തിരയുക

പാപ്പാ: പ്രക്ഷുബ്ധാവസ്ഥയിലും പ്രഫുല്ലമായ യേശുവിൻറെ പ്രശാന്തതയും വാത്സല്യവും!

ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം: "ഞാൻ നിങ്ങൾക്ക് സമാധാനം തന്നിട്ടു പോകുന്നു. എൻറെ സമാധാനം ഞാൻ നിങ്ങൾക്ക് നൽകുന്നു"

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മെയ് 22-ന് (22/05/22),  ഞായറാഴ്‌ച, മദ്ധ്യാഹ്നത്തിൽ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ ഞായാറാഴ്ചകളിൽ പതിവുള്ള പൊതുവായ മദ്ധ്യാഹ്ന പ്രാർത്ഥന നയിച്ചു. ഇതിൽ പങ്കുകൊള്ളുന്നതിന് വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിനകത്തും പുറത്തുമായി ഇറ്റലിക്കാരും മറ്റു രാജ്യക്കാരുമായിരുന്ന ആയിരക്കണക്കിന് വിശ്വാസികൾ സന്നിഹിതരായിരുന്നു. ഉയിർപ്പു ഞായർ മുതൽ പെന്തക്കോസ്താ തിരുന്നാൾ വരെ  “കർത്താവിൻറെ മാലാഖ”  എന്ന പ്രാർത്ഥനയുടെ സ്ഥാനത്ത് ചൊല്ലുന്ന “സ്വർല്ലോക രാജ്ഞീ ആനന്ദിച്ചാലും” എന്ന പ്രാർത്ഥന നയിക്കുന്നതിനായി പാപ്പാ, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചകഴിഞ്ഞ് 3.30-ന്,  ബസിലിക്കാങ്കണത്തിന് അഭിമുഖമായുള്ള അരമനയുടെ ജാലകത്തിങ്കൽ, പ്രത്യക്ഷനായപ്പോൾ ജനസഞ്ചയത്തിൻറെ ആനന്ദാരവങ്ങൾ ഉയർന്നു. ലത്തീൻ റീത്തിൻറെ ആരാധനക്രമമനുസരിച്ച് ദിവ്യബലി മദ്ധ്യേ വയിക്കപ്പെട്ട വിശുദ്ധഗ്രന്ഥ ഭാഗങ്ങളിൽ യോഹന്നാൻറെ സുവിശേഷം പതിനാലാം അദ്ധ്യായം, 23-29 വരെയുള്ള വാക്യങ്ങൾ, അതായത്, യേശു അന്ത്യ അത്താഴ വേളയിൽ തൻറെ ശിഷ്യന്മാരോട്, ദൈവപിതാവ് അയയ്ക്കുന്ന പരിശുദ്ധാത്മാവ് അവരെ ഏല്ലാം പഠിപ്പിക്കും എന്ന ഉറപ്പ് നല്കുന്നതും സമാധാനമേകുന്നതുമായ ഭാഗം ആയിരുന്നു പാപ്പായുടെ ത്രികാലപ്രാർത്ഥനാ വിചിന്തനത്തിന് അവലംബം. പാപ്പാ ഇപ്രകാരം പറഞ്ഞു:

എൻറെ സമാധാനം ഞാൻ നിങ്ങൾക്കേകുന്നു

പ്രിയ സഹോദരീ സഹോദരന്മാരേ നല്ലൊരു ഞായർ ആശംസിക്കുന്നു!

ഇന്നത്തെ ആരാധനാക്രമത്തിലെ സുവിശേഷത്തിൽ, യേശു, അന്ത്യ അത്താഴ വേളയിൽ സ്വശിഷ്യരോടു വിടചൊല്ലവെ, ഏതാണ്ട് ഒരുതരം ഒസ്യത്ത് എന്ന പോലെ പറയുന്നു: "ഞാൻ നിങ്ങൾക്ക് സമാധാനം തന്നിട്ടു പോകുന്നു". എന്നിട്ട് ഉടനെ അവിടന്ന് കൂട്ടിച്ചേർക്കുന്നു: "എൻറെ സമാധാനം ഞാൻ നിങ്ങൾക്ക് നൽകുന്നു" (യോഹന്നാൻ 14:27). ഈ ചെറു വാക്യങ്ങളെക്കുറിച്ച് നമുക്ക് ചിന്തിക്കാം.

അശാന്തതയുടെ വേളയിൽ യേശുവിൻറെ ശാന്തത

ഒന്നാമതായി, “ഞാൻ നിങ്ങൾക്ക് സമാധാനം തന്നിട്ടു പോകുന്നു” എന്ന വാക്യം. വാത്സല്യവും ശാന്തതയും പ്രകടിപ്പിക്കുന്ന വാക്കുകളോടെയാണ് യേശു വിടപറയുന്നത്, എന്നാൽ അശാന്തമായ ഒരു നിമിഷത്തിലാണ് അവിടന്ന് അത് ചെയ്യുന്നത്. യൂദാസ് അവനെ ഒറ്റിക്കൊടുക്കാൻ പുറപ്പെട്ടുകഴിഞ്ഞു, പത്രോസ് അവനെ നിഷേധിക്കാൻ പോകുന്നു, മിക്കവാറും എല്ലാവരുംതന്നെ അവനെ തള്ളിപ്പറയാൻ പോകുന്നു: കർത്താവിന് ഇത് അറിയാം, എന്നിട്ടും അവൻ കുറ്റപ്പെടുത്തുന്നില്ല, കടുത്ത വാക്കുകൾ പ്രയോഗിക്കുന്നില്ല, കഠിനമായ പ്രസംഗങ്ങൾ നടത്തുന്നില്ല. അസ്വസ്ഥത പ്രകടിപ്പിക്കുന്നതിനു പകരം അവസാനം വരെ സൗമ്യനായി തുടരുന്നു. ഒരു പഴഞ്ചൊല്ലു പറയുന്നത് ഇങ്ങനെയാണ്: നമ്മൾ എങ്ങനെയാണോ ജീവിച്ചത് അങ്ങനെ മരിക്കും. യേശുവിൻറെ അവസാന മണിക്കൂറുകൾ യഥാർത്ഥത്തിൽ അവൻറെ ജീവിതം മുഴുവൻറെയും സാരാംശമാണ്. അവൻ ഭയവും വേദനയും അനുഭവിക്കുന്നു, പക്ഷേ അമർഷത്തിനും പ്രതിഷേധത്തിനും ഇടം നൽകുന്നില്ല. തിക്തതയിൽ നിപതിക്കാൻ അവൻ സ്വയം അനുവദിക്കുന്നില്ല, അവൻ അലമുറയിടുന്നില്ല, അവൻ അക്ഷമനല്ല. അവൻ ശാന്തിയിലാണ്, വിശ്വാസം കുടികൊള്ളുന്നതും സൗമ്യസാന്ദ്രവുമായ ഹൃദയത്തിൽ നിന്ന് നിർഗ്ഗമിക്കുന്നതാണ് ഈ സമാധാനം. യേശു നമുക്കു തന്നിട്ടു പോകുന്ന സമാധാനം ഇവിടെ നിന്ന് പ്രവഹിക്കുന്നു. കാരണം ഒരുവൻറെ ഉള്ളിൽ സമാധാനം ഇല്ലെങ്കിൽ അവന് മറ്റുള്ളവർക്ക് സമാധാനം നൽകാനാവില്ല. ഒരുവൻ സമാധാനത്തിലല്ലെങ്കിൽ സമാധാനം നൽകാൻ അവന് കഴിയില്ല.

പ്രയാസത്തിൻറെ അവസരത്തിലും സൗമ്യത സാദ്ധ്യമാണ്

ഞാൻ നിങ്ങൾക്ക് സമാധാനം തന്നിട്ടു പോകുന്നു: സൗമ്യത സാദ്ധ്യമാണെന്ന് യേശു തെളിയിക്കുന്നു. ഏറ്റവും പ്രയാസകരമായ നിമിഷത്തിൽ അവിടന്ന് അത് മൂർത്തമാക്കി; അവിടത്തെ സമാധാനത്തിൻറെ അവകാശികളായ നമ്മളും ഇപ്രകാരം വർത്തിക്കണമെന്ന് അവിടന്ന് ആഗ്രഹിക്കുന്നു. ഇതിന് സൗമ്യതയും തുറവും ശ്രവണ സന്നദ്ധതയും തർക്കങ്ങൾ ശമിപ്പിക്കാനും ഐക്യം സംജാതമാക്കാനും കഴിവും ഉള്ളവരായിരിക്കണം നാമെന്ന് അവിടന്ന് അഭിലഷിക്കുന്നു. ഇതാണ് യേശുവിന് സാക്ഷ്യമേകൽ, ഇത് ആയിരം വാക്കുകളെയും നിരവധി പ്രഭാഷണങ്ങളെയുംക്കാൾ വിലയേറിയതാണ്. സമാധാന സാക്ഷ്യം. യേശുവിൻറെ ശിഷ്യൻമാരായ നാം, നാം ജീവിക്കുന്ന ഇടങ്ങളിൽ,  ഇങ്ങനെയാണോ പെരുമാറുന്നതെന്ന് നമുക്ക് സ്വയം ചോദിക്കാം: നാം പിരിമുറുക്കങ്ങൾക്ക് അയവുവരുത്തുന്നുണ്ടോ?, സംഘർഷങ്ങൾ ഇല്ലാതാക്കുന്നുണ്ടോ? നമ്മളും ആരെങ്കിലുമായി വാക്കേറ്റത്തിലാണോ?, എപ്പോഴും പ്രതികരിക്കാനും പൊട്ടിത്തെറിക്കാനും തയ്യാറായി നില്ക്കുകയാണോ?, അതോ അഹിംസയിലൂടെ എങ്ങനെ പ്രതികരിക്കണമെന്ന് നമുക്കറിയാമോ?, സമാധാനത്തിൻറെതായ വചനപ്രവർത്തികളിലൂടെ പ്രതികരിക്കാൻ  നമുക്കറിയാമോ? ഞാൻ എങ്ങനെയാണ് പ്രതികരിക്കുക? എല്ലാവരും സ്വയം ചോദിക്കുക.

യേശുവേകുന്ന സമാധാനം പരിശുദ്ധാരൂപിയാണ് 

തീർച്ചയായും, ഈ സൗമ്യത എളുപ്പമല്ല: വൈരുദ്ധ്യങ്ങൾ ശമിപ്പിക്കാൻ എല്ലാ തലത്തിലും എത്ര ആയാസകരമാണ്! ഇവിടെ യേശുവിൻറെ രണ്ടാമത്തെ വാചകം നമ്മുടെ സഹായത്തിനെത്തുന്നു: ഞാൻ നിങ്ങൾക്ക് എൻറെ സമാധാനം നൽകുന്നു. നമുക്ക് തനിച്ച് സമാധാനം നിലനിർത്താൻ കഴിയില്ലെന്നും നമുക്ക് സഹായം, ഒരു ദാനം, ആവശ്യമാണെന്നും യേശുവിന് അറിയാം. നമ്മുടെ കടമയായ സമാധാനം സർവ്വോപരി, ദൈവത്തിൽ നിന്നുള്ള ഒരു ദാനമാണ്, വാസ്തവത്തിൽ യേശു പറയുന്നു: "ഞാൻ നിങ്ങൾക്ക് എൻറെ സമാധാനം നൽകുന്നു. ലോകം നൽകുന്നതുപോലെയല്ല, ഞാൻ അത് നിങ്ങൾക്കു തരുന്നത് "(യോഹന്നാൻ 14,27). ഈ ലോകത്തിന് പരിചിതമല്ലാത്തതും, കർത്താവ് നമുക്ക് നൽകുന്നതുമായ സമാധാനം, ഈ സമാധാനം എന്താണ്? ഈ സമാധാനം പരിശുദ്ധാത്മാവാണ്, യേശുവിൻറെ അതേ ആത്മാവാണ്. അത് നമ്മിൽ ദൈവത്തിൻറെ സാന്നിദ്ധ്യമാണ്, അത് ദൈവത്തിൻറെ "സമാധാനത്തിൻറെ ശക്തി"യാണ്. അത് അവനാണ്, ഹൃദയത്തെ നിരായുധമാക്കുകയും അതിൽ ശാന്തത നിറയ്ക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവാണ്. അവനാണ്, പരിശുദ്ധാത്മാവാണ്, കാഠിന്യത്തെ ഉരുക്കുകയും മറ്റുള്ളവരെ ആക്രമിക്കാനുള്ള പ്രലോഭനങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നത്. അവനാണ്, പരിശുദ്ധാത്മാവാണ്, നമ്മുടെ അടുത്ത് സഹോദരന്മാരും സഹോദരിമാരുമാണ്, തടസ്സങ്ങളും ഏതിരാളികളുമല്ല എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നത്. അവനാണ്, പരിശുദ്ധാത്മാവാണ് ക്ഷമിക്കാനും, പുനരാരംഭിക്കാനും, വീണ്ടും പുറപ്പെടാനും നമുക്ക് ശക്തി നൽകുന്നത്, കാരണം നമ്മുടെ മാത്രം ശക്തിയാൽ നമുക്ക് അതിനു കഴിയില്ല. അവനോടൊപ്പമാണ്, പരിശുദ്ധാത്മാവിനാലാണ്, നാം സമാധാനത്തിൻറെ സ്ത്രീ പുരുഷന്മാരായിത്തീരുന്നത്.

സമാധാനത്തിൻറെ ആത്മാവിനായി പ്രാർത്ഥിക്കുക

പ്രിയ സഹോദരീസഹോദരന്മാരേ, നമുക്ക് സമാധാനം പ്രദാനം ചെയ്യുന്ന പരിശുദ്ധാത്മവിൻറെ ദാനത്തിനായി നിർബന്ധപൂർവ്വം ആവശ്യപ്പെടുന്നതിൽ നിന്ന് പാപമോ പരാജയമോ പകയോ ഒന്നും നമ്മെ നിരുത്സാഹപ്പെടുത്തരുത്. ഹൃദയം പ്രക്ഷുബ്ധമാണെന്ന് നമുക്കു കൂടുതൽ അനുഭവപ്പെടുമ്പോൾ, നമ്മുടെ ഉള്ളിൽ അസ്വസ്ഥത, അസഹിഷ്ണുത, കോപം എന്നിവ കൂടുതലുണ്ടാകുമ്പോൾ, സമാധാനത്തിൻറെ ആത്മാവിനായി നാം കർത്താവിനോട് കൂടുതൽ അപേക്ഷിക്കണം. എല്ലാ ദിവസവും ഇങ്ങനെ പറയാൻ നമ്മൾ പഠിക്കണം: "കർത്താവേ, എനിക്ക് നിൻറെ സമാധാനം തരൂ, എനിക്ക് പരിശുദ്ധാത്മാവിനെ നല്കൂ". ഇത് മനോഹരമായൊരു പ്രാർത്ഥനയാണ്. നമുക്ക് ഒരുമിച്ച് പറയാമല്ലേ? "കർത്താവേ, നിൻറെ സമാധാനം എനിക്കു തരേണമേ, പരിശുദ്ധാത്മാവിനെ എനിക്കു നല്കേണമേ". ഞാൻ ശരിക്ക് കേട്ടില്ല, ഒരിക്കൽ കൂടി പറയൂ: "കർത്താവേ, എനിക്ക് നിൻറെ സമാധാനം തരൂ, എനിക്ക് പരിശുദ്ധാത്മാവിനെ നല്കൂ". നമ്മുടെ ചാരത്തുള്ളവർക്കും അനുദിനം നാം കണ്ടുമുട്ടുന്നവർക്കും രാഷ്ട്രങ്ങളുടെ ഉത്തരവാദിത്വം പേറുന്നവർക്കും വേണ്ടിയും നമുക്ക് അത് യാചിക്കാം.

പരിശുദ്ധ കന്യകാ നാഥയുടെ മാദ്ധ്യസ്ഥ്യം തേടുക

സമാധാനപ്രവർത്തകരായിത്തീരുന്നതിനായി പരിശുദ്ധാത്മാവിനെ സ്വീകരിക്കാൻ പരിശുദ്ധ മാതാവ് നമ്മെ സഹായിക്കട്ടെ.                   

ഈ വാക്കുകളെ തുടർന്ന് മാർപ്പാപ്പാ സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും എന്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

നവ വാഴ്ത്തപ്പെട്ട പോളിൻ മരീ ജറീക്കൊ

ആശീർവ്വാദാനനന്തരം പാപ്പാ, ഫ്രാൻസിലെ ലിയോണിൽ ഈ ഞായറാഴ്ച (22/05/22) ഉച്ചതിരിഞ്ഞ് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ട അല്മായയായ പോളിൻ മരീ ജറിക്കോയെ (Pauline Marie Jaricot) അനുസ്മരിച്ചു.

പ്രേഷിത പ്രവർത്തനത്തിനു സഹായമേകുകയെന്ന ലക്ഷ്യത്തോടെ വിശ്വാസപ്രചാരക പ്രവർത്തന സംഘം സ്ഥാപിച്ച നവവാഴ്ത്തപ്പെട്ട പോളിൻ മരീ ജറീക്കൊ എണ്ണൂറുകളുടെ (പത്തൊമ്പതാം നൂറ്റാണ്ടിൻറെ) പൂർവ്വാർദ്ധത്തിലാണ് ജീവിച്ചിരുന്നതെന്നും ധീരവനിതയായിരുന്ന അവൾ സഭയുടെ ദൗത്യത്തെക്കുറിച്ചുള്ള സാർവ്വത്രിക ദർശനത്തോടുകൂടി, കാലത്തിൻറെ മാറ്റങ്ങളിൽ ശ്രദ്ധാലുവായിരുന്നുവെന്നും പാപ്പാ പറഞ്ഞു.

സുവിശേഷം ലോകമെങ്ങും പ്രസരിപ്പിക്കുന്നതിൽ പ്രാർത്ഥനയോടും ദാനധർമ്മങ്ങളോടും കൂടി പങ്കുചേരാനുള്ള അഭിലാഷം അവളുടെ മാതൃക എല്ലാവരിലും ഉളവാക്കട്ടെയെന്ന്  പാപ്പാ ആശംസിക്കുകയും ചെയ്തു.

 “ലൗദാത്തോ സീ” വാരം

ഭൂമിയടെ രോദനം സശ്രദ്ധം കേൾക്കുന്നതിനും അങ്ങനെ, പൊതുഭവനത്തിൻറെ പരിപാലനത്തിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ അത് നമുക്കു പ്രചോദനം പകരുന്നതിനും വേണ്ടി,  “ലൗദാത്തോ സീ” (Laudato si’)   വാരം ഈ ഞായറാഴ്‌ച (22/05/22) ആരംഭിക്കുന്നത് പാപ്പാ തുടർന്ന് അനുസ്മരിച്ചു.

ഈ ആചരണത്തിന് നേതൃത്വം നല്കുന്ന സമഗ്രമാനവ വികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിനും അതിൽ സഹകരിക്കുന്ന നിരവധി സംഘടനകൾക്കും പാപ്പാ നന്ദി പ്രകാശിപ്പിക്കുകയും ഈ വാരാചരണത്തിൽ പങ്കുചേരാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

ചൈനയിലെ കത്തോലിക്കാർക്കായി പാപ്പായുടെ പ്രാർത്ഥന

 

ക്രൈസ്തവരുടെ സഹായമായ നാഥയുടെ തിരുന്നാൾ അടുത്ത ചൊവ്വാഴ്ച (24/05/22) ആചരിക്കപ്പെടുന്നത് പാപ്പാ അനുസ്മരിച്ചു.

ചൈനയിലെ കത്തോലിക്കർക്ക് ഈ നാഥയോടുള്ള സവിശേഷ ഭക്തിയെക്കുറിച്ചു പരാമർശിച്ച പാപ്പാ അന്നാട്ടിൽ, ഷാംഗാഹായിലുള്ള സേഷാൻ (Sheshan) മരിയൻ ദേവാലയത്തിലും മറ്റു നിരവധി ദേവാലയങ്ങളിലും വീടുകളിലും  ചൈനയുടെ സ്വർഗ്ഗീയ സംരക്ഷകയായി ക്രൈസ്തവരുടെ സഹായമായ നാഥ വണങ്ങപ്പെടുന്നുണ്ടെന്ന് അനുസ്മരിച്ചു.

സന്തോഷകരമായ ഈ സന്ദർഭം അവരോടുള്ള തൻറെ ആത്മീയ സാമീപ്യം വീണ്ടും ഉറപ്പുനല്കാനുള്ള അവസരം തനിക്കേകുന്നുവെന്നും അന്നാട്ടിലെ വിശ്വാസികളുടെയും ഇടയന്മാരുടെയും, പലപ്പോഴും സങ്കീർണ്ണമായ ജീവിതവും സംഭവങ്ങളും താൻ ശ്രദ്ധയോടെ നിരീക്ഷിക്കുകയും അവയിൽ പങ്കുചേരുകയും  അവർക്കായി എല്ലാ ദിവസവും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ടന്നും പാപ്പാ വെളിപ്പെടുത്തി.

ചൈനയിലെ സഭയ്ക്ക്, സ്വാതന്ത്ര്യത്തിലും സമാധാനത്തിലും, സാർവ്വത്രിക സഭയുമായി ഫലപ്രദമായ കൂട്ടായ്മയിൽ ജീവിക്കാനും, എല്ലാവരോടും സുവിശേഷം പ്രഘോഷിക്കുക എന്ന അവളുടെ ദൗത്യം നിർവ്വഹിക്കാനും, അങ്ങനെ സമൂഹത്തിൻറെ ആത്മീയവും ഭൗതികവുമായ പുരോഗതിക്ക് രചനാത്മക സംഭാവന നൽകാനും കഴിയുന്നതിന് ഈ പ്രാർത്ഥനയിൽ തന്നോടൊന്നു ചേരാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

ഇറ്റലിയിൽ നിന്നുള്ളവർക്കു പുറമെ മറ്റു പല രാജ്യക്കാരുമായ തീർത്ഥാടകരെയും, പ്രത്യേകിച്ച്, സ്പെയിൻ, പോർച്ചുഗൽ, ഫ്രാൻസ്, ബെൽജിയം, പോളണ്ട്, പുവെർത്തൊ റിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള വിശ്വാസികളെ പാപ്പാ അഭിവാദ്യം ചെയ്തു.

"ഞങ്ങൾ ജീവിതം തിരഞ്ഞെടുക്കുന്നു"

 

"ഞങ്ങൾ ജീവിതം തിരഞ്ഞെടുക്കുന്നു" എന്ന ശീർഷകത്തിൽ റോമിൽ സംഘടിപ്പിക്കപ്പെട്ട ദേശീയ പ്രകടനത്തിൽ പങ്കെടുത്ത എല്ലാവരെയും അഭിവാദ്യം ചെയ്ത പാപ്പാ, ജീവനെ അനുകൂലിക്കുന്നതിനും പലപ്പോഴും കടിഞ്ഞാണിടപ്പെടുന്ന മനസ്സാക്ഷിപരമായ എതിർപ്പിനെ പിന്തുണയ്ക്കുന്നതിനും വേണ്ടിയുള്ള പ്രതിബദ്ധതയ്ക്ക്  നന്ദിപറഞ്ഞു.

ഇന്നിൻറെ പ്രമാദ ചിന്തകൾ

 

ദൗർഭാഗ്യവശാൽ, സമീപ വർഷങ്ങളിൽ പൊതുവായ മാനസികാവസ്ഥയിൽ ഒരു മാറ്റം വന്നിട്ടുള്ളതിനെക്കുറിച്ച് സൂചിപ്പിച്ച പാപ്പാ, ജീവൻ നമ്മുടെ പൂർണ്ണ അധീനതയിലുള്ളതും വ്യക്തിപരമായ തീരഞ്ഞെടുപ്പിൻറെ മാത്രം അനന്തരഫലമെന്നോണം, യഥേഷ്ടം കൈകാര്യം ചെയ്യാവുന്നതും ജനിപ്പിക്കാനും ഇല്ലാതാക്കാനും കഴിയുന്നതുമായ ഒരു വസ്തുവാണെന്ന് ചിന്തിക്കാനുള്ള പ്രവണത കൂടുതലാണെന്ന വസ്തുത എടുത്തുകാട്ടി.

ജീവിതം ദൈവത്തിൻറെ ദാനമാണെന്ന് നാം ഓർക്കണമെന്നു പറഞ്ഞ പാപ്പാ അത് എല്ലായ്പ്പോഴും പവിത്രവും അലംഘനീയവുമാണെന്നും മനസ്സാക്ഷിയുടെ സ്വരത്തെ നിശബ്ദമാക്കാൻ നമുക്കാകില്ലെന്നും പ്രസ്താവിച്ചു.

സമാപനാഭിവാദ്യം

 

ത്രികാലപ്രാർത്ഥനാനന്തര അഭിവാദ്യങ്ങളുടെ അവസാനം പാപ്പാ എല്ലാവർക്കും നല്ല ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുത് എന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുർന്ന് എല്ലാവർക്കും നല്ലൊരു ഉച്ചവിരുന്നു നേർന്നുകൊണ്ട് പാപ്പാ ജാലകത്തിങ്കൽ നിന്ന് പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 May 2022, 12:50

സ്വര്‍ല്ലോക രാജ്ഞീ! എന്ന ത്രികാലപ്രാര്‍ത്ഥന
 

ദൈവമാതാവിനെക്കുറിച്ചുള്ള 4 പ്രഭണിതങ്ങളില്‍ ഒന്നാണ് സ്വര്‍ല്ലോക രാജ്ഞീ! സ്വസ്തീ രാജ്ഞീ!, സ്വസ്തീ സ്വര്‍ല്ലോക റാണി, സ്വര്‍ല്ലോക രാജ്ഞിയേ, വാഴ്ക!, രക്ഷകന്നമ്മേ വാഴ്ക! എന്നിവയാണ് ലത്തീന്‍ ഭാഷയിലുള്ള വിഖ്യാതമായ 4 പ്രഭണിതങ്ങള്‍ (4 Marian Atiphons :Alma Redemptoris Mater,  l’Ave Regina Coelorum e il Salve Regina).

ത്രികാലപ്രാര്‍ത്ഥ സ്വര്‍ല്ലോക രാജ്ഞിയേ! എന്ന പ്രഭണിതം ഈസ്റ്റര്‍ കാലത്ത് കര്‍ത്താവിന്‍റെ മാലാഖ (Angelus Domini….) എന്ന പ്രാര്‍ത്ഥനയ്ക്ക് പകരമായി ആദ്യം ഉപയോഗിച്ചത് 1742-ല്‍ ബെനഡിക്ട് 14-Ɔമന്‍ പാപ്പായായിരുന്നു. ആ വര്‍ഷത്തെ ഈസ്റ്റര്‍ ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥന മുതല്‍ തുടര്‍ന്നുള്ള പെന്തക്കോസ്താ മഹോത്സവംവരെ സ്വര്‍ല്ലോക രാജ്ഞിയേ.. എന്ന പ്രഭണിതം ഉപയോഗത്തില്‍ കൊണ്ടുവന്നു. മരണത്തിന്മേലുള്ള ക്രിസ്തുവിന്‍റെ ആത്മീയവിജയം പ്രഘോഷിക്കുന്നതായിട്ടാണ് ഈ മാറ്റത്തെ പുണ്യശ്ലോകനായ പാപ്പാ വ്യാഖ്യാനിച്ചത്. പെസഹാക്കാലത്തെ ദിനങ്ങളില്‍ മൂന്നു നേരവും സ്വര്‍ല്ലോക രാജ്ഞിയേ! എന്ന പ്രാര്‍ത്ഥനചൊല്ലുന്ന പതിവിന് അങ്ങനെ തുടക്കമായി. ഇതുവഴി ആ ദിവസം മറിയത്തിലൂടെ ദൈവത്തിനു സമര്‍പ്പിക്കപ്പെടുന്നു.

അതിമനോഹരമായ ഈ ലത്തീന്‍ പ്രഭണിതത്തിന്‍റെ ഉത്ഭവം 6-Ɔο നൂറ്റാണ്ടിലേയ്ക്ക് നീളുന്നതാണെന്നതിന് ചരിത്രരേഖകളുണ്ട്. 13-Ɔο നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍ അത് ഫ്രാന്‍സിസ്ക്കന്‍ യാമപ്രാര്‍ത്ഥനയില്‍ ഇടംകണ്ടു. വിശ്വാസികള്‍ മറിയത്തെ വിളിച്ചപേക്ഷിക്കുന്ന 4 വരികളുള്ള ഈ ഹ്രസ്വപാര്‍ത്ഥനയുടെ ഒരോ വരിയുടെയും അന്ത്യത്തില്‍ “അലേലൂയ” എന്ന് പ്രഘോഷിക്കപ്പെടുന്നു. ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലുള്ള ജയഭേരിയാണ് അല്ലേലൂയ പ്രഘോഷണം.

2015-ലെ ഈസ്റ്റര്‍ ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥന മദ്ധ്യേ സ്വര്‍ല്ലോക രാജ്ഞിയേ! എന്ന മേരിയന്‍ പ്രഭണതം ഉരുവിടുമ്പോള്‍ നമുക്ക് ഉണ്ടാകേണ്ട ആത്മീയഭാവത്തെയു മനസ്സിന്‍റെ തുറവിയെക്കുറിച്ചു പാപ്പാ ഫ്രാന്‍സിസ് വ്യാഖ്യാനിച്ചു.

ലോകത്തിനു മറിയം പ്രദാനംചെയ്ത രക്ഷകനായ ക്രിസ്തു, വാഗ്ദാനംചെയ്തതുപോലെ മരണാന്തരം ഉത്ഥാനംചെയ്തു, അതില്‍ സന്തോഷിക്കാമെന്ന് മറിയത്തെയാണ് പ്രാര്‍ത്ഥന അഭിസംബോധനചെയ്യുന്നത്. ഈ മാദ്ധ്യസ്ഥത്തിലുള്ള പ്രത്യാശ വിശ്വാസികള്‍ അലേലൂയ പ്രഘോഷണത്തിലൂടെ ഏറ്റുപറയുന്നു. അതായത് ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലുള്ള പരിശുദ്ധ കന്യകാനാഥയുടെ ആനന്ദത്തില്‍ വിശ്വാസികള്‍ ഈ പ്രാര്‍ത്ഥനയിലൂടെ പങ്കുചേരുകയാണ്. ഇത് അമ്മയുടെ സന്തോഷത്തില്‍ മക്കള്‍ പങ്കുചേരുന്ന അനുഭവമാണെന്നാണ് പാപ്പാ ഫ്രാന്‍സിസ് വ്യാഖ്യാനിച്ചത്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >