സൗഹൃദത്തിൽ ക്രിസ്തുവദനം ദർശിക്കാനാകുമെന്ന് മാർപ്പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മൈത്രി, ക്രൈസ്തവൈക്യം കൈവരിക്കുന്നതിനുള്ള സുനിശ്ചിത മാർഗ്ഗമാണെന്ന് മാർപ്പാപ്പാ.
അലക്സാണ്ഡ്രിയായയുടെ പാപ്പായും മർക്കോസിൻറെ സിംഹാസനത്തിൻറെ പാത്രിയാർക്കീസുമായ തവാദ്രോസ് ദ്വിതീയന്, കോപ്റ്റിക് വിശ്വാസികളും കത്തോലിക്കരും തമ്മിലുള്ള ഒമ്പതാം സൗഹൃദ ദിനത്തോടനുബന്ധിച്ച്, ചൊവ്വാഴ്ച (10/05/22), അയച്ച കത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.
സൗഹൃദത്തിൽ നാം കാണുക, ദാസരല്ല, സ്നേഹിതർ ആയിരിക്കാൻ നമ്മെ വിളിക്കുന്ന ക്രിസ്തുവിൻറെ തന്നെ വദനമാണെന്ന് പാപ്പാ പറയുന്നു.
കോപ്‌റ്റിക് വിശ്വാസികളും കത്തോലിക്കരും തമ്മിലുള്ള സൗഹൃദത്തിൻറെ ഒമ്പതാം ദിനം, പത്രോസിൻറെയും മർക്കോസിൻറെയും സിംഹാസനങ്ങളെ ഒന്നിപ്പിക്കുന്ന ആത്മീയ ബന്ധങ്ങൾക്ക് ഹൃദയംഗമമായ നന്ദി പ്രകാശിപ്പിക്കുന്നതിനും അവരുമായി ക്രിസ്തുവിലുള്ള തൻറെ അചഞ്ചലമായ സൗഹൃദം ഉറപ്പുനൽകുന്നതിനുമുള്ള ശുഭകരമായ അവസരം ഒരിക്കൽ കൂടി തനിക്ക് പ്രദാനം ചെയ്യുന്നുവെന്നും പാപ്പാ അനുസ്മരിക്കുന്നു.
"ഞാൻ നിങ്ങളോട് കൽപ്പിക്കുന്നത് നിങ്ങൾ ചെയ്യുന്നെങ്കിൽ നിങ്ങൾ എൻറെ സ്നേഹിതരാണ്" (യോഹന്നാൻ 15:14) എന്ന ക്രിസ്തുവാക്യം ശ്രദ്ധേയമാണെന്നു പറഞ്ഞ പാപ്പാ ക്രിസ്തീയ സാഹോദര്യ തീർത്ഥാടനം, പ്രത്യേകിച്ച്, റോമിൽ വച്ച് നടത്തിയ തങ്ങളുടെ അവിസ്മരണീയമായ കൂടിക്കാഴ്ചയുടെ പത്താം വാർഷികവും പോൾ ആറാമൻ മാർപാപ്പായും ഷെനൂദ മൂന്നാമൻ പാപ്പായും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ചയുടെ അമ്പതാം വാർഷികവും അടുത്ത വർഷം ആഘോഷിക്കുന്നതിനുള്ള ഒരുക്കത്തോടനുബന്ധിച്ചു തുടരാമെന്ന് പറയുന്നു.
വിശുദ്ധ അത്തനാസിയോസിൻറെ ജീവിതവും പ്രബോധനവും കോപ്റ്റിക്-കത്തോലിക്കാസഭകൾക്ക് പ്രചോദനദായകമാണെന്ന് പ്രസ്താവിക്കുന്ന പാപ്പാ ആ വിശുദ്ധൻറെ മാദ്ധ്യസ്ഥ്യം സമ്പൂർണ്ണ ദൃശ്യ കൂട്ടായ്മയിലേക്കുള്ള യാത്രയിൽ നമ്മെ നയിക്കട്ടെയെന്ന് ആശംസിക്കുന്നു.
നാം പെന്തക്കോസ്ത് തിരുന്നാളിനോട് അടുത്തുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് പരാമാർശിക്കുന്ന പാപ്പാ, പരിശുദ്ധാത്മാവ് നമ്മെ പൂർവ്വോപരി ഐക്യപ്പെടുത്തുകയും കഷ്ടത അനുഭവിക്കുന്ന നമ്മുടെ മാനവകുടുംബത്തിന്, പ്രത്യേകിച്ച് മഹാമാരികളുടെയും യുദ്ധങ്ങളുടെയും ഈ നാളുകളിൽ, സാന്ത്വനദാനങ്ങൾ പ്രദാനം ചെയ്യുകയും ചെയ്യട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: