ലാഭത്തേക്കാൾ, മനുഷ്യരിൽ കേന്ദ്രീകരിച്ച കാഴ്ചപ്പാട് ആവശ്യമെന്ന് ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഏറെ നാളുകളായി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്ന അടിമത്തത്തിനെതിരെ പോരാടുന്ന സാന്ത മാർത്ത സമൂഹത്തെ അഭിസംഭോധനചെയ്യവേ, ലാഭനഷ്ടങ്ങളേക്കാൾ, മനുഷ്യരിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു കാഴ്ചപ്പാടാണ് നമുക്ക് ആവശ്യമെന്ന് പാപ്പാ പറഞ്ഞു. ആധുനികയുഗത്തിൽ, ഏറ്റവും വികസിതരാജ്യങ്ങളിൽപ്പോലും അടിമത്തത്തിന്റെ വിവിധ ആധുനികരൂപങ്ങൾ വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ പാപ്പാ, ഇതുമായി ബന്ധപ്പെട്ട്, ഉത്തരവാദിത്വപരമായ സോഷ്യൽ, നവ മാധ്യമങ്ങളുടെ ഉപയോഗം, രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക മേഖലകളിലെ ധാർമ്മിക കാഴ്ചപ്പാടിന്റെ ഉപയോഗം എന്നിവയും പ്രധാനപ്പെട്ടതാണെന്ന് എടുത്തുപറഞ്ഞു. അതുവഴി, മാനവരാശിക്ക് അപമാനമായ ഇത്തരമൊരു തിന്മയെ അവസാനിപ്പിക്കാനും, ഒപ്പം ഇരകൾക്ക് ശാരീരിക, ആധ്യാത്മിക തലങ്ങളിൽ ആവശ്യമായ സംരക്ഷണവും പരിചരണവും ലഭ്യമാക്കാനും സാധിക്കണം.
മുതിർന്ന സ്ത്രീപുരുഷന്മാരുടെ മാത്രമല്ല, കുട്ടികളുടെയും, അന്തസ്സും അവകാശങ്ങളും ഹനിക്കുകയും, അതുവഴി അവരുടെ വ്യക്തിജീവിതത്തിലും സമൂഹത്തിലും നിലനിൽക്കുന്ന മോശം പ്രത്യാഘാതങ്ങൾ ഉളവാക്കുന്ന അടിമത്തമെന്ന തിന്മയെ ഉന്മൂലനം ചെയ്യാനായി സാന്ത മാർത്ത സമൂഹം നടത്തുന്ന പരിശ്രമങ്ങളെ പാപ്പാ അഭിനന്ദിച്ചു.
അടിമത്തത്തിൽ ആയിരുന്ന ആളുകളുടെ നേരെ സാന്ത മാർത്ത സമൂഹം കാണിക്കുന്ന സഹോദര്യസ്നേഹപ്രവർത്തനങ്ങളിൽ സഭ എന്നും നന്ദിയുള്ളവളാണെന്ന് പറഞ്ഞ പാപ്പാ, ഇതുവഴി ദൈവത്തിന്റെ കരുണ കൂടുതൽ ദൃശ്യമാകുകയും, സമൂഹത്തിന്റെ ഇഴകൾ കൂടുതൽ ശക്തമാകുകയും പുതുതാകുകയും ചെയ്യുന്നു എന്നും കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: