തിരയുക

പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം... പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം... 

“ക്രിസ്തു ജീവിക്കുന്നു” : നമ്മുടെ ഊർജ്ജങ്ങളെ നല്ല കാര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുക

“Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 147ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

ശബ്ദരേഖ

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

അഞ്ചാം അദ്ധ്യായം

അഞ്ചാം അദ്ധ്യായത്തിന്റെ  ശീർഷകം തന്നെ "യുവജനങ്ങളുടെ വഴികൾ'' എന്നാണ്. യുവത്വത്തിന്റെ  ആകുലതയെയും ആകാംക്ഷയെയും ഉത്ക്കണ്ഠയെയും വിവരിക്കുമ്പോഴും ഫ്രാൻസിസ് പാപ്പാ യുവതയോടു നിർദ്ദേശിക്കുന്നത് "നിങ്ങളുടെ പ്രത്യാശകളേയും സ്വപ്നങ്ങളേയും പിന്തുടരാനാണ്.

147 . ദൈവ വചനം നിങ്ങളോടു കേവലം ഭാവിക്കു വേണ്ടി തയ്യാറാവാനല്ല വർത്തമാനകാലത്തെ ആസ്വദിക്കാൻ ആവശ്യപെടുന്നുവെന്നത് വളരെ വ്യക്തമാണ്. "നാളെയെ കുറിച്ച് നിങ്ങൾ ആകുലാകരുത്." നാളത്തെ ദിനം തന്നെ അതിനെ കുറിച്ച് ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതിന്റെ ക്ലേശം മതി."(മത്താ. 6:34) എന്നാൽ ഉത്തരവാദിത്വബോധമില്ലാതെ ദുർവ്യയത്തിന്റെ ഒരു ജീവിതത്തിൽ ഏർപ്പെടുന്നതും ഇതും ഒന്നുപോലെയല്ല. അത്തരം ജീവിതം നമ്മെ ശൂന്യരും സ്ഥിരം അതൃപ്തരുമാക്കും. പിന്നെയോ നമ്മുടെ ഊർജ്ജങ്ങളെ നല്ല കാര്യങ്ങൾക്കു വേണ്ടി ഉപയോഗിച്ച് കൊണ്ട് സാഹോദര്യം വളർത്തിക്കൊണ്ട്, യേശുവിനെ അനുകരിച്ചു കൊണ്ട് ജീവിതത്തിന്റെ ചെറിയ സന്തോഷങ്ങളെ ദൈവത്തിന്റെ സ്നേഹം നൽകുന്ന സമ്മാനങ്ങളായി ഏറ്റവും അധികം പ്രയോജനപ്പെടുത്തികൊണ്ട് വർത്തമാന കാലത്തു പൂർണ്ണമായി ജീവിക്കുന്നതിനെ സംബന്ധിച്ചതാണിത്. (കടപ്പാട്. പി.ഒ.സി പ്രസീദ്ധീകരണം).

നാം കഴിഞ്ഞ ഖണ്ഡികകളിൽ വിവരിച്ചു പോന്ന ഇന്നുകളെ ആസ്വദിക്കുന്നതിനെക്കുറിച്ചുള്ള വിചിന്തനം തുടരുകയാണ്  ഈ ഖണ്ഡികയിലും പാപ്പാ ചെയ്യുന്നത്.

Eat, drink and make merry എന്നത് മനുഷ്യരുടെ പ്രത്യേകിച്ച് യുവജനങ്ങളെ ആകർഷിച്ചിട്ടുള്ള ഒരു കാര്യമാണ്. ജീവിതം ആസ്വദിക്കുക എന്ന ഒരൊറ്റ തത്വം അടിസ്ഥാനമാക്കിക്കൊണ്ടുള്ള ഒരു ജീവിതശൈലി പുരാതന കാലം മുതലേ സംസ്കാരങ്ങളിൽ നിലനിന്നിരുന്നു. തത്വശാസ്ത്രങ്ങളുടെ നിലവറയായ ഗ്രീസിലും അതിന്റെ  സ്വാധീനം വഴി പിന്നീടു റോമൻ സാമ്രാജ്യത്തിലും മാത്രമല്ല ലോകം മുഴുവനും ഈ പ്രവണത നമുക്ക് കാണാൻ കഴിയും.  ഇന്ത്യൻ തത്വശാസ്ത്ര ശാഖയിലും നമുക്ക് ഇത്തരം ഒരു വിഭാഗം ഉണ്ട് എന്നതും ഒരു അത്ഭുതമല്ല. എപ്പികൂറസ് എന്ന ഗ്രീക്ക് തത്വശാസ്ത്രജ്ഞന്റെ  ചിന്താധാരകളുടെ ഒരു വികല രൂപമായി ഇതിനെ വ്യാഖ്യാനിക്കപ്പെടുന്നു. ജീവിതത്തെക്കുറിച്ചുള്ള മനുഷ്യന്റെ  അന്വേഷണത്തിൽ അവന്റെ വഴിമുട്ടിക്കുന്ന ഒരു പ്രതിഭാസമാണ് മരണം.  ജീവിതം മരണത്തോടെ അവസാനിക്കുന്നു എന്ന ചിന്ത അവനെ വല്ലാതെ വിളറിപിടിപ്പിക്കുന്നു. അതിനാൽ തിന്നും കുടിച്ചും ആസ്വദിച്ചും മുന്നോട്ടു നീങ്ങണം കാരണം എല്ലാം അവസാനിക്കുന്ന  മരണമാണ് നമ്മുടെ നാളെകളിൽ നമ്മെ കാത്തിരിക്കുന്നത് എന്ന് അവൻ അനുമാനിക്കുന്നു. ഈ ചിന്തയാണ്  ഇതിനെല്ലാം പിന്നിൽ എന്നത് മറച്ചുവയ്ക്കേണ്ട കാര്യമല്ല.  അങ്ങനെ മരണത്തിനു ശേഷം എന്തെന്നതിനെക്കുറിച്ചുള്ള അവ്യക്തത മനുഷ്യനെ ഒന്നും  ഭാവിയിലേക്ക് നീക്കിവയ്ക്കാതെ  ഇന്ന്, ഈ ജീവിതത്തിൽ തന്നെ ആസ്വദിച്ച് അനുഭവിക്കാൻ വിളിക്കുന്ന എപ്പി ക്യൂറിയനിസവും ഹെഡണിസവും ഭാരതത്തിലെ ചർവാക സിദ്ധാന്തങ്ങളും ലോകത്തിൽ ഇന്നും പ്രചാരത്തിലുണ്ട്.

ദൈവത്തിലുള്ള അഗാധമായ വിശ്വാസമാണ് ജീവിതത്തെ തെളിക്കേണ്ട പ്രകാശം

ഇത്തരം ഒരു  പശ്ചാത്തലത്തിൽ നിന്നു കൊണ്ടല്ല " ഇന്നുകളെ ആസ്വദിക്കാനുള്ള "  ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനത്തെ നാം കാണേണ്ടത്. അതിന്റെ  മാനങ്ങൾ മറ്റു ചിലതാണ്. അവിടെ മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള അവ്യക്തയ്ക്ക് സ്ഥാനമില്ല. ക്രിസ്തുവിന്റെ ഉയിർപ്പിൽ നിന്ന് തുടങ്ങുന്ന ക്രൈസ്തവന്റെ വിശ്വാസത്തിന്റെ അടിസ്ഥാനം തന്നെ മരണം എല്ലാറ്റിന്റെയും അന്ത്യമല്ല, അത് ഒരു കടന്നു പോക്കാണ് എന്നതാണ്. അതു കൊണ്ടു തന്നെ ജീവിതത്തെ വേറൊരു വെളിച്ചത്തിൽ കാണാനാണ് പാപ്പാ ക്ഷണിക്കുന്നത്. അവിടെ  ഉപാധികളേതുമില്ലാതെ നമ്മെ സ്നേഹിക്കുന്ന പിതാവായ ദൈവത്തിലുള്ള അഗാധമായ വിശ്വാസമാണ് ആ ജീവിതത്തെ തെളിക്കേണ്ട പ്രകാശം.

സുരക്ഷിതമായ ഒരു ഭാവിക്കായുള്ള  പദ്ധതിത്തീർക്കലിലും പരിശ്രമങ്ങളിലും തത്രപ്പാടുകളിലും പലപ്പോഴും  യുവജനങ്ങൾ അവരുടെ ഇന്നുകളെ നഷ്ടമാക്കുന്നു എന്ന യാഥാർത്ഥ്യത്തെയാണ് പാപ്പായുടെ വാക്കുകൾ ഓർമ്മിപ്പിക്കുന്നത്‌. യേശുവിന്റെ സുവിശേഷത്തിൽ തന്റെ പ്രത്യാശ മുഴുവൻ സമർപ്പിക്കുന്ന പരിശുദ്ധപിതാവിനെയാണ് നാം ഇവിടെ കണ്ടെത്തുക. മത്തായിയുടെ സുവിശേഷത്തിൽ നിന്നു ആറാം അദ്ധ്യായം മുപ്പത്തിനാലാം വാക്കുകൾ എടുത്തുകൊണ്ടാണ് തന്റെ വാക്കുകൾക്കു പാപ്പാ ബലം നൽകുന്നത്.

ദൈവം നൽകുന്ന നന്മകളെ നന്നായി ആസ്വദിച്ചു ജീവിക്കുക

 നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ മത്തായിയുടെ  സുവിശേഷം ആറാം അദ്ധ്യായം ഇരുപത്തി അഞ്ചു മുതലുള്ള വാക്യങ്ങൾ ദൈവപരിപാലനയെക്കുറിച്ചുള്ള മഹത്തായ ഒരു പ്രഭാഷണമാണ്. അത് ദൈവത്തിന്റെ  അനന്തമായ സ്നേഹത്തിൽ വിശ്വസിച്ചാശ്രയിക്കാനുള്ള ആഹ്വാനങ്ങളാണ് നമുക്ക് നൽകുന്നത്. അവിടെ ഭക്ഷണത്തെ കുറിച്ചോ, വസ്ത്രത്തെകുറിച്ചോ ഉള്ള ആകുലതകളൊന്നും  വേണ്ടായെന്നും വളരെ മനോഹരമായി യേശുനാഥൻ നമ്മോടു വിശദീകരിക്കുന്നുണ്ട്. വയലിലെ   നിസ്സാരമായ  ലില്ലികളെയും അൽപായുസ്സായ പുല്ലിനെയും  സോളമന്റെ മഹത്വകാലത്തെക്കാളും ഭംഗിയായി ധരിപ്പിച്ചലങ്കരിക്കുകയും, വിതയ്ക്കാത്ത   പക്ഷികൾക്ക്‌  അന്നം നൽകി പോറ്റുകയും ചെയ്യുന്ന നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവ് തന്റെ സ്വന്തം രൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ച നമുക്ക്  എന്തുമാത്രം കരുതൽ നൽകുമെന്ന് യേശുനാഥൻ നൽകുന്ന ഉറപ്പാണ് ഇവിടെ നാം ദർശിക്കുന്നത്. അതിനാൽ ഭാവിയെക്കുറിച്ചുള്ള ആകുലതകളേക്കാൾ അനുദിന വർത്തമാനത്തിൽ, ദൈവം നൽകുന്ന നന്മകളെ നന്നായി ആസ്വദിച്ചു ജീവിക്കാൻ പാപ്പാ യുവജനങ്ങളെ വീണ്ടും ഓർമ്മിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

വിശുദ്ധി എന്താണ്?

ഇന്നിന്റെ  'ആസ്വാദനം'  എന്നത് ഒരു പക്ഷേ ചിലർക്കെങ്കിലും ആത്മീയമായ 'ബുദ്ധിമുട്ടു'കൾക്ക് കാരണമാവുന്നുണ്ടാകാം. സഭ ത്യാഗത്തേയും സഹനത്തേയും കുരിശുകളെയും കുറിച്ചു സംസാരിക്കേണ്ടിടത്ത് 'ആസ്വദിക്കുക' എന്ന അഹ്വാനം വിരോധാഭാസമല്ലേ എന്നു ചിന്തിക്കുന്നവരുമുണ്ടാവാം. വിശുദ്ധിയും പുണ്യവും എല്ലാ സുഖങ്ങളും ഉപേക്ഷിക്കുന്ന ഒരു വീരത്വമായി കണക്കാക്കുന്ന ഒരു ആത്മീയ ചിന്താധാര സഭയിൽ വന്നുപെട്ടതു കൊണ്ടാവാം അത്. കഴിഞ്ഞ മേയ് 15ന് പത്ത് പുതിയ വിശുദ്ധരെ സഭയ്ക്ക് നൽകിക്കൊണ്ട് പാപ്പാ അർപ്പിച്ച ദിവ്യബലിയിൽ വിശുദ്ധി എന്താണെന്ന് വളരെ വ്യക്തമായി പരിശുദ്ധ പിതാവ് തന്റെ  സുവിശേഷ പ്രലോഷണത്തിൽ വിശദീകരിക്കുന്നുണ്ട്.

"പലപ്പോഴും നന്മ പ്രവർത്തികൾ ചെയ്യാനുള്ള നമ്മുടെ പരിശ്രമങ്ങൾക്ക് അമിതമായ ഊന്നൽ നൽകുന്ന " രീതിയിൽ "നമ്മുടെ വ്യക്തിപരമായ വീരപ്രവർത്തികളും, ത്യാഗം സഹിക്കാനുള്ള കഴിവും, സമ്മാനം നേടുന്നതിനായി ആത്മത്യാഗം ചെയ്യാനുള്ള സന്നദ്ധതയും  അടിസ്ഥാനമാക്കികൊണ്ടു നമ്മെത്തന്നെ അമിതമായി ആശ്രയിക്കുന്ന വിശുദ്ധിയുടെ ഒരു ആദർശം തീർക്കുന്നു. ഇത്തരത്തിൽ വിശുദ്ധിയെ ഒരു അപ്രാപ്യമായ ലക്ഷ്യമാക്കി മാറ്റിയിരിക്കുന്നു." പാപ്പാ പറഞ്ഞു. അങ്ങനെ നമ്മുടെ അനുദിന ജീവിതത്തിലും പ്രവർത്തികളിലും  വിശുദ്ധിയെ അന്വേഷിക്കാതെ  അതിനെ  അനുദിന ജീവിതത്തിൽ നിന്ന് വേർപെടുത്തി എന്ന് പാപ്പാ നിരീക്ഷിച്ചു.

യേശുവിന്റെ  ശിഷ്യരാവുകയും വിശുദ്ധിയുടെ പാതയിൽ മുന്നേറുകയും ചെയ്യുക എന്നാൽ ഏറ്റവും ആദ്യം ദൈവത്തിന്റെ  സ്നേഹത്തിന്റെ ശക്തിയാൽ രൂപാന്തരപ്പെടാൻ സ്വയം നമ്മെ അനുവദിക്കുക എന്നതാണ് എന്ന് പാപ്പാ വിശദീകരിച്ചു. കർത്താവിൽ നിന്ന് നമുക്ക് ലഭിക്കുന്ന സ്നേഹമാണ് നമ്മുടെ ജീവിതത്തിന് മാറ്റം വരുത്തുകയും സ്നേഹിക്കാൻ നമ്മുടെ ഹൃദയം തുറക്കുകയും ചെയ്യുന്ന ശക്തി.

നമ്മുടെ കഴിവുകളും പ്രവർത്തന ശക്തിയും നല്ല കാര്യങ്ങൾക്കായി ചെലവഴിക്കുക

നാം വിചിന്തനം ചെയ്യുന്ന ഖണ്ഡികയിൽ അനുദിന ജീവിതം ആസ്വദിക്കുക എന്നതുകൊണ്ട് താൻ ഉദ്ദേശിക്കുന്നതെന്താണെന്ന് വളരെ കൃത്യമായി, തെറ്റിദ്ധാരണകൾക്കിടം കൊടുക്കാതെ തന്നെ പാപ്പാ പറഞ്ഞു വയ്ക്കുന്നുണ്ട്.  ഉത്തരവാദിത്വമില്ലാത്ത ഒരു സുഖലോലുപതയിലേക്കുള്ള കൂപ്പുകുത്തലല്ല അത് എന്നു രേഖപ്പെടുത്തിക്കൊണ്ടു മൂന്നു കാര്യങ്ങൾ ഇവിടെ കൃത്യമായി ഫ്രാൻസിസ് പാപ്പാ രേഖപ്പെടുത്തുന്നുണ്ട്. അതിൽ ആദ്യത്തേത്  നമ്മുടെ കഴിവുകളും പ്രവർത്തന ശക്തിയും നല്ല കാര്യങ്ങൾക്കായി ചെലവഴിക്കുക എന്നതാണ്. ആ നല്ല കാര്യങ്ങൾക്കും വിശദീകരണം നൽകുന്നുണ്ട്. അതിന് വീണ്ടും പരിശുദ്ധ പിതാവിന്റെ സുവിശേഷ പ്രഭാഷണത്തിലേക്ക് തന്നെ നമുക്ക് പോകാം. പാപ്പായുടെ വീക്ഷണത്തിൽ കർത്താവിൽ നിന്ന് നമുക്ക് ലഭിക്കുന്ന സ്നേഹമാണ് നമ്മുടെ ജീവിതത്തിന് മാറ്റം വരുത്തുകയും സ്നേഹിക്കാൻ നമ്മുടെ ഹൃദയം തുറക്കുകയും ചെയ്യുന്ന ശക്തി. പ്രായോഗികമായി ഈ സ്നേഹം ജീവിക്കുക എന്നാൽ സേവനം ചെയ്യുകയും ജീവിതം ദാനം ചെയ്യുകയുമാണ് എന്ന് പാപ്പാ പറഞ്ഞു. സേവനം എന്നാൽ നമ്മുടെ ഇഷ്ടങ്ങൾ മുഖ്യമാക്കുകയല്ല മറിച്ച് ആർത്തിയുടേയും മാത്സര്യത്തിന്റെയും വിഷാംശത്തിൽ നിന്ന് നമ്മുടെ സംവിധാനങ്ങളെ ശുദ്ധീകരിക്കുകയും, നിസ്സംഗതയുടെ അർബുദത്തിനെതിരെ പോരാടുകയും ചെയ്തു കൊണ്ട് ദൈവം തന്ന സിദ്ധിയും കഴിവുകളും പങ്കുവയ്ക്കുക എന്നതാണ്  എന്ന്  പരിശുദ്ധ പിതാവ് വിശദീകരിച്ചു. മറ്റുള്ളവർക്കായി എനിക്കെന്തു ചെയ്യാൻ കഴിയും എന്ന് നമ്മോടു പ്രത്യേകം ചോദിക്കാൻ പാപ്പാ ആവശ്യപ്പെട്ടു.

സാഹോദര്യം വളർത്തുക

രണ്ടാമതായി പാപ്പാ പറയുന്ന കാര്യം സാഹോദര്യം വളർത്തുക എന്നതാണ്. ഒരേ പിതാവിന്റെ മക്കളെന്ന നിലയിൽ മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലും സാഹോദര്യം വളർത്താൻ പരിശ്രമിക്കുക. പരസ്പരം പരിപാലിക്കുന്ന ഒരു ശീലം വളർത്തിയെടുക്കുക. സാഹോദര്യത്തെക്കുറിച്ച്  വളരെ വിശദമായി തന്നെ ഫ്രാൻസിസ് പാപ്പാ ഈ അപ്പോസ്തോലിക പ്രബോധനത്തിൽ വരും ഖണ്ഡികകളിലും  ഫ്രത്തേല്ലി തൂത്തിയിലും എഴുതുന്നുണ്ട്. അത് നമുക്ക് പിന്നീട് കാണാം.

യേശുവിനെ അനുഗമിക്കുക

ലക്ഷ്യം യേശുവിനെ അനുഗമിക്കുന്നതിലാണെന്ന് മൂന്നാമതായി എല്ലാറ്റിന്റെയും ലക്ഷ്യം യേശുവിനെ അനുഗമിക്കുന്നതിലാണെന്ന് പാപ്പാ പറയുന്നു. ഈ അനുഗമനമാണ് അനുദിന ജീവിതത്തിലെ ചെറിയ ചെറിയസന്തോഷങ്ങൾ ദൈവസ്നേഹത്തിന്റെ  സമ്മാനങ്ങളായി  വിനിയോഗിക്കാൻ നമുക്ക് ശരിയായ ദിശ തരുന്നത്.  

അനുദിന സന്തോഷങ്ങൾ ആസ്വദിക്കുക എന്നത് ഫ്രാൻസിസ് പാപ്പായെ സംബന്ധിച്ച് ആസ്വാദനത്തിന്റെ തന്നെ ഒരു ഉത്തരവാദിത്വം ഏറ്റെടുക്കലാണ്. അത് ദൈവത്തിന്റെ സ്നേഹം അനുഭവിച്ച്  പങ്കു വയ്ക്കുന്നതിലൂടെ നന്മ ചെയ്യാനുള്ള ഉത്തരവാദിത്വമാണ്. പിതാവിന്റെ മക്കളായ എല്ലാ സൃഷ്ടികളുടേയും പരിപാലകരാകുന്ന സാഹോദര്യത്തിലേക്കുള്ള വളർച്ചയാണ്. അങ്ങനെ ദൈവത്തിന്റെ സ്നേഹം മാംസ ധരിച്ച യേശുവിനെ പ്രതിനിധികളാകുവാനുള്ള ഉത്തരവാദിത്വമാണ്. ഇതാണ് നാം യഥാർത്ഥത്തിൽ ആസ്വദിക്കേണ്ട ഇന്നുകളിൽ സന്തോഷം കണ്ടെത്താനുള്ള നമ്മുടെ വിളി.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 മേയ് 2022, 12:16