സഭ സ്വന്തം മക്കളെ മുഴുവൻ ആശ്ലേഷിക്കുന്നുവെന്ന് മാർപ്പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ദൈവപിതാവ് തൻറെ മക്കളിൽ ആരെയും തള്ളിക്കളയുന്നില്ലയെന്ന് മാർപ്പാപ്പാ.
സ്വവർഗ്ഗാനുരാഗിണി (esbian), സ്വവർഗ്ഗാനുരാഗി (gay), ദ്വിലിംഗി (bisexual),ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയാൾ (transgender / transsexual) എന്നിവരെ ദ്യോതിപ്പിക്കുന്ന ആഗംല പദങ്ങളുടെ ആദ്യാക്ഷരങ്ങൾ ചേർത്ത് രൂപം കൊടുത്ത “എൽ ജി ബി ടി” (LGBT) എന്ന ചുരുക്ക സംജ്ഞയിൽ അറിയപ്പെടുന്ന സമൂഹത്തിൻറെ അജപാലന ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന ഈശോസഭാ വൈദികനായ ജെയിംസ് മാർട്ടിൻ ഇക്കഴിഞ്ഞ അഞ്ചാതം തീയതി (05/05/22) ഒരു കത്തിലൂടെ ഉന്നയിച്ച ഏതാനും ചോദ്യങ്ങൾക്ക് ഫ്രാൻസീസ് പാപ്പാ സ്പാനിഷ് ഭാഷയിൽ അയച്ച മറുപടിക്കത്തിലാണ് ഈ പ്രസ്താവനയുള്ളത്.
ദൈവത്തിൻറെ ശൈലി സാമീപ്യവും കാരുണ്യവും ആർദ്രതയുമാണ് എന്ന തൻറെ ബോധ്യം പാപ്പാ കത്തിൽ ആവർത്തിക്കുന്നു.
സഭയുടെ രൂപം മനസ്സിലാക്കുന്നതിന് ഈ വിഭാഗക്കാരായ ആളുകൾ അപ്പസ്തോലപ്രവർത്തനങ്ങൾ വായിക്കുന്നത് ഉചിതമാണെന്ന് വ്യക്തമാക്കുന്ന പാപ്പാ സഭ തന്നെ തള്ളിക്കളയുന്ന ഒരനുഭവം “എൽ ജി ബി ടി” വിഭാഗത്തിൽപ്പെട്ട കത്തോലിക്കനായ ഒരുവനുണ്ടായിട്ടുണ്ടെങ്കിൽ അത് സഭയുടെ ഭാഗത്തു നിന്നുള്ള നിരസിക്കലല്ല, പ്രത്യുത, സഭയിലെ വ്യക്തികളുടെ നടപടിയായി മനസ്സിലാക്കണമെന്നും കാരണം സഭ അമ്മയാണെന്നും സ്വന്തം മക്കളെ എല്ലാവരെയും അവൾ ആശ്ലേഷിക്കുന്നുവെന്നും വിശദീകരിക്കുന്നു.
സഭ വരണാത്മകമാണെങ്കിൽ അവൾ തിരുസഭാമാതവാകില്ലെന്നും കേവലം അവാന്തരവിഭാഗമായി പരിണമിക്കുമെന്നും പാപ്പാ കത്തിൽ പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: