തിരയുക

പാപ്പാ: മുത്തശ്ശീമുത്തശ്ശന്മാർ വിരമിച്ചവരല്ല, വലമതിക്കേണ്ട താലന്തുകളുള്ളവർ!

ഫ്രാൻസീസ് പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചാ പ്രഭാഷണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കാൽമുട്ടിന് വേദനയുള്ളതിനാൽ വിശ്രമം ആവശ്യമാണെങ്കിലും ഫ്രാൻസീസ് പാപ്പാ ഈ ബുധനാഴ്ചയും (11/05/22) പ്രതിവാര പൊതുകൂടിക്കാഴ്ച മുടക്കിയില്ല.  വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണം തന്നെയായിരുന്നു പൊതുദർശന വേദി. തന്നെ എല്ലാവർക്കും കാണത്തക്കരീതിയിൽ സുരക്ഷാക്രമീകരണങ്ങളോടെ സജ്ജമാക്കിയിരിക്കുന്ന വെളുത്ത തുറന്ന വാഹനത്തിൽ പാപ്പാ ചത്വരത്തിൽ പ്രവേശിച്ചപ്പോൾ അവിടെ സന്നിഹിതരായിരുന്ന വിവിധ രാജ്യക്കാരായിരുന്ന തീർത്ഥാടകരുടെയും സന്ദർശകരുടെയും കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു. എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് അവർക്കിടയിലൂടെ വാഹനത്തിൽ നീങ്ങിയ പാപ്പാ, കാൽമുട്ടു വേദനമൂലം, വാഹനത്തിൽ ഇരുന്നുകൊണ്ട്, ജനസഞ്ചയത്തെ വലം വെച്ചു. ഇടയക്കു വച്ച് പാപ്പാ ഏതാനും ബാലികാബലന്മാരെ വാഹനത്തിൽ കയറ്റുകയും അവരോടൊപ്പം മുന്നോട്ടുപോകുകയും ചെയ്തു. ജനസഞ്ചയത്തെ വലം വയ്ക്കുന്ന വേളയിൽ അംഗരക്ഷകർ തൻറെ പക്കലേക്കു കൊണ്ടുവന്ന പിഞ്ചു കുഞ്ഞുങ്ങൾക്ക് മുത്തം നല്കുകയും ജനങ്ങൾക്ക് അഭിവാദ്യമർപ്പിക്കുകയും ചെയ്ത ശേഷം പാപ്പാ പ്രസംഗവേദിയിലെത്തുന്നതിനു മുമ്പ് ബാലികാബലന്മാരെ വാഹനത്തിൽ നിന്നിറക്കി. അതിനുശേഷം പാപ്പാ ആ വണ്ടയിൽ തന്നെ പ്രസംഗവേദിക്കടുത്തേക്കു പോകുകയും അവിടെ എത്തിയശേഷം റോമിലെ സമയം രാവിലെ ഏതാണ്ട് 9.00 മണിയോടുകൂടി, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30, കഴിഞ്ഞപ്പോൾ പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

തദ്ദനന്തരം പാപ്പാ, പൊതുകൂടിക്കാഴ്ചാ വേളയിൽ താൻ വാർദ്ധക്യത്തെ അധികരിച്ച് നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടർന്നു.  പഴയനിയമത്തിലെ യൂദിത്തിനെ  അവലംബമാക്കി ആയിരുന്നു പാപ്പായുടെ ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന വിചിന്തനം. തന്‍റെ മുഖ്യ പ്രഭാഷണം പാപ്പാ ആരംഭിച്ചത് ഇപ്രകാരമാണ്:

വീര വനിത യൂദിത്ത്

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

വേദപുസ്തകത്തിലെ ഒരു വീരവനിതയായ യൂദിത്തിനെക്കുറിച്ചാണ് ഇന്ന് നാം പരാമർശിക്കുക. അവളുടെ പേരിലുള്ള പുസ്തകത്തിൻറെ ഉപസംഹാരം – നമ്മൾ അതിൻറെ ഒരു ഭാഗം വായിച്ചു കേട്ടു - ഇസ്രായേലിനെ ശത്രുക്കളിൽ നിന്ന് സംരക്ഷിച്ച ഈ സ്ത്രീയുടെ ജീവിതത്തിൻറെ അന്ത്യഘട്ടത്തെ സംക്ഷിപ്തമായി അവതരിപ്പിക്കുന്നു. തൻറെ വിശ്വാസവും സൗന്ദര്യവും തന്ത്രവും ഉപയോഗിച്ച്, ബെത്തൂലിയ നഗരത്തെയും യൂദയായിലെ ജനങ്ങളെയും അഹങ്കാരിയും നീചനുമായ അസീറിയൻ രാജാവായ നെബുഖദ്‌നോസറിൻറെ സൈന്യാധിപനായ ഹോളോഫെർണസിൻറെ ഉപരോധത്തിൽ നിന്ന് രക്ഷിച്ച, സദ്ഗുണസമ്പന്നയായ ഒരു യഹൂദ യുവ വിധവയാണ് യൂദിത്ത്. അങ്ങനെ, തൻറെ കൗശലത്തോടുകൂടിയ പ്രവർത്തനത്താൽ അവൾ രാജ്യവിരുദ്ധനായ ഏകാധിപതിയെ വധിക്കാൻ പ്രാപ്തയായി. ഈ സ്ത്രീ ധീരയായിരുന്നു, എന്നാൽ, വിശ്വാസമുള്ളവുളുമായിരുന്നു.

യൂദിത്ത് ബെത്തൂലിയായിൽ 

യൂദിത്ത് നായികയായ മഹാ സാഹസിക സംഭവത്തിനുശേഷം, അവൾ അവളുടെ നഗരമായ ബെത്തൂലിയയിൽ താമസിക്കുന്നതിന് മടങ്ങിയെത്തുന്നു, അവിടെ അവൾ നൂറ്റിയഞ്ചു വർഷം വരെ നീണ്ട മനോഹരമായൊരു വാർദ്ധക്യം ജീവിക്കുന്നു. പലർക്കും സംഭവിക്കുന്നതുപോലെ അവൾക്കും വിരമിക്കൽ സമയമായി: അതായത്, ചിലപ്പോൾ തീവ്രമായ തൊഴിൽ ജീവിതത്തിന് ശേഷം, ചിലപ്പോൾ സാഹസികതയുടെയൊ വലിയ അർപ്പണത്തിൻറെയൊ ആയ ജീവിതാനന്തരം. ശ്രദ്ധയിൽപ്പെടുന്ന മഹത്തായ സംഭവങ്ങൾ മാത്രമല്ല വീരത്വം, ഉദാഹരണമായി, സമഗ്രാധിപതിയെ യൂദിത്ത് വധിച്ച സംഭവം: അത് പലപ്പോഴും, പ്രയാസകരമായ അവസ്ഥയിലായിരിക്കുന്ന കുടുംബത്തിനും ഭീഷണി നേരിടുന്ന ഒരു സമൂഹത്തിനും പകരുന്ന സ്നേഹത്തിൻറെ സ്ഥൈര്യത്തിലും കാണപ്പെടുന്നു.

യൂദിത്തിൻറെ ദീർഘായുസ്

യൂദിത്ത് നൂറിലധികം വർഷം ജീവിച്ചു, അത് ഒരു സവിശേഷ അനുഗ്രഹമാണ്. എന്നാൽ വിരമിക്കൽ കാലാനന്തരം ജീവിക്കാൻ അനേക വർഷങ്ങൾ ലഭിക്കുന്നത് ഇന്ന് അസാധാരണമല്ല. നമുക്ക് ലഭ്യമായ ഈ സമയത്തെ നമുക്ക് എങ്ങനെ സുഗ്രാഹ്യമായി അവതരിപ്പിക്കാനും ഫലദായകമാക്കിത്തീർക്കാനും സാധിക്കും? ഞാൻ ഇന്നു വിരമിക്കും, എനിക്ക് അനേകം വർഷങ്ങൾ ഉണ്ടാകും, ഈ ആണ്ടുകളിൽ എനിക്ക് എന്തു ചെയ്യാനാകും, ഞാൻ എങ്ങനെ വളരും- പ്രായം സ്വയം മുന്നേറുന്നു- എന്നാൽ  ആധികാരികതയിൽ, വിശുദ്ധിയിൽ, ജ്ഞാനത്തിൽ ഞാൻ എങ്ങനെ വളരും?

വിരമിക്കലുണർത്തുന്ന ആശങ്ക 

വിരമിക്കൽ പ്രതീക്ഷ, പലർക്കും,   അനിവാര്യവും ആയാസകരവുമായ തൊഴിലിനു ശേഷമുള്ള അർഹതപ്പെട്ടതും അഭികാമ്യവുമായ  വിശ്രമവുമായി ചേർന്നുപോകുന്നു. എന്നാൽ തൊഴിലന്ത്യം ആശങ്കയ്ക്ക് കാരണമാകുന്ന സംഭവവുമുണ്ട്. ഒരു അങ്കലാപ്പോടെയാണ് വിരമിക്കലിനെ നോക്കുക: "ഏറെക്കാലം എൻറെ ജീവിതത്തെ നിറച്ചത് ശൂന്യമാകുമ്പോൾ ഇനി ഞാൻ എന്തുചെയ്യും?". ദൈനംദിന ജോലിയുടെ പൊരുൾ ഒരു കൂട്ടം ബന്ധങ്ങളാണ്, ഉപജീവനത്തിനുള്ളവ സമ്പാദിച്ചതിൻറെ സംതൃപ്തിയാണ്, ഒരു പങ്കാളിത്ത അനുഭവമാണ്, അർഹമായ പരിഗണനയാണ്, വെറും തൊഴിൽ സമയത്തെ ഉല്ലംഘിക്കുന്ന സമ്പൂർണ്ണ സമയം ആണ്.

മുത്തശ്ശീമുത്തശ്ശന്മാരുടെ പരിപാലന ദൗത്യം

തീർച്ചയായും, പേരക്കുട്ടികളെ പരിപാലിക്കുന്നതിൻറെ സന്തോഷകരവും ആയാസകരവുമായ ഒരു പ്രതിബദ്ധതയുണ്ട്; എന്നാൽ, ഇന്ന് ശിശുജനനം വളരെ കുറവാണെന്നും മാതാപിതാക്കൾ പലപ്പോഴും കൂടുതൽ വിദൂരസ്ഥരും ഉപരി യാത്രാവിധേയരും ജോലി, പാർപ്പിടം എന്നിവ സംബന്ധിച്ച പ്രതികൂല സാഹചര്യങ്ങളുള്ളവരുമാണെന്ന് നമുക്കറിയാം. ശിക്ഷണമേകുന്നതിനുള്ള അവസരങ്ങൾ മുത്തശ്ശീമുത്തശ്ശന്മാരെ ഏല്പിക്കുന്നതിൽ ചിലപ്പോൾ കൂടുതൽ വിമുഖത കാട്ടുകയും  പരിപാലനാവശ്യവുമായി  അഭേദ്യം ബന്ധപ്പെട്ടവ മാത്രം അവർക്കേകുകയും ചെയ്യുന്നു. തലമുറകൾ തമ്മിലുള്ള പരമ്പരാഗത സഖ്യത്തെ ഉടച്ചുവാർക്കാൻ ആവശ്യപ്പെടുന്ന വിദ്യാഭ്യാസ, രക്ഷാകർത്തൃ ബന്ധങ്ങളുടെ മേഖലയിലും പുതിയ ആവശ്യങ്ങളുണ്ട്.

പകരം വയ്ക്കാനാവാത്ത പാഠങ്ങൾ

എന്നാൽ, നമുക്ക് സ്വയം ചോദിക്കാം: നമ്മൾ ഈ "പുനർരൂപവല്ക്കരണ" ശ്രമം നടത്തുന്നുണ്ടോ? അതോ ഭൗതികവും സാമ്പത്തികവുമായ അവസ്ഥകളുടെ ആലസ്യത്തിന് നാം സ്വതവേ വിധേയരാകുകയാണോ? തലമുറകളുടെ സഹവർത്തിത്വം, വാസ്തവത്തിൽ, നീളുകയാണ്. ആധുനിക സമൂഹങ്ങളുടെ പുതിയ സാഹചര്യങ്ങളിൽ ഈ തലമുറകളെ ഉപരി മാനവികവും, കൂടുതൽ വാത്സല്യഭരിതവും, ഉപരി നീതിയുള്ളതും ആക്കിത്തീക്കാൻ നമ്മൾ ശ്രമിക്കുന്നുണ്ടൊ? മുത്തശ്ശീമുത്തശ്ശന്മാരെ സംബന്ധിച്ചിടത്തോളം, അവരുടെ വിളിയുടെ ഒരു പ്രധാന ഭാഗം കുഞ്ഞുങ്ങളെ വളർത്തുന്നതിൽ സ്വന്തം മക്കളെ സഹായിക്കുക എന്നതാണ്. കൊച്ചുകുട്ടികൾ ആർദ്രതയുടെ ശക്തിയും ദുർബ്ബലതയോടുള്ള ആദരവും പഠിക്കുന്നു: പകരം വയ്ക്കാനാവാത്ത പാഠങ്ങൾ, മുത്തശ്ശീമുത്തശ്ശന്മാർ വഴി  നൽകാനും സ്വീകരിക്കാനും എളുപ്പമാണ്. ആർദ്രതയും ദുർബ്ബലതയും ബലക്ഷയത്തിൻറെ വെറും അടയാളങ്ങൾ അല്ലെന്ന് മുത്തശ്ശീമുത്തശ്ശന്മാർ പഠിക്കുന്നു: യുവതയെ സംബന്ധിച്ചിടത്തോളം അവ ഭാവിയെ മാനവികമാക്കുന്ന പടവുകളാണ്.

ഏൽപ്പിക്കപ്പെട്ട ദൗത്യം പൂർണ്ണമായി ജീവിച്ച യൂദിത്ത്

യൂദിത്ത് പെട്ടെന്നു വിധവയായി മാറുന്നു, അവൾക്ക് സന്താനങ്ങളില്ല, പക്ഷേ, വൃദ്ധയായ അവൾ, കർത്താവ് അവളെ ഭരമേൽപ്പിച്ച ദൗത്യം പൂർണ്ണമായി ജീവിച്ചു എന്ന അവബോധത്തിൽ, പൂർണ്ണതയുടെയും പ്രശാന്തതയുടെയും ഒരു കാലഘട്ടം ജീവിക്കാൻ പ്രാപ്തയാണ്. അവളെ സംബന്ധിച്ചിടത്തോളം, ജ്ഞാനം, ആർദ്രത, കുടുംബത്തിനും സമൂഹത്തിനുമുള്ള ദാനങ്ങൾ എന്നിവയുടെ നല്ല പൈതൃകം പ്രദാനം ചെയ്യാനുള്ള സമയമാണിത്: വസ്തുക്കളുടെ മാത്രമല്ല, നന്മയുടെ പാരമ്പര്യം.

വാർദ്ധക്യത്തിലെ ആന്തരിക കാഴ്ച

തൻറെ വാർദ്ധക്യത്തിൽ തന്നെയാണ്, യൂദിത്ത് "തൻറെ പ്രിയപ്പെട്ട ദാസിക്ക് സ്വാതന്ത്ര്യം നൽകിയത്". തന്നോട് അടുപ്പമുള്ളവരോടുള്ള അവളുടെ സശ്രദ്ധവും മാനുഷികവുമായ നോട്ടത്തിൻറെ അടയാളമാണിത്. പ്രായമാകുമ്പോൾ, ഒരുവന്  കാഴ്ച മങ്ങും, പക്ഷേ ആന്തരിക നോട്ടം കൂടുതൽ തുളച്ചുകയറുന്നുതായി പരിണമിക്കും. മുമ്പ് കാണാതെപോയവ കാണാൻ ഒരുവൻ പ്രാപ്തനാകുന്നു. അത് അങ്ങനെയാണ്: കർത്താവ് തൻറെ താലന്തുകൾ ചെറുപ്പക്കാരെയും ശക്തരെയും മാത്രമല്ല ഏല്പിക്കുന്നത്: ഓരോരുത്തർക്കും അനുയോജ്യമായ രീതിയിൽ, അവിടത്തെപ്പക്കൽ എല്ലാവർക്കും വേണ്ടത്രയുണ്ട്.  ജനസംഖ്യാപരമായി നോക്കുമ്പോൾ ഇതിനകം വിരമിച്ചവരാണെങ്കിലും, വിലമതിക്കപ്പെടേണ്ട സമ്പത്തായ നിരവധിയായ വൃദ്ധജനത്തിൻറെ കഴിവുകളും സിദ്ധികളും ആസ്വദിക്കാൻ നമ്മുടെ സമൂഹങ്ങളുടെ ജീവിതത്തിനു കഴിയണം. ഇതിന്, പ്രായാധിക്യംചെന്നവരുടെ ഭാഗത്തുനിന്നു തന്നെ, സർഗ്ഗാത്മകവും നവീനവുമായ താൽപ്പര്യവും, ഉദാരമായ സംലഭ്യതയും ആവശ്യമാണ്. മുമ്പത്തെ സജീവമായ ജീവിത നൈപുണ്യങ്ങൾക്ക് അവയുടെ നിയന്ത്രണ ഭാഗം നഷ്‌ടപ്പെടുകയും അവ ദായക വിഭവങ്ങളായി മാറുകയും ചെയ്യുന്നു: അതായത്, പഠിപ്പിക്കുക, ഉപദേശിക്കുക, പടുത്തുയർത്തുക, സൗഖ്യമാക്കുക, ശ്രവിക്കുക... വിശിഷ്യ, യാതൊരു പഠനസാദ്ധ്യതയും ഇല്ലാത്തവരോ ഏകാന്തയിലേക്കു തള്ളപ്പെട്ടവരോ ആയ പിന്നോക്കം നിൽക്കുന്നവർക്ക് അനുകൂലമായവിധത്തിൽ.

ചെറുപ്പത്തിലെ ധൈര്യവും വാർദ്ധക്യത്തിലെ ആർദ്രതയും

യൂദിത്ത് തൻറെ ദാസിയെ മോചിപ്പിക്കുയും എല്ലാവരിലും ശ്രദ്ധ ചെലുത്തുകയും ചെയ്തു. ചെറുപ്പത്തിൽ അവൾ തൻറെ ധൈര്യം കൊണ്ട് സമൂഹത്തിൻറെ ആദരവ് നേടിയിരുന്നു. എന്നാൽ, ഒരു വൃദ്ധയെന്ന നിലയിൽ, അവളുടെ സ്വാതന്ത്ര്യത്തെയും സ്നേഹത്തെയും സമ്പന്നമാക്കിയ ആർദ്രതയാൽ അവൾ ആദരവിന് അർഹയായി. യുദിത്ത് തൻറെ ശൂന്യതയിൽ ദുഃഖത്തോടെ ജീവിക്കുന്ന വിരമിച്ചവൾ അല്ല: അവൾ അവൾക്ക് ദൈവം നൽകുന്ന സമയം ദാനങ്ങളാൽ നിറയ്ക്കുന്ന അഭിനിവേശമുള്ള ഒരു വൃദ്ധയാണ്.

യൂദിത്തിനെപ്പോലെ ആകുക

ഞാൻ നിങ്ങളോടു ശുപാർശ ചെയ്യുന്നു: ഈ ദിവസങ്ങളിൽ നിങ്ങൾ, ബൈബിൾ എടുത്ത് യുദിത്തിൻറെ പുസ്തകം തുറക്കുക: അത് ചെറിയതാണ്, വായിക്കാൻ എളുപ്പമാണ്, 10 താളുകൾ, അതിൽകൂടുതൽ ഇല്ല. ആർദ്രതയിലും ഉദാരതയിലും ചെന്നവസാനിക്കുന്ന ധീരയായ ഉന്നതയായ സ്ത്രീയുടെ ഈ കഥ വായിക്കുക.  നമ്മുടെ മുത്തശ്ശീമുത്തശ്ശന്മാരും  അങ്ങനെ ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാവരും ഇങ്ങനെയാകണം: ധീരരരും ജ്ഞാനികളും ആകണം, പൈതൃകമായി സമ്പത്തല്ല, മറിച്ച് അവരുടെ കൊച്ചുമക്കളിൽ വിതച്ച ജ്ഞാനത്തിൻറെ പൈതൃകം നല്കുന്നവരാകണം. നന്ദി.

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

ശ്രീലങ്കയ്ക്കു വേണ്ടി അഭ്യർത്ഥന

സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങൾക്കു മുന്നിൽ സ്വരമുയർത്തുന്ന ശ്രീലങ്കയിലെ ജനങ്ങളെ, പ്രത്യേകിച്ച് യുവജനത്തെ പാപ്പാ അനുസ്മരിച്ചു.

അക്രമത്തിന് വഴങ്ങിക്കൊടുക്കാത്ത പ്രശാന്തഭാവം നിലനിർത്താൻ ബന്ധപ്പെട്ട എല്ലാവരെയും ആഹ്വാനചെയ്യുന്നതിൽ താൻ അന്നാട്ടിലെ മതാധികാരികളോട് ഒന്നുചേരുന്നുവെന്ന് പാപ്പാ വെളിപ്പെടുത്തി. മനുഷ്യാവകാശങ്ങളോടും പൗരസ്വാതന്ത്ര്യങ്ങളോടുമുള്ള പൂർണ്ണമായ ആദരവ് ഉറപ്പുനൽകിക്കൊണ്ട് ജനങ്ങളുടെ അഭിലാഷങ്ങൾ ശ്രവിക്കാൻ പാപ്പാ ഉത്തരവാദിത്വമുള്ള സകലരോടും അഭ്യർത്ഥിച്ചു.

സമാപനാഭിവാദ്യവും ആശീർവ്വാദവും

പൊതുദർശനപരിപാടിയുടെ അവസാനഭാഗത്ത് പാപ്പാ,  പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ, പതിവുപോലെ, അഭിവാദ്യം ചെയ്തു.

കാൽവരിയിൽ, ക്രിസ്തുവിൻറെ കുരിശിൻചുവട്ടിൽ വിശ്വസ്തതയോടെ നിലകൊണ്ട കന്യകാ മറിയത്തിൻറെ പിൻബലത്തോടെ, കർത്താവിൻറെ കരങ്ങളിൽ വിശ്വാസപൂർവ്വം സമർപ്പിച്ചുകൊണ്ട്, അവളുടെ മാതൃസന്നിഭ മാദ്ധ്യസ്ഥ്യത്തിൽ വിശ്വാസമർപ്പിച്ച് അവളുടെ മാതൃക, പിൻചെല്ലാൻ, അവൾക്ക് സവിശേഷമാം വിധം പ്രതിഷ്ഠിതമായ മെയ്മാസത്തിൽ താൻ എല്ലാവരെയും ക്ഷണിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.

തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടതിനു ശേഷം, പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 May 2022, 12:52

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >