തിരയുക

യുക്രെയ്നിലെ വലിയ തോതിലുള്ള റഷ്യ൯ സൈനിക ഇടപെടലിൽ ക്രൂരമായ ആക്രമണത്തിനിരയാക്കപ്പെട്ട കെട്ടിടങ്ങൾ. യുക്രെയ്നിലെ വലിയ തോതിലുള്ള റഷ്യ൯ സൈനിക ഇടപെടലിൽ ക്രൂരമായ ആക്രമണത്തിനിരയാക്കപ്പെട്ട കെട്ടിടങ്ങൾ.  (AFP or licensors)

പാപ്പാ: മനുഷ്യ വിനാശത്തെ സൗഖ്യപ്പെടുത്താൻ സഭ സഹായിക്കണം

മനുഷ്യപ്രകൃതിയിൽ വേരൂന്നിയിട്ടുള്ള യുദ്ധത്തിന്റെയും സംഘട്ടനത്തിന്റെയും നാശത്തിനെതിരെ പ്രതികരിക്കാൻ ലോകത്തിന് സമർത്ഥരായ പരിശീലകരെ സഭ നൽകണമെന്ന് പറഞ്ഞു കൊണ്ട് ഫ്രാൻസിസ് പാപ്പാ ഗ്രിഗോറിയൻ പൊന്തിഫിക്കൽ സർവ്വകലാശാലയുടെ മനഃശാസ്ത്ര വിഭാഗത്തിന്റെ 50 വർഷത്തെ സേവനത്തെ പ്രകീർത്തിച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഗ്രിഗോറിയൻ പൊന്തിഫിക്കൽ സർവ്വകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോളജി അതിന്റെ 50ആം വാർഷികം ആഘോഷിക്കുന്നതിനായി വ്യാഴാഴ്ച സംഘടിപ്പിച്ച സമ്മേളനത്തിൽ നൽകിയ സന്ദേശത്തിലാണ് കഴിഞ്ഞ അരനൂറ്റാണ്ടായി സഭയ്ക്ക് ഈ സ്ഥാപനം നൽകിയ സംഭാവനകളെ അനുസ്മരിക്കുകയും അവിടെ സന്നിഹിതരായവർക്ക് തന്റെ ആശംസകൾ അറിയിക്കുകയും ചെയ്തത്.

"കൂരാ പേഴ്സണലിസ്" എന്ന ഇഗ്നേഷ്യൻ തത്വത്തെ പിന്തുടർന്ന്, സഭയുടെ  ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ വൈവിധ്യമാർന്ന സാഹചര്യങ്ങളിൽ, അപ്പോസ്തോലിക, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ആത്മീയതയും മനഃശാസ്ത്രവും സമന്വയിപ്പിക്കാൻ കഴിവുള്ള വിദഗ്ധരെ അവർ തയ്യാറാക്കിയിട്ടുണ്ട് എന്ന് പാപ്പാ അനുസ്മരിച്ചു.

 കൂടുതൽ ശുദ്ധിയും പക്വതയും നിറഞ്ഞ വിശ്വാസ ജീവിതം

വിപുലമായ മനഃശാസ്ത്ര ഒരുക്കത്തോടെ സെമിനാരികളിൽ ആത്മീയ ഗുരുക്കന്മാരെക്കും, പരീശീലകരെയും, അധ്യാപകരെയും തയ്യാറാക്കുന്നതിനായാണ് 1971-ൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായെന്ന് പാപ്പാ പറഞ്ഞു. "കൂടുതൽ പര്യാപ്തവും പക്വവുമായ വിശ്വാസജീവിതത്തിലേക്ക്" മറ്റുള്ളവരെ നയിക്കുന്ന സ്ത്രീ പുരുഷന്മാരെ രൂപപ്പെടുത്താൻ സഹായിക്കുന്നതിന് വിവിധ വിഷയങ്ങളെ സമന്വയിപ്പിക്കാൻ രണ്ടാം വത്തിക്കാൻ കൗൺസിൽ മുന്നോട്ടുവച്ച വെല്ലുവിളി ഇൻസ്റ്റിറ്റ്യൂട്ട് ഏറ്റെടുക്കുകയായിരുന്നു എന്ന് ഫ്രാൻസിസ് പാപ്പാ വെളിപ്പെടുത്തി.

ആഫ്രിക്ക, ലത്തീൻ അമേരിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ മറ്റ് 15 ഓളം സവിശേഷ രൂപീകരണ കേന്ദ്രങ്ങൾ ഈ മന:ശാസ്ത്രസ്ഥാപനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുണ്ട്.

മാനവ വിനാശത്തെ വേരോടെ പിഴുതെറിയുക

വ്യാഴാഴ്‌ച നടന്ന സമ്മേളനം ഭൂതകാലത്തിന്റെ മഹത്വങ്ങളെ എടുത്തു കാണിക്കുവാനല്ല, മറിച്ച് “ഭാവിയിലെ വെല്ലുവിളികളെ നേരിടാനുള്ള വിലയേറിയ പൈതൃക” ത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് നിരീക്ഷിച്ച പാപ്പാ "ആദം, നീ എവിടെയാണ്?" എന്ന സമ്മേളനത്തിന്റെ പ്രമേയത്തെ കുറിച്ചും സംസാരിച്ചു. പ്രമേയം, "നമ്മെ ഉണർത്തുകയും മനഃസാക്ഷിയുടെയും പരിവർത്തനത്തിന്റെയും ഗൗരവമായ വിലയിരുത്തലിലേക്ക് ക്ഷണിക്കുകയും ചെയ്യുകയും" ഇന്നത്തെ ലോകത്തെ പ്രത്യേകമായി സ്പർശിക്കുകയും ചെയ്യുന്നു എന്ന് വിശദീകരിച്ചു.

"ഇന്ന് ലോകം ഒരു അഗാധമായ നരവംശ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നു " എന്ന് ചൂണ്ടി കാണിച്ച പാപ്പാ ഈ പ്രതിസന്ധിക്ക് ഉചിതവും ഫലപ്രദവുമായ പ്രത്യുത്തരം നൽകാൻ സഭയ്ക്ക് കടമയുണ്ടെന്നും കൂട്ടിച്ചേർത്തു.

യുദ്ധത്തിന്റെ ഭയാനക ദുരന്തം വീണ്ടും വെളിപ്പെടുകയാണ് എന്നും അത്  വ്യക്തിപരവും വ്യവസ്ഥാപിതവുമായ  മനുഷ്യ വിനാശത്തിന്റെ ഏറ്റവും മോശമായ അനന്തരഫലമാണ് എന്നും പാപ്പാ  ഖേദത്തോടെ പറഞ്ഞു. അതിനെ വേണ്ടത്ര ഗൗരവമായി എടുക്കുന്നില്ലെന്നും, ശരിയായ രീതിയിൽ ചികിത്സിക്കുകയോ വേരിൽ നിന്ന് തന്നെ ഇല്ലാതാക്കാൻ കഴിയുന്നില്ല എന്നതിലുള്ള തന്റെ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

മനുഷ്യനെ അഭിവൃദ്ധിപ്പെടുത്തുന്നു

തിന്മയോടു അരുത് എന്ന് പറയുന്നതിനും അന്തസ്സിന് മുറിവേൽക്കുകയോ വ്രണപ്പെടുകയോ ചെയ്തിട്ടുള്ളവരെ ഉയർത്തുവാൻ വിശ്വാസികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു ഉൽകൃഷ്ട സേവനമാണ് സഭ ഗ്രിഗോറിയൻ മന:ശാസ്ത്ര വിഭാഗത്തിൽ നിന്ന്  പ്രതീക്ഷിക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

“കർത്താവായ യേശുക്രിസ്തു നിർവ്വഹിച്ച പരമോന്നത ദാനമായ വിമോചനത്തെ യഥാർത്ഥ മനുഷ്യാസ്തിത്വത്തിലേക്ക് വിവർത്തനം ചെയ്തുകൊണ്ട് മനുഷ്യ വ്യക്തിയുടെ ഉന്നമനത്തിനും സുവിശേഷവൽക്കരണത്തിന്റെ തുടർ പ്രക്രിയയ്ക്കും വേണ്ടിയുള്ളതാണ്'' അവരുടെ ദൗത്യം എന്ന് പാപ്പാ അവരെ ഓർമ്മിപ്പിച്ചു.  ആ ലക്ഷ്യം മനസ്സിൽ വെച്ചുകൊണ്ട്, "ഇന്നത്തെ സ്ത്രീപുരുഷന്മാരുടെ അസ്തിത്വ പരിസരങ്ങളിലേക്ക്  ഇറങ്ങിപ്പുറപ്പെടുന്ന ഒരു സഭ" യുടെ രൂപീകരണത്തിന് സഹായിക്കാൻ  സ്ഥാപനത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 May 2022, 12:49