അമേരിക്കയിലും കാനഡയിലും പ്രകൃതിക്ഷോഭങ്ങളിൽപ്പെട്ടവർക്കായി പാപ്പായുടെ സന്ദേശം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
നിരവധി ആളുകളുടെ മരണത്തിനും, വലിയ നാശനഷ്ടങ്ങൾക്കും കാരണമായ ചുഴലിക്കൊടുങ്കാറ്റിൽ ഇരകളായ ആളുകൾക്കുവേണ്ടി പാപ്പാ പ്രാർത്ഥിക്കുന്നുവെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പരോളിൻ ഗെയ്‌ലോർഡ് രൂപതാധ്യക്ഷൻ ബിഷപ് ജെഫ്രി വാൽഷിനയിച്ച സന്ദേശത്തിൽ പറഞ്ഞു. പ്രകൃതിദുരന്തത്തിൽപ്പെട്ട എല്ലാവരോടും പാപ്പാ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും കർദ്ദിനാൾ എഴുതി.
സംഭവത്തിൽ ഇരകളായവർക്കുവേണ്ടിയും അവരുടെ കുടുംബാംഗങ്ങൾക്ക് വേണ്ടിയും ഫ്രാൻസിസ് പാപ്പാ പ്രാർത്ഥിക്കുന്നുവെന്ന് എഴുതിയ കർദ്ദിനാൾ പാപ്പാ ഈ ദുരന്തത്തിൽപ്പെട്ട എല്ലാവര്ക്കും തന്റെ ആശീർവാദം നൽകുന്നുവെന്നും കൂട്ടിച്ചേർത്തു.
കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ കൊടുങ്കാറ്റിൽ രണ്ടുപേർ മരിക്കുകയും നാല്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കാനഡ മെത്രാൻസംഘത്തിന്റെ അധ്യക്ഷൻ ബിഷപ് റെയ്മണ്ട് പ്വാസോണിനയിച്ച സന്ദേശത്തിൽ, കാനഡയുടെ തെക്കുകിഴക്കൻ പ്രദേശങ്ങളിൽ വീശിയടിച്ച കൊടുങ്കാറ്റിൽ നിരവധി ആളുകൾ ഇരകളായതായും വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായതായും അറിഞ്ഞ ഫ്രാൻസിസ് പാപ്പാ, എല്ലാവർക്കും തന്റെ പ്രാർത്ഥനകൾ വാഗ്ദാനം ചെയ്യുന്നതായി കർദ്ദിനാൾ പരോളിൻ എഴുതി. മരണമടഞ്ഞ ആളുകളുടെ ആത്മാക്കളെ ദൈവത്തിന്റെ കരുണയുടെ മുന്നിൽ സമർപ്പിക്കുന്നുവെന്നും, പരിക്കേറ്റവർക്കും, സംഭവങ്ങളിൽ ദുഃഖിതരായവർക്കും പാപ്പാ തന്റെ ആത്മീയസാന്നിധ്യം ഉറപ്പുനല്കുന്നുവെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: