തിരയുക

യുക്രെയ്നിലെ വലിയ തോതിലുള്ള റഷ്യ൯ സൈനിക ഇടപെടലിൽ ക്രൂരമായ ആക്രമണത്തിനിരയാക്കപ്പെട്ട കെട്ടിടങ്ങൾ. യുക്രെയ്നിലെ വലിയ തോതിലുള്ള റഷ്യ൯ സൈനിക ഇടപെടലിൽ ക്രൂരമായ ആക്രമണത്തിനിരയാക്കപ്പെട്ട കെട്ടിടങ്ങൾ. 

പാപ്പാ: ക്രൈസ്തവ സഭകൾ യുദ്ധത്തിന്റെ മൃഗീയതയ്ക്കെതിരേ ഒന്നിക്കണം

ക്രൈസ്തവ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ പ്ലീനറി അസംബ്ലിയിൽ പങ്കെടുത്തവരുമായി കൂടിക്കാഴ്ച നടത്തിയവസരത്തിൽ യുക്രെയ്നിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും നടക്കുന്ന യുദ്ധങ്ങളെ കുറിച്ച് പാപ്പാ പരാമർശിച്ചു. യുദ്ധം ഓരോ ക്രിസ്ത്യാനിയുടെയും എല്ലാ സഭകളുടെയും മനസ്സാക്ഷിയെ വെല്ലുവിളിക്കുന്നു എന്ന് പാപ്പാ സന്ദേശത്തിൽ സൂചിപ്പിച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"യുദ്ധത്തിന്റെ ക്രൂരത"യുടെ പശ്ചാത്തലത്തിൽ, ക്രൈസ്തവ സഭകൾ തങ്ങളുടെ പ്രതിബദ്ധതയും ക്രിസ്തീയ ഐക്യത്തിനായുള്ള സംയുക്ത പരിശ്രമങ്ങളും നവീകരിക്കാനും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സുവിശേഷത്തിന് സാക്ഷ്യം വഹിക്കുവാനും,  അങ്ങനെ യേശുക്രിസ്തുവിന് വിശ്വസനീയമായ സാക്ഷ്യം നൽകുകയും ചെയ്യുവാൻ വിളിക്കപ്പെട്ടിരിക്കുന്നു എന്ന് പാപ്പാ തന്റെ സന്ദേശത്തിൽ  പറഞ്ഞു.

വെള്ളിയാഴ്ച അവസാനിച്ച പൊന്തിഫിക്കൽ കൗൺസിലിന്റെ പ്ലീനറി അസംബ്ലിയിൽ പങ്കെടുത്തവരോടു  ഫ്രാൻസിസ് പാപ്പാ  നടത്തിയ പ്രസംഗത്തിന്റെ കാതലായിരുന്നു ഇത്. മെയ് രണ്ടു മുതൽ ആറുവരെ നീണ്ട സമ്മേളനത്തിന്റെ വിഷയം " നിഷെയാ (325-2025) യുടെ 1700 മത് വാർഷികത്തിന്റെ എക്യുമേനിക്കൽ ആഘോഷത്തിലേക്ക് " എന്നതായിരുന്നു.

ക്രൈസ്തവർക്ക് തനിച്ച് നടക്കാനാവില്ല

ക്രൈസ്തവർ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും നവീകരിക്കാനും കോവിഡ് 19 മഹാമാരി ഒരവസരം സമ്മാനിച്ചു എന്ന് സൂചിപ്പിച്ചു കൊണ്ടാണ് പാപ്പാ തന്റെ പ്രസംഗം ആരംഭിച്ചത്. "മഹാമാരിയുടെ  ഏറ്റം പ്രധാനപ്പെട്ട ആദ്യ എക്യുമേനിക്കൽ ഫലം നമ്മളെല്ലാം ഒരു ക്രൈസ്തവ കുടുംബത്തിൽപ്പെട്ടവരാണെന്ന ബോധ്യമാണ്. പരസ്പരം നമ്മൾ എത്ര അടുത്താണെന്നും എത്രമാത്രം പരസ്പരം ഉത്തരവാദിത്തമുള്ളവരാണെന്നും അത് നമ്മെ മനസ്സിലാക്കിത്തന്നു.'' ഈ അവബോധം നട്ടുവളർത്തുന്നത് തുടരാനും ഈ സാഹോദര്യ വികാരം വിപുലമാക്കുന്ന സംരംഭങ്ങൾ പ്രോൽസാഹിപ്പറക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത പാപ്പാ ഊന്നിപ്പറഞ്ഞു. ക്രൈസ്തവ സമൂഹങ്ങൾ സാഹോദര്യത്തിന്റെ അഗാധമായ സത്യം മറക്കുമ്പോൾ അവർ എക്യുമേനിസത്തിന് ഗുരുതരമായ തടസ്സങ്ങൾ സൃഷ്ടിക്കുന്ന പൊങ്ങച്ചത്തിന്റെയും സ്വയം പര്യാപ്തതയുടേയും ഗുരുതരമായ അപകട സാധ്യതകൾക്ക് വിധേയരാകുന്നു എന്ന് ഫ്രാൻസിസ് പാപ്പാ അഭിപ്രായപ്പെട്ടു. " സ്വന്തം വിശ്വാസ പ്രഖ്യാപനം മാത്രം മുറുകെ പിടിച്ചു കൊണ്ട് തനിയെ  ഒരു ക്രൈസ്തവനും മുന്നോട്ടു നീങ്ങാനാവില്ല" എന്നു പറഞ്ഞ പാപ്പാ ഒന്നുകിൽ നാം ഒരുമിച്ചു സഞ്ചരിക്കുന്നു, അല്ലെങ്കിൽ നടക്കാൻ സാധിക്കാതെ നിശ്ചലരാകുന്നു എന്ന് കൂട്ടിച്ചേർത്തു.

യുദ്ധം ഓരോ ക്രൈസ്തവന്റെയും മനസ്സാക്ഷിയെ വെല്ലുവിളിക്കുന്നു

യുക്രെയ്ൻ യുദ്ധത്തെക്കുറിച്ച് പ്രത്യേകം പരാമർശിച്ചുകൊണ്ട് യുദ്ധത്തിന്റെ മുന്നിൽ ക്രൈസ്തവ സഭകൾക്കുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് പാപ്പാ സംസാരിച്ചു. അത് "എല്ലാ യുദ്ധങ്ങളെയും പോലെ ക്രൂരവും വിവേകശൂന്യവുമാണ് " എന്നാൽ അതിന് ഒരു വലിയ മാനമുണ്ട് എന്നും അത് ലോകത്തെ മുഴുവൻ ഭീഷണിപ്പെടുകയാണെന്നും വിവരിച്ച പാപ്പാ ഇത്   ഓരോ ക്രൈസ്തവന്റെയും ഓരോ സഭയുടെയും മനസ്സാക്ഷിയെ വെല്ലുവിളിക്കണം എന്നും ഓർമ്മിപ്പിച്ചു.

"സാമൂഹിക സൗഹൃദം ജീവിക്കുന്ന ജനതകളില്ല രാഷ്ട്രങ്ങളിലും നിന്നു തുടങ്ങി സാഹോദര്യം സൃഷ്ടിക്കാൻ കഴിവുള്ള ഒരാഗോള സമൂഹം കെട്ടിപ്പടുക്കാൻ സഭകൾ എന്തു ചെയ്തുവെന്ന് നാം നമ്മോടു തന്നെ ചോദിക്കണം" പാപ്പാ അടിവരയിട്ടു.

സമാധാനത്തിന്റെ സുവിശേഷം സാക്ഷ്യപ്പെടുത്തുന്ന ക്രൈസ്തവർ

ക്രൈസ്തവർ തമ്മിലുള്ള വിഘടനങ്ങൾ മൂലമുണ്ടാക്കുന്ന തിന്മകളെക്കുറിച്ചുള്ള അവബോധത്തിൽ നിന്ന് കഴിഞ്ഞ നൂറ്റാണ്ടിൽ കൈസ്തവ ഐക്യത്തിനായുള്ള ആഗ്രഹം വളർന്നുവെന്ന് ഓർമ്മിപ്പിച്ച ഫ്രാൻസിസ് പാപ്പാ ഇന്ന്, "യുദ്ധത്തിന്റെ മൃഗീയ ക്രൂരതകൾക്കു മുന്നിൽ ഐക്യത്തിനായുള്ള അഭിനിവേശം വീണ്ടും പരിപോഷിപ്പിക്കേണ്ടതിന്റെ ആവശ്യകത " യും ചൂണ്ടിക്കാണിച്ചു. "ശീലത്തിന്റെയോ വഴങ്ങിക്കൊടുക്കലിന്റെയോ പേരിൽ ക്രൈസ്തവർ തമ്മിലുള്ള ഭിന്നതകളെ അവഗണിക്കുക എന്നാൽ സംഘർഷത്തിന് വളക്കൂറുള്ള നിലമൊരുക്കാൻ നമ്മുടെ ഹൃദയ മലിനീകരണം അനുവദിക്കുകയാണ് " എന്ന് ശക്തമായ ഭാഷയിൽ പാപ്പാ വ്യക്തമാക്കി.

"സൈന്യങ്ങൾ ഹൃദയങ്ങളെ നിരായുധീകരിക്കുന്നതിനു മുമ്പേ സമാധാനത്തിന്റെ രാജകുമാരനായ യേശുവിൽ തമ്മിൽ തമ്മിൽ  അത്യന്തികമായി അനുരജ്ഞനപ്പെട്ട ക്രൈസ്തവർ സമാധാനത്തിന്റെ സുവിശേഷ പ്രഘോഷണം നടത്തുമ്പോൾ മാത്രമെ അത് കൂടുതൽ വിശ്വസനീയമാകൂ. സ്വന്തം സമുദായത്തിന്റെയും രാഷ്ട്രത്തിന്റെയും അതിർവരമ്പുകൾക്കപ്പുറത്തേക്കു പോകുന്ന അവന്റെ സാർവ്വത്രിക സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശത്താൽ പ്രചോദിതരായ ക്രൈസ്തവർ. " പാപ്പാ പറഞ്ഞു.

മറ്റു സഭകളുമായി സിനഡൽ പാതയിലുള്ള ഒരുമിച്ചു നടക്കൽ

പ്ലീനറിയുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിഷയത്തിലേക്ക് തിരിച്ചു വന്നുകൊണ്ട് നീഷേയിലെ ഒന്നാം എക്യുമേനിക്കൽ കൗൺസിന്റെ വരാനിരിക്കുന്ന 1700 ആം വാർഷികത്തെക്കുറിച്ച് പരാമർശിച്ചു. 2025 ലെ ജൂബിലി വർഷവുമായി ഒരുമിച്ചു വരികയാണ് 1700 ആം വാർഷികം. ക്രൈസ്തവ ഐക്യം കാത്തു സൂക്ഷിക്കുന്നതിൽ നാഴികക്കല്ലായി മാറിയ ഒരു സുപ്രധാന നേട്ടമായിരുന്നു നീഷേയിലെ കൗൺസിൽ എന്ന് ചൂണ്ടിക്കാട്ടിയ ഫ്രാൻസിസ് പാപ്പാ അത് " നിലവിലെ എക്യുമേനിക്കൽ പാതയെ പ്രകാശിപ്പിക്കണം" എന്നും ജൂബിലി ആഘോഷങ്ങൾക്ക് "പ്രസക്തമായ ഒരു എക്യുമെനിക്കൽ മാനം" ഉണ്ടായിരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

2023ലെ സിനഡിലേക്ക് നയിക്കുന്ന നിലവിലെ സിനഡ് പ്രക്രിയയിൽ ഇന്നത്തെ ലോകത്തിൽ വിശ്വാസത്തേയും സേവനത്തേയും വെല്ലുവിളിക്കുന്ന വിഷയങ്ങളിൽ മറ്റു ക്രൈസ്തവ വിഭാഗങ്ങളിലെ സഹോദരീ സഹോദരരുടെ സേവനങ്ങളും അഭിപ്രായങ്ങൾ കേൾക്കാനുമുള്ള മാർഗ്ഗങ്ങൾ തേടി മെത്രാ൯സമിതികളെ ക്ഷണിച്ചതിന് പൊന്തിഫിക്കൽ കൗൺസിലിനേയും മെത്രാന്മാരുടെ സിനഡിന്റെ പൊതു കാര്യാലയത്തെയും പാപ്പാ അഭിനന്ദിച്ചു.

പ്രയാസങ്ങൾക്കിടയിലും ക്രൈസ്തവ ഐക്യത്തിനുള്ള പാതയിൽ ഒരുമിച്ചു നടക്കാനുള്ള ആഹ്വാനം പാപ്പാ ആവർത്തിച്ചു. "ദൈവശാസ്ത്രപരമായ വേലകൾ വളരെ പ്രധാനമാണ്. നമ്മൾ വിചിന്തനം ചെയ്യണം എങ്കിലും ദൈവശാസ്ത്രജ്ഞൻമാർ സഹോദരന്മാരെ പോലെ പ്രാർത്ഥനയിലും, ഉപവി പ്രവർത്തനങ്ങൾ പങ്കിട്ടും, സത്യാന്വേഷണ പ്രവർത്തിയിൽ ഒരുമിച്ചു നടക്കാൻ സമ്മതിക്കുന്നതു വരെ കാത്തിരിക്കാൻ നമുക്ക് കഴിയില്ല. സാഹോദര്യം നമുക്ക് എല്ലാവർക്കും വേണ്ടിയുള്ളതാണ് " പാപ്പാ ഉപസംഹരിച്ചു.

 

 

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 മേയ് 2022, 23:16