തിരയുക

ഫ്രാൻസിസ് പാപ്പാ പുതിയ അംബാസഡർമാർക്കൊപ്പം ഫ്രാൻസിസ് പാപ്പാ പുതിയ അംബാസഡർമാർക്കൊപ്പം 

ഭൂമിശാസ്ത്രമോ വ്യക്തിതാല്പര്യങ്ങളോ മാനവികപ്രവർത്തനങ്ങൾക്ക് അളവുകോലാകരുത്: ഫ്രാൻസിസ് പാപ്പാ

ഒരു കുടുംബമെന്ന നിലയിൽ, മനുഷ്യരോട് പ്രകടിപ്പിക്കുന്ന രോക്ഷത്തിന്റെയും പിന്തുണയുടെയും അളവുകോൽ, ഭൂമിശാസ്ത്രപരമോ വ്യക്തിപരമോ ആയിരിക്കരുതെന്ന് ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

മെയ് പത്തൊൻപത് രാവിലെ, പാക്കിസ്ഥാൻ, യു.എ.ഇ., ബുറുണ്ടി, ഖത്തർ എന്നീ രാജ്യങ്ങളിൽനിന്ന് വത്തിക്കാനിലേക്കുള്ള അംബാസഡർമാരെ സ്വീകരിച്ച് സംസാരിക്കവെ, എല്ലാ മനുഷ്യർക്കും അവകാശപ്പെട്ട മനുഷ്യാന്തസ്സ്‌ പരിഗണിച്ച് എല്ലാവരെയും തുല്യരായി കാണണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

രണ്ടു വർഷത്തിലധികമായി മാനവരാശിയെ വിഷമസ്ഥിതിയിലാക്കിയ കോവിഡ് മഹാമാരിയുടെ പിടിയിൽനിന്ന് സ്വാതന്ത്ര്യത്തിലേക്ക് കാൽവയ്ക്കാൻ ആരംഭിക്കുന്ന അവസരത്തിലാണ്, കിഴക്കൻ യൂറോപ്പിൽ യുദ്ധത്തിന്റെ കരിനിഴൽ പരന്നതെന്ന്, റഷ്യൻ ഉക്രൈൻ യുദ്ധത്തെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. ഈയൊരു യുദ്ധം, നേരിട്ടോ അല്ലാതെയോ ലോകം മുഴുവനെയും ബാധിച്ചുകൊണ്ടിരിക്കുകയാണ്.

ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളുടെ ദുരന്തഫലങ്ങളും, ശീതസമരമുയർത്തിയ ആണവഭീഷണിയും, അന്താരാഷ്ട്രനിയമങ്ങളുടെ പാലനത്തിന്റെ പ്രാധാന്യമുയർത്തുകയും, വിവിധ അന്താരാഷ്ട്ര രാഷ്ട്രീയ, സാമ്പത്തിക പ്രസ്ഥാനങ്ങൾക്ക് ജന്മം നൽകുകയും ചെയ്തിരുന്നതിനാൽ, ഇനിയൊരു യുദ്ധം യൂറോപ്പിനെ ബാധിക്കില്ല എന്ന വിശ്വാസമായിരുന്നു ലോകത്തുണ്ടായിരുന്നത് എന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

നിലവിലെ അവസ്ഥയിൽ പക്ഷെ, യുദ്ധത്തിന്റെ ഭീകരതയ്‌ക്കൊപ്പം, മനുഷ്യനന്മയുടെ ചിത്രങ്ങളും, ഈ യുദ്ധപ്രദേശങ്ങളിൽനിന്ന് നമുക്ക് കാണാനാകുന്നുണ്ടെന്ന് പാപ്പാ എടുത്തുപറഞ്ഞു. നിരവധി ആളുകളാണ്, യുദ്ധക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന രാജ്യങ്ങൾക്കും, ആളുകൾക്കും, സാഹോദര്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും സഹായപ്രവർത്തനങ്ങളുമായി മുന്നോട്ട് വന്നത്. ഇവയിൽ അഭയാർത്ഥികളെ സ്വീകരിച്ച രാജ്യങ്ങളും, കുടുംബങ്ങളുമുണ്ട്.

എന്നാൽ, ഇതേസമയത്തുതന്നെ ലോകത്തിന്റെ വിവിധയിടങ്ങളിൽ സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ടെന്നും, അവയിൽ പലതും നമ്മുടെ ശ്രദ്ധ നേടാതെ പോകുന്നുണ്ടെന്നും ഓർമ്മിപ്പിച്ച പാപ്പാ, നാമെല്ലാവരും ഒരു മാനവികകുടുംബത്തിലെ അംഗങ്ങളാണെന്ന കാര്യം മറന്നുപോകരുതെന്ന് ഓർമ്മിപ്പിച്ചു. മറ്റുള്ളവരോട് നീരസം പ്രകടിപ്പിക്കുന്നതും, മാനവികസഹായം വാഗ്ദാനം ചെയ്യുന്നതും, ഭൂമിശാസ്ത്രപരമോ, വ്യക്തിപരമായ താല്പര്യങ്ങളോ അടിസ്ഥാനമാക്കിയാകരുതെന്ന് ഫ്രാൻസിസ് പാപ്പാ എടുത്തുപറഞ്ഞു. എല്ലാ മനുഷ്യരും നമ്മുടെ സഹോദരീസഹോദരന്മാരും, അനിഷേധ്യമായ അന്തസ്സുള്ളവരുമാണെങ്കിൽ, അവർ എവിടെ ജനിച്ചു, എവിടെ ജീവിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാകരുത് അവരെ പരിഗണിക്കുന്നത് എന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു (Fratelli tutti, 125).

ലോകത്ത് വിവിധ വെല്ലുവിളികളും തിരിച്ചടികളും ഉണ്ടെങ്കിലും, വിയോജിപ്പുകൾ സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കപ്പെടുന്നതും, സാഹോദര്യവും പരസ്പര ധാരണയും നിലനിൽക്കുന്നതുമായ ഒരു ലോകം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളിൽ നാം ഒരിക്കലും പ്രതീക്ഷ കൈവിടരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 May 2022, 17:40