“ക്രിസ്തു ജീവിക്കുന്നു” : ഓരോ ദിവസത്തെയും അങ്ങേയറ്റം പ്രയോജനപ്പെടുത്തുക
സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്
അപ്പോസ്തോലിക പ്രബോധനം
അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.
അഞ്ചാം അദ്ധ്യായം
അഞ്ചാം അദ്ധ്യായത്തിന്റെ ശീർഷകം തന്നെ "യുവജനങ്ങളുടെ വഴികൾ'' എന്നാണ്. യുവത്വത്തിന്റെ ആകുലതയെയും ആകാംക്ഷയെയും ഉത്ക്കണ്ഠയെയും വിവരിക്കുമ്പോഴും ഫ്രാൻസിസ് പാപ്പാ യുവതയോടു നിർദ്ദേശിക്കുന്നത് "നിങ്ങളുടെ പ്രത്യാശകളേയും സ്വപ്നങ്ങളേയും പിന്തുടരാനാണ്.
148. കാർഡിനൽ ഫ്രാൻസിസ് സേവ്യർ നുഗുയെൻ വാൻ ത്വാൻ, കോൺസെ൯ട്രേഷൻ ക്യാമ്പിൽ ബന്ധനസ്ഥനാക്കപ്പെട്ടപ്പോൾ ശ്രദ്ധിച്ചത് ഒരു കാര്യമായിരുന്നു. തന്റെ ഓരോ ദിനവും ഒരു ഭാവിയുടെ പ്രത്യാശ നിറഞ്ഞതാക്കാൻ. വക്കോളം സ്നേഹം നിറച്ചു വർത്തമാനകാലത്തെ ജീവിക്കാനാണ് അദ്ദേഹം നിശ്ചയിച്ചത്. അദ്ദേഹം ഇങ്ങനെ തീരുമാനിച്ചു: "ഓരോ ദിവസവും ഉണ്ടാകുന്ന അവസരങ്ങളെ ഞാൻ നഷ്ടപ്പെടുത്തില്ല. സാധാരണ പ്രവർത്തനങ്ങളെ ഞാൻ അസാധാരണമായ വിധത്തിൽ പൂർത്തിയാക്കും."നിങ്ങളുടെ സ്വപ്നങ്ങളെ നേടാൻ അധ്വാനിക്കുമ്പോൾ ഓരോ ദിവസത്തെയും അങ്ങേയറ്റം പ്രയോജനപ്പെടുത്തുക. ഓരോ നിമിഷവും സ്നേഹം കൊണ്ട് നിറയാൻ ആവുന്നത്ര പരിശ്രമിക്കുക. യുവത്വപൂർണ്ണമായ ഈ ദിവസം നിങ്ങളുടെ അവസാനത്തേതായിരിക്കും. അത് കൊണ്ട് ആവുന്നത്ര ആവേശത്തോടെ പൂർണ്ണമായി ജീവിക്കാൻ പരിശ്രമിക്കുക ഉചിതമാണ്. (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).
കഴിഞ്ഞ ഖണ്ഡികയിൽ വിശുദ്ധരെക്കുറിച്ചുള്ള നമ്മുടെ സാധാരണ ചിന്തകളിൽ എന്തോ അമാനുഷിക വീരകൃത്യം ചെയ്തവരെന്ന ഒരു ചിന്താരീതിയുള്ളതിനെക്കുറിച്ച് നമ്മൾ വിചിന്തനം ചെയ്തിരുന്നു. എന്നാൽ അതിൽ നിന്ന് വ്യത്യസ്ഥമായ മറ്റൊരു ചിന്താധാര വിശുദ്ധരെ കുറിച്ച് ഇവിടെ പറയുകയാണ് ഫ്രാൻസിസ് പാപ്പാ. അത് അവർ സാധാരണ കാര്യങ്ങൾ അസാധാരണമായ വിധത്തിൽ പ്രവർത്തിച്ചു എന്നതാണ്. അത്തരം ഉദാഹരണങ്ങൾ പലതുണ്ട്. അതിലൊന്ന് വി. കൊച്ചുത്രേസ്യായാണ്. അവർക്കു അതു കഴിഞ്ഞത് ദൈവം അവർക്കു നൽകിയ സിദ്ധിയിൽ അവർ ജീവിക്കാൻ പരിശ്രമിച്ചത് കൊണ്ടാണ്. വ്യക്തിപരമായ ജീവിതത്തിലും, സമൂഹ ജീവിതത്തിലും അവർ ഈ സിദ്ധി പൂർണ്ണമായി ജീവിച്ചു. അതിന്റെ ഫലം അവർക്കു മാത്രമല്ല അവർ ജീവിച്ച ലോകത്തിനും ലഭിച്ചു. കൂടാതെ അവർ ഈ ലോകം വിട്ടു പോയിട്ടും ഇന്നും അവരുടെ ജീവിതം ആഘോഷിക്കപ്പെടുന്നു. ഇത്തരം മറ്റൊരു ദൈവദാസനെ ഇന്ന് ഫ്രാൻസിസ് പാപ്പാ യുവജനങ്ങൾക്ക് മുമ്പിൽ കൊണ്ടുവരുന്നുണ്ട്. കോൺസെ൯ട്രേഷൻ ക്യാമ്പിൽ ബന്ധനസ്ഥനാക്കപ്പെട്ട കാർഡിനൽ ഫ്രാൻസിസ് സേവ്യർ നുഗുയെൻ വാൻ ത്വാന്റെ ജീവിതത്തെ പാപ്പാ ഇവിടെ ചൂണ്ടിക്കാണിക്കുന്നു.
വിയറ്റ്നാംകാരനായിരുന്ന കർദിനാൾ വാൻ തുവാന്റെ ജീവിതത്തെ വെറും രണ്ടു വരികളിൽ ഫ്രാൻസിസ് പാപ്പാ പറഞ്ഞുവച്ചു എങ്കിലും ആ ജീവിതത്തെ ഒന്നു കുറച്ചു കൂടി അടുത്തു നിന്നു കാണുന്നത് നമുക്ക് ഫ്രാൻസിസ് പാപ്പായുടെ ഉദ്ദേശത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ ഉപകരിക്കും. കാരണം പണ്ടെങ്ങോ മൺമറഞ്ഞ ഒരു കർദ്ദിനാളല്ല അദ്ദേഹം. 2002ലാണ് അദ്ദേഹം മരിച്ചത്. നമ്മുടെ കാലഘട്ടത്തിലെ വിശുദ്ധാത്മാവ്. തന്റെ നാട്ടിൽ 13 കൊല്ലം കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ തടവിൽ കഴിയുകയും, തന്റെ സമീപമുള്ളവരോടു സ്നേഹം നിറഞ്ഞ നോട്ടത്തോടെ തടവറയിലും സുവിശേഷവൽക്കരണം നടത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. കുരിശുകളിലും തടവറയുടെ ഏകാന്തതയിലും നിന്ന് തന്റെ സഹോദരരിലേക്ക് പ്രത്യാശ പകരാൻ അറിഞ്ഞ അദ്ദേഹം ഇത്തരത്തിലാണ് കർത്താവിന് സാക്ഷ്യം നൽകാൻ തന്നെ വിളിക്കുന്നതെന്ന് മനസ്സിലാക്കി സൗഹൃദത്തിലൂടെയും, പാട്ടു പാടിയും പഠിപ്പിച്ചും തന്റെ പൗരോഹിത്യ വിളിയിൽ വിശ്വസ്ഥത പുലർത്തി.
അറസ്റ്റ് ചെയ്യപ്പെട്ട് 13വർഷം വിധിക്കപ്പെടാതെ തടവിൽ കഴിയേണ്ടിവന്ന അദ്ദേഹം മറ്റു തടവുകാരുടെ സഹായത്തോടെ രണ്ടു കഷണം തടിയും ചങ്ങലകൊണ്ടുള്ള മാലയും ചേർത്ത് ഉണ്ടാക്കിയ കുരിശുമാല അവരോടുള്ള സൗഹൃദത്തിന്റെ പ്രതീകമായി മരണം വരെ അണിഞ്ഞിരുന്നു. തന്നെ തടവിലാക്കിയവരെയും സഹോദരരായി സ്നേഹിച്ച് മനപരിവർത്തനം വരുത്തുകയും പീഡിപ്പിച്ചവരും സുഹൃത്തുക്കളും എന്ന വ്യത്യാസമില്ലാതെ എല്ലാവരേയും സ്നേഹിക്കുകയും ചെയ്ത ക്രൈസ്തവൻ. ശാന്തനും ധ്യാനിക്കുന്നവനുമായിരുന്നു മെത്രാനായിരുന്ന അദ്ദേഹം തടവുകാരനാകും മുമ്പ് വളരെ പ്രവർത്തനനിരതനായ വ്യക്തിയായിരുന്നു. തന്റെ എഴുത്തുകളിലും പ്രസംഗങ്ങളിലും പല പ്രാവശ്യം ആവർത്തിക്കുന്ന പദം പ്രത്യാശയാണ്. തന്റെ സ്വാതന്ത്ര്യത്തെയും ജീവിതത്തെയും അടച്ചു പൂട്ടിയ തടവറയിൽ നിന്ന് മോചനം കിട്ടിയിട്ട് ജീവിക്കാൻ കാത്തു കിടക്കാതെ, തടവിലെ ഓരോ ദിവസവും തന്റെ വിളി ജീവിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
ഈ ഉദാഹരണം മുന്നിൽ വച്ചു കൊണ്ട് ഭാവിയെക്കുറിച്ചുള്ള പദ്ധതികൾ തയ്യാറാക്കുകയും അതിനായി സമയം ചെലവഴിക്കുകയും ചെയ്യേണ്ടത് വിപരീത സാഹചര്യങ്ങളാണെന്നിരിക്കിലും ഓരോ ദിവസത്തിലെ പരിസ്ഥിതികൾ അതിന്റെ തനിമയിലും നിറവിലും ജീവിക്കാൻ മറന്നു കൊണ്ടാവരുത് എന്ന് ഓർമ്മിപ്പിക്കുകയാണ് ഫ്രാൻസിസ് പാപ്പാ. പ്രത്യാശയില്ലാത്ത ജീവിത സാഹചര്യത്തിൽ ആയിരിക്കുമ്പോഴും മരണം മാത്രം മുന്നിൽ നിൽക്കുമ്പോഴും അദ്ദേഹം വക്കോളം സ്നേഹം നിറച്ചു ജീവിക്കാൻ ഇഷ്ടപ്പെട്ടിരുന്നുവെന്നു പറയുന്നു.
ഇന്ന് നാം പരിചിന്തനം ചെയ്യുന്ന ഖണ്ഡികയിൽ യുവജനങ്ങളെ നോക്കി നിങ്ങളുടെ സ്വപ്നങ്ങളെ നേടാൻ അധ്വാനിക്കുമ്പോൾ ഓരോ ദിവസത്തെയും അങ്ങേയറ്റം പ്രയോജനപ്പെടുത്തുക. ഓരോ നിമിഷവും സ്നേഹം കൊണ്ട് നിറയാൻ ആവുന്നത്ര പരിശ്രമിക്കുക. യുവത്വ പൂർണ്ണമായ ഈ ദിവസം നിങ്ങളുടെ അവസാനത്തേതായിരിക്കും. അത് കൊണ്ട് ആവുന്നത്ര ആവേശത്തോടെ പൂർണ്ണമായി ജീവിക്കാൻ പരിശ്രമിക്കുക എന്ന് പാപ്പാ പറയുന്നു. ഒരുപാടു പ്രതീക്ഷകളോടെ, പ്രത്യാശയോടെ, പുതുമയോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിക്കും പാപ്പയുടെ ഈ വാക്കുകൾ ഊർജ്ജം പകരുന്നവയാണ്. നമ്മുടെ ജീവിതത്തിന്റെ വിജയവും പരാജയവും അടങ്ങിയിരിക്കുന്നത് നമ്മുടെ മനോഭാവങ്ങളെയും തീരുമാനങ്ങളെയും അടിസ്ഥാനമാക്കിയാണ്. ജീവിതത്തിൽ കടന്നു വരുന്ന ഓരോ അനുഭവങ്ങളെയും നാം എങ്ങനെ അഭിമുഖികരിക്കുന്നു എന്നതിൽ നമ്മുടെ ജീവിതത്തിന്റെ സന്തോഷവും സങ്കടവും അടങ്ങിയിരിക്കുന്നു. ഇവിടെ പാപ്പാ ജീവിതത്തെ ആവുന്നത്ര ആവേശത്തോടെ സ്നേഹത്തോടെ പൂർണ്ണമായി ജീവിക്കാൻ നമ്മോടു ആവശ്യപ്പെടുന്നു.
പുഴയൊഴുകുന്നത് പോലെ സമയവും നമ്മിൽ നിന്നും ഒഴുകിക്കൊണ്ടിരിക്കുന്നു. ഒഴുകിപ്പോയ ജലം ഒരിക്കലും ഒഴുകിയ വഴിയിൽ വീണ്ടും ഒഴുകാത്തതു പോലെ സമയവും നമ്മിൽ നിന്നും കടന്നുപോകുന്നു. കടന്നു പോകുന്ന സമയത്തെ തടഞ്ഞു നിർത്താൻ കഴിയില്ല. പക്ഷെ കടന്നു പോകുന്ന ഓരോ നിമിഷത്തിലും നമുക്ക് ചരിത്രം സൃഷ്ടിക്കാൻ കഴിയും. ദൈവം നമ്മിൽ ഒരുപാടു സാധ്യതകൾ നൽകി കൊണ്ടാണ് ഈ ഭൂമിയിലേക്ക് അയച്ചത്. അവയെ നാം ഉപഗോച്ചില്ലെങ്കിൽ നമ്മെ അയച്ച ദൈവത്തിന്റെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അതോടൊപ്പം തന്നെ ഈ ലോകത്തിനു നമ്മെ കൊണ്ട് മാത്രം നൽകാവുന്ന നന്മകളുടെ ഇടങ്ങളിൽ നാം ശൂന്യത സൃഷ്ടിക്കുകയും ചെയ്യുന്നു. മറിച് നാം നമ്മുടെ സമയത്തെയും സാധ്യതയേയും ശരിയായ വിധത്തിൽ ഉപയോഗപ്പെടുത്തുകയാണെങ്കിൽ കാലം നമ്മെ മറ്റുള്ളവരുടെ മുന്നിൽ ഉയർത്തി പിടിക്കും. ചെറിയ ജീവിതം കൊണ്ട് വലിയ നന്മകൾ നൽകി കടന്നു പോയ നിരവധി മനുഷ്യർ ജീവിച്ച ജീവിക്കുന്ന ഭൂമിയാണിത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: