തിരയുക

നാം സുവിശേഷത്തിൻറെ യഥാർത്ഥ സാക്ഷികളാണോ, അപരനെ സ്നേഹിക്കാൻ കഴിവുള്ളവരാണോ നമ്മൾ?

ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം- ഭാരതസഭയ്ക്ക് രണ്ടു കർദ്ദിനാളന്മാരുൾപ്പടെ സാർവ്വത്രികസഭയ്ക്ക് 21 പുതിയ കർദ്ദിനാളന്മാർ. ആഗസ്റ്റ് 27-നായിരിക്കും കൺസിസ്റ്ററി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കർത്താവിൻറെ സ്വർഗ്ഗരോഹണത്തിരുന്നാൾ ആയിരുന്ന ഈ ഞായറാഴ്‌ച (29/05/22) മദ്ധ്യാഹ്നത്തിൽ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ ഞായാറാഴ്ചകളിൽ പതിവുള്ള പൊതുവായ പ്രാർത്ഥന നയിച്ചു. ഇതിൽ പങ്കുകൊള്ളുന്നതിന് വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിനകത്തും പുറത്തുമായി ഇറ്റലിക്കാരും മറ്റു രാജ്യക്കാരുമായിരുന്ന ആയിരക്കണക്കിന് വിശ്വാസികൾ സന്നിഹിതരായിരുന്നു. ഉയിർപ്പു ഞായർ മുതൽ പെന്തക്കോസ്താ തിരുന്നാൾ വരെ  “കർത്താവിൻറെ മാലാഖ”  എന്ന പ്രാർത്ഥനയുടെ സ്ഥാനത്ത് ചൊല്ലുന്ന “സ്വർല്ലോക രാജ്ഞീ ആനന്ദിച്ചാലും” എന്ന മരിയൻപ്രാർത്ഥന നയിക്കുന്നതിനായി പാപ്പാ, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചകഴിഞ്ഞ് 3.30-ന്,  ബസിലിക്കാങ്കണത്തിന് അഭിമുഖമായുള്ള അരമനയുടെ ജാലകത്തിങ്കൽ, പ്രത്യക്ഷനായപ്പോൾ ജനസഞ്ചയത്തിൻറെ ആനന്ദാരവങ്ങൾ ഉയർന്നു. ലത്തീൻ റീത്തിൻറെ ആരാധനക്രമമനുസരിച്ച് ദിവ്യബലി മദ്ധ്യേ വയിക്കപ്പെട്ട വിശുദ്ധഗ്രന്ഥ ഭാഗങ്ങളിൽ ലൂക്കായുടെ സുവിശേഷം ഇരുപത്തിനാലാം അദ്ധ്യായം, 46-53 വരെയുള്ള വാക്യങ്ങൾ, അതായത്, യേശുവിൻറെ സ്വർഗ്ഗരോഹണ സംഭവം അവതരിപ്പിക്കുന്ന ഭാഗം ആയിരുന്നു പാപ്പായുടെ ത്രികാലപ്രാർത്ഥനാ വിചിന്തനത്തിന് അവലംബം. പാപ്പാ ഇപ്രകാരം പറഞ്ഞു:

ഉത്ഥിതൻ പിതാവിൻറെ പക്കലേക്ക്

പ്രിയ സഹോദരീ സഹോദരന്മാരേ ശുഭദിനം!

ഇന്ന് ഇറ്റലിയിലും മറ്റനേകം രാജ്യങ്ങളിലും കർത്താവിൻറെ സ്വർഗ്ഗാരോഹണം, അതായത് പിതാവിൻറെ പക്കലേക്കുള്ള അവിടത്തെ തിരിച്ചുപോക്ക്, ആഘോഷിക്കുന്നു. ഉത്ഥിതൻ ശിഷ്യന്മാർക്ക് അവസാനമായി പ്രത്യക്ഷപ്പെടുന്ന സംഭവം ആരാധനക്രമത്തിൽ, ലൂക്കായുടെ, സുവിശേഷം വിവരിക്കുന്നു (ലൂക്കാ 24:46-53). യേശുവിൻറെ ഭൗമികജീവിതം അവസാനിക്കുന്നത് സ്വർഗ്ഗാരോഹണത്തോടെയാണ്. അത് നാം വിശ്വാസപ്രമാണത്തിലും ഏറ്റുപറയുന്നു: "അവൻ സ്വർഗ്ഗത്തിലേക്ക് കരേറി, പിതാവിൻറെ വലതുഭാഗത്ത് ഇരിക്കുന്നു". ഈ സംഭവത്തിൻറെ വിവക്ഷ എന്താണ്? നമ്മൾ അത് എങ്ങനെ മനസ്സിലാക്കണം? ഈ ചോദ്യത്തിന് ഉത്തരം നൽകണമെങ്കിൽ, നമ്മൾ യേശു സ്വർഗ്ഗാരോഹണത്തിന് മുമ്പ് ചെയ്യുന്ന രണ്ട് പ്രവർത്തികളെക്കുറിച്ച് ചിന്തിക്കണം: അവിടന്ന് ആദ്യം പരിശുദ്ധാത്മദാനം പ്രഖ്യാപിക്കുന്നു, തുടർന്ന് ശിഷ്യന്മാരെ അനുഗ്രഹിക്കുകയും ചെയ്യുന്നു. ആത്മാവിനെ പ്രദാനം ചെയ്യുമെന്നു അവിടന്ന് അറിയിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു.

ആശ്വാസകനെ അയക്കുന്നു, യേശു സകലർക്കും സമീപസ്ഥനാകുന്നു

പ്രഥമതഃ യേശു അവിടത്തെ സ്നേഹിതരോട് പറയുന്നു: "ഇതാ എൻറെ പിതാവിൻറെ വാഗ്ദാനം ഞാൻ നിങ്ങളുടെമേൽ അയയ്ക്കുന്നു" (ലൂക്കാ 24,49). അവൻ പരിശുദ്ധാത്മാവിനെക്കുറിച്ച്, ആശ്വാസകനെക്കുറിച്ച്, അവർക്ക് തുണയായവനെക്കുറിച്ച്,  അവരെ നയിക്കുന്നവനെക്കുറിച്ച്, അവരുടെ ദൗത്യത്തിൽ അവർക്ക് താങ്ങാകുന്നവനെക്കുറിച്ച്, ആത്മീയ പോരാട്ടങ്ങളിൽ അവരെ സംരക്ഷിക്കുന്നവനെക്കുറിച്ച് ആണ് സംസാരിക്കുന്നത്. അപ്പോൾ നമ്മൾ ഒരു പ്രധാന കാര്യം മനസ്സിലാക്കുന്നു: അതായത്, യേശു തൻറെ ശിഷ്യന്മാരെ ഉപേക്ഷിക്കുകയല്ല. അവിടന്ന് സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്യുന്നു, എന്നാൽ  നമ്മെ തനിച്ചാക്കുന്നില്ല. മറിച്ച്, പിതാവിൻറെ അടുത്തേക്ക് കയറുന്ന അവിടന്ന് പരിശുദ്ധാത്മാവിൻറെ, അവിടത്തെ അരൂപിയുടെ വർഷണം, ഉറപ്പു നല്കുന്നു എന്ന്. മറ്റൊരവസരത്തിൽ അവിടന്നു പറഞ്ഞു: "നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ് ഞാൻ പോകുന്നത്, കാരണം, ഞാൻ പോകുന്നില്ലെങ്കിൽ, സഹായകൻ, അതായത്, ആത്മാവ്, നിങ്ങളുടെ അടുക്കലേക്കു വരില്ല" (യോഹന്നാൻ 16:7). ഇതിലും, യേശുവിന് നമ്മോടുള്ള സ്നേഹം നാം കാണുന്നു: നമ്മുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു സാന്നിദ്ധ്യമാണ് അവൻറേത്. നേരെമറിച്ച്, അത് നമുക്ക് ഇടം നൽകുന്നു, കാരണം,  യഥാർത്ഥ സ്നേഹം എല്ലായ്പ്പോഴും ഒരു സാമീപ്യം സൃഷ്ടിക്കുന്നു, ആ സാമീപ്യം ഞെരുക്കാത്തതും കൈവശപ്പെടുത്താൻ ആഗ്രഹിക്കാത്തതുമാണ്. അടുത്താണ്, എന്നാൽ, കൈവശപ്പെടുത്തുന്നില്ല; വാസ്തവത്തിൽ, യഥാർത്ഥ സ്നേഹം നമ്മെ നായകരാക്കുന്നു. അതിനാൽ ക്രിസ്തു ഉറപ്പുനൽകുന്നു: "ഞാൻ പിതാവിൻറെ പക്കലേക്കു പോകുകയും നിങ്ങൾ ഉന്നതത്തിൽ നിന്നുള്ള ശക്തി ധരിക്കുകയും ചെയ്യും: ഞാൻ നിങ്ങൾക്കായി എൻറെ സ്വന്തം ആത്മാവിനെ അയയ്ക്കും, ആ ആത്മാവിൻറെ ശക്തിയാൽ നിങ്ങൾ ലോകത്തിൽ എൻറെ ദൗത്യം തുടരും!" (cf ലൂക്കാ 24:49). ആകയാൽ, സ്വർഗ്ഗാരോഹണം വഴി യേശു, സ്വന്തം ശരീരത്താൽ  കുറച്ചുപേർക്ക് സമീപസ്ഥനായിരിക്കുന്നതിനുപകരം, തൻറെ ആത്മാവിനാൽ എല്ലാവരുടെയും ചാരത്തായിരിക്കുന്നു. ലോകത്തിൽ അവിടത്തെ സാക്ഷികളാക്കി നമ്മെ മാറ്റുന്നതിന്, പരിശുദ്ധാത്മാവ്, സ്ഥലകാല പ്രതിബന്ധങ്ങൾക്കതീതമായി യേശുവിനെ നമ്മിൽ സന്നിഹിതനാക്കുന്നു.

അനുഗ്രഹം ചൊരിയുന്ന ഉത്ഥിതൻ 

തൊട്ടുപിന്നാലെ രണ്ടാമത്തെ പ്രവർത്തനമാണ്. ക്രിസ്തു തൻറെ കൈകൾ ഉയർത്തി അപ്പൊസ്തോലന്മാരെ അനുഗ്രഹിക്കുന്നു (ലൂക്കാ 24,50). അതൊരു പൗരോഹിത്യ പ്രവർത്തിയാണ്. ജനങ്ങളെ അനുഗ്രഹിക്കാനുള്ള ചുമതല, അഹറോൻറെ കാലം മുതൽ, ദൈവം, പുരോഹിതന്മാരെ ഏൽപ്പിച്ചിരുന്നു (cf.സംഖ്യ 6:26). നമ്മുടെ ജീവിതത്തിലെ മഹാപുരോഹിതനാണ് യേശു എന്ന് നമ്മോട് പറയാൻ സുവിശേഷം ആഗ്രഹിക്കുന്നു. നമ്മുടെ മാനവികത പിതാവിനു സമർപ്പിക്കുന്നതിനായി നമുക്കുവേണ്ടി മദ്ധ്യസ്ഥത വഹിക്കാനാണ് യേശു പിതാവിൻറെ പക്കലേക്ക് കയറുന്നത്. അങ്ങനെ, പിതാവിൻറെ കൺമുമ്പിൽ, യേശുവിൻറെ മാനവികതയോടുകൂടി, നമ്മുടെ ജീവിതങ്ങളും, നമ്മുടെ പ്രതീക്ഷകളും, നമ്മുടെ മുറിവുകളും ഉണ്ട്, എപ്പോഴും ഉണ്ടായിരിക്കും. അതിനാൽ, സ്വർഗ്ഗത്തിലേക്കുള്ള തൻറെ "പുറപ്പാട്" നടത്തുമ്പോൾത്തന്നെ, ക്രിസ്തു "നമുക്ക് വഴിയൊരുക്കുന്നു", നമുക്കുവേണ്ടി ഒരു ഇടം ഒരുക്കാൻ അവിടന്ന് പോകുന്നു, നമ്മൾ എപ്പോഴും പിതാവിനാൽ തുണയ്ക്കപ്പെടുകയും അനുഗ്രഹിക്കപ്പെടുകയും ചെയ്യുന്നതിനുവേണ്ടി ഇപ്പോൾ മുതൽ, അവിടന്ന് നമുക്കുവേണ്ടി മദ്ധ്യസ്ഥത വഹിക്കുന്നു.

ആത്മശോധന ഉത്തമം

സഹോദരീ സഹോദരന്മാരേ, സുവിശേഷത്തിൻറെ സാക്ഷികളായിരിക്കുന്നതിന് യേശുവിൽ നിന്ന് നാം സ്വീകരിച്ച ആത്മാവിൻറെ ദാനത്തെക്കുറിച്ച് നമുക്ക് ഇന്ന് ചിന്തിക്കാം. നമ്മൾ യഥാർത്ഥ സാക്ഷികൾ ആണോ എന്നും മറ്റുള്ളവരെ സ്വതന്ത്രരരായി വിടുകയും അവർക്ക് ഇടം നൽകുകയും ചെയ്തുകൊണ്ട് അവരെ സ്നേഹിക്കാൻ നമുക്ക് കഴിവുണ്ടോ എന്നും നമുക്ക് സ്വയം ചോദിക്കാം. പിന്നെ: മറ്റുള്ളവർക്ക് വേണ്ടി മദ്ധ്യസ്ഥരാകാൻ നമുക്കറിയാമോ, അതായത്, അവർക്കുവേണ്ടി പ്രാർത്ഥിക്കാനും അവരുടെ ജീവിതത്തെ അനുഗ്രഹിക്കാനും  നമുക്കറിയാമോ? അതോ മറ്റുള്ളവരെ നമ്മുടെ താൽപ്പര്യങ്ങൾക്കായി ഉപയോഗിക്കുകയാണോ? നമുക്ക് ഇത് പഠിക്കാം: മദ്ധ്യസ്ഥ പ്രാർത്ഥന, പ്രതീക്ഷകളിലും കഷ്ടപ്പാടുകളിലും ലോകത്തിനു വേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കാൻ, സമാധാനത്തിനായി പ്രാർത്ഥിക്കാൻ. നമ്മൾ ദിവസവും കണ്ടുമുട്ടുന്നവരെ നമ്മുടെ നോട്ടവും വാക്കുകളും കൊണ്ട് അനുഗ്രഹിക്കാം!

പരിശുദ്ധ അമ്മയുടെ സഹായം തേടുക

പരിശുദ്ധാത്മപൂരിതയും സ്ത്രീകളിൽ ധന്യയും സദാ നമുക്കുവേണ്ടി പ്രാർത്ഥിക്കുകയും മദ്ധ്യസ്ഥത വഹിക്കുകയും ചെയ്യുന്നവളുമായ മാതാവിനോട് ഇപ്പോൾ നമുക്ക് പ്രാർത്ഥിക്കാം.

ത്രികാല പ്രാർത്ഥനയും ആശീർവ്വാദവും

ഈ വാക്കുകളെ തുടർന്ന് മാർപ്പാപ്പാ സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും എന്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

നവവാഴ്ത്തപ്പെട്ട രക്തസാക്ഷി ലുയീജി ലെൻത്സീനി

1945-ൽ ഇറ്റലിയിൽ രക്തസാക്ഷിയായ വൈദികൻ ലുയീജി ലെൻത്സീന ശനിയാഴ്‌ച (28/05/22) വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത് പാപ്പാ ആശീർവ്വാദാനന്തരം അനുസ്മരിച്ചു.

ക്രിസ്തീയ മൂല്യങ്ങളെ ജീവിതത്തിൻറെ സുപ്രധാന മാർഗ്ഗമായി ചൂണ്ടിക്കാണിച്ചതിൻറെ പേരിലാണ് വിദ്വേഷത്തിൻറെയും  സംഘർഷത്തിൻറെയുമായ ഒരു അന്തരീക്ഷത്തിൽ അദ്ദേഹം വധിക്കപ്പെട്ടത് എന്ന് പാപ്പാ പറഞ്ഞു. ക്രിസ്തുവിൻറെ ഹിതാനുസാരമുള്ള ഇടയനും സത്യത്തിൻറെയും നീതിയുടെയും സന്ദേശവാഹകനുമായിരുന്ന ഈ പുരോഹിതൻ സ്നേഹത്തോടെയും ആത്മാർത്ഥതയോടെയും സുവിശേഷത്തിന് സാക്ഷ്യം വഹിക്കാൻ സ്വർഗ്ഗത്തിൽ നിന്ന് നമ്മെ സഹായിക്കട്ടെ എന്ന് ആശംസിച്ചു.

സാമൂഹ്യവിനിമയ ദിനാചരണം

സ്വർഗ്ഗാരോഹണത്തിരുന്നാൾ ദിനമായിരുന്ന ഈ ഞായറാഴ്‌ച കത്തോലിക്കാസഭാതലത്തിൽ ലോക സാമൂഹ്യ സമ്പർക്ക മാദ്ധ്യമദിനം ആചരിക്കപ്പെട്ടതും പാപ്പാ അനുസ്മരിച്ചു.

ശ്രവിക്കാൻ അറിയുക എന്നത്, ഉപവിയുടെ ആദ്യ പ്രവൃത്തിയെന്നതിലുപരി, സംഭാഷണത്തിൻറെയും നല്ല ആശയവിനിമയത്തിൻറെയും പ്രഥമ അത്യന്താപേക്ഷിത ഘടകവുമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. കേൾക്കാൻ അറിയുകയെന്നാൽ, മറ്റുള്ളവരെ എല്ലാം പറയാൻ അനുവദിക്കുക, ഇടയ്ക്ക് വച്ച് തടസ്സപ്പെടുത്താതിരിക്കുക, കാതുകളും ഹൃദയവും കൊണ്ട് ശ്രവിക്കാൻ അറിയുകയാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു. ഹൃദയം കൊണ്ട് കേൾക്കാനുള്ള ഈ കഴിവിൽ എല്ലാവരും വളരട്ടെ എന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

സമാശ്വാസ ദിനം

ഈ ഞായറാഴ്‌ച (29/05/22) ഇറ്റലിയിൽ ദേശീയ സാന്ത്വന ദിനം ആചരിക്കപ്പെട്ടതും പാപ്പാ അനുസ്മരിച്ചു.

"രോഗത്തേക്കാൾ പ്രധാനപ്പെട്ടത് എല്ലായ്പോഴും രോഗിയാണ്" എന്നും "രോഗശമനം സാദ്ധ്യമല്ലെങ്കിൽ പോലും, പരിചരണം എല്ലായ്പ്പോഴും സാദ്ധ്യമാണ്, എല്ലായ്പ്പോഴും ആശ്വസിപ്പിക്കാൻ  കഴിയും, സാമീപ്യം അനുഭവവേദ്യമാക്കാൻ സദാ സാദ്ധ്യമാണ്" എന്നും നാം ഓർക്കണമെന്ന് പാപ്പാ ഇക്കൊല്ലത്തെ  (2022) ലോക രോഗീ ദിനത്തിനു നല്കിയ തൻറെ സന്ദേശത്തിൽ നിന്നുദ്ധരിച്ചുകൊണ്ട് പറഞ്ഞു.

മെയ് അവസാന കൊന്തനമസ്കാരം, സമാധാനത്തിനായുള്ള പ്രാർത്ഥന 

മെയ് മാസത്തിലെ അവസാന ദിവസമായ 31-ന് പരിശുദ്ധ മറിയത്തിൻറെ പരിദർശന ആരാധനാക്രമത്തിരുന്നാൾ ദിനത്തിൽ വൈകുന്നേരം താൻ പല രാജ്യങ്ങളിലെയും നിരവധി ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് റോമിലെ വിശുദ്ധ മേരി മേജർ ബസിലിക്കയിൽ നിന്ന് സമാധാനത്തിനായി കൊന്തനമസ്കാരം നയിക്കുമെന്ന്  പറഞ്ഞു.

ലോകം പാർത്തിരിക്കുന്ന സമാധാന ദാനം സമാധാന രാജ്ഞിയുടെ മാദ്ധ്യസ്ഥ്യംവഴി   ദൈവത്തിൽ നിന്ന് നേടുന്നതിനുള്ള ഈ പ്രാർത്ഥനയിൽ പങ്കുചേരാൻ വിശ്വാസികളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും പാപ്പാ ക്ഷണിക്കുകയും ചെയ്തു. തുടർന്നു പാപ്പാ റോമാക്കാരെയും മറ്റു തീർത്ഥാടകരെയും അഭിവാദ്യം ചെയ്തു.

കർദ്ദിനാളന്മാരുടെ യോഗം ആഗസ്റ്റ് 29,30, 

തദ്ദനന്തരം പാപ്പാ റോമൻ കൂരിയായെയും അത് ലോകത്തിൽ സഭയ്ക്കേകുന്ന സേവനത്തെയും സംബന്ധിച്ച, “പ്രെദിക്കാത്തെ എവഞ്ചേലിയും” (Praedicate Evangelium) എന്ന പുതിയ അപ്പൊസ്തോലിക ഭരണഘടനാരേഖയെ അധികരിച്ച് കർദ്ദിനാളന്മാരുടെ ഒരു യോഗം താൻ ഇക്കൊല്ലം (2022) ആഗസ്റ്റ് 29,30 തീയതികളിൽ വിളിച്ചുകൂട്ടുമെന്നും ആഗസ്റ്റ് 27-ന് പുതിയ കർദ്ദിനാളന്മാരെ സൃഷ്ടിക്കുന്നതിനുള്ള ഒരു കൺസിസ്റ്ററി നടത്തുമെന്നും അറിയിച്ചു.

ആഗസ്റ്റ് 27-ന് കൺസിസ്റ്ററിയിൽ കർദ്ദിനാൾ സ്ഥാനത്തേക്കുയർത്തപ്പെടുന്നവരുടെ പേരുകൾ: 

1. ബ്രിട്ടീഷ് സ്വദേശി, ദൈവികാരാധനയ്ക്കും കൂദാശകൾക്കുമായുള്ള വത്തിക്കാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ ആർച്ചുബിഷപ്പ് ആർഥർ റോഷ് (Archbishop Arthur Roche – prefect of the Congregation for Divine Worship and the Discipline of the Sacraments)

2. കൊറിയക്കാരനും വൈദികർക്കായുള്ള വത്തിക്കാൻ സംഘത്തിൻറെ അദ്ധ്യക്ഷനുമായ ആർച്ചുബിഷപ്പ് ലാത്സറൊ യു ഹ്യുഗ് സിക് (Archbishop Lazzaro You Heung sik – prefect of the Congregation for the Clergy)

3.   വത്തിക്കാൻ സംസ്ഥാനത്തിനായുള്ള പൊന്തിഫിക്കൽ സമിതിയുടെയും വത്തിക്കാൻ സംസ്ഥാന ഭരണകാര്യാലായത്തിൻറെയും അദ്ധ്യക്ഷൻ, സ്പെയിൻ സ്വദേശി, ആർച്ചുബിഷപ്പ് ഫെർണാണ്ടൊ വേർഗെസ് അൽത്സാഗ (Archbishop Fernando Vérgez Alzaga L.C. – president of the Pontifical Commission for Vatican City State, and president of the Governorate of Vatican City State)

4.   ഫ്രാൻസിലെ മർസെയീ അതിരൂപതയുടെ ആർച്ചുബിഷപ്പ്, അന്നാട്ടുകാരനായ ഷാൻ മർക് അവെലീൻ (Archbishop Jean-Marc Aveline – metropolitan of Marseille, France)

5.   നൈജീരിയയായിലെ എക്കുവുലോബിയ രൂപതാദ്ധ്യക്ഷൻ പീററർ ഒക്കപലേക്കെ (Bishop Peter Okpaleke of Ekwulobia, Nigeria)

6.   ബ്രസീലിലെ മനൗസ് അതിരൂപതയുടെ ആർച്ച്ബിഷപ്പ് ലെയൊണാർദൊ ഉൾറിച്ച സ്റ്റൈനെർ (Archbishop Leonardo Ulrich Steiner, O.F.M., of Manaus, Brazil)

7.   ഗോവക്കാരനായ, ഗോവ, ദമാവൊ അതിരൂപതയുടെ ആർച്ച്ബിഷപ്പ് ഫിലിപ്പ് നേരി അന്തോണിയൊ സെബസ്ത്യോ (Archbishop Filipe Neri António Sebastião di Rosário Ferrão of Goa and Damão, India)

8.   അമേരിക്കൻ ഐക്യനാടുകളിലെ സാൻ ദ്യേഗൊ രൂപതയുടെ മെത്രാൻ റോബെർട്ട് വ്വാൾട്ടെർ മക്ലെറോയ് (Bishop Robert Walter McElroy of San Diego, United States of America)

9.   പൂർവ്വതിമോറിലെ ദിലി അതിരൂപതയുടെ ആർച്ചുബിഷപ്പ് വിർജീലിയൊ ദൊ കാർമൊ ദ സിൽവ (Archbishop Virgilio Do Carmo Da Silva, S.D.B., of Dili, East Timor)

10.  ഇറ്റലിയിലെ കോമൊ രൂപതയുടെ മെത്രാൻ ഓസ്കർ കന്തോണി (Bishop Oscar Cantoni of Como, Italia)

11. ഹൈദ്രാബാദ് അതിരൂപതയുടെ ആർച്ച്ബിഷപ്പ് അന്തോണി പൂള (Archbishop Anthony Poola of Hyderabad, India)

12.  ബ്രസീലിലെ ബ്രസീലിയ അതിരൂപതയുടെ ആർച്ചുബിഷപ്പ് പാവുളൊ സേസർ കോസ്ത് (Archbishop Paulo Cezar Costa, metropolitan of the archdiocese of Brasília, Brazil)

13.  ഘാനയിലെ വ്വ രൂപതയുടെ മെത്രാൻ റിച്ചാർഡ് കൂയിയ ബാവ്വൊബ്ർ    (Bishop Richard Kuuia Baawobr M. Afr., of Wa, Ghana)

14.  സിങ്കപ്പൂർ അതിരൂപതയുടെ ആർച്ച്ബിഷപ്പ് വില്ല്യം ഗോഹ് സെംഗ് ച്യ് (Archbishop William Goh Seng Chye of Singapore, Singapore)

15.  പരഗ്വയിലെ അസുൻസിയോൺ അതിരൂപതയുടെ ആർച്ചുബിഷപ്പ് അദാൽബെർത്തൊ മർത്തീനെസ് ഫ്ലോറെസ് (Archbishop Adalberto Martínez Flores, metropoiltan of Asunción, Paraguay)

16.  മംഗോളിയയിലെ ഉലാൻബാത്തർ അപ്പൊസ്തോലിക് പ്രീഫെക്റ്റ് ബിഷപ്പ് ജോർജൊ മരേംഗൊ (Bishop Giorgio Marengo, I.M.C., prefect Apostolic of Ulaanbaatar, Mongolia)

ഈ പതിനാറു പേർക്കു പുറമെ പാപ്പാ, ആഗസ്റ്റ് 27-ന്  താൻ കർദ്ദിനാൾ പദവിയിലേക്കുയർത്തുന്ന 80 വയസ്സു കഴിഞ്ഞ  അഞ്ചുപേരുടെ പേരുകളും വെളിപ്പെടുത്തി:

1.   കൊളൊംബിയായിലെ കർത്തജേന അതിരൂപതയുടെ മുൻ ആർച്ചുബിഷപ്പ് ഹൊർഹെ എൻറീക് ഹിമേനെസ് കർവഹാൽ (Archbishop Jorge Enrique Jiménez Carvajal, emeritus of Cartagena, Colombia)

2.   ബെൽജിയത്തിലെ ഗെൻറ് അതിരൂപതയുടെ മുൻ ആർച്ചുബിഷപ്പ് ലൂക്കാസ് വൻ ലൂയ് (Archbishop Lucas Van Looy, S.D.B., emeritus of Ghent, Belgium)

3.   ഇറ്റലിയിലെ കാല്ല്യരി അതിരൂപതയുടെ മുൻ ആർച്ചുബിഷപ്പ് അറീഗൊ മീല്യൊ (Archbishop Arrigo Miglio, emeritus of Cagliari, Italy)

4.   ഇറ്റലിക്കാരനായ ഈശോസഭാവൈദികനും ദൈവശാസ്ത്രജ്ഞനുമായി ജാൻഫ്രാങ്കൊ ഗിർലാന്ത (R.P. Gianfranco Ghirlanda S.J., – professor of theology)

5.   ഇറ്റലിക്കാരനായ മോൺസിഞ്ഞോർ ഫൊർത്തുണാത്തൊ ഫ്രേത്സ (Msgr. Fortunato Frezza – canon of Saint Peter) എന്നിവരാണ് നിയുക്ത കർദ്ദിനാളാന്മാർ

കർദ്ദിനാളന്മാർക്കായി പ്രാർത്ഥിക്കുക

താൻ കർദ്ദിനാളന്മാരായി ഉയർത്താൻ പോകുന്നവരുടെ പേരുകൾ വെളിപ്പെടുത്തിതയതിനെ തുടർന്ന് പാപ്പാ, ദൈവത്തോടു വിശ്വസ്തരായ ദൈവജനത്തിൻറെ നന്മയ്ക്കായി റോമിലെ മെത്രാനെന്ന നിലയിലുള്ള തൻറെ ശുശ്രൂഷയിൽ തന്നെ സഹായിക്കാനും  ക്രിസ്തുവിനോടുള്ള തങ്ങളുടെ ഐക്യം സ്ഥിരീകരിക്കാനും അവർക്ക് കഴിയുന്നതിനായി  പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ചു.

സമാപനാഭിവാദ്യം

അവസാനം പാപ്പാ എല്ലാവർക്കും നല്ല ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുത് എന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുർന്ന് എല്ലാവർക്കും നല്ലൊരു ഉച്ചവിരുന്നു നേർന്നുകൊണ്ട് പാപ്പാ ജാലകത്തിങ്കൽ നിന്ന് പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 May 2022, 14:11

സ്വര്‍ല്ലോക രാജ്ഞീ! എന്ന ത്രികാലപ്രാര്‍ത്ഥന
 

ദൈവമാതാവിനെക്കുറിച്ചുള്ള 4 പ്രഭണിതങ്ങളില്‍ ഒന്നാണ് സ്വര്‍ല്ലോക രാജ്ഞീ! സ്വസ്തീ രാജ്ഞീ!, സ്വസ്തീ സ്വര്‍ല്ലോക റാണി, സ്വര്‍ല്ലോക രാജ്ഞിയേ, വാഴ്ക!, രക്ഷകന്നമ്മേ വാഴ്ക! എന്നിവയാണ് ലത്തീന്‍ ഭാഷയിലുള്ള വിഖ്യാതമായ 4 പ്രഭണിതങ്ങള്‍ (4 Marian Atiphons :Alma Redemptoris Mater,  l’Ave Regina Coelorum e il Salve Regina).

ത്രികാലപ്രാര്‍ത്ഥ സ്വര്‍ല്ലോക രാജ്ഞിയേ! എന്ന പ്രഭണിതം ഈസ്റ്റര്‍ കാലത്ത് കര്‍ത്താവിന്‍റെ മാലാഖ (Angelus Domini….) എന്ന പ്രാര്‍ത്ഥനയ്ക്ക് പകരമായി ആദ്യം ഉപയോഗിച്ചത് 1742-ല്‍ ബെനഡിക്ട് 14-Ɔമന്‍ പാപ്പായായിരുന്നു. ആ വര്‍ഷത്തെ ഈസ്റ്റര്‍ ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥന മുതല്‍ തുടര്‍ന്നുള്ള പെന്തക്കോസ്താ മഹോത്സവംവരെ സ്വര്‍ല്ലോക രാജ്ഞിയേ.. എന്ന പ്രഭണിതം ഉപയോഗത്തില്‍ കൊണ്ടുവന്നു. മരണത്തിന്മേലുള്ള ക്രിസ്തുവിന്‍റെ ആത്മീയവിജയം പ്രഘോഷിക്കുന്നതായിട്ടാണ് ഈ മാറ്റത്തെ പുണ്യശ്ലോകനായ പാപ്പാ വ്യാഖ്യാനിച്ചത്. പെസഹാക്കാലത്തെ ദിനങ്ങളില്‍ മൂന്നു നേരവും സ്വര്‍ല്ലോക രാജ്ഞിയേ! എന്ന പ്രാര്‍ത്ഥനചൊല്ലുന്ന പതിവിന് അങ്ങനെ തുടക്കമായി. ഇതുവഴി ആ ദിവസം മറിയത്തിലൂടെ ദൈവത്തിനു സമര്‍പ്പിക്കപ്പെടുന്നു.

അതിമനോഹരമായ ഈ ലത്തീന്‍ പ്രഭണിതത്തിന്‍റെ ഉത്ഭവം 6-Ɔο നൂറ്റാണ്ടിലേയ്ക്ക് നീളുന്നതാണെന്നതിന് ചരിത്രരേഖകളുണ്ട്. 13-Ɔο നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍ അത് ഫ്രാന്‍സിസ്ക്കന്‍ യാമപ്രാര്‍ത്ഥനയില്‍ ഇടംകണ്ടു. വിശ്വാസികള്‍ മറിയത്തെ വിളിച്ചപേക്ഷിക്കുന്ന 4 വരികളുള്ള ഈ ഹ്രസ്വപാര്‍ത്ഥനയുടെ ഒരോ വരിയുടെയും അന്ത്യത്തില്‍ “അലേലൂയ” എന്ന് പ്രഘോഷിക്കപ്പെടുന്നു. ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലുള്ള ജയഭേരിയാണ് അല്ലേലൂയ പ്രഘോഷണം.

2015-ലെ ഈസ്റ്റര്‍ ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥന മദ്ധ്യേ സ്വര്‍ല്ലോക രാജ്ഞിയേ! എന്ന മേരിയന്‍ പ്രഭണതം ഉരുവിടുമ്പോള്‍ നമുക്ക് ഉണ്ടാകേണ്ട ആത്മീയഭാവത്തെയു മനസ്സിന്‍റെ തുറവിയെക്കുറിച്ചു പാപ്പാ ഫ്രാന്‍സിസ് വ്യാഖ്യാനിച്ചു.

ലോകത്തിനു മറിയം പ്രദാനംചെയ്ത രക്ഷകനായ ക്രിസ്തു, വാഗ്ദാനംചെയ്തതുപോലെ മരണാന്തരം ഉത്ഥാനംചെയ്തു, അതില്‍ സന്തോഷിക്കാമെന്ന് മറിയത്തെയാണ് പ്രാര്‍ത്ഥന അഭിസംബോധനചെയ്യുന്നത്. ഈ മാദ്ധ്യസ്ഥത്തിലുള്ള പ്രത്യാശ വിശ്വാസികള്‍ അലേലൂയ പ്രഘോഷണത്തിലൂടെ ഏറ്റുപറയുന്നു. അതായത് ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലുള്ള പരിശുദ്ധ കന്യകാനാഥയുടെ ആനന്ദത്തില്‍ വിശ്വാസികള്‍ ഈ പ്രാര്‍ത്ഥനയിലൂടെ പങ്കുചേരുകയാണ്. ഇത് അമ്മയുടെ സന്തോഷത്തില്‍ മക്കള്‍ പങ്കുചേരുന്ന അനുഭവമാണെന്നാണ് പാപ്പാ ഫ്രാന്‍സിസ് വ്യാഖ്യാനിച്ചത്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >