തിരയുക

പാപ്പാ : വാർദ്ധക്യത്തിൻറെ ജ്ഞാനം യുവതയ്ക്ക് നന്മ പ്രദാനം ചെയ്യുന്നു!

ഫ്രാൻസീസ് പാപ്പായുടെ പൊതുദർശന പ്രഭാഷണം: സഭാപ്രസംഗകൻറെ പുസ്തകം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ മെയ് 25-ന്, ബുധനാഴ്ച (25/05/22) അനുവദിച്ച പ്രതിവാര പൊതുദർശനം പരിപാടിയുടെ വേദി  വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണം തന്നെയായിരുന്നു ഇത്തവണയും. തന്നെ എല്ലാവർക്കും കാണത്തക്കരീതിയിൽ സുരക്ഷാക്രമീകരണങ്ങളോടെ സജ്ജമാക്കിയിരിക്കുന്ന വെളുത്ത തുറന്ന വാഹനത്തിൽ പാപ്പാ ചത്വരത്തിൽ പ്രവേശിച്ചപ്പോൾ അവിടെ സന്നിഹിതരായിരുന്ന വിവിധ രാജ്യക്കാരായിരുന്ന തീർത്ഥാടകരുടെയും സന്ദർശകരുടെയും കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു. എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് അവർക്കിടയിലൂടെ വാഹനത്തിൽ നീങ്ങിയ പാപ്പാ, വാഹനത്തിൽ ഇരുന്നുകൊണ്ട്, ജനസഞ്ചയത്തെ വലം വെച്ചു. ഇടയക്കു വച്ച് പാപ്പാ, കഴിഞ്ഞ ആഴ്ചയും ചെയ്തതു പോലെ, ഏതാനും കുട്ടികളെ വാഹനത്തിൽ കയറ്റുകയും അവരോടൊപ്പം മുന്നോട്ടുപോകുകയും ചെയ്തു. ജനസഞ്ചയത്തെ വലം വയ്ക്കുന്ന വേളയിൽ അംഗരക്ഷകർ തൻറെ പക്കലേക്കു കൊണ്ടുവന്ന പിഞ്ചു കുഞ്ഞുങ്ങൾക്ക് മുത്തം നല്കുകയും ജനങ്ങൾക്ക് അഭിവാദ്യമർപ്പിക്കുകയും ചെയ്ത ശേഷം പാപ്പാ പ്രസംഗവേദിയിലെത്തുന്നതിനു മുമ്പ്, തന്നോടൊപ്പമുണ്ടായിരുന്ന കുട്ടികളെ വാഹനത്തിൽ നിന്നിറക്കി. അതിനുശേഷം പാപ്പാ ആ വണ്ടിയിൽ തന്നെ പ്രസംഗവേദിക്കടുത്തേക്കു പോകുകയും അവിടെ എത്തിയശേഷം റോമിലെ സമയം രാവിലെ ഏതാണ്ട് 9.00 മണിയ്ക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30, കഴിഞ്ഞപ്പോൾ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു. തദ്ദനന്തരം പാപ്പാ, പൊതുകൂടിക്കാഴ്ചാ വേളയിൽ താൻ വാർദ്ധക്യത്തെ അധികരിച്ച് നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടർന്നു.  പഴയനിയമത്തിലെ സഭാപ്രസംഗൻറെ (കൊഹേലെത്ത്) പുസ്തകത്തെ അവലംബമാക്കി  ഇറ്റാലിയന്‍ ഭാഷയില്‍ നടത്തിയ വിചിന്തനത്തിൽ പാപ്പാ ഇപ്രകാരം പറഞ്ഞു:

സഭാപ്രസംഗകൻറെ പുസ്തകം: ദൈവഭയം, കല്പനകളുടെ പാലനം

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

വാർദ്ധക്യത്തെക്കുറിച്ചുള്ള ചിന്തകൾ നാം തുടരുകയാണ്. വാർദ്ധക്യത്തെ അധികരിച്ചുള്ള നമ്മുടെ വിചിന്തനത്തിൽ, ഇന്ന് നമ്മൾ വിശകലനം ചെയ്യുക, ബൈബിളിലെ മറ്റൊരു രത്നമായ സഭാപ്രസംഗകൻറെ പുസ്തകമാണ്. ഈ ചെറു പുസ്തകത്തിൻറെ ആദ്യവായനയിൽത്തന്നെ, അതിലെ വിഖ്യാതമായ പല്ലവി നമ്മെ  മനസ്സിനെ സ്പർശിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്നു, അതായത്: "എല്ലാം മായയാണ്", എല്ലാം "മൂടൽമഞ്ഞ്", "പുക", "ശൂന്യത" ആണ്. അസ്തിത്വത്തിൻറെ അർത്ഥത്തെ ചോദ്യം ചെയ്യുന്ന ഈ പദപ്രയോഗങ്ങൾ വിശുദ്ധ ഗ്രന്ഥത്തിനുള്ളിൽ കണ്ടെത്തുന്നത് അതിശയകരമാണ്. യഥാർത്ഥത്തിൽ, ബോധത്തിനും അബോധത്തിനും ഇടയിലുള്ള സഭാപ്രസംഗകൻറെ നിരന്തരമായ ആന്ദോളനം, നീതിയോടുള്ള അഭിനിവേശത്തിൽ നിന്ന് സ്വയം വേർപെടുത്തുന്ന ജീവിതത്തെക്കുറിച്ചുള്ള വിരോധാഭാസപരമായ ഒരു പ്രതിരൂപമാണ്. ദൈവത്തിൻറെ ന്യായവിധിയാണ് ഈ നീതിക്കുള്ള അച്ചാരം. ഈ പുസ്തകത്തിൻറെ ഉപസംഹാരം പരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി കാണിച്ചുതരുന്നു, അതായത്: "ദൈവഭയമുള്ളവനായിരിക്കുക, അവിടത്തെ കല്പനകൾ പാലിക്കുക, കാരണം മനുഷ്യൻറെ മുഴുവൻ കർത്തവ്യവും ഇതുതന്നെ" (സഭാപ്രസംഗകൻ 12:13).

നമ്മിൽ ഉയരുന്ന ചില ചോദ്യങ്ങൾ 

ചില വേളകളിൽ, എല്ലാ വൈരുദ്ധ്യങ്ങളെയും, ശൂന്യതയിൽ നിപതിക്കുന്ന ഒരേ ഭാഗധേയം തന്നെ അവയ്ക്കായി കരുതിവച്ചുകൊണ്ട്,  സ്വാഗതം ചെയ്യുന്നു എന്ന പ്രതീതിയുളവാക്കുന്നു. നിസ്സംഗതയുടെ പാത നമുക്കും, വേദനാജനകമായ നൈരാശ്യബോധത്തിനുള്ള ഏക പ്രതിവിധിയായി തോന്നും. ഇത്തരത്തിലുള്ള ചോദ്യങ്ങൾ നമ്മിൽ ഉയരുന്നു, അതായത്: നമ്മുടെ പരിശ്രമങ്ങൾ ലോകത്തിൽ മാറ്റം വരുത്തിയോ? നീതിയും അനീതിയും തമ്മിലുള്ള വ്യത്യാസം പ്രമാണീകരിക്കാൻ കഴിവുള്ള ആരെങ്കിലുമുണ്ടോ? എല്ലാം പ്രയോജനരഹിതം എന്നു തോന്നുന്നു: എന്തിനാണ് ഇത്രയധികം ബുദ്ധിമുട്ടുന്നത്?

വാർദ്ധക്യം ഉളവാക്കുന്ന നൈരാശ്യത്തെ ചെറുത്തു നിൽക്കുക അനിവാര്യം

ജീവിതത്തിൻറെ ഏത് ദശയിലും ഉണ്ടാകാവുന്ന ഒരുതരം നിഷേധാത്മകമായ അന്തർജ്ഞാനമാണിത്, എന്നാൽ വാർദ്ധക്യം മോഹഭംഗവുമായുള്ള സമാഗമത്തെ മിക്കവാറും അനിവാര്യമാക്കുന്നു എന്നതിൽ സംശയമില്ല. ആകയാൽ, ഈ നൈരാശ്യമുളവാക്കുന്ന ആത്മവീര്യം കെടുത്തുന്ന പ്രത്യാഘാതങ്ങളോടുള്ള വാർദ്ധക്യത്തിൻറെ ചെറുത്തു നില്പ് നിർണ്ണായകമാണ്, അതായത്: ഇപ്പോൾ സകലവും കണ്ടുകഴിഞ്ഞ വിൃദ്ധജനം, നീതിയോടുള്ള അവരുടെ അഭിനിവേശം നിലനിർത്തുന്നുണ്ടെങ്കിൽ, സ്നേഹത്തിനും വിശ്വാസത്തിനും പ്രതീക്ഷയുണ്ട്. സമകാലിക ലോകത്തെ സംബന്ധിച്ചിടത്തോളം, ഈ പ്രതിസന്ധിയിലൂടെയുള്ള കടന്നുപോക്ക്, ഗുണകരമായ ഒരു പ്രതിസന്ധി, നിർണ്ണായകമാണ്, കാരണം സകലവും അളക്കാനും എല്ലാം കൈകാര്യം ചെയ്യാനും തുനിയുന്ന ഒരു സംസ്കാരം അർത്ഥത്തിൻറെയും സ്നേഹത്തിൻറെയും നന്മയുടെയും വീര്യം പൊതുവായി കെടുത്തുന്നതിൽ ചെന്നവസാനിക്കുന്നു.

മനോവീര്യം കെടുത്തുന്ന പ്രലോഭനത്തിൽ നിപതിക്കരുത് 

ഈ മനോവീര്യരാഹിത്യം പ്രവർത്തനാഭിവാഞ്ഛ ഇല്ലാതാക്കുന്നു. ലോകത്തെ കേവലം രേഖപ്പെടുത്തുന്നതിൽ ഒതുങ്ങുന്ന ഒരു ആരോപിത "സത്യം", വിപരീതമായവയോടുള്ള അതിൻറെ നിസ്സംഗതയും രേഖപ്പെടുത്തുകയും അവയെ വീണ്ടെടുക്കാതെ, കാലപ്രവാഹത്തിനും ശൂന്യതയുടെ വിധിയ്ക്കും വിട്ടുകൊടുക്കുകയും ചെയ്യുന്നു. അതിൻറെ ഈ രൂപത്തിൽ - ശാസ്ത്രീയതയുടെ മൂടുപടമണിഞ്ഞതും എന്നാൽ വളരെ നിർവ്വികാരവും അധാർമ്മികവുമായതുമായ രൂപത്തിൽ - സത്യത്തിനായുള്ള ആധുനിക ഗവേഷണം നീതിക്കായുള്ള അഭിനിവേശം പൂർണ്ണമായും ഉപേക്ഷിക്കാൻ പ്രലോഭിതമായിരിക്കുന്നു. അതിൻറെ ഭാഗധേയത്തിലും വാഗ്ദാനത്തിലും വീണ്ടെടുപ്പിലും ഇനി വിശ്വാസം പുലർത്തുന്നുമില്ല.

വാസ്തവത്തിൽ, കാര്യങ്ങളെക്കുറിച്ചുള്ള കൃത്യമായ അറിവിലേക്ക് സകലത്തെയും എത്തിക്കാൻ ആഗ്രഹിക്കുന്ന നമ്മുടെ ആധുനിക സംസ്കാരത്തെ സംബന്ധിച്ചിടത്തോളം, അറിവിനെയും നിരുത്തരവാദിത്വത്തെയും സമന്വയിപ്പിക്കുന്നതായ വിചിത്ര കാരണത്തിൻറെ രൂപം  വളരെ കനത്ത പ്രഹരമാണ്. വാസ്തവത്തിൽ, ധാർമ്മികതയിൽ നിന്ന് നമ്മെ ഒഴിവാക്കുന്ന അറിവ് ആദ്യം സ്വാതന്ത്ര്യത്തിൻറെയും ഊർജ്ജത്തിൻറെയും ഉറവിടമായി പ്രത്യക്ഷപ്പെടുകയും, എന്നാൽ ഉടൻ തന്നെ ആത്മാവിൻറെ പക്ഷാഘാതമായി പരിണമിക്കുകയും ചെയ്യുന്നു.

ലോകത്തിൻറെതായ അറിവിന് കീഴടങ്ങരുത്

സഭാപ്രസംഗകൻ അതിൻറെ വ്യാജോക്തിയാൽ, അറിവിൻറെ സർവ്വശക്തിയുടെ, ഈ മാരകമായ പ്രലോഭനത്തെ- ദുർബ്ബല ഇച്ഛാശക്തിക്ക് ജന്മമേകുന്ന, "സർവ്വജ്ഞാന ഭ്രമ"ത്തെ-  ഇതിനകം അനാവരണം ചെയ്യുന്നു. ഏറ്റവും പുരാതന കൈസ്തവ പാരമ്പര്യത്തിലെ സന്യാസിമാർ ആത്മാവിൻറെ ഈ രോഗത്തെ കൃത്യമായി തിരിച്ചറിഞ്ഞിരുന്നു, അത് വിശ്വാസവും ധാർമ്മികതയുമില്ലാത്ത അറിവിൻറെ വ്യർത്ഥതയും  നീതിരഹിത സത്യത്തിൻറെ മിഥ്യയും പെട്ടെന്ന് കണ്ടെത്തുന്നു. അവർ അതിനെ "നിർവ്വികാരത" എന്ന് വിളിച്ചു. ഇത് എല്ലാവരുടെയും, വൃദ്ധജനത്തിൻറെയും പ്രലോഭനങ്ങളിൽ ഒന്നാണ്. അത് വെറുമൊരു അലസതയല്ല. ഇത് വിഷാദം മാത്രമല്ല. മറിച്ച്, നീതിയോടും തുടർന്നുള്ള പ്രവർത്തനങ്ങളോടും അഭിനിവേശമില്ലാതെ ലോകത്തെക്കുറിച്ചുള്ള അറിവിനു കീഴടങ്ങലാണ്.

"ആലസ്യത്തിൻറെ സമൂഹം"

എല്ലാ ധാർമ്മിക ഉത്തരവാദിത്വങ്ങളെയും യഥാർത്ഥ നന്മയോടുള്ള എല്ലാ ഇഷ്ടത്തെയും നിരാകരിക്കുന്ന ഈ അറിവ് തുറക്കുന്ന പൊരുളിൻറെയും ശക്തികളുടെയും ശൂന്യത നിരുപദ്രവകരമല്ല. അത് ശക്തികളെ നന്മയ്ക്കായുള്ള ഇച്ഛാശക്തികളെ അകറ്റുക മാത്രമല്ല ചെയ്യുന്നത്: പ്രതിപ്രവർത്തനത്തിലൂടെ, അത് തിന്മയുടെ ശക്തികളുടെ ആക്രമണാത്മകതയിലേക്കുള്ള വാതിൽ തുറക്കുന്നു. അവ പ്രത്യയശാസ്ത്രത്തിൻറെ ആധിക്യത്താൽ വികൃതമാക്കപ്പെട്ടിരിക്കുന്ന ഭ്രാന്തമായ ഒരു യുക്തിയുടെ ശക്തികളാണ്. വാസ്‌തവത്തിൽ, എല്ലാ പുരോഗതികളോടും, എല്ലാ സുസ്ഥതികളോടും കൂടി, നമ്മൾ ശരിക്കും ഒരു "ആലസ്യത്തിൻറെ സമൂഹം" ആയിത്തീർന്നിരിക്കുന്നു. ഇതിനെക്കുറിച്ച് അൽപ്പം ചിന്തിക്കുക: നമ്മൾ ആലസ്യത്തിൻറെ സമൂഹമാണ്. നാം വ്യാപകമായ ക്ഷേമം ഉണ്ടാക്കേണ്ടിയിരുന്നു, ശാസ്ത്രീയമായി തിരഞ്ഞെടുത്ത ആരോഗ്യ വിപണിക്ക് നാം ഇടം കൊടുക്കുകയും ചെയ്യുന്നു. തരണം ചെയ്യാനാവാത്ത ഒരു പരിധി സമാധാനത്തിന് ഇടേണ്ടവരായിരുന്നു നമ്മൾ, പ്രതിരോധിക്കാൻ കഴിയാത്തവർക്കെതിരെ കൂടുതൽ കൂടുതൽ ക്രൂരമായ യുദ്ധങ്ങൾ നടക്കുന്നത് നമ്മൾ കാണുന്നു. ശാസ്ത്രം പുരോഗമിക്കുന്നു, തീർച്ചയായും, അത് നല്ലതാണ്. എന്നാൽ ജീവിതവിജ്ഞാനം പൂർണ്ണമായും മറ്റൊരു കാര്യമാണ്, അത് സ്തംഭനാവസ്ഥയിലാണെന്നു തോന്നുന്നു.

ലോകത്തിൽ വലിയൊരു ദൗത്യം നിക്ഷിപ്തമായിരിക്കുന്ന വൃദ്ധജനം 

അവസാനമായി, കാര്യക്ഷമരഹിതവും ഉത്തരവാദിത്വരഹിതവുമായ ഈ യുക്തി സത്യത്തെക്കുറിച്ചുള്ള ജ്ഞാനത്തിലും നിന്ന് അർത്ഥവും ഊർജ്ജവും എടുത്തുകളയുന്നു. വ്യാജ വാർത്തകളുടെയും കൂട്ടായ അന്ധവിശ്വാസങ്ങളുടെയും കപട ശാസ്ത്ര സത്യങ്ങളുടെയും കാലമാണ് നമ്മുടേത് എന്നത് യാദൃശ്ചികമല്ല. ഇത് കൗതുകകരമാണ്, അതായത്: അറിവിൻറെ, എല്ലാ കാര്യങ്ങളും അറിയുന്നതിൻറെ,  അറിവിൻറെ കൃത്യതയുടെ പോലുമായ, ഈ സംസ്കൃതിയിൽ,  നിരവധി മന്ത്രവാദങ്ങൾ, പരിഷ്കൃത ആഭിചാരകർമ്മങ്ങൾ പ്രചരിച്ചു, അത് അറിയാമോ?  അത് നിങ്ങളെ അന്ധവിശ്വാസമാർന്ന ഒരു ജീവിതത്തിലേക്കാനയിക്കുന്ന ഒരു തരം  പരിഷ്കൃതമായ മന്ത്രവാദമാണ്: ഒരു വശത്ത്, കാര്യങ്ങൾ സമൂലം അറിയുന്നതിന് ധിക്ഷണാപരമായി മുന്നോട്ട് പോകുന്നു; മറുവശത്ത്, മറ്റെന്തെങ്കിലും ആവശ്യമുള്ള ആത്മാവ് അന്ധവിശ്വാസങ്ങളുടെ പാത സ്വീകരിച്ച് മന്ത്രവാദത്തിൽ അവസാനിക്കുന്നു. നീതിയോട് ഇഷ്ടം കൂടാത്ത മനസ്സിൻറെ സത്യത്തിൻറെ ഭ്രമത്തിൽ മറഞ്ഞിരിക്കുന്ന വഞ്ചന വെളിച്ചത്തുകൊണ്ടുവരാനുള്ള കല സഭാപ്രസംഗകൻറെ വ്യംഗ്യാത്മക ജ്ഞാനത്തിൽ നിന്ന് പഠിക്കാൻ വാർദ്ധക്യത്തിന് കഴിയും. ജ്ഞാനവും നർമ്മവും നിറഞ്ഞ പ്രായധിക്യം ചെന്നവർ ചെറുപ്പക്കാർക്ക് വളരെയധികം നന്മ ചെയ്യുന്നു! ദുഃഖകരമായ ലൗകികവും ജീവിത ജ്ഞാനവിമുക്തവുമായ അറിവിൻറെ പ്രലോഭനത്തിൽ നിന്ന് അവർ അവരെ രക്ഷിക്കുന്നു. കൂടാതെ, വാർദ്ധക്യത്തിലെത്തിയവർ യേശുവിൻറെ വാഗ്ദാനത്തിലേക്ക് അവരെ പുനരാനയിക്കുന്നു: "നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ, അവർ സംതൃപ്തരാകും" (മത്തായി 5:6). അവരായിരിക്കും യുവാക്കളിൽ നീതിക്കുവേണ്ടിയുള്ള വിശപ്പും ദാഹവും വിതയ്ക്കുക. പ്രായമായ എല്ലാവരും ധൈര്യമുള്ളവരായിരിക്കുക: മുന്നേറുക! ലോകത്തിൽ നമുക്ക് വളരെ വലിയ ഒരു ദൗത്യമുണ്ട്. പക്ഷേ, ദയവായി, മൂർത്തവും യഥാർത്ഥവുമല്ലാത്തതും വേരുകളില്ലാത്തതുമായ ആശയവാദത്തിൽ, തെളിച്ചു പറയുകയാണെങ്കിൽ: ജീവിതത്തിലെ മന്ത്രവാദങ്ങളിൽ, അഭയം തേടാൻ ശ്രമിക്കരുത്. നന്ദി.

പ്രഭാഷണാനന്തര അഭിവാദ്യങ്ങളും ആശീർവ്വാദവും

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

ടെക്സസ് വെടിവെയ്പു ദുരന്തം - ആയുധക്കടത്ത് അവസാനിപ്പിക്കുക

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്തിലെ ഒരു പ്രാഥമിക വിദ്യാലയത്തിൽ സാൽവദോർ റമോസ് എന്ന 18 വയസ്സുകാരൻ 19 കുട്ടികളെയും 2 മുതിർന്നവരെയും വെടിവെച്ചു കൊന്ന ദുരന്ത സംഭവത്തിൽ പാപ്പാ ഖേദം രേഖപ്പെടുത്തി.

ഈ സംഭവം തൻറെ ഹൃദയം തകർത്തുവെന്നു വെളിപ്പെടുത്തിയ പാപ്പാ, കൊല്ലപ്പെട്ട കുട്ടികൾക്കും മുതിർന്നവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുകയും വിവേചനരഹിതമായ ആയുധക്കടത്ത് അവസാനിപ്പിക്കേണ്ട സമയമാണിതെന്നും ഇനിയും ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും പ്രതിബദ്ധതയോടെ പരിശ്രമിക്കണമെന്നും ഓർമ്മിപ്പിക്കുകയും ചെയ്തു.

പൊതുദർശനപരിപാടിയുടെ അവസാനഭാഗത്ത് പാപ്പാ,  പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ, പതിവുപോലെ, അഭിവാദ്യം ചെയ്തു. തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടതിനു ശേഷം, പാപ്പാ,  എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 May 2022, 15:35

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >