തിരയുക

കർദ്ദിനാൾ ആഞ്ചെലൊ സൊദാനൊ, മുൻ വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ ആഞ്ചെലൊ സൊദാനൊ, മുൻ വത്തിക്കാൻ സംസ്ഥാന കാര്യദർശി 

കർദ്ദിനാൾ ആഞ്ചെലൊ സൊദാനൊ കാലം ചെയ്തു, പാപ്പായുടെ അനുശോചനം!

കോവിദ് 19 രോഗബാധയെ തുടർന്ന് ന്യുമോണിയ പിടിപെട്ട് റോമിലെ ജെമെല്ലി പോളിക്ലിനിക്കിൻറെ ഭാഗമായ കൊളമ്പസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കർദ്ദിനാൾ സൊദാനൊ തൊണ്ണൂറ്റിനാലാമത്തെ വയസ്സിൽ വെള്ളിയാഴ്ചയാണ് (27/05/22) മരണമടഞ്ഞത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മുൻ വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ ആഞ്ചെലൊ സൊദാനൊയുടെ നിര്യാണത്തിൽ മാർപ്പാപ്പാ അനുശോചനം രേഖപ്പെടുത്തി.

കോവിദ് 19 രോഗബാധയെ തുടർന്ന് ന്യുമോണിയ പിടിപെട്ട് റോമിലെ ജെമെല്ലി പോളിക്ലിനിക്കിൻറെ ഭാഗമായ കൊളമ്പസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് തൊണ്ണൂറ്റിനാലാമത്തെ വയസ്സിൽ വെള്ളിയാഴ്ച (27/05/22) വൈകുന്നേരം ആണ് അന്ത്യം സംഭവിച്ചത്.

വിശുദ്ധ രണ്ടാം ജോൺപോൾ മാർപ്പാപ്പായുടെയും ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ സഭാഭരണകാലത്ത് കർദ്ദിനാൾ സൊദാനൊ   പരിശുദ്ധസിംഹാസനത്തിന്  നയതന്ത്രതലത്തിൽ ഏകിയ സുപ്രധാന സേവനങ്ങളും, എക്വദോർ ഉറുഗ്വായ് ചിലി എന്നിവിടങ്ങളിൽ സംഭഷണം, അനുരഞ്ജനം എന്നിവ പിപോഷിപ്പിക്കുന്നതിനു നടത്തിയ പരിശ്രമങ്ങളും പാപ്പാ തൻറെ അനുശോചന സന്ദേശത്തിൽ അനുസ്മരിക്കുന്നു. കർദ്ദിനാൾ സംഘത്തിൻറെ ഡീക്കൻ എന്ന പദവിയും അലങ്കരിച്ച കർദ്ദിനാൾ സൊദാനൊയുടെ സേവനം അങ്ങനെ തനിക്കും ലഭിച്ചിട്ടുണ്ടെന്ന് പാപ്പാ പറയുന്നു. 2005 മുതൽ 2019 വരെയായിരുന്നു അദ്ദേഹം കർദ്ദിനാൾസംഘത്തിൻറെ ഡീക്കനായിരുന്നത്. വത്തിക്കാൻ സംസ്ഥാന കാര്യദർശി എന്ന ലോലമായ ദൗത്യ നിർവ്വഹണത്തിലും കർദ്ദിനാൾ സൊദാനൊയുടെ പ്രവർത്തനം റോമൻ കൂരിയായിൽ മാതൃകാപരവും അർപ്പണബോധത്തോടുകൂടിയതുമായിരുന്നുവെന്ന് പാപ്പാ ശ്ലാഘിക്കുന്നു. സുവിശേഷത്തിൻറെ പുളിമാവ് സർവ്വത്ര വ്യാപിപ്പിക്കുക എന്ന അഭിവാഞ്ഛയാൽ പ്രചോദിതനായിരുന്ന അദ്ദേഹം നല്ല അച്ചടക്കമുള്ള സ്നേഹനിധിയായ ഇടയനായിരുന്നുവെന്നും പാപ്പാ കുട്ടിച്ചേർക്കുന്നു.

1991 മുതൽ 2006 വരെ വത്തിക്കാൻ സംസ്ഥാന കാര്യദർശിയായിരുന്ന കർദ്ദിനാൾ ആഞ്ചെലൊ സൊദാനൊ ഇറ്റലിയിലെ ആസ്തിയിൽ 1927 നവമ്പർ 23-നാണ് ജനിച്ചത്. 

കർദ്ദിനാൾ ആഞ്ചെലൊ സൊദാനൊയുടെ നിര്യാണത്തോടെ കർദ്ദിനാൾസംഘത്തിലെ അംഗ സംഖ്യ 208 ആയി താണു. ഇവരിൽ മാർപ്പായെ തിരഞ്ഞെടുക്കുന്നതിന് സമ്മതിദാനാവകാശമുള്ള കർദ്ദിനാളന്മാർ 117 ആണ്. ശേഷിച്ച 91 പേർക്ക് പ്രായ പരിധിയായ 80 വയസ്സ് കഴിഞ്ഞതിനാൽ ഈ അവകാശം ഇല്ല.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 May 2022, 14:59