യുഎഇ പ്രസിഡന്റിന്റെ മരണത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ അനുശോചനം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ പുതിയ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യെദ് അൽ നഹ്യാന് അയച്ച സന്ദേശത്തിൽ, മുൻ പ്രസിഡന്റിന്റെ ആത്മശാന്തിക്കായി പാപ്പാ തന്റെ പ്രാർത്ഥനകൾ വാഗ്ദാനം ചെയ്യുകയും, അദ്ദേഹത്തിന്റെ നിര്യാണത്തിൽ വിലപിക്കുന്നവരോട് സഹാനുഭാവം പ്രകടിപ്പിക്കുകയും ചെയ്തു.
ഷെയ്ഖ് ഖലീഫയുടേത്, വിശിഷ്ഠവും ദീര്ഘവീക്ഷണമുള്ളതുമായ ഭരണമായിരുന്നു എന്ന് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിൽ എഴുതി. അദ്ദേഹത്തിന്റെ നിര്യാണത്തിൽ താൻ ദുഖിക്കുന്നതായും, എല്ലാവർക്കും തന്റെ അനുശോചനങ്ങളും പ്രാർത്ഥനകളും നേരുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.
പരിശുദ്ധ സിംഹാസനവുമായുള്ള യുഎഇ മുൻ പ്രസിഡന്റിന്റെ പ്രത്യേകമായ ബന്ധത്തിനും, രാജ്യത്തെ കത്തോലിക്കാസമൂഹങ്ങളോടുള്ള ശ്രദ്ധയ്ക്കും നന്ദി രേഖപ്പെടുത്തിയ പാപ്പാ, പരസ്പരസംവാദങ്ങൾക്കും, വിവിധ ജനതകൾ തമ്മിലും, മതപരമ്പര്യങ്ങൾ തമ്മിലുമുള്ള ധാരണയ്ക്കും ഷെയ്ഖ് ഖലീഫ കാണിച്ച താല്പര്യം പ്രത്യേകം എടുത്തുപറഞ്ഞു. മതൈക്യസംവാദങ്ങൾക്കും, വിവിധ മതങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തിനും ഏറെ പ്രധാനപ്പെട്ടതും, ചരിത്രപരവുമായ അബുദാബി രേഖയിലൂടെയും, മാനവികസഹോദര്യത്തിനായുള്ള സയ്യെദ് അവാർഡിലൂടെയും അദ്ദേഹം ഈ തലത്തിൽ തന്റെ ആശയങ്ങൾ പ്രവർത്തികമാക്കിയതും പാപ്പാ അനുസ്മരിച്ചു.
അദ്ദേഹത്തിന്റെ ജീവിത മാതൃക, മനുഷ്യർക്കിടയിൽ ഐക്യത്തിന്റെയും സമാധാനത്തിന്റെയും ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിന് നല്ല ഇച്ഛാശക്തിയുള്ള സ്ത്രീപുരുഷന്മാരെ പ്രചോദിപ്പിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.
നമ്മുടെ ഒരു മനുഷ്യകുടുംബത്തിലെ അംഗങ്ങൾക്കിടയിൽ ഐക്യത്തിന്റെയും സമാധാനത്തിന്റെയും ബന്ധങ്ങൾ നെയ്‌തെടുക്കുന്നതിൽ ഉറച്ചുനിൽക്കാൻ എല്ലായിടത്തും നല്ല ഇച്ഛാശക്തിയുള്ള പുരുഷന്മാരുടെയും സ്ത്രീകളുടെയും ശ്രമങ്ങൾക്ക് അദ്ദേഹത്തിന്റെ പൈതൃകം തുടർന്നും പ്രചോദനം നൽകട്ടെ.
രാജ്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന പുതിയ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിന് തന്റെ പ്രാർത്ഥനകൾ ഉറപ്പുനൽകിയ ഫ്രാൻസിസ് പാപ്പാ, എല്ലാവർക്കും ദൈവാനുഗ്രഹങ്ങൾ നേർന്നുകൊണ്ടാണ് തന്റെ സന്ദേശം അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: