തിരയുക

ഫ്രാൻസീസ് പാപ്പാ, മംഗോളിയിലെ ബുദ്ധമത ഔദ്യോഗിക പ്രതിനിധി സംഘത്തെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 28/05/22 ഫ്രാൻസീസ് പാപ്പാ, മംഗോളിയിലെ ബുദ്ധമത ഔദ്യോഗിക പ്രതിനിധി സംഘത്തെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 28/05/22 

പാപ്പാ: പരിസ്ഥിതിവിരുദ്ധാക്രമണം ഉൾപ്പടെ, എല്ലാ അതിക്രമങ്ങളെയും നിരാകരിക്കണം!

ഫ്രാൻസീസ് പാപ്പാ മംഗോളിയയുടെ ഔദ്യോഗിക ബുദ്ധമത പ്രതിനിധി സംഘത്തെ ശനിയാഴ്‌ച (28/05/22) വത്തിക്കാനിൽ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സമാധാനം ഇന്ന് നരകുലത്തിൻറെ തീവ്രാഭിലാഷമാകയാൽ എല്ലാ തലങ്ങളിലുമുള്ള സംഭാഷണത്തിലൂടെ സമാധാനത്തിൻറെയും അഹിംസയുടെയും സംസ്കൃതി പരിപോഷിപ്പിക്കുക അടിയന്തിരമാണെന്ന് മാർപ്പാപ്പാ.

മംഗോളിയയിൽ അപ്പൊസ്തോലിക് പ്രീഫക്ചർ (പ്രാദേശിക സഭാഭരണ പ്രവിശ്യ) സ്ഥാപിതമായതിൻറെ മുപ്പതാം വാർഷിത്തോടനുബന്ധിച്ച് അന്നാട്ടിൽ നിന്നെത്തിയ ബുദ്ധമത ഔദ്യോഗിക പ്രതിനിധി സംഘത്തെ ശനിയാഴ്‌ച (28/05/22) വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

പ്രീഫെക്ചർ സ്ഥാപിതമായതിൻറെ മാത്രമല്ല പരിശുദ്ധസംഹാസനവും മംഗോളിയയും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ചതിൻറെയും മുപ്പതാം വാർഷികമാണെന്നതും പാപ്പാ അനുസ്മരിച്ചു.

മംഗോളിയയുടെ ഔദ്യോഗിക പ്രതിനിധിസംഘം വത്തിക്കാനിലെത്തുന്നത് ഇത് നടാടെയാണെന്ന് എടുത്തു പറയുന്ന പാപ്പാ ഈ സന്ദർശനം, സമാധാനപരമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് പരസ്പര ധാരണയും സഹകരണവും പ്രോത്സാഹിപ്പിക്കാനും കത്തോലിക്കാ സഭയുമായുള്ള സൗഹൃദബന്ധം കൂടുതൽ ആഴത്തിലാക്കാനും ഉദ്ദേശിച്ചുള്ളതാണെന്ന് ബോധ്യം പ്രകടിപ്പിച്ചുകൊണ്ട് തൻറെ നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

പരിസ്ഥതിവിരുദ്ധാക്രമണം ഉൾപ്പടെയുള്ള എല്ലാത്തരം അതിക്രമങ്ങളെയും നിരസിക്കാൻ സകലരെയും ക്ഷണിക്കുന്നതാകണം സംഭാഷണം എന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

അക്രമത്തിൻറെയും വിദ്വേഷത്തിൻറെയും പ്രവർത്തികളെ ന്യായീകരിക്കാൻ മതത്തെ കരുവാക്കുന്ന പ്രക്രിയ, ദൗർഭാഗ്യവശാൽ, ഇന്നു തുടരുന്നുണ്ടെന്ന വസ്തുതയും പാപ്പാ അനുസ്മരിക്കുന്നു.

യേശുവും ശ്രീബുദ്ധനും സമാധാനത്തിൻറെ ശില്പികളും അഹിംസയുടെ വക്താക്കളും ആണെന്ന യാഥാർത്ഥ്യം പാപ്പാ എടുത്തു പറയുകയും ചെയ്യുന്നു.  

സകലരുടെയും നന്മയ്ക്കായി മംഗോളിയയും വത്തിക്കാനും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്തണമെന്ന് ഓർമ്മിപ്പിക്കുന്ന പാപ്പാ ഭിന്നമതങ്ങൾ തമ്മിലുള്ള സമാധാനപരമായ സഹവർത്തിത്വത്തിൻറെ നീണ്ട പാരമ്പര്യ മംഗോളിയയ്ക്കുണ്ടെന്ന് അനുസ്മരിക്കുകയും ചെയ്യുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 May 2022, 07:31