തിരയുക

പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം... പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം... 

“ക്രിസ്തു ജീവിക്കുന്നു” : അനുഗ്രഹങ്ങളെ ആസ്വദിക്കാൻ കഴിയണം

“Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 146 ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

ശബ്ദരേഖ

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

അഞ്ചാം അദ്ധ്യായം

അഞ്ചാം അദ്ധ്യായത്തിന്റെ  ശീർഷകം തന്നെ "യുവജനങ്ങളുടെ വഴികൾ'' എന്നാണ്. യുവത്വത്തിന്റെ  ആകുലതയെയും ആകാംക്ഷയെയും ഉത്ക്കണ്ഠയെയും വിവരിക്കുമ്പോഴും ഫ്രാൻസിസ് പാപ്പാ യുവതയോടു നിർദ്ദേശിക്കുന്നത് "നിങ്ങളുടെ പ്രത്യാശകളേയും സ്വപ്നങ്ങളേയും പിന്തുടരാനാണ്.

146. തനിക്കുള്ള ചെറിയ അനുദിനാനുഗ്രഹങ്ങൾ ആസ്വദിക്കാൻ കഴിയാത്തവനിൽ, നമുക്ക് ചുറ്റും കാണുന്ന ലളിത സുഖങ്ങളെ സംബന്ധിച്ച്‌ അന്ധനായിരിക്കുന്നവനിൽ, ദൈവത്തിനു എങ്ങനെ സന്തോഷം തോന്നും? "സ്വന്തം കാര്യത്തിൽ അൽപ്പത്വം കാണിക്കുന്നവനെക്കാൾ അൽപ്പനായി ആരുമില്ല."(പ്രഭാ14 :6). പുത്തൻ സുഖങ്ങൾ തേടി പരക്കം പായുന്ന ഭ്രാന്തിനെ കുറിച്ചല്ല നാം ഇവിടെ പരാമർശിക്കുന്നത്. അത് ഈ നിമിഷത്തിന്റെ ഗുണം പൂർണ്ണമായെടുക്കാൻ നമ്മെ അനുവദിക്കില്ലല്ലോ. കണ്ണ് തുറന്നു ഓരോനിമിഷവും നോക്കാനും, ജീവിതത്തിന്റെ ഓരോ ചെറിയ ദാനത്തേയും പൂർണ്ണമായും നന്ദിയോടെയും അനുഭവിക്കാനുമാണ് ദൈവം നമ്മോടു ആവശ്യപ്പെടുന്നത്.  (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).

അനുഗ്രഹങ്ങളെ ആസ്വദിക്കാൻ കഴിയണം

ഇന്ന് നാം വിചിന്തനം ചെയ്യുന്ന ഖണ്ഡിക നേരത്തെ പാപ്പാ എഴുതി പോന്ന വിഷയത്തിന്റെ തന്നെ തുടർച്ചയാണ്. നമുക്കു ചുറ്റും ദൈവം സൃഷ്ടിച്ചു നൽകിയ സന്തോഷങ്ങളെ കാണാതെയും ആസ്വദിക്കാതെയും  ജീവിത സാക്ഷാൽക്കാരം ഭാവിയിൽ അന്വേഷിച്ചു നടക്കുന്നതിനെക്കുറിച്ചും അതുമൂലം വരുന്ന നഷ്ടത്തെക്കുറിച്ചുമാണ്  പാപ്പാ സംസാരിക്കുന്നത്. വിഷയം തുടർന്നു കൊണ്ട് പരിശുദ്ധ പിതാവ്  നമ്മുടെ മുന്നിലേക്ക് ഒരു ചോദ്യം എറിഞ്ഞിടുന്നുണ്ട്. അനുദിനം ദൈവം നൽകുന്ന കുഞ്ഞുകുഞ്ഞ് അനുഗ്രഹങ്ങളെ ആസ്വദിക്കാത്ത ഒരാളെക്കുറിച്ച്  ദൈവത്തിന് സന്തോഷം ഉണ്ടാകുമോ എന്നതാണ് ആ ചോദ്യം.

വലിയ വലിയ സ്വപ്നങ്ങൾ കണ്ട് അവയിൽ ലയിച്ച് നീങ്ങുമ്പോൾ നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന ഒരു പക്ഷേ നമ്മുടെ പരിഗണയ്ക്ക് പോലും  പാത്രമാവാത്ത എത്ര എത്ര നന്മകൾ നാം കാണാതെ പോകുന്നു. നിസ്സാരമെന്ന് തോന്നാമെങ്കിലും അവയിലെല്ലാം എത്രമാത്രം അത്ഭുതങ്ങൾ  നമുക്കു ചുറ്റും ദൈവം ഉണ്ടാക്കി വച്ചിട്ടുണ്ട്.

ചില ഉദാഹരണങ്ങൾ നമ്മെ ഇതു മനസ്സിലാക്കാൻ സഹായിച്ചേക്കാം. ആഴമായ ഒരു ധ്യാന മുഹൂർത്തത്തിലല്ലാതെ എപ്പോഴെങ്കിലും നമ്മുടെ പ്രാണൻ നിലനിറുത്താൻ ലഭ്യമാകുന്ന വായുവിനെക്കുറിച്ച് നാം ചിന്തിക്കാറുണ്ടോ? നമുക്ക് ചുറ്റും കാണുന്ന പുൽനാമ്പുകളിൽ പൂത്തുനിൽക്കുന്ന കുഞ്ഞിപ്പൂക്കളുടെ നിറമോ സൗന്ദര്യമോ നമ്മെ അൽഭുതപ്പെടുത്തിയിട്ടുണ്ടോ?  ജീവിത ഭാരവും ചുമന്നു നിൽക്കുന്ന നമുക്ക് താങ്ങാകുന്ന അറിയാത്ത കരങ്ങളുടെ സാന്ത്വന സ്പർശനങ്ങൾ ? വിരിഞ്ഞു നിൽക്കുന്ന പൂവും, മന്ദം വീശുന്ന കാറ്റും, ഒരു കുഞ്ഞിന്റെ നിറപുഞ്ചിരിയും തുടങ്ങി  നമ്മുടെ മുന്നിൽ എന്തെന്നു നന്മകൾ ദൈവം അവതരിപ്പിച്ചിരിക്കുന്നു. അനുദിനം ദൈവം ഒരുക്കുന്ന വിരുന്നിനെ അവഗണിക്കുന്ന നമ്മെ പാപ്പാ കുറേക്കൂടി ആഴത്തിലേക്ക് നീക്കി വലയിറക്കിക്കാൻ ക്ഷണിച്ചു കൊണ്ട് അടുത്ത ചോദ്യം തൊടുക്കുന്നു. നമുക്ക് ചുറ്റുമുള്ള ഇത്തരം എളിയ സന്തോഷങ്ങളോടു അന്ധരായവരെക്കുറിച്ച് ദൈവത്തിന് സന്തോഷം തോന്നുമോ? എന്ന് പാപ്പായ്ക്ക്  സംശയം.

വളരെ അവസരോചിതമായി തന്നെ ഫ്രാൻസിസ് പാപ്പാ ഇവിടെ ബൈബിളിൽ നിന്നൊരു വചനം ഉദ്ധരിക്കുന്നു. "സ്വയം വെറുക്കുന്നവനേക്കാൾ മോശക്കാരനായി ആരുമില്ല" (പ്രഭാ: 14,6).  പലപ്പോഴും നാം നമുക്കില്ലാത്തവയെക്കുറിച്ചും മറ്റുള്ളവർക്ക് ഉള്ളതിനെക്കുറിച്ചും ചിന്തിച്ചു കൊണ്ട് അസൂയപ്പെടുകയും സ്വയം വെറുക്കുകയും ചെയ്യുന്നവരാണ്.

ഇവിടെയാണ് സത്യത്തിൽ നമ്മുടെയെക്കെ ജീവിതത്തിന്റെ സന്തോഷത്തിന്റെ ഒരു സുപ്രധാന ഘടകം എന്തായിരിക്കണം എന്ന് നമുക്ക് പാപ്പാ സൂചന തരുന്നത്. ആഴത്തിൽ വിചിന്തനം ചെയ്യേണ്ട ഒരു വിഷയം തന്നെയാണിത്. അവനവന്റെ ജീവിത സാക്ഷാൽക്കാരത്തിനായുള്ള പരിശ്രമം പലപ്പോഴും നമുക്ക് ഇല്ലാത്തതിനെ ഉണ്ടാക്കാനായുള്ള പരാക്രമങ്ങളിലാണ് നമ്മെ കൊണ്ടുചെന്നെത്തിക്കുക. സമ്പത്ത്, പദവി, പ്രാധാന്യം മുതലായവ എത്ര ഉണ്ടാക്കിയാലും മതിയാവാതെ വരുന്നതും സംതൃപ്തി കൈവരാത്തതുമാണ് എന്ന സത്യം ജ്ഞാനികളുടെ വചനങ്ങൾ മാത്രമാണോ? അത് നമ്മുടെ അനുഭവത്തിലും സത്യമല്ലേ? എത്ര ശ്രമിച്ചിട്ടും സംതൃപ്തിവരുവോളം അവയെല്ലാം നേടാൻ കഴിയാതെ വരുമ്പോൾ സ്വയം വെറുപ്പിലേക്ക് കൂപ്പുകുത്തുന്ന അനുഭവവും നമുക്ക് സ്വന്തമല്ലേ? അതുകൊണ്ടാണ് പാപ്പായുടെ ഈ വാക്കുകൾ വളരെ ആഴമുള്ളതും ജീവിതഗന്ധിയാണെന്നും ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. നമുക്ക് ചുറ്റും ഉള്ള നന്മകളെ കാണാനും ആസ്വദിക്കാനും അനുഭവിക്കാനും കഴിയണം. മാത്രമല്ല, ദൈവം നമ്മിൽ തന്നെ നിറച്ചു വച്ചിട്ടുള്ള നന്മകളെയും കഴിവുകളേയും തിരിച്ചറിയാനും നമുക്ക് കഴിയണം. വേറൊരു തരത്തിൽ ഇക്കാര്യം വിശകലനം ചെയ്താൽ ദൈവം നമ്മെ സൃഷ്ടിച്ചതിൽ അടങ്ങിയിരിക്കുന്ന തനിമയെ കണ്ടെത്തുമ്പോഴാണ്, നാം ഓരോരുത്തരും എത്ര അമൂല്യരാണ് എന്ന് നമുക്ക് തിരിച്ചറിയാൻ കഴിയുക.

നമുക്കില്ലാത്തവ ഒരു കുറവായി കണക്കാക്കി അവ നികത്താനുള്ള തത്രപ്പാടിൽ ഇന്നുകൾ ജീവിക്കാൻ കഴിയാതെ പോകുന്നു എന്ന ഖേദകരമായ സത്യമാണ് ഫ്രാൻസിസ് പാപ്പാ വിശദീകരിച്ചു വരുന്നത്. പുതിയ സന്തോഷങ്ങൾ തേടി അലയുമ്പോൾ നമുക്ക് നഷ്ടമാകുന്നത് വർത്തമാനമാണ്. ഇന്നുകളെ ഏറ്റം  നന്നായി വിനിയോഗിക്കാൻ നമുക്കാവാതെ പോകുന്നു. നഷ്ടമാകുന്ന സമയം ഒരിക്കലും  വീണ്ടെടുക്കാനാവില്ല എന്ന സത്യം ഓർമ്മിക്കേണ്ട യാഥാർത്ഥ്യം തന്നെയാണ്. അതു കൊണ്ടാണ് ഫ്രാൻസിസ് പാപ്പാ നമ്മോടു കണ്ണുതുറന്ന്, ജീവിതത്തിൽ ദൈവം  തരുന്ന ഓരോ അനുഭവങ്ങളും കുഞ്ഞുകുഞ്ഞ് സമ്മാനങ്ങളും പൂർണ്ണമായി ആസ്വദിക്കാനും നന്ദിയോടെ ഏറ്റെടുക്കാനും ആവശ്യപ്പെടുന്നത്.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 May 2022, 11:16