തിരയുക

ഫ്രാൻസിസ് പാപ്പാ വിശുദ്ധ ഷാർല് ദ് ഫൂക്കോയുടെ ആധ്യാത്മികത പിന്തുടരുന്ന ആളുകളുമൊത്ത് ഫ്രാൻസിസ് പാപ്പാ വിശുദ്ധ ഷാർല് ദ് ഫൂക്കോയുടെ ആധ്യാത്മികത പിന്തുടരുന്ന ആളുകളുമൊത്ത് 

വിശുദ്ധ ഷാർല് ദ് ഫൂക്കോ, നമ്മുടെ കാലത്തെ പ്രവാചകൻ: ഫ്രാൻസിസ് പാപ്പാ

വിശ്വാസത്തിന്റെ അനിവാര്യതയും സാർവലൗകികതയും വെളിച്ചത്തുകൊണ്ടുവരാൻ കഴിഞ്ഞ നമ്മുടെ കാലത്തെ ഒരു പ്രവാചകനാണ് മെയ് പതിനഞ്ചിന് വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ഷാർല് ദ് ഫൂക്കോ (Charles de Foucauld) എന്ന് ഫ്രാൻസിസ് പാപ്പാ പ്രസ്‌താവിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

യേശുവിൻറെ തിരുഹൃദയത്തിൻറെ സഹോദരീസഹോദരന്മാരുടെ സംഘടനയ്ക്ക് തുടക്കം കുറിച്ച ഫാൻസുകാരനായ സന്ന്യസ്തൻ വിശുദ്ധ ഷാർല് ദ് ഫൂക്കോയുടെ ജീവിതത്താലും സിദ്ധികളാലും പ്രചോദിതരായി ജീവിക്കുന്ന ആളുകളുമായി മെയ് പതിനെട്ട് ബുധനാഴ്ച രാവിലെ വത്തിക്കാനിൽ വച്ച് നടത്തിയ കൂടിക്കാഴ്ചാവേളയിൽ ഇന്നത്തെ കാലത്തിനായുള്ള ഒരു പ്രവാചകനായിരുന്നു ഫൂക്കോ എന്ന് പാപ്പാ അഭിപ്രായപ്പെട്ടു. തന്റെ സെമിനാരി ജീവിതകാലത്ത്, ലാളിത്യമാർന്ന ക്രൈസ്തവജീവിതം നയിക്കുന്നതിനായും, വിവിധ പ്രതിസന്ധികളെ തരണം ചെയ്യാനും ഷാർല് ദ് ഫൂക്കോയുടെ ആധ്യാത്മികത തന്നെ സഹായിച്ചുവെന്നും പാപ്പാ പറഞ്ഞു.

വിശ്വാസത്തെ, യേശു, സ്നേഹം എന്നീ രണ്ടു വാക്കുകളിലേക്ക് ചുരുക്കി കൊണ്ടുവരുവാൻ അദ്ദേഹത്തിന് സാധിച്ചുവെന്ന് പാപ്പാ പറഞ്ഞു. നാസറത്തിന്റെ ചൈതന്യം ഉൾക്കൊണ്ട്, പാവപ്പെട്ടവരുമായി തങ്ങൾക്കുള്ളത് പങ്കിട്ടു ജീവിക്കുന്ന ഒരു ജീവിതശൈലി ക്രിസ്തുവിന് പ്രീതികരമായിരിക്കുമെന്നും ഫ്രാൻസിസ് പാപ്പാ കൂട്ടിച്ചേർത്തു. സുവിശേഷം കാണിച്ചുതരുന്ന എളിമയുടെ ലാളിത്യം നഷ്ടപ്പെടുത്താതിരിക്കാനും, അത്യന്താപേക്ഷിതമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നമുക്ക് കടമയുണ്ട്.

എല്ലാവരുടെയും, പ്രത്യേകിച്ച് എളിയവരുടെ സഹോദരനായാണ് വിശുദ്ധ ഷാർല് ജീവിച്ചതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മറ്റുള്ളവരെ പരിവർത്തനപ്പെടുത്തുക എന്നതിനേക്കാൾ, എല്ലാവരുമായും ദൈവം സൗജന്യമായി നൽകുന്ന സ്നേഹത്തിൽ ജീവിക്കാനാണ് അദ്ദേഹം പരിശ്രമിച്ചത്. അതുവഴി ഒരു സാർവ്വത്രികസഹോദരനായാണ് അദ്ദേഹം ജീവിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 May 2022, 14:10