പാപ്പാ: പ്രാർത്ഥനയും കൂട്ടായ്മയും കൂട്ടായ ജീവിതവുമായി മുന്നേറുക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സ്ഥൈര്യലേപന കൂദാശ നാം ഹൃദയത്തിൽ കാത്തുസൂക്ഷിക്കേണ്ട ദാനമാണെന്ന് മാർപ്പാപ്പാ.
ഇറ്റലിയിലെ ജേനൊവ രൂപതയിൽ നിന്നെത്തിയ സ്ഥൈര്യലപനകൂദാശാർത്ഥികളും ഈ കൂദാശ സ്വീകരിച്ചവരുമടങ്ങിയ ഒരു സംഘത്തെ ശനിയാഴ്‌ച (21/05/22) രാവിലെ വത്തിക്കാനിൽ വിശുദ്ധ മാർത്തയുടെ ചത്വരത്തിൽ വച്ച് സ്വീകരിച്ച വേളയിലാണ് ഫ്രാൻസീസ് പാപ്പാ സ്ഥൈര്യലേപന കൂദാശയുടെ പ്രാധാന്യത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ഇത് ഓർമ്മിപ്പിച്ചത്.
സഭയിൽ മാത്രല്ല സ്വന്തം ജീവിതത്തിലും നമ്മളോരോരുത്തരും മുന്നോട്ടു പോകുന്നത് സ്ഥൈര്യലേപനത്തിൻറെ ശക്തിയാലാണെന്നും നല്ല വ്യക്തികളും നല്ല പൗരന്മാരും നല്ല ക്രൈസ്തവരും ആയിത്തീരാൻ അത് നമ്മെ ഒരുക്കുന്നുവെന്നും പാപ്പാ പറഞ്ഞു.
സ്ഥൈര്യലേപന കൂദാശ എന്ന ദാനം കാത്തു സൂക്ഷിക്കുന്നതിന്, സർവ്വോപരി, പ്രാർത്ഥന അത്യന്താപേക്ഷിതമാണെന്ന വസ്തുത എടുത്തുകാട്ടിയ പാപ്പാ, നമുക്ക് മുന്നേറാനും നാം സ്വീകരിച്ച പരിശുദ്ധാത്മശക്തി കാത്തുസൂക്ഷിക്കാനും കഴിയുന്നതിനായി കർത്താവിനോട് നാം അപേക്ഷിക്കണമെന്ന് ഓർമ്മിപ്പിച്ചു.
ചോദിച്ചാൽ നൽകുമെന്ന് കർത്താവ് ഉറപ്പേകിയിട്ടുള്ളതിനാൽ നാം സദാ പ്രാർത്ഥിക്കണമെന്ന് പാപ്പാ പറഞ്ഞു.
കൂട്ടായ്മയുടെ പ്രാധാന്യത്തെക്കുറിച്ച് സൂചിപ്പിച്ച പാപ്പാ പ്രാർത്ഥനയും കൂട്ടായ്മയും കൂട്ടായ ജീവിതവുമായി നാം മുന്നേറണമെന്നും ഉദാരമാനസ്സരായിരിക്കണമെന്നും ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: