ലോകസമാധാനത്തിനായി ഫ്രാൻസിസ് പാപ്പാ ജപമാല പ്രാർത്ഥന നയിക്കും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
പുതിയ സുവിശേഷവൽക്കരണത്തിന്റെ പ്രചാരണത്തിനായുള്ള വത്തിക്കാൻ പൊന്തിഫിക്കൽ കൗൺസിൽ മെയ് ഇരുപത്തിയാറിനിറക്കിയ പത്രക്കുറിപ്പിൽ, മെയ് മാസം മുപ്പത്തിയൊന്നാം തീയതി വൈകുന്നേരം ആറുമണിക്ക്, മുഴുവൻ ലോകത്തിനും പ്രതീക്ഷയുടെ അടയാളമായും, ലോകസമാധാനത്തിനായും മരിയ മേജ്ജോറെ ബസലിക്കയിൽ "സമാധാനത്തിന്റെ രാജ്ഞി"യുടെ രൂപത്തിനുമുന്നിൽ പാപ്പാ ജപമാല പ്രാർത്ഥന നയിക്കുമെന്ന് അറിയിച്ചു. യുദ്ധത്തിന്റെ ഭീകരമായ അക്രമങ്ങളിൽ മുറിവേറ്റ ലോകത്തിന് പ്രതീക്ഷയുടെ സന്ദേശമേകുകയാണ്, മാതാവിന് പ്രത്യേകമായി സമർപ്പിക്കപ്പെട്ട മെയ് മാസത്തിലെ അവസാനദിനത്തിൽ, പരിശുദ്ധ അമ്മയുടെ നാമത്തിലുള്ള ബസലിക്കയിൽവച്ച് നടത്തുന്ന ഈ പ്രാർത്ഥനയിലൂടെ പാപ്പാ ഉദ്ദേശിക്കുന്നത്.
പാപ്പാ നടത്തുന്ന ഈ പ്രാർത്ഥനയിൽ വിവിധ തലങ്ങളിൽനിന്നുള്ള ആളുകൾ പങ്കെടുക്കും. കഴിഞ്ഞ ആഴ്ചകളിൽ പ്രഥമദിവ്യകാരുണ്യവും സ്ഥൈര്യലേപനവും സ്വീകരിച്ച കുട്ടികൾ, സ്‌കൗട്ട്, റോമിലെ ഉക്രൈൻ കുടുംബങ്ങൾ, ജ്വലിക്കുന്ന മരിയൻ യുവജനങ്ങൾ എന്ന ഗ്രൂപ്പിലെ അംഗങ്ങൾ, വത്തിക്കാൻ സായുധസേന, സ്വിസ്‌ഗാർഡുകൾ എന്നിവരുടെ പ്രതിനിധികൾ, സമാധാനത്തിന്റെ രാജ്ഞിയുടെ പേരിലുള്ള റോമിലെ മൂന്ന് ഇടവകകളിൽനിന്നുള്ള പ്രതിനിധികൾ, വത്തിക്കാൻ കൂരിയയിലെ അംഗങ്ങൾ എന്നിവരും പാപ്പയോടൊപ്പം പ്രാർത്ഥനയിൽ പങ്കെടുക്കാനെത്തും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അന്താരാഷ്ട്ര മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിൽനിന്നും നിരവധി ആളുകൾ ഇന്റർനെറ്റ് മുഖേന പാപ്പയോടൊപ്പം ഈ പ്രാർത്ഥനായജ്ഞത്തിൽ പങ്കെടുക്കും. പരിശുദ്ധ സിംഹാസനത്തിന്റെ ഔദ്യോഗികചാനലുകൾ വഴി പ്രാർത്ഥനകൾ പ്രക്ഷേപണം ചെയ്യപ്പെടും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: