തിരയുക

കാത്തലിക് ഫാർമസിസ്റ്റുകളുടെ അന്താരാഷ്ട്ര ഫെഡറേഷൻ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ  പാപ്പാ. കാത്തലിക് ഫാർമസിസ്റ്റുകളുടെ അന്താരാഷ്ട്ര ഫെഡറേഷൻ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ പാപ്പാ. 

പാപ്പാ: കത്തോലിക്കാ ഫാർമസിസ്റ്റുകൾ സമൂഹത്തിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്നു

കാത്തലിക് ഫാർമസിസ്റ്റുകളുടെ അന്താരാഷ്ട്ര ഫെഡറേഷൻ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ അവർ സമൂഹത്തിൽ വഹിക്കുന്ന നിർണ്ണായകമായ പങ്കിനെ ഫ്രാൻസിസ് പാപ്പാ എടുത്തുകാണിച്ചു. കോവിഡ് -19 മഹാമാരി സമയത്ത് ഇവരുടെ സേവനം സമൂഹത്തിൽ കൂടുതൽ സ്ഥിരീകരിച്ചതായും പാപ്പാ പറഞ്ഞു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

COVID-19 മഹാമാരി സമയത്ത് ഫാർമസിസ്റ്റുകളുടെ ഇടപെടലിനെ പ്രശംസിച്ച ഫ്രാൻസിസ് പാപ്പാ, അവർ സമൂഹത്തിൽ വഹിക്കുന്ന  നിർണ്ണായകമായ പങ്കിനെ അനുസ്മരിച്ചു. “ഫാർമസിസ്റ്റുകൾ പൗരന്മാർക്കും ആരോഗ്യ സംവിധാനത്തിനും ഇടയിലുള്ള ഒരു പാലം പോലെയാണ്,” പാപ്പാ പറഞ്ഞു.

ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് കാത്തലിക് ഫാർമസിസ്റ്റുകളുടെ 15 അംഗങ്ങൾക്കൊപ്പം തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ പരാമർശിച്ചത്. COVID-19 മഹാമാരി ഫാർമസിസ്റ്റുകളെ "മുൻനിരയിൽ" കൊണ്ടുവരികയും പരസ്പരം പിന്തുണയ്ക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും പരിശുദ്ധ പിതാവ് തന്റെ പ്രസംഗത്തിൽ പങ്കുവച്ചു. അവരുടെ സഹകരണ പൂർണ്ണമായ പ്രതിബദ്ധതയ്ക്ക് ഒരു പുതിയ പ്രചോദനം നൽകാൻ പ്രതിസന്ധിയുടെ അവസരം ഉപയോഗിച്ചതായി പറഞ്ഞ പാപ്പാ ഫെഡറേഷനെ അഭിനന്ദിക്കുകയും ഇത് കത്തോലിക്കാ പാരമ്പര്യത്തിന്റെ പ്രത്യേകതയാണെന്ന് സൂചിപ്പിക്കുകയും ചെയ്തു.

ആരോഗ്യ സംരക്ഷണത്തെ കൂടുതൽ മാനുഷികമാക്കുന്നു

അവരുടെ സാമൂഹിക പങ്കിനെക്കുറിച്ച് സംസാരിക്കവേ, ഫാർമസിസ്റ്റുകൾ പൊതുനന്മയ്ക്ക് രണ്ടു തരം സംഭാവനകൾ നൽകുന്നുവെന്ന്  പറഞ്ഞ പാപ്പാ ഒരു വശത്ത്, അവർ ആരോഗ്യ സംവിധാനത്തിന്റെ ഭാരം കുറയ്ക്കുമ്പോൾ, മറുവശത്ത് അവർ സാമൂഹിക പിരിമുറുക്കം ലഘൂകരിക്കുകയും ചെയ്യുന്നു എന്ന് വിശദീകരിച്ചു.

"തീർച്ചയായും, ഈ പങ്ക് വളരെ വിവേകത്തോടെയും, തൊഴിൽപരമായ വൈദിഗ്ദ്ധ്യത്തോടെയും നിർവ്വഹിക്കണം. എന്നാൽ ആളുകൾക്ക് മാനുഷിക അളവിലുള്ള സാമീപ്യവും ഉപദേശവും പരിചയവും ആരോഗ്യ സംരക്ഷണത്തിന്റെ മാതൃകയായിരിക്കണം," പാപ്പാ അഭിപ്രായപ്പെട്ടു.

[പൗരന്മാർ, പലപ്പോഴും  അവരുടെ നിരാശയിൽ, നിങ്ങളെ സഹായത്തിന്റെയും ഉപദേശത്തിന്റെയും  വിവരങ്ങൾക്കായി സമീപിക്കാവുന്നവരുമായി കണ്ടെത്തി. അയൽപക്കത്ത് ഫാർമസിസ്റ്റുകൾ കൈ എത്തും ദൂരത്തുണ്ട്; അവർ വീടിനടുത്താണ്; കൂടുതൽ പരിചയമുള്ളവരും  അടുപ്പമുള്ളവരുമാണ്. ]

സമഗ്ര പരിസ്ഥിതി വിജ്ഞാനത്തിലേക്ക് ആളുകളുടെ പരിവർത്തനം

ആളുകളെ "സമഗ്രമായ പരിസ്തിതി അറിവിലേക്ക് " മാറ്റം വരുത്താൻ ഫാർമസിസ്റ്റുകൾക്ക് നൽകാൻ കഴിയുന്ന സംഭാവനകളിലേക്ക് ഫ്രാൻസിസ് പാപ്പാ കൂടുതൽ ശ്രദ്ധ ക്ഷണിച്ചു.

“ദൈവം നമ്മെ വിന്യസിച്ചിട്ടുള്ള നമ്മുടെ പൊതുഭവനത്തെ കൂടുതൽ ബഹുമാനിക്കുന്ന ഒരു ജീവിതശൈലി പഠിക്കാൻ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു. ആരോഗ്യകരമായ ഭക്ഷണരീതിയും ജീവിതരീതിയും  പൊതുവെ ഈ ജീവിതശൈലിയുടെ ഭാഗമാണ്. "

ആരോഗ്യകരമായ ജീവിതശൈലി അഭ്യസിപ്പിക്കുക

പൗരസ്ഥ്യരുടേയോ അല്ലെങ്കിൽ അമേരിക്കയിലെ തദ്ദേശീയ ജനതയുടെയോപോലുള്ള  സംസ്കാരങ്ങളിൽ നിന്നുള്ള അറിവുകളാലും   സമ്പ്രദായങ്ങളാലും പ്രചോദനം ഉൾക്കൊണ്ടു കൊണ്ടു ഫാർമസിസ്റ്റുകൾക്ക് ആരോഗ്യകരമായ ജീവിതം നയിക്കാൻ ആളുകളെ " അഭ്യസിപ്പിക്കാൻ" കഴിയുമെന്ന് പാപ്പാ അഭിപ്രായപ്പെട്ടു.

ഫാർമസിസ്റ്റുകൾക്ക്, "തെറ്റായ 'ക്ഷേമ'ത്തെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ അനാവരണം ചെയ്യാനും" യഥാർത്ഥ "നല്ല ജീവിതത്തിലേക്ക്" നമ്മെ ബോധവൽക്കരിക്കാനും സഹായിക്കാൻ കഴിയും എന്നു പറഞ്ഞ പാപ്പാ  നല്ല ജീവിതം "ചിലർക്കു മാത്രമുള്ള പ്രത്യേകാവകാശമല്ല മറിച്ച് എല്ലാവരുടെയും കൈപിടിക്കുള്ളിൽ" വരേണ്ടതാണ് എന്ന് അടിവരയിട്ടു.

കന്യാമറിയത്തിന്റെയും അവരുടെ മധ്യസ്ഥയായ വിശുദ്ധ ജോവാന്നി ലെയോനാർഡിയുടെയും മധ്യസ്ഥതയിൽ കത്തോലിക്കാ ഫാർമസിസ്റ്റുകളെ ഏൽപ്പിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 മേയ് 2022, 21:58