തിരയുക

ജൈവവൈവിധ്യ സംരക്ഷണത്തെ അധികരിച്ച് റോമിൽ  സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര സമ്മേളനത്തിൽ സംബന്ധിച്ചവരെ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 21/05/22 ജൈവവൈവിധ്യ സംരക്ഷണത്തെ അധികരിച്ച് റോമിൽ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര സമ്മേളനത്തിൽ സംബന്ധിച്ചവരെ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 21/05/22  (Vatican Media)

"പരിചരണത്തിൻറെ ആഗോള ഗ്രാമം" നിർമ്മിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു!

ഫ്രാൻസീസ് പാപ്പാ, റോമിൽ ജൈവവൈവിധ്യ സംരക്ഷണത്തെ അധികരിച്ച് സംഘടിപ്പിക്കപ്പെട്ട അന്താരഷ്ട്ര സമ്മേളനത്തിൽ സംബന്ധിച്ചവരെ വത്തിക്കാനിൽ സ്വീകരിച്ചു. ഇറ്റലിയുടെ പ്രതിരോധ മന്ത്രാലയത്തിൻറെ കീഴിൽവരുന്ന സായുധ പൊലീസ് ആയ “കരബിനിയേരി” (Carabinieri)-യുടെ ആഭിമുഖ്യത്തിൽ ആയിരുന്നു ഈ ദ്വിദിന സമ്മേളനം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സകലവും അഭേദ്യം പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഒരു ലോകത്തിൽ വിജ്ഞാനാന്തര സംഭാഷണ ലക്ഷ്യത്തോടുകൂടിയും, പരിചരണ സംസ്കൃതിയെ ഊട്ടിവളർത്തുന്നതിനു സംഭാവനയേകിക്കൊണ്ടും വിദ്യഭ്യാസ പ്രക്രിയകളിൽ നൂതനങ്ങളായ പ്രബോധനരീതികൾ കണ്ടെത്തേണ്ടതുണ്ടെന്ന് മാർപ്പാപ്പാ.

ഇറ്റലിയുടെ പ്രതിരോധ മന്ത്രാലയത്തിൻറെ കീഴിൽവരുന്ന സായുധ പൊലീസ് ആയ “കരബിനിയേരി”  (Carabinieri)-യുടെ ആഭിമുഖ്യത്തിൽ മെയ് 19,20 (19-20/05/22) തീയതികളിൽ റോമിൽ ജൈവവൈവിധ്യ സംരക്ഷണത്തെ അധികരിച്ച് സംഘടിപ്പിക്കപ്പെട്ട അന്താരഷ്ട്രസമ്മേളനത്തിൽ സംബന്ധിച്ചവരടങ്ങിയ ഇരുനൂറോളം പേരുടെ ഒരു സംഘത്തെ, വത്തിക്കാനിൽ, പേപ്പൽ ഭവനത്തിൽ ശനിയാഴ്‌ച (21/05/22) സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

പരിചരണ സംസ്കൃതി, വാസ്തവത്തിൽ സമഗ്ര പരിസ്ഥിതി വിജ്ഞാനീയത്തിൻറെ തൂണുകൾ താങ്ങായുള്ള സാകല്യ വിദ്യഭ്യാസവുമായി അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

“പ്രകൃതി മനസ്സിൽ. ജൈവവൈവിധ്യ സംരക്ഷണത്തിനായി പ്രകൃതിയുടെ ഒരു പുത്തൻ സംസ്കാരം" എന്ന വിചിന്തന പ്രമേയം ഈ സമ്മേളനം സ്വീകരിച്ചിരുന്നത് അനുസ്മരിച്ച പാപ്പാ, ഈ സായുധ പൊലീസ് വിഭാഗത്തിൻറെ നേതൃത്വത്തിലുള്ള യത്നം അടിയന്തിരവും ഉത്തരവാദിത്വപരവുമായിരിക്കുന്ന സംഭാഷണം ശക്തിപ്പെടുത്തുന്നതിന് സംഭാവനയേകട്ടെയെന്ന് ആശംസിച്ചു.

കാരണം "നമുക്ക് നിലവിലുള്ള പാരിസ്ഥിതിക വെല്ലുവിളിയും അതിൻറെ മാനുഷിക വേരുകളും നമ്മെ ആശങ്കപ്പെടുത്തുകയും നാമെല്ലാവരെയും ബാധിക്കുകയും ചെയ്യുന്നതാണെന്ന് പാപ്പാ തൻറെ ചാക്രികലേഖനമായ “ലൗദാത്തൊ സീ”യിൽ( Laudato si ') നിന്ന് ഉദ്ധരിച്ചുകൊണ്ട് വിശദീകരിച്ചു.

“മനസ്സിൽ പ്രകൃതി” എന്ന ഈ സമ്മേളനത്തിൻറെ ശീർഷകം, പ്രകൃതിയുടെ സൗന്ദര്യത്തെക്കുറിച്ചുള്ള ധ്യാനത്തിലൂടെ ദൈവത്തെ കണ്ടെത്താൻ ബാഞ്ഞറേജൊയിലെ വിശുദ്ധ ബോനവെന്തൂര പല അവസരങ്ങളിൽ നടത്തിയിട്ടുള്ള ക്ഷണത്തെക്കുറിച്ച് ചിന്തിപ്പിക്കുന്നുവെന്നും മനസ്സിനും ആത്മാവിനും വേണ്ടിയുള്ള ഒരു രൂപീകരണ യാത്രയാണിതെന്നും പാപ്പാ പറഞ്ഞു.

ആകാശത്തിലേക്കും നക്ഷത്രങ്ങളെയും അരുവിയിലെ സ്ഫടികജലത്തിലേക്കും നാം ആശ്ചര്യത്തോടെ നോക്കുമ്പോൾ, നിരവധിയായ സൗന്ദര്യത്തിൻറെ സ്രഷ്ടാവിനെ നാം ധ്യാനിക്കുകയാണെന്നും പ്രകൃതിയെ നട്ടുവളർത്താനും സംരക്ഷിക്കാനും വിളിക്കപ്പെട്ട മനുഷ്യരാശിക്ക്  അത് ഒരു ദാനമായി നൽകപ്പെട്ടിരിക്കുന്നുവെന്നും  പാപ്പാ കൂട്ടിച്ചേർത്തു.

സ്രഷ്ടാവും മനുഷ്യജീവിയും മറ്റ് ജീവജാലങ്ങളും തമ്മിലുള്ള ഈ ചലനാത്മക ബന്ധം തകർന്നാൽ അത് ആ സഖ്യത്തിന് അപരിഹാര്യ ഹാനിവരുത്തുമെന്ന് പാപ്പാ മുന്നറിയിപ്പു നല്കി.

അനാവർത്തിതവും വീണ്ടെടുക്കാൻ കഴിയാത്തതുമായ സൗന്ദര്യത്തിന് പകരം വയ്ക്കാൻ നമ്മൾ സൃഷ്ടിച്ച മറ്റൊന്നുകൊണ്ട് സാധിക്കുമെന്ന് നാം വ്യാമോഹിക്കരുതെന്നും പാപ്പാ പറഞ്ഞു.

എല്ലാത്തരം വിവേചനങ്ങളെയും അക്രമങ്ങളെയും മുൻവിധികളെയും നിരാകരിക്കുന്ന മനുഷ്യബന്ധങ്ങളുടെ ഒരു ശൃംഖല രൂപപ്പെടുത്തുന്നതിന് "പരിചരണത്തിൻറെ ആഗോള ഗ്രാമം" നമ്മുടെ കഴിവുകളുപയോഗിച്ച് നിർമ്മിക്കാൻ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു എന്ന് ഓർമ്മിപ്പിക്കുന്ന പാപ്പാ, നമ്മുടെ ഈ "ഗ്രാമത്തിൽ", വിദ്യാഭ്യാസം, സാഹോദര്യത്തിൻറെ സംവാഹകകയും ജനങ്ങൾക്കിടയിൽ സമാധാനത്തിൻറെയും മതാന്തര സംവാദത്തിൻറെയും ശില്പിയും ആയി മാറുമെന്നും പാപ്പാ പ്രസ്താവിച്ചു.  

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 May 2022, 19:13