പാപ്പാ: സ്വാഗതം ചെയ്യപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യേണ്ട ദശലക്ഷങ്ങൾ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള അഭയാർത്ഥികളും, കുടിയിറക്കപ്പെട്ടവരുമായ ദശലക്ഷക്കണക്കിനാളുകളെ വിസ്മരിക്കരുതെന്ന് മാർപ്പാപ്പാ.
കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും അജപാലനസേവനം ലക്ഷ്യംവച്ചുകൊണ്ട് പന്ത്രണ്ടാം പീയുസ് പാപ്പാ 1951-ൽ സ്ഥാപിച്ച കുടിയേറ്റങ്ങൾക്കായുള്ള കത്തോലിക്കാ അന്താരാഷ്ട്ര സമിതിയുടെ (International Catholic Commission for Migration) സമ്പുർണ്ണസമ്മേളനത്തിന് തിങ്കളാഴ്‌ച (30/05/22) നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ കുടിയേറ്റ മേഖലയിൽ കുത്തനെ ഉണ്ടായിരിക്കുന്ന വർദ്ധനവിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് ഇത് ഓർമ്മപ്പെടുത്തിയിരിക്കുന്നത്.
സ്വന്തം പാർപ്പിടങ്ങൾ വിട്ട് അന്യസ്ഥലങ്ങളിൽ അഭയം തേടേണ്ടിവരുന്ന അഭയാർത്ഥികളെയും കുടിയേറ്റക്കാരെയും നാം സ്വാഗതം ചെയ്യുകയും സംരക്ഷിക്കുകയും സ്നേഹിക്കുകയും വേണമെന്ന് പാപ്പാ പറയുന്നു.
എല്ലാവരെയും സേവിക്കാനും സമാധാനത്തിൻറെതായ ഒരു ഭാവി കെട്ടിപ്പടുക്കാൻ കഠിനമായി പരിശ്രമിക്കാനും സഭയ്ക്കുള്ള അഭിലാഷവും പാപ്പാ വെളിപ്പെടുത്തുന്നു.
ഉക്രയിനിൽ നടക്കുന്ന യുദ്ധത്തിൻറെ ഫലമായി കൂട്ടത്തോടെ പലായനം ചെയ്യുന്ന ജനങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കുന്നതിന് സഭകളെ സഹായിക്കാൻ കുടിയേറ്റ കത്തോലിക്കാ അന്താരാഷ്ട്രസമിതി നടത്തിയിട്ടുള്ള പരിശ്രമങ്ങൾ പാപ്പാ നന്ദിയോടെ സ്മരിക്കുകയും ചെയ്യുന്നു.
രണ്ടാം ലോകമഹായുദ്ധാനന്തരം യൂറോപ്പിലുണ്ടായിട്ടുള്ള ഏറ്റവും വലിയ അഭയാർത്ഥി പ്രവാഹമാണ് ഇപ്പോൾ ഉക്രയിനിൽ നിന്നുള്ളതെന്ന വസ്തുതയും പാപ്പാ അനുസ്മരിക്കുന്നു.
സ്വഭാവത്താലും സഭാപരമായ ദൗത്യത്താലും ഈ സമിതി, പൗര സമൂഹത്തിലും സഭയിലും പ്രവർത്തിക്കുന്ന മറ്റ് സംഘടനകളിൽ നിന്ന് വേറിട്ടുനില്ക്കുന്നുവെന്ന് പാപ്പാ പറയുന്നു.
ഈ സമതിയുടെ സഭാപരമായ ദൗത്യം നിർവ്വഹിക്കപ്പെടുന്നത് രണ്ടു ദിശകളിൽ, അതായത്, ആന്തരികോന്മുഖവും (ad intra) ബാഹ്യന്മോഖവും (ad extra) ആയിട്ടാണെന്നും വർത്തമാനകാലത്തെ അനേകം സങ്കീർണ്ണമായ കുടിയേറ്റ വെല്ലുവിളികളോട് പ്രതികരിക്കേണ്ട മെത്രാൻ സംഘങ്ങൾക്കും രൂപതകൾക്കും ഉചിതമായ സഹായമേകാൻ, സർവ്വോപരി, ഈ സമിതി വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ സഭയുടെ ഉള്ളിൽത്തന്നെ ആവശ്യമായിരിക്കുന്ന പ്രവർത്തനത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട്, വിശദീകരിക്കുന്നു.
എല്ലായ്‌പ്പോഴും പ്രാദേശിക സഭകളുമായി സഹകരിച്ചുകൊണ്ട് ഈ സമിതി, ആഗോള വെല്ലുവിളികളോടും കുടിയേറ്റ സംബന്ധിയായ അടിയന്തരാവസ്ഥകളോടും തക്കതായ പദ്ധതികളിലൂടെ പ്രതികരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു എന്ന് പാപ്പാ ഈ സമിതിയുടെ ബാഹ്യോന്മുഖ പ്രവർത്തന ശൈലിയെക്കുറിച്ചു വിശദീകരിച്ചുകൊണ്ട് പറയുന്നു.
ഏഴുപതിറ്റാണ്ടായി ഈ സമിതി നടത്തിവരുന്ന എല്ലാ പ്രവർത്തനങ്ങൾക്കും പാപ്പാ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്യുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: