തിരയുക

ദൈവത്തിൻറെ മൗനത്തിൽ മറഞ്ഞിരിക്കുന്ന ആർദ്രത കണ്ടെത്തുന്ന ജോബ്!

ഫ്രാൻസീസ് പാപ്പായുടെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണം: സകലവും നഷ്‌ടപ്പെട്ടതിൻറെ വേദനയാലുള്ള നിരാശയിലും തളർച്ചയിലും നിഷേധാത്മകരൂപത്തിലുള്ള ഒരു നിർണ്ണയത്തിലെത്തുന്ന പ്രലോഭനത്തെ അതിജീവിക്കാൻ ജോബിൽ നിന്നു പഠിക്കുക.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ ഈ ബുധനാഴ്ചയും (18/05/22) പതിവുപോലെ പ്രതിവാര പൊതുദർശനം അനുവദിച്ചു.  വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണം തന്നെയായിരുന്നു വേദി. തന്നെ എല്ലാവർക്കും കാണത്തക്കരീതിയിൽ സുരക്ഷാക്രമീകരണങ്ങളോടെ സജ്ജമാക്കിയിരിക്കുന്ന വെളുത്ത തുറന്ന വാഹനത്തിൽ പാപ്പാ ചത്വരത്തിൽ പ്രവേശിച്ചപ്പോൾ അവിടെ സന്നിഹിതരായിരുന്ന വിവിധ രാജ്യക്കാരായിരുന്ന തീർത്ഥാടകരുടെയും സന്ദർശകരുടെയും കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു.  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് അവർക്കിടയിലൂടെ വാഹനത്തിൽ നീങ്ങിയ പാപ്പാ, വാഹനത്തിൽ ഇരുന്നുകൊണ്ട്, ജനസഞ്ചയത്തെ വലം വെച്ചു. ഇടയക്കു വച്ച് പാപ്പാ, കഴിഞ്ഞ ആഴ്ചയും ചെയ്തതു പോലെ, ഏതാനും കുട്ടികളെ വാഹനത്തിൽ കയറ്റുകയും അവരോടൊപ്പം മുന്നോട്ടുപോകുകയും ചെയ്തു. ജനസഞ്ചയത്തെ വലം വയ്ക്കുന്ന വേളയിൽ അംഗരക്ഷകർ തൻറെ പക്കലേക്കു കൊണ്ടുവന്ന പിഞ്ചു കുഞ്ഞുങ്ങൾക്ക് മുത്തം നല്കുകയും ജനങ്ങൾക്ക് അഭിവാദ്യമർപ്പിക്കുകയും ചെയ്ത ശേഷം പാപ്പാ പ്രസംഗവേദിയിലെത്തുന്നതിനു മുമ്പ്, തന്നോടൊപ്പമുണ്ടായിരുന്ന കുട്ടികളെ വാഹനത്തിൽ നിന്നിറക്കി. അതിനുശേഷം പാപ്പാ ആ വണ്ടിയിൽ തന്നെ പ്രസംഗവേദിക്കടുത്തേക്കു പോകുകയും അവിടെ എത്തിയശേഷം റോമിലെ സമയം രാവിലെ ഏതാണ്ട് 9.00 മണിയോടുകൂടി, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30, കഴിഞ്ഞപ്പോൾ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു. തദ്ദനന്തരം പാപ്പാ, പൊതുകൂടിക്കാഴ്ചാ വേളയിൽ താൻ വാർദ്ധക്യത്തെ അധികരിച്ച് നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടർന്നു.  പഴയനിയമത്തിലെ ജോബ്  ആയിരുന്നു പാപ്പായുടെ ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന വിചിന്തനത്തിലെ കഥാപാത്രം. തന്‍റെ മുഖ്യ പ്രഭാഷണം പാപ്പാ ആരംഭിച്ചത് ഇപ്രകാരമാണ്:

ജോബിൻറെ വിശ്വാസ സാക്ഷ്യം

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

നാം വായിച്ചുകേട്ട വേദപുസ്തക വാക്യങ്ങൾ സാർവ്വത്രിക സാഹിത്യത്തിൻറെ ഒരു  പരകോടിയായ ജോബിൻറെ പുസ്തകത്തിൻറെ സമാപന ഭാഗമാണ്. വാർദ്ധക്യത്തെക്കുറിച്ചുള്ള നമ്മുടെ പരിചിന്തന പ്രയാണത്തിൽ നാം ജോബിനെ കണ്ടുമുട്ടുന്നു: ദൈവത്തിൻറെ "ഹാസ്യരൂപത്തെ" (Caricature) അംഗീകരിക്കാത്തതും അവിടന്ന് പ്രത്യുത്തരിക്കുകയും  അവിടത്തെ വദനം വെളിപ്പെടുത്തുകയും ചെയ്യുന്നതുവരെ തിന്മയ്ക്കു മുന്നിൽ നിലവിളിയോടെ പ്രതിഷേധമുയർത്തുന്നതുമായ വിശ്വാസത്തിൻറെ സാക്ഷിയായിട്ടാണ് ജോബിനെ  നാം കണ്ടുമുട്ടുക. അവസാനം, ദൈവം, എല്ലായ്പ്പോഴും എന്നപോലെ, അതിശയിപ്പിക്കുന്ന രീതിയിൽ പ്രതികരിക്കുന്നു: അവിടന്ന് ജോബിനെ ഞെരുക്കാതെ, ഉദാത്തമായ ആർദ്രതയോടെ തൻറെ മഹത്വം അവനു കാണിച്ചുകൊടുക്കുന്നു. ജോബിൻറെ രോദനത്തിൻറെ ശക്തി മനസ്സിലാക്കണമെങ്കിൽ മുൻവിധികളോടും ഉപരിപ്ലവമായിട്ടുമല്ല, മറിച്ച്, ശ്രദ്ധാപൂർവ്വം ഈ പുസ്തകത്തിൻറെ താളുകൾ വായിക്കണം. എല്ലാം നഷ്‌ടപ്പെട്ടതിൻറെ വേദനയാലുള്ള നിരാശയിലും തളർച്ചയിലും നിഷേധാത്മകരൂപത്തിലുള്ള ഒരു നിർണ്ണയത്തിലെത്തുന്ന പ്രലോഭനത്തെ അതിജീവിക്കാൻ ജോബിൽ നിന്നു പഠിക്കുന്നത് നമുക്ക് ഗുണകരമാകും.

ദൈവത്തിൻറെ ഇടപെടൽ

ഈ പുസ്‌തകത്തിൻറെ സമാപന ഭാഗത്ത് - അവസാനം ദൈവം സംസാരിക്കുന്നു – ദൈവത്തിൻറെ മൗനത്തിനു പിന്നിൽ മറഞ്ഞിരിക്കുന്ന അവിടത്തെ ആർദ്രതയുടെ രഹസ്യം  മനസ്സിലാക്കിയതിന് ജോബ് പ്രശംസിക്കപ്പെടുന്നു. സകലവും, ദൈവത്തെക്കുറിച്ചും വേദനയെക്കുറിച്ചും എല്ലാം അറിയാമെന്ന് കരുതുകയും, മുൻധാരണയോടുകൂടി ജോബിനെ വിധിക്കുകയും ചെയ്തതിനു ശേഷം അവനെ ആശ്വസിപ്പിക്കാൻ എത്തിയ  ജോബിൻറെ സുഹൃത്തുക്കളെ ദൈവം ശാസിക്കുന്നു. കാപട്യവും അഹങ്കാരവും നിറഞ്ഞ ഇത്തരം ഭക്തിയിൽ നിന്ന് ദൈവം നമ്മെ കാത്തുരക്ഷിക്കട്ടെ!

ദൈവത്തിൻറെ ശിക്ഷയിൽ നിന്ന് സ്വന്തം മിത്രങ്ങളെ രക്ഷിക്കുന്ന ജോബിൻറെ പ്രാർത്ഥന   

അവരെക്കുറിച്ച് കർത്താവ് പറയുന്നത് ഇങ്ങനെയാണ്: “എൻറെ ക്രോധം നിങ്ങൾക്കെതിരെ ജ്വലിക്കുന്നു, എന്തെന്നാൽ നിങ്ങൾ എന്നെപ്പറ്റി എൻറെ ദാസനായ ജോബിനെപ്പോലെ ശരിയായിട്ടല്ല സംസാരിച്ചത്. .... എൻറെ ദാസനായ ജോബ് നിങ്ങൾക്കായി പ്രാർത്ഥിക്കും,  ഞാൻ അവൻറെ പ്രാർത്ഥന സ്വീകരിച്ച് നിങ്ങളുടെ ഭോഷത്തത്തിന് നിങ്ങളെ ശിക്ഷിക്കുകയില്ല.”(ജോബ് 42,7-8). ദൈവത്തിൻറെ ഈ പ്രഖ്യാപനം നമ്മെ അത്ഭുതപ്പെടുത്തുന്നു, കാരണം നമ്മെ പരിഭ്രാന്തിയിലാഴ്ത്തുന്ന തരത്തിലുള്ള ജോബിൻറെ പ്രതിഷേധാഗ്നിയുടെ താളുകൾ നാം വായിച്ചു. എന്നിട്ടും, കർത്താവ് പറയുന്നു – ജോബ് നന്നായി സംസാരിച്ചു, കാരണം ദൈവം ഒരു "പീഡകൻ" ആണെന്ന് അംഗീകരിക്കാൻ വിസമ്മതിച്ചു. അവൻറെ ആ മോശം മിത്രങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടതിനു ശേഷം, ദൈവം, ഒരു പ്രതിഫലമെന്ന നിലയിൽ, ജോബിന് അവൻറെ സ്വത്തുക്കൾ ഇരട്ടിയായി തിരികെ നൽകുന്നു.

ദൈവത്തെക്കുറിച്ചു നല്ലതു മാത്രം ചിന്തിക്കുന്ന ജോബ് 

വിശ്വാസ പരിവർത്തനത്തിൻറെ വഴിത്തിരിവ് കൃത്യമായി സംഭവിക്കുന്നത് ജോബിൻറെ പൊട്ടിത്തെറിയുടെ ഉച്ചസ്ഥായിയിലാണ്, അവിടെ അദ്ദേഹം പറയുന്നു: " എനിക്കു ന്യായം നടത്തിത്തരുന്നവൻ ജീവിക്കുന്നെന്നും അവസാനം അവൻ മണ്ണിൽ ഉയർന്നുവരുമെന്നും എനിക്കറിയാം! എൻറെ ചർമ്മം അഴുകി ഇല്ലാതായാലും, എൻറെ മാംസമില്ലാതെ, ഞാൻ ദൈവത്തെ കാണും, മറ്റാരെയുമല്ല അവിടത്തെ, ഞാൻ തന്നെ കാണും എൻറെ നയനങ്ങൾ അവനെ ദർശിക്കും "(19,25-27). നമുക്ക് അത് ഇങ്ങനെ വ്യാഖ്യാനിക്കാം: “എൻറെ ദൈവമേ, നീ ഉപദ്രവിക്കുന്നവനല്ലെന്ന് എനിക്കറിയാം. എൻറെ ദൈവം വന്ന് എനിക്ക് നീതി നടത്തും”.

മനുഷ്യൻറെ ചെറുമയും ബലഹീനതയും കടുത്ത പരീക്ഷണങ്ങളും

ജോബിൻറെ പുസ്‌തകത്തിലെ ഉപമ, ജീവിതത്തിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നാടകീയവും മാതൃകാപരവുമായ രീതിയിൽ അവതരിപ്പിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു വ്യക്തിയുടെ, ഒരു കുടുംബത്തിൻറെ അല്ലെങ്കിൽ ഒരു ജനതയുടെ മേൽ മനുഷ്യൻറെ ചെറുമയ്ക്കും ബലഹീനതയ്ക്കും ആനുപാതികമല്ലാത്ത വളരെ കഠിനമായ പരീക്ഷണങ്ങൾ വന്നു പതിക്കുന്നു. ജീവിതത്തിൽ പലപ്പോഴും, അതിനെ "കൂനിന്മേൽ കുരു" എന്നു പറയാം. ചില ആളുകൾ ശരിക്കും അത്യധികവും അനീതിയും ആയി തോന്നുന്ന ഒരു കൂട്ടം തിന്മകളാൽ വലയുന്നു.

വിസ്മയിപ്പിക്കുന്ന വിശ്വാസ സ്ഥൈര്യം

നമുക്കെല്ലാവർക്കും അങ്ങനെയുള്ളവരെ അറിയാം. അവരുടെ നിലവിളി നമ്മെ സ്പർശിച്ചിട്ടുണ്ട്, എന്നാൽ അവരുടെ വിശ്വാസത്തിൻറെയും സ്നേഹത്തിൻറെയും അചഞ്ചലതയ്ക്ക് മുന്നിൽ നമ്മൾ പലപ്പോഴും വിസ്മയസ്തബ്ധരായിട്ടുണ്ട്. കടുത്ത  വൈകല്യങ്ങളുള്ള കുട്ടികളുടെ മാതാപിതാക്കളെക്കുറിച്ചോ മാറാരോഗങ്ങളോടെ ജീവിക്കുന്നവരെക്കുറിച്ചോ അവരുടെ ചാരത്തുള്ള ബന്ധുക്കളെക്കുറിച്ചോ ഞാൻ ചിന്തിക്കുന്നു ... സാമ്പത്തിക വിഭവങ്ങളുടെ ദൗർലഭ്യം സാഹചര്യങ്ങളെ പലപ്പോഴും വഷളാക്കുന്നു. ചരിത്രത്തിൻറെ ചില സംഗമവേദികളിൽ, ഈ ഭാരങ്ങളുടെ കൂമ്പാരങ്ങൾ ഒന്നിച്ചു വരുന്നതായി തോന്നും. കോവിദ് -19 മഹാമാരിയുടെ ഈ ആണ്ടുകളിൽ സംഭവിച്ചത് ഇതാണ്. ഇപ്പോൾ ഉക്രൈയിനിലെ യുദ്ധത്തിലും സംഭവിക്കുന്നതും ഇതാണ്.

പീഢിതൻറെ പ്രതികരണാവകാശം

പ്രകൃതിയുടെയും ചരിത്രത്തിൻറെയും ഉന്നതമായ ഒരു യുക്തിയായി നമുക്ക് ഈ "ബാഹുല്യങ്ങളെ" ന്യായീകരിക്കാൻ കഴിയുമോ?  ഇരകളുടെ പാപങ്ങൾക്കുള്ള ന്യായമായ പ്രതികരണമായി, അവർ അർഹിക്കുന്നതായി, അവയെ നമുക്ക് മതപരമായി അംഗീകരിക്കാൻ കഴിയുമോ? ഇല്ല, നമുക്ക് സാധിക്കില്ല. തിന്മയുടെ നിഗൂഢതയ്‌ക്കെതിരെ പ്രതിഷേധിക്കാൻ ഇരയ്‌ക്ക് ഒരുതരം അവകാശമുണ്ട്, ദൈവം ഏതൊരാൾക്കും നൽകുന്ന അവകാശം, തീർച്ചയായും, അവിടന്നു തന്നെയാണ്,  ഈ പ്രചോദനം നൽകുന്നത്. കഥയുടെ ആദ്യ നിമിഷത്തിൽ ദൈവത്തിൻറെ "മൗനം" അർത്ഥമാക്കുന്നത് ഇതാണ്. ദൈവം സംവാദത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയില്ല, പക്ഷേ തുടക്കത്തിൽ അവിടന്ന് ജോബിനെ  തുറന്ന് പ്രതിഷേധിക്കാൻ അനുവദിക്കുന്നു, ദൈവം ശ്രവിക്കുന്നു. നാം ഈ ആദരവും ഈ ആർദ്രതയും ദൈവത്തിൽ നിന്ന് പഠിക്കേണ്ടിയിരിക്കുന്നു. ജോബിൻറെ സുഹൃത്തുക്കളുടെ വിജ്ഞാനകോശ സമാനമായ വിശദീകരണങ്ങൾ ദൈവം ഇഷ്ടപ്പെടുന്നില്ല. മറിച്ച് ജോബിൻറെ പ്രതിഷേധമൊ നിശബ്ദതയൊ ആണ് അവിടത്തേക്ക് കൂടുതൽ പ്രിയങ്കരം.

ദൈവദർശനം

ദൈവത്തോട്, പരമോന്നത നീതിയോട്, ഉള്ള അഭംഗുര അഭ്യർത്ഥനയിൽ നിന്നുയരുന്ന ജോബിൻറെ വിശ്വാസ പ്രഖ്യാപനം ഏതാണ്ട് അലൗകികമായ ഒരു അനുഭവത്താലാണ് പൂർത്തിയാകുന്നത്. അത് അദ്ദേഹത്തെ ഇങ്ങനെ പറയാൻ പ്രേരിപ്പിക്കുന്നു: "അങ്ങയെക്കുറിച്ച് എനിക്ക് കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നാൽ ഇപ്പോൾ എൻറെ കണ്ണുകൾ അങ്ങയെ കാണുന്നു" (ജോബ് 42,5). എത്രമാത്രം ആളുകളാണ്, നമ്മിൽ എത്രപേരാണ്, മോശമായ, ഇരുളടഞ്ഞ ഒരു അനുഭവത്തിനു ശേഷം ദൈവത്തെ പൂർവ്വോപരി നന്നായിട്ടറിയുന്നത്! വാർദ്ധക്യത്തെ അതിൻറെ കൂടിക്കൊണ്ടിരിക്കുന്ന  ദുർബ്ബലതയിലും നഷ്ടത്തിലും ഉൾക്കൊള്ളുകയാണെങ്കിൽ ഈ സാക്ഷ്യം, വിശിഷ്യ, വിശ്വസനീയമാണ്. പഴയ ആളുകൾ ജീവിതത്തിൽ പലതും കണ്ടിട്ടുണ്ട്! മനുഷ്യരുടെ വാഗ്ദാനങ്ങളിലെ പൊരുത്തക്കേടും അവർ കണ്ടിട്ടുണ്ട്. നിയമജ്ഞർ, ശാസ്ത്രജ്ഞർ എന്നിവരും മതാനുയായികൾ പോലും, വേദനയുടെ പൂർണ്ണ ഉത്തരവാദിത്വം ഇരകളുടെ മേൽ ആരോപിക്കുകയും പീഢകനും ഇരയും തമ്മിൽ മാറിപ്പോകുന്ന ആശയക്കുഴപ്പം ഉളവാക്കുകയും ചെയ്യുന്നു. അവർക്ക് തെററു പറ്റുന്നു.

ദുർഗ്ഗമാകുന്ന വൃദ്ധജനം 

നഷ്‌ടമുളവാക്കുന്ന അമർഷത്തെ ദൈവത്തിൻറെ വാഗ്ദാനത്തിനായുള്ള നിശ്ചയദാർഢ്യത്തോടുകൂടിയ കാത്തിരിപ്പാക്കി മാറ്റുന്ന ഈ സാക്ഷ്യത്തിൻറെ ഈ വഴി കണ്ടെത്തുന്ന വൃദ്ധർ  തിന്മയുടെ ആധിക്യത്തെ നേരിടുന്നതിൽ സമൂഹത്തിന് പകരം വയ്ക്കാനാവാത്ത ഒരു കോട്ടയാണ്- ഒരു മാറ്റമുണ്ട്, അല്ലേ? ക്രൂശിത രൂപത്തിലേക്ക് തിരിയുന്ന വിശ്വാസികളുടെ നോട്ടം ഇതാണ് പഠിക്കുന്നത്. നമുക്കും അത് പഠിക്കാൻ കഴിയും, നിരവധി മുത്തശ്ശന്മാരിൽ നിന്ന്, മുത്തശ്ശിമാരിൽ നിന്ന്, മറിയത്തെപ്പോലെ, തങ്ങളുടെ പ്രാർത്ഥനയെ, ചിലപ്പോൾ ഹൃദയഭേദകമായ പ്രാർത്ഥനയെ, കുരിശിൽ പിതാവിന് സ്വയം സമർപ്പിക്കുന്ന ദൈവപുത്രൻറെ പ്രാർത്ഥനയോടു ചേർക്കുന്ന നിരവധി പ്രായമായവരിൽ നിന്ന്. നമുക്കും പ്രായംചെന്നവരെ നോക്കാം, വൃദ്ധജനത്തെ നോക്കാം, ജീവിതത്തിൽ ഏറെ സഹനങ്ങളിലൂടെ കടന്നുപോയ, ജീവിതത്തിൽ നിന്ന് ഏറെ പഠിച്ച അവരെ നമുക്ക് സ്നേഹത്തോടെ നോക്കാം..... അവർ ഒത്തിരി അനുഭവിച്ചു. അവസാനം, അങ്ങനെ, അവർക്ക് ഈ സമാധാനം ലഭിച്ചു, ഒരു അലൗകിക ശാന്തി എന്ന്  ഞാൻ പറയും. അതായത്, ദൈവവുമായുള്ള കണ്ടുമുട്ടലിൻറെ സമാധാനം, "നിന്നെക്കുറിച്ച് എനിക്ക് കേട്ടറിവു മാത്രമെ ഉണ്ടായിരുന്നുള്ളൂ, എന്നാൽ ഇപ്പോൾ എൻറെ കണ്ണുകൾ നിന്നെ കണ്ടു" എന്ന് അവർക്ക് പറയാൻ കഴിയും. കുരിശിൽ പിതാവിന് സ്വയം സമർപ്പിക്കുന്ന ദൈവപുത്രൻറെ സമാധാനത്തോട് സദൃശരാണ് ഈ വൃദ്ധജനം. നന്ദി.

സമാപനാഭിവാദ്യങ്ങൾ

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

കർത്താവിൻറെ വിളിയ്ക്ക് ഉത്തരമേകുക

പൊതുകൂടിക്കാഴ്ചയ്ക്കെത്തിയിരുന്ന മിലാൻ രൂപതയിലെ വൈദികരെയും പൗരോഹിത്യസ്വീകരണത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുന്ന പാദുവക്കാരായ ശെമ്മാശന്മാരെയും പ്രത്യേകം അഭിവാദ്യം ചെയ്ത പാപ്പാ  ദൈവത്തിൻറെ വിശുദ്ധ ജനത്തിന് ഉദാരസേവനം ചെയ്യുന്നതിനുള്ള കർത്താവിൻറെ വിളിയോട് വിശ്വസ്തതയോടെ പ്രത്യുത്തരിക്കാനുള്ള സന്നദ്ധത  അനുദിനം നവീകരിക്കാൻ അവരെ ക്ഷണിച്ചു.

സ്വാഗത സംസ്കൃതിയും ക്രിസ്തീയ സാക്ഷ്യവും

ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുഞ്ഞുങ്ങളെയും വൃദ്ധജനത്തെയും പരിചരിക്കുകയും അവരെ ദത്തെടുക്കുകയും ചെയ്യുന്ന “സ്വാഗതം ചെയ്യുന്ന കുടുംബങ്ങൾ” എന്ന അർത്ഥം വരുന്ന “ഫമീല്യെ പെർ അക്കൊള്യേൻസ” (“Famiglie per l’accoglienza”) സമിതിയെ അഭിവാദ്യം ചെയ്ത പാപ്പാ വിശ്വാസത്തിലും സ്വീകരണസംസ്കൃതിയിലും അചഞ്ചലരായി നിലകൊള്ളാനും അങ്ങനെ, മനോഹരമായ ഒരു ക്രിസ്‌തീയ സാക്ഷ്യവും സുപ്രധാന സാമൂഹിക സേവനവും പ്രദാനം ചെയ്യാനും പ്രചാദനം പകർന്നു.

പൊതുദർശനപരിപാടിയുടെ അവസാനഭാഗത്ത് പാപ്പാ,  പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ, പതിവുപോലെ, അഭിവാദ്യം ചെയ്തു.

യുവതയും രോഗികളും വൃദ്ധ ജനവും നവദമ്പതികളും 

തങ്ങളുടെ പ്രായത്തിൻറെ സിവിശേഷതയായ ഉത്സാഹത്തോടുകൂടി ഊർജ്ജം സുവിശേഷത്തിൻറെ സേവനത്തിനായി വിനിയോഗിക്കാൻ ഭയപ്പെടരുതെന്ന് പാപ്പാ യുവതയോടു പറഞ്ഞു. 

തങ്ങളുടെ അറിവിനാൽ തങ്ങൾ സമൂഹത്തിന് അമൂല്യമായ സംഭാവനയാണ് നൽകുന്നത് എന്ന അവബോധം പുലർത്താൻ പാപ്പാ രോഗികൾക്കും പ്രായംചെന്നവർക്കും പ്രചോദനം പകർന്നു.

ദൈവത്തെയും  അയൽക്കാരനെയും പ്രശാന്തതയിലും സന്തോഷത്തിലും സ്നേഹിക്കാൻ പഠിക്കുന്ന ഇടങ്ങളായി സ്വകുടുംബങ്ങൾ വളരുന്നുവെന്ന് ഉറപ്പുവരുത്താൻ പാപ്പാ നവദമ്പതികളെ ക്ഷണിച്ചു.

തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടതിനു ശേഷം, പാപ്പാ,  എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 May 2022, 14:58

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >