തിരയുക

യേശുവിനോടൊപ്പം വീണ്ടും പുറപ്പെടുക, പുനരാരംഭിക്കുക, മുന്നേറുക!

ഫ്രാൻസീസ് പാപ്പായുടെ മെയ്ദിനത്തിലെ ത്രികാലജപ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മെയ് ഒന്നിന് ഞായറാഴ്‌ച (01/05/22) മദ്ധ്യാഹ്നത്തിൽ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ ഞായാറാഴ്ചകളിൽ പതിവുള്ള പൊതുവായ മദ്ധ്യാഹ്ന പ്രാർത്ഥന നയിച്ചു . ഇതിൽ പങ്കുകൊള്ളുന്നതിന് വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിനകത്തും പുറത്തുമായി വിവിധരാജ്യക്കാരായിരുന്ന ആയിരക്കണക്കിന് വിശ്വാസികൾ സന്നിഹിതരായിരുന്നു. ഉയിർപ്പു ഞായർ മുതൽ പെന്തക്കോസ്താ തിരുന്നാൾ വരെ  “കർത്താവിൻറെ മാലാഖ”  എന്ന പ്രാർത്ഥനയുടെ സ്ഥാനത്ത് ചൊല്ലുന്ന “സ്വർല്ലോക രാജ്ഞീ ആനന്ദിച്ചാലും” എന്ന പ്രാർത്ഥന നയിക്കുന്നതിനായി പാപ്പാ, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചകഴിഞ്ഞ് 3.30-ന്,  ബസിലിക്കാങ്കണത്തിന് അഭിമുഖമായുള്ള അരമനയുടെ ജാലകത്തിങ്കൽ, പ്രത്യക്ഷനായപ്പോൾ ജനസഞ്ചയത്തിൻറെ ആനന്ദാരവങ്ങൾ ഉയർന്നു. ലത്തീൻ റീത്തിൻറെ ആരാധനക്രമമനുസരിച്ച് ദിവ്യബലി മദ്ധ്യേ വയിക്കപ്പെട്ട വിശുദ്ധഗ്രന്ഥ ഭാഗങ്ങളിൽ യോഹന്നാൻറെ സുവിശേഷം ഇരുപത്തിയൊന്നാം അദ്ധ്യായം, 1-19 വരെയുള്ള വാക്യങ്ങൾ, അതായത്, ഉത്ഥാനാനന്തരം മൂന്നാം തവണയും യേശു ശിഷ്യന്മാർക്ക് പ്രത്യക്ഷനാകുന്നതും, രാത്രിയിൽ വലവിശീയിട്ട് ഒന്നും കിട്ടാതിരുന്ന പത്രോസിനോടും കൂട്ടരോടും വള്ളത്തിൻറെ വലത്തു വശത്ത് വലയെറിയാൻ പറയുന്നതും വല നിറയെ മീൻ കിട്ടുന്നതും തങ്ങളുടെ മുന്നിൽ നില്ക്കുന്നത് കർത്താവാണെന്ന് അവർ തിരിച്ചറിയുന്നതും യേശു അവരെ പ്രാതലിനു ക്ഷണിക്കുകയും അവർക്ക് അപ്പവും മീനും നൽകുകയും ചെയ്യുന്നതും തൻറെ അജഗണത്തെ മേയിക്കാൻ കർത്താവ് പത്രോസിനെ ചുമതലപ്പെടുത്തുന്നതുമായ സംഭവം ആയിരുന്നു പാപ്പായുടെ ത്രികാലപ്രാർത്ഥനാ വിചിന്തനത്തിന് അവലംബം. പാപ്പാ ഇപ്രകാരം പറഞ്ഞു:

 നിരാശയോടെ പഴയ ജീവിതത്തിലേക്കു തിരിയുന്ന പത്രോസും കൂട്ടരും 

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ഞായർ!

ഇന്നത്തെ ആരാധനാക്രമത്തിൽ സുവിശേഷം (യോഹന്നാൻ 21:1-19) ഉത്ഥിതനായ യേശു അപ്പോസ്തലന്മാർക്ക് മൂന്നാമത് പ്രത്യക്ഷനാകുന്ന സംഭവം വിവരിക്കുന്നു. ഗലീലി തടാകത്തിന് സമീപം നടക്കുന്ന ഈ കൂടിക്കാഴ്ച, പ്രധാനമായും ശിമയോൻ പത്രോസുമായി ബന്ധപ്പെട്ടതാണ്. "ഞാൻ മീൻ പിടിക്കാൻ പോകുന്നു" (വാക്യം 3) എന്ന് മറ്റ് ശിഷ്യന്മാരോട് അദ്ദേഹം പറയുന്നതോടെ എല്ലാം ആരംഭിക്കുന്നു. അതിൽ വിചിത്രമായി ഒന്നുമില്ല, അവൻ ഒരു മത്സ്യത്തൊഴിലാളിയായിരുന്നു, പക്ഷേ അവൻ ആ തടാകത്തിൻറെ തീരത്ത് വച്ച്, യേശുവിനെ അനുഗമിക്കുന്നതിനായി വല ഉപേക്ഷിച്ചപ്പോൾ ആ തൊഴിലും വെടിഞ്ഞിരുന്നു. ഇപ്പോഴാകട്ടെ, ഉയിർത്തെഴുന്നേറ്റവൻ നമ്മെ കാത്തുനിർത്തുമ്പോൾ, ഒരുപക്ഷേ അൽപ്പം ആശാഭംഗത്തോടെ, പത്രോസ്,  മറ്റുള്ളവരോടു പഴയജീവിതത്തിലേക്കു മടങ്ങിപ്പോകാൻ നിർദ്ദേശിക്കുന്നു. മറ്റുള്ളവർ അത് സ്വീകരിക്കുന്നു: "ഞങ്ങളും നിന്നോടുകൂടെ വരുന്നു." പക്ഷേ - "ആ രാത്രി അവർക്ക് ഒന്നും കിട്ടിയില്ല" (യോഹന്നാൻ 21, 3).

നമ്മെയും ബാധിക്കുന്ന ആശാഭംഗം 

ക്ഷീണം, നിരാശ, ഒരുപക്ഷേ അലസത എന്നിവ നിമിത്തം, കർത്താവിനെ മറക്കുകയും, നമ്മുടെ മഹത്തായ തിരഞ്ഞെടുപ്പുകളെ അവഗണിക്കുകയും, മറ്റെന്തെങ്കിലും കൊണ്ട് തൃപ്തിപ്പെടുകയും ചെയ്യുന്നത് നമുക്കും സംഭവിക്കാം. ഉദാഹരണത്തിന്, വ്യക്തിപരമായ നേരമ്പോക്കിന് മുൻതൂക്കം നൽകുകയും അങ്ങനെ, കുടുംബത്തിൽ പരസ്പരം സംസാരിക്കാൻ സമയം വിനിയോഗിക്കാതിരിക്കുകയും ചെയ്യൽ; സ്വന്തം ആവശ്യങ്ങളിൽ മുഴുകി പ്രാർത്ഥന വിസ്മരിക്കുന്നു; ദൈനംദിന അടിയന്തിരകാര്യങ്ങളുടെ പേരുപറഞ്ഞ്  ജീവകാരുണ്യ പ്രവർത്തനങ്ങൾ അവഗണിക്കുന്നു. പക്ഷേ, അങ്ങനെ ചെയ്യുമ്പോൾ, ഒരുവൻ നിരാശയിൽ മുങ്ങുന്നു: ശൂന്യമായ വലകളുമായി നില്ക്കുന്നു പത്രോസിനുണ്ടായത് പോലുള്ള നിരാശയാണ്. അത് നിന്നെ പിന്നിലേക്കു നയിക്കുന്ന ഒരു പാതയാണ്, അത് നിനക്ക് സംതൃപ്തിയേകുന്നില്ല.

ആശയറ്റവർക്ക് മുന്നിൽ ആർദ്രതയുമായി യേശു

യേശുവാകട്ടെ, പത്രോസിനോട് ചെയ്യുന്നത് എന്താണ്? പത്രോസ്, അന്ത്രയോസ്, യാക്കോബ്, യോഹന്നാൻ എന്നിവരെ തെരഞ്ഞെടുത്ത ആ തടാകത്തിൻറെ തീരത്തേക്കു വീണ്ടും അവിടന്ന് മടങ്ങുന്നു. അവിടന്ന് ആ നാലുപേരെയും തിരഞ്ഞെടുത്തത് അവിടെവച്ചാണ്. അവൻ ശാസിക്കുന്നില്ല, യേശു ശകാരിക്കുകയല്ല, എന്നും ഹൃദയത്തെ തൊടുകയാണ് ചെയ്യുന്നത്, അവിടന്ന് ശിഷ്യന്മാരെ ആർദ്രതയോടെ വിളിക്കുന്നു: "കുഞ്ഞുങ്ങളേ" (യോഹന്നാൻ 21,5). എന്നിട്ട്, പഴയതുപോലെ, ധൈര്യത്തോടെ വീണ്ടും വല വീശാൻ അവൻ അവരെ ക്ഷണിക്കുന്നു. വീണ്ടും വലകൾ വിശ്വസിക്കാൻ കഴിയാത്തവിധം നിറയുന്നു. സഹോദരീ സഹോദരന്മാരേ, ജീവിതത്തിൽ നമുക്ക് ശൂന്യമായ വലകൾ ഉണ്ടാകുമ്പോൾ, അത് വിലപിക്കാനും വിശ്രമിക്കാനും പഴയ വിനോദങ്ങളിലേക്ക് മടങ്ങാനുമുള്ള സമയമല്ല. യേശുവിനോടൊപ്പം വീണ്ടും പുറപ്പെടാനുള്ള സമയം, പുനരാരംഭിക്കാനുള്ള ധൈര്യം കണ്ടെത്താനുള്ള സമയം അവനോടൊപ്പം ഉറച്ച ബോധ്യത്തോടെ പോകാനുമുള്ള സമയമാണത്. മൂന്ന് ക്രിയകൾ: വീണ്ടും പുറപ്പെടുക, പുനരാരംഭിക്കുക, മുന്നോട്ടുപോകുക. എല്ലായ്‌പ്പോഴും, ഒരു ആശാഭംഗത്തിനു മുന്നിൽ, അല്ലെങ്കിൽ അൽപ്പം അർത്ഥം നഷ്ടപ്പെട്ട ഒരു ജീവിതത്തിനു മുന്നിൽ - " പിന്നോക്കം  പോയതായി ഇന്ന് അനുഭവപ്പെടുമ്പോൾ ..." - നിങ്ങൾ യേശുവിനൊപ്പം വീണ്ടും പുറപ്പെടുക, പുനരാരംഭിക്കുക, സധൈര്യം മുന്നോട്ടു പോകുക! അവൻ നിനക്കായി കാത്തിരിക്കുന്നു. അവൻ നിന്നെക്കുറിച്ച്, എന്നെക്കുറിച്ച്, നമ്മളോരോരുത്തരെയും കുറിച്ച് മാത്രം ചിന്തിക്കുന്നു.

പത്രോസിനെ പിടിച്ചു കുലുക്കുന്ന "തിരിച്ചറിവ്" - "അത് കർത്താവാണ്"

പത്രോസിന് ആ ഒരു "ആഘാതം" ആവശ്യമായിരുന്നു. "അത് കർത്താവാണ്!" (യോഹന്നാൻ 21,7) എന്ന യോഹന്നാൻറെ ഉദ്ഘോഷണം ശ്രവിച്ച മാത്രയിൽ പത്രോസ്, വെള്ളത്തിലേക്കു ചാടി യേശുവിൻറെ നേരെ നീന്തുന്നു. അത് സ്നേഹത്തിൻറെ ഒരു പ്രവർത്തിയാണ്, കാരണം സ്നേഹം ഉപയോഗപ്രദമായതിനും സൗകര്യപ്രദമാതിനും കടമയ്ക്കും അപ്പുറം പോകുന്നു; സ്നേഹം വിസ്മയം ജനിപ്പിക്കുന്നു, സൗജന്യദായകവും ക്രിയാത്മകവുമായ ആവേശങ്ങൾക്ക് പ്രചോദനമേകുന്നു. അങ്ങനെ, ഏറ്റവും ഇളയവനായ യോഹന്നാൻ കർത്താവിനെ തിരിച്ചറിയുമ്പോൾ, ഏറ്റവും പ്രായം ചെന്ന പത്രോസ് അവനെ കാണാനായി  ഊളിയിടുന്നു. ആ ഊളിയിടലിൽ ശിമയോൻ പത്രോസിൻറെ എല്ലാ നവീകൃത ആവേശവും വീണ്ടും പ്രകടമാകുന്നു.

നവമായൊരു ത്വര

പ്രിയ സഹോദരീസഹോദരന്മാരേ, ഉത്ഥിതനായ ക്രിസ്തു നൂതനമായൊരു ആവേശത്തിലേക്ക് നമ്മെ ക്ഷണിക്കുന്നു, എന്തെങ്കിലും നഷ്ടപ്പെടുമെന്ന ഭയമില്ലാതെ, അധികം കണക്കുകൾകൂട്ടാതെ, മറ്റുള്ളവർ തുടങ്ങുന്നതു കാത്തിരിക്കാതെ നന്മയിലേക്ക് ഊളിയിടാൻ, നൂതനമായൊരു ആവേഗത്തിലേക്ക് നമ്മെയെല്ലാം, നമ്മെ ഓരോരുത്തരെയും ക്ഷണിക്കുന്നു. എന്തുകൊണ്ട്? ആരെയും കാത്തുനില്ക്കരുത്, കാരണം യേശുവുമായി കൂടിക്കാഴ്ച നടത്തണമെങ്കിൽ സ്വന്തം താൽപ്പര്യങ്ങൾക്കതീതമായി വർത്തിക്കണം. ധീരതയോടെ താളക്രമം തെറ്റിക്കണം, സാഹസികത കാട്ടണം.  നമുക്ക് സ്വയം ചോദിക്കാം: ഉദാരതയുടെ വിസ്ഫോടനത്തിന് ഞാൻ പ്രാപ്തനാണോ, അതോ ഹൃദയത്തിൻറെ പ്രേരണകൾക്ക് കടിഞ്ഞാണിട്ടുകൊണ്ട് ഭയത്തിലൊ ശീലത്തിലൊ ഞാൻ എന്നെത്തന്നെ അടച്ചിടുകയാണോ? കുതിച്ചുചാടുക, ഊളിയിടുക. ഇതാണ് ഇന്നത്തെ യേശുവചനം.

"നീ എന്നെ സ്നേഹിക്കുന്നുവോ?"

ഇനി, ഈ സംഭവത്തിൻറെ അവസാനം, യേശു പത്രോസിനോട് മൂന്ന് തവണ ഈ ചോദ്യം ഉന്നയിക്കുന്നു: "നീ എന്നെ സ്നേഹിക്കുന്നുവോ?" (യോഹന്നാൻ 21, 15.16). ഉയിർത്തെഴുന്നേറ്റവൻ ഇന്ന് നമ്മോടും ചോദിക്കുന്നു: നീ എന്നെ സ്നേഹിക്കുന്നുവോ? കാരണം ഉയിർപ്പു ദിനത്തിൽ നമ്മുടെ ഹൃദയവും ഉയിർത്തെഴുന്നേൽക്കണമെന്ന് യേശു ആഗ്രഹിക്കുന്നു; എന്തെന്നാൽ വിശ്വാസം അറിവിൻറെയല്ല, സ്നേഹത്തിൻറെ കാര്യമാണ്. നീ എന്നെ സ്നേഹിക്കുന്നുവോ?,  ശൂന്യമായ വലകളുള്ള നിന്നോട്, എന്നോട്, നാമെല്ലാവരോടും യേശു ചോദിക്കുന്നു, വീണ്ടും ആരംഭിക്കാൻ നാം പലപ്പോഴും ഭയപ്പെടുന്നു; നിന്നോട്, എന്നോട് ഒരു പക്ഷേ ആവേശം നഷ്ടപ്പെട്ട നമ്മോട്, ഊളിയിടാൻ ധൈര്യമില്ലാത്ത നമ്മോട് യേശു ചോദിക്കുന്നു നീ എന്നെ സ്നേഹിക്കുന്നുണ്ടോ?, യേശു ചോദിക്കുന്നു. അന്നുമുതൽ, പത്രോസ് എന്നെ ന്നേക്കുമായി മത്സ്യബന്ധനം നിർത്തുകയും നാം ഇപ്പോൾ ആയിരിക്കുന്ന ഇവിടെ ജീവൻ നല്കിപ്പോലും, ദൈവത്തിൻറെയും സഹോദരന്മാരുടെയും സേവനത്തിനായി സമർപ്പിക്കുകയും ചെയ്തു. യേശുവിനെ സ്നേഹിക്കാൻ നാം ആഗ്രഹിക്കുന്നുണ്ടോ?

പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം

കർത്താവിന് ക്ഷിപ്ര "സമ്മതം" ഏകിയ പരിശുദ്ധ അമ്മ, നന്മ ചെയ്യുന്നതിനുള്ള പ്രചോദനം വീണ്ടും കണ്ടെത്താൻ നമ്മെ സഹായിക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് മാർപ്പാപ്പാ സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും എന്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

നവാഴ്ത്തപ്പെട്ട മാരിയൊ ചീചെരിയും അർമീദ ബരെല്ലിയും

ആശീർവ്വാദാനനന്തരം പാപ്പാ, ഏപ്രിൽ 30-ന് ശനിയാഴ്ച (30/04/22) ഇറ്റലിയിലെ മിലാൻ പട്ടണത്തിൽ അന്നാട്ടുകാരായ ദൈവദാസൻ വൈദികൻ മാരിയൊ ചീചെരിയും ദൈവദാസി അർമീദ ബരേല്ലിയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടത് അനുസ്മരിച്ചു.

നാട്ടുമ്പുറത്തെ ഒരു സഹവികാരിയായിരുന്ന നവവാഴ്ത്തപ്പെട്ട മാരിയൊ ചീചെരി പ്രാർത്ഥന കുമ്പസാരം കേൾക്കൽ എന്നിവയിൽ മുഴുകിയിരുന്നുവെന്നും അദ്ദേഹം രോഗീസന്ദർശനത്തിലും ഓറട്ടറിയിൽ കുട്ടികളുടെ കാര്യത്തിലും ശ്രദ്ധിച്ചിരുന്നുവെന്നും സൗമ്യനായ പരിശീലകനും സുരക്ഷിത വഴികാട്ടിയും ആയിരുന്നുവെന്നും പാപ്പാ പറഞ്ഞു.

കത്തോലിക്കാ പ്രവർത്തനത്തിൻറെ, അഥവാ, കാത്തൊലിക് ആക്ഷൻറെ, യുവതികളുടെ വിഭാഗത്തിൻറെ സ്ഥാപകയും നായികയും ആയിരുന്ന വാഴ്ത്തപ്പെട്ട അർമീദ ബരേല്ലി യുവതീയുവാക്കളെ  സഭാപരവും പൗരസംബന്ധിയുമായ ദൗത്യനിർവ്വഹണത്തിന് ക്ഷണിക്കുന്നതിന് ഇറ്റലിയിലാകമാനം സഞ്ചരിച്ചുവെന്ന് പാപ്പാ അനുസ്മരിച്ചു.    

സ്ത്രീകൾക്കായുള്ള ഒരു മതേതര സ്ഥാപനം, തിരുഹൃദയ കത്തോലിക്കാ സർവ്വകലാശാല എന്നിവ സ്ഥാപിക്കുന്നതിന് ഫാദർ ജെമെല്ലിയുമായി സഹകരിച്ചുവെന്നും ഈ കത്തോലിക്കാ സർവ്വകലാശാലയുടെ വാർഷികദിനം മെയ് ഒന്നിന് ആചരിക്കപ്പെടുന്നുവെന്നും ഈ ആചരണത്തിന്, അർമീദ ബരേല്ലിയോടുള്ള ബഹുമാനാർത്ഥം, "ഒരു സ്ത്രീയുടെ ഹൃദയത്തോടെ" എന്ന ശീർഷകം നല്കിയിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

 സമാധാനത്തിനായി ജപമാല ചൊല്ലുക

ദൈവമാതാവിന് സമർപ്പിതമായ മാസം ഈ ഞായറാഴ്ച, അതായത്, മെയ് ഒന്നിന് ആരംഭിക്കുന്നതിനെക്കുറിച്ചും സൂചിപ്പിച്ച പാപ്പാ മെയ് മാസത്തിലെ എല്ലാ ദിവസവും സമാധാനത്തിനു വേണ്ടി ജപമാല ചൊല്ലാൻ എല്ലാ വിശ്വാസികളെയും സമൂഹങ്ങളെയും ക്ഷണിച്ചു.

ഉക്രൈയിനിൽ പരിശുദ്ധ കന്യകാമറിയത്തിൻറെ നാമം പേറുന്ന നഗരമായ മരിയൂപോളിനെക്കുറിച്ച് പരമാർശിച്ച പാപ്പാ ആ നഗരം ക്രൂരമായി ബോംബിട്ട് നശിപ്പിച്ചിരിക്കയാണെന്ന് വേദനയോടെ അനുസ്മരിച്ചു.

ആ നഗരത്തിലെ ഉരുക്ക് ശാലയിൽ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനു വേണ്ടി സുരക്ഷിതമായ മാനവിക ഇടനാഴികൾ ഒരുക്കാൻ തൻറെ അഭ്യർത്ഥന പാപ്പാ നവീകരിച്ചു.

ഉക്രേനിയൻ ജനതയുടെ, പ്രത്യേകിച്ച്, കൂടുതൽ ദുർബ്ബലരുടെയും പ്രായമായവരുടെയും കുട്ടികളുടെയും കഷ്ടപ്പാടിനെക്കുറിച്ച് ഓർത്ത് താൻ വേദനിക്കുകയും കണ്ണീർപൊഴിക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ വെളിപ്പെടുത്തി. കുട്ടികൾ പുറത്താക്കപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്യുന്ന ഭയാനകമായ വാർത്തകൾ എത്തിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ചും പാപ്പാ പരാമർശിച്ചു.

നമ്മൾ യഥാർത്ഥത്തിൽ സമാധാനകാംക്ഷികളാണോ?

നാം സത്യത്തിൽ സമാധാനം തേടുന്നുണ്ടോ, തുടർച്ചയായ സൈനികവും വാചികവുമായ ആക്രമണം ഒഴിവാക്കാൻ ഇച്ഛാശക്തിയുണ്ടോ, ആയുധങ്ങൾ നിശബ്ദമാക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടോ എന്ന്, മാനവികതയുടെ ഭയാനകമായ അധഃപതനത്തിന് നമ്മൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുമ്പോൾ, ആശങ്കാകുലരായ നിരവധിപ്പേരോടു ചേർന്ന്, താനും ചോദിച്ചുപോകുന്നുവെന്ന് പാപ്പാ പറഞ്ഞു.  അക്രമത്തിൻറെ യുക്തിക്കും വഴിപിഴച്ച ആയുധച്ചുഴിക്കും കീഴടങ്ങരുതെന്ന് ഓർമ്മിപ്പിച്ച പാപ്പാ സംവാദത്തിൻറെയും സമാധാനത്തിൻറെയും സരണിയിൽ ചരിക്കാനും പ്രാർത്ഥിക്കാനും എല്ലാവരെയും ക്ഷണിച്ചു.

തൊഴിലിടങ്ങളിലെ അപകടമരണങ്ങൾ

മെയ് ഒന്ന് തൊളിലാളി ദിനം ആചരിക്കുന്നതിനെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു.

സർവ്വത്ര എല്ലാവർക്കും മാന്യമായ തൊഴിലുണ്ടായിരിക്കുന്നതിനു വേണ്ടിയുള്ള  പരിശ്രമം നവീകരിക്കാനുള്ള പ്രചോദനമാകട്ടെ ഈ ദിനാചരണമെന്നും സമാധാന പദ്ധതി ഊട്ടിവളർത്താനുള്ള ഇച്ഛാശക്തി തൊഴിൽ ലോകത്തിൽ നിന്നുണ്ടാകട്ടെയെന്നും പാപ്പാ ആശംസിച്ചു. ജോലിക്കിടയിൽ മരണമടഞ്ഞ തൊഴിലാളികളെ അനുസ്മരിച്ച പാപ്പാ ഇത് വളരെ വ്യാപകമായ, ഒരു പക്ഷേ, അത്യധികമായ ഒരു ദുരന്തമാണെന്ന് പറഞ്ഞു.

മാദ്ധ്യമ സ്വാതന്ത്ര്യ ദിനം

മെയ് 3, യുനെസ്കോയുടെ ആഭിമുഖ്യത്തിൽ ലോക മാദ്ധ്യമ സ്വാതന്ത്ര്യ ദിനം ആചരിക്കുന്നതും പാപ്പാ അനുസ്മരിച്ചു. ഈ അവകാശത്തിനായി സ്വജീവൻ വിലയായ് നൽകേണ്ടിവരുന്നവർക്ക് പാപ്പാ ആദരവർപ്പിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ലോകത്താകമാനം 47 മാദ്ധ്യമപ്രവർത്തകൾ കൊല്ലപ്പെടുകയും 350 ലധികം പേർ തടവിലാക്കപ്പെടുകയും ചെയ്തുവെന്നും അനുസ്മരിച്ച പാപ്പാ മനുഷ്യരാശിയുടെ വിപത്തുകളെക്കുറിച്ച് ധീരതയോടെ വിവരങ്ങൾ നല്കുന്നവർക്ക് നന്ദിയർപ്പിക്കുകയും ചെയ്തു.

സമാപനാഭിവാദ്യങ്ങൾ

ഇറ്റലിക്കാരും മറ്റു രാജ്യക്കാരുമായിരുന്ന തീർത്ഥാടകരെ സംബോധന ചെയ്ത പാപ്പാ, ഇളംപ്രായക്കാർക്കെതിരായ പീഢനങ്ങൾക്കും ആക്രമണങ്ങൾക്കുമെതിരെ പോരാടുന്ന “മേത്തെർ” എന്ന പ്രസ്ഥാനത്തിലെ അംഗങ്ങളെ പ്രത്യേകം അഭിവാദ്യം ചെയ്തു. ത്രികാലപ്രാർത്ഥനാനന്തര അഭിവാദ്യങ്ങളുടെ അവസാനം പാപ്പാ എല്ലാവർക്കും നല്ല ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുത് എന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുർന്ന് എല്ലാവർക്കും നല്ലൊരു ഉച്ചവിരുന്നു നേർന്നുകൊണ്ട് പാപ്പാ ജാലകത്തിങ്കൽ നിന്ന് പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 May 2022, 19:30

സ്വര്‍ല്ലോക രാജ്ഞീ! എന്ന ത്രികാലപ്രാര്‍ത്ഥന
 

ദൈവമാതാവിനെക്കുറിച്ചുള്ള 4 പ്രഭണിതങ്ങളില്‍ ഒന്നാണ് സ്വര്‍ല്ലോക രാജ്ഞീ! സ്വസ്തീ രാജ്ഞീ!, സ്വസ്തീ സ്വര്‍ല്ലോക റാണി, സ്വര്‍ല്ലോക രാജ്ഞിയേ, വാഴ്ക!, രക്ഷകന്നമ്മേ വാഴ്ക! എന്നിവയാണ് ലത്തീന്‍ ഭാഷയിലുള്ള വിഖ്യാതമായ 4 പ്രഭണിതങ്ങള്‍ (4 Marian Atiphons :Alma Redemptoris Mater,  l’Ave Regina Coelorum e il Salve Regina).

ത്രികാലപ്രാര്‍ത്ഥ സ്വര്‍ല്ലോക രാജ്ഞിയേ! എന്ന പ്രഭണിതം ഈസ്റ്റര്‍ കാലത്ത് കര്‍ത്താവിന്‍റെ മാലാഖ (Angelus Domini….) എന്ന പ്രാര്‍ത്ഥനയ്ക്ക് പകരമായി ആദ്യം ഉപയോഗിച്ചത് 1742-ല്‍ ബെനഡിക്ട് 14-Ɔമന്‍ പാപ്പായായിരുന്നു. ആ വര്‍ഷത്തെ ഈസ്റ്റര്‍ ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥന മുതല്‍ തുടര്‍ന്നുള്ള പെന്തക്കോസ്താ മഹോത്സവംവരെ സ്വര്‍ല്ലോക രാജ്ഞിയേ.. എന്ന പ്രഭണിതം ഉപയോഗത്തില്‍ കൊണ്ടുവന്നു. മരണത്തിന്മേലുള്ള ക്രിസ്തുവിന്‍റെ ആത്മീയവിജയം പ്രഘോഷിക്കുന്നതായിട്ടാണ് ഈ മാറ്റത്തെ പുണ്യശ്ലോകനായ പാപ്പാ വ്യാഖ്യാനിച്ചത്. പെസഹാക്കാലത്തെ ദിനങ്ങളില്‍ മൂന്നു നേരവും സ്വര്‍ല്ലോക രാജ്ഞിയേ! എന്ന പ്രാര്‍ത്ഥനചൊല്ലുന്ന പതിവിന് അങ്ങനെ തുടക്കമായി. ഇതുവഴി ആ ദിവസം മറിയത്തിലൂടെ ദൈവത്തിനു സമര്‍പ്പിക്കപ്പെടുന്നു.

അതിമനോഹരമായ ഈ ലത്തീന്‍ പ്രഭണിതത്തിന്‍റെ ഉത്ഭവം 6-Ɔο നൂറ്റാണ്ടിലേയ്ക്ക് നീളുന്നതാണെന്നതിന് ചരിത്രരേഖകളുണ്ട്. 13-Ɔο നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍ അത് ഫ്രാന്‍സിസ്ക്കന്‍ യാമപ്രാര്‍ത്ഥനയില്‍ ഇടംകണ്ടു. വിശ്വാസികള്‍ മറിയത്തെ വിളിച്ചപേക്ഷിക്കുന്ന 4 വരികളുള്ള ഈ ഹ്രസ്വപാര്‍ത്ഥനയുടെ ഒരോ വരിയുടെയും അന്ത്യത്തില്‍ “അലേലൂയ” എന്ന് പ്രഘോഷിക്കപ്പെടുന്നു. ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലുള്ള ജയഭേരിയാണ് അല്ലേലൂയ പ്രഘോഷണം.

2015-ലെ ഈസ്റ്റര്‍ ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥന മദ്ധ്യേ സ്വര്‍ല്ലോക രാജ്ഞിയേ! എന്ന മേരിയന്‍ പ്രഭണതം ഉരുവിടുമ്പോള്‍ നമുക്ക് ഉണ്ടാകേണ്ട ആത്മീയഭാവത്തെയു മനസ്സിന്‍റെ തുറവിയെക്കുറിച്ചു പാപ്പാ ഫ്രാന്‍സിസ് വ്യാഖ്യാനിച്ചു.

ലോകത്തിനു മറിയം പ്രദാനംചെയ്ത രക്ഷകനായ ക്രിസ്തു, വാഗ്ദാനംചെയ്തതുപോലെ മരണാന്തരം ഉത്ഥാനംചെയ്തു, അതില്‍ സന്തോഷിക്കാമെന്ന് മറിയത്തെയാണ് പ്രാര്‍ത്ഥന അഭിസംബോധനചെയ്യുന്നത്. ഈ മാദ്ധ്യസ്ഥത്തിലുള്ള പ്രത്യാശ വിശ്വാസികള്‍ അലേലൂയ പ്രഘോഷണത്തിലൂടെ ഏറ്റുപറയുന്നു. അതായത് ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലുള്ള പരിശുദ്ധ കന്യകാനാഥയുടെ ആനന്ദത്തില്‍ വിശ്വാസികള്‍ ഈ പ്രാര്‍ത്ഥനയിലൂടെ പങ്കുചേരുകയാണ്. ഇത് അമ്മയുടെ സന്തോഷത്തില്‍ മക്കള്‍ പങ്കുചേരുന്ന അനുഭവമാണെന്നാണ് പാപ്പാ ഫ്രാന്‍സിസ് വ്യാഖ്യാനിച്ചത്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >