന്നതെന്ന് പറഞ്ഞ പാപ്പാ ഇത് സുവിശേഷത്തിലെ നല്ല സമരിയാക്കാരനെ അനുസ്മരിക്കുന്ന ഒരു ദൗത്യമാണ് (cf. ലൂക്കാ10: 29-37)എന്ന് വിശദീകരിച്ചു.
1.സാമൂഹികമായ ഒറ്റപ്പെടലിൽ നിന്നുള്ള സംരക്ഷണം
സംരക്ഷണത്തിന്റെ മൂന്ന് പ്രവർത്തനങ്ങളിൽ ആദ്യത്തേതായി പാപ്പാ ചൂണ്ടിക്കാണിച്ചത് ഐക്യദാർഢ്യമാണ്.
"സംരക്ഷണം" എന്ന ആശയവുമായി ബന്ധപ്പെട്ട മൂന്ന് വശങ്ങളിലേക്ക് ഫ്രാൻസിസ് പാപ്പാ അവരുടെ ശ്രദ്ധ ക്ഷണിച്ചു. "നമുക്ക് ആവശ്യമായ ആദ്യത്തെ സംരക്ഷണം സാമൂഹിക ഒറ്റപ്പെടലിൽ നിന്നാണ്". ഇക്കാര്യത്തിൽ, മഹാമാരി നാം പരസ്പരം എത്രമാത്രം ഇഴചേർന്നിരിക്കുന്നുവെന്നും അതിനാൽ "ആരും ഒറ്റയ്ക്ക് രക്ഷിക്കപ്പെടില്ല" എന്നും നമുക്ക് കാണിച്ചു തന്നുവെന്നു പറഞ്ഞ പാപ്പാ യുദ്ധങ്ങളും, കാലാവസ്ഥാ വ്യതിയാനവും മൂലം പലായനം ചെയ്യുന്ന അഭയാർത്ഥികൾ ഉൾപ്പെടെ സമീപ വർഷങ്ങളിൽ ഉയർന്നുവന്ന മറ്റ് എല്ലാ പ്രതിസന്ധികൾക്കും ഈ തത്വം ബാധകമാണ് എന്നും വിശദികരിച്ചു.
സംരക്ഷിക്കാനുള്ള മനുഷ്യന്റെ കഴിവിന്റെ പരാജയമാണ് യുദ്ധം
യുക്രെയ്നിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെ പ്രത്യേകമായി പരാമർശിച്ചുകൊണ്ട്,"എല്ലാ യുദ്ധവും സംരക്ഷിക്കാനുള്ള മനുഷ്യന്റെ കഴിവിന്റെ പരാജയത്തെ അടയാളപ്പെടുത്തുന്നു" എന്നും അത് "ഐക്യരാഷ്ട്രസഭയുടെ ഗൗരവമേറിയ പ്രതിബദ്ധതകളുടെ ഒറ്റുകൊടുക്കലാണ്" എന്നും പാപ്പാ സൂചിപ്പിച്ചു. "ഇന്ന്, യുക്രെയിനിൽ സംഭവിക്കുന്നവയുടെ മുന്നിൽ നിന്നു കൊണ്ട് നമുക്കാവർത്തിക്കാം ഇനി ഒരിക്കലും യുദ്ധം വേണ്ട, സമാധാനത്തിനുള്ള ജനങ്ങളുടെ പവിത്രമായ അവകാശം നാം സംരക്ഷിക്കും," പാപ്പാ ആഹ്വാനം ചെയ്തു.
പ്രകൃതി ഒരിക്കലും ക്ഷമിക്കുകയില്ല
രണ്ടാമത്തെ സംരക്ഷണം പാരിസ്ഥിതിക ദുരന്തങ്ങൾക്കെതിരെയുള്ളതാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങൾ കാണിച്ചു തരുന്നത് പോലെ, "പ്രകൃതി ഒരിക്കലും ക്ഷമിക്കുകയില്ലെന്നു ചൂണ്ടിക്കാണിച്ച പാപ്പാ "ഭൂമിയുടെ നിലവിളി" കേൾക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയെക്കുറിച്ച് ആവർത്തിച്ചു. "നാം വിളിക്കപ്പെട്ടിരിക്കുന്നത് ലോകത്തെ സംരക്ഷിക്കാനാണ്, അത് കൊള്ളയടിക്കാനല്ല", പാപ്പാ വ്യക്തമാക്കി.
തടയൽ
സംരക്ഷണത്തിന്റെ ആവശ്യമായ മൂന്നാമത്തെ നടപടി "തടയുക " എന്നതാണ്. അതിൽ ഒരു നിശ്ചിത പ്രദേശത്തിന്റെ എല്ലാ പ്രാദേശിക ഭരണാധികാരികളും പങ്കെടുക്കണം. ഇക്കാര്യത്തിൽ, "പൊതു നന്മകൾ ഉപേക്ഷിക്കപ്പെടുകയോ ചുരുക്കം ചിലർക്ക് മാത്രം പ്രയോജനപ്പെടുകയോ ചെയ്യാതിരിക്കാൻ" വേണ്ട മനസ്സാക്ഷി രൂപീകരിക്കേണ്ടതിന്റെ പ്രാധാന്യവും "പ്രതികൂല സംഭവങ്ങൾ ജനങ്ങളിൽ പരിഹരിക്കാനാകാത്ത വിപത്തുകളുടെ കെട്ടഴിച്ചുവിടാതിരിക്കാൻ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകത"യും പാപ്പാ എടുത്തുപറഞ്ഞു.
സൗന്ദര്യത്തെക്കുറിച്ചും, പാരമ്പര്യങ്ങളും സംസ്കാരങ്ങളും സാമൂഹിക അനുഭവങ്ങളും സംരക്ഷിക്കേണ്ടതിനെക്കുറിച്ചും പഠിപ്പിക്കേണ്ടത് പ്രധാനമാണ് എന്ന് പറഞ്ഞ പാപ്പാ ഇങ്ങനെ പ്രവർത്തിക്കുന്നതിലൂടെ അവർ പ്രത്യാശയുടെ വിദഗ്ദ്ധരായ കൈത്തൊഴിലാളികളാകുന്നുവെന്നു അവരോടു പറഞ്ഞു. വ്യക്തിപരമായ സൗകര്യത്തിനപ്പുറം, നമ്മുടെ ചക്രവാളത്തെ പരിമിതപ്പെടുത്തുന്ന നിസ്സാര സുരക്ഷിതത്വങ്ങൾക്കും മുട്ടുശാന്തിക്കുമപ്പുറം, ജീവിതത്തെ കൂടുതൽ മനോഹരവും മൂല്യവത്തായതുമാക്കുന്ന മഹത്തായ ആശയങ്ങളിലേക്ക് നമ്മെ തുറന്നു കൊടുക്കും എന്ന് പാപ്പാ പങ്കുവെച്ചു.
പരിചരണം
സംരക്ഷിക്കുക എന്നാൽ പരിചരിക്കുക എന്നാണ് എന്നു പറഞ്ഞ പാപ്പാ, നമുക്കൊരിക്കലും അവന്റെ സ്നേഹം മുടക്കാത്ത നമ്മുടെ പിതാവായ ദൈവത്താൽ പരിപാലിക്കപ്പെടുന്നവരിൽ ആദ്യം വരുന്നത് നമ്മളാണ് എന്നു നാം തിരിച്ചറിഞ്ഞാൽ മാത്രമേ ആദ്രതയോടെ എങ്ങനെ പരിചരിക്കാമെന്ന് നമുക്കറിയാൻ കഴിയൂ എന്ന് ഉറപ്പിച്ചു പറഞ്ഞു. തന്റെ സന്ദേശം അവസാനിപ്പിച്ചു കൊണ്ട് ഇറ്റലിയിൽ വളരെക്കാലമായി നില നിന്നു പോരുന്ന സന്നദ്ധ സേവനത്തിന്റെ പാരമ്പര്യത്തെയും പാപ്പാ പ്രശംസിച്ചു. അത് ഒരു നിധിയാണെന്നും അത് സംരക്ഷിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: