പാപ്പാ: എല്ലാവരുടെയും തൊഴിലിനും മഹത്വമുണ്ട്
സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
സഭ തൊഴിലാളി ലോകത്തെ അനുസ്മരിക്കുന്ന, തൊഴിലാളിയും തൊഴിലാളികളുടെ മധ്യസ്ഥനുമായ വി. യൗസേപ്പിന്റെ തിരുനാൾ ദിനമാണ് മെയ് ഒന്ന് എന്ന് ത്രികാല പ്രാർത്ഥനയുടെ സമാപനത്തിൽ ഫ്രാൻസിസ് പാപ്പാ പറഞ്ഞു. "എല്ലായിടത്തും എല്ലാവർക്കും തൊഴിൽ മഹത്വമുള്ളതായി മാറാൻ " വേണ്ടിയുള്ള നമ്മുടെ പ്രതിബദ്ധതയെ നമുക്ക് നവീകരിക്കാം എന്ന് പറഞ്ഞ പാപ്പാ "സമാധാനത്തിന്റെ സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കാനുള്ള ഇച്ഛാശക്തിയെ പ്രചോദിപ്പിക്കാൻ" കൂടി ഈ ദിനം സഹായിക്കട്ടെ എന്നും കൂട്ടിച്ചേർത്തു. തൊഴിലിടങ്ങളിലെ അപകട മരണത്തെ "വ്യാപകമായ ദുരന്തം" എന്ന് വിശേഷിപ്പിച്ചു കൊണ്ട് ജോലിക്കിടയിൽ മരണമടഞ്ഞ തൊഴിലാളികളെയും ഫ്രാൻസിസ് പാപ്പാ ഓർമ്മിച്ചു.
നവമായി വാഴ്ത്തപ്പെട്ടവർ
ശനിയാഴ്ച മിലാനിൽ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട ഫാ. മാരിയോ ചിചേരിയെയും, അർമീദ ബറേലിയെയും കുറിച്ചും പാപ്പാ സംസാരിച്ചു. ഒരു ഗ്രാമീണ ഇടവക വികാരിയായി സേവനമനുഷ്ഠിക്കുകയും, പ്രാർത്ഥനയിലും കുമ്പസാരം കേൾക്കുന്നതിലും തന്നെത്തന്നെ സമർപ്പിക്കുകയും ചെയ്തിരുന്ന ഫാ. ചിചേരി സൗമ്യനായ ഒരു അധ്യാപകനും, യുവജനങ്ങളുടെ വഴികാട്ടിയുമായാണ് അറിയപ്പെട്ടിരുന്നത്. ഫാ. മരിയോ ചിചേരി "ഒരു അജപാലകന്റെ തിളങ്ങുന്ന ഉദാഹരണ" മാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
യുവതികൾക്കായുള്ള കാത്തലിക് ആക്ഷന്റെ സ്ഥാപകയും ആനിമേറ്ററുമായിരുന്നു അർമീദ ബറേലി, യുവതികളെ എന്നും സഭയിലേക്കും സാമൂഹ്യ സേവനത്തിലേക്കും കൊണ്ടുവരാൻ ഇറ്റലിയിലുടനീളം യാത്ര ചെയ്തിരുന്നതും പാപ്പാ പങ്കുവച്ചു. സ്ത്രീകൾക്കായി ഒരു സെക്യുലർ സ്ഥാപനവും, സേക്രഡ് ഹാർട്ട് കാത്തലിക് യൂണിവേഴ്‌സിറ്റിയും സ്ഥാപിക്കാൻ ഫാ. ജെമെല്ലിക്കൊപ്പം അവർ പ്രവർത്തിച്ചിട്ടുണ്ടെന്നു സൂചിപ്പിച്ച പാപ്പാ ഇന്ന് അർമീദ ബറേലിയെ പ്രത്യേക രീതിയിൽ ആദരിച്ചുകൊണ്ട് സേക്രഡ് ഹാർട്ട് കാത്തലിക് യൂണിവേഴ്‌സിറ്റി അതിന്റെ വാർഷികം ആഘോഷിക്കുകയാണെന്നതും അനുസ്മരിച്ചു. പുതുതായി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തപ്പെട്ടവർക്കു വേണ്ടി കരഘോഷം മുഴക്കാനും വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ കൂടിയിരുന്ന ജനക്കൂട്ടത്തെ ക്ഷണിച്ചു.
ലോക മാധ്യമ സ്വാതന്ത്ര്യ ദിനം
അവസാനമായി വിദ്യാഭ്യാസ, ശാസ്ത്രീയ, സാംസ്‌കാരിക കാര്യങ്ങൾക്കായുള്ള ഐക്യ രാഷ്ട്രസഭയുടെ സംഘടനായ (United Nations Educational, Scientific and Cultural Organization (UNESCO) യുനെസ്കോ സ്ഥാപിച്ച, മെയ് മൂന്നാം തിയതി ആചരിക്കപ്പെടുന്ന, ലോക മാധ്യമ സ്വാതന്ത്ര്യ ദിനത്തെക്കുറിച്ചും പാപ്പാ പരാമർശിച്ചു. കഴിഞ്ഞ വർഷം 47 മാധ്യമപ്രവർത്തകർ കൊല്ലപ്പെടുകയും 350-ലധികം പേർ ആഗോളതലത്തിൽ തടവിലാക്കപ്പെടുകയും ചെയ്ത കാര്യം അനുസ്മരിച്ചുകൊണ്ട്, ലോകത്തിലെ സംഭവവികാസങ്ങൾ നമ്മെ അറിയിക്കാൻവേണ്ടി, ജീവൻ പണയം വച്ചും സേവനം ചെയ്യുകയും തടവിലാക്കപ്പെടുകയും ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് പാപ്പാ അഭിവാദനങ്ങൾ അർപ്പിച്ചു. "മനുഷ്യരാശിയുടെ വിപത്തുകളെക്കുറിച്ച് ധൈര്യത്തോടെ അറിയിക്കുന്ന" മാധ്യമപ്രവർത്തകർക്ക് പാപ്പാ നന്ദി പറയുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: