പരസ്പര ധാരണ തളിരിടുന്നതിനായി പാപ്പായുടെ പ്രാർത്ഥന!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സഹോദരനെതിരെ ഉയർത്തിയിരിക്കുന്ന കരങ്ങളെ നിരായുധീകരിക്കാൻ മാർപ്പാപ്പാ കാരുണ്യവാനായ ദൈവപിതാവിനോട് യാചിക്കുന്നു.
കോവിദ് മഹാമാരിയെ തുടർന്നുണ്ടായ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഇക്കൊല്ലം ദുഃഖവെള്ളിയാഴ്ച (15/04/22) റോമിലെ കൊളോസിയത്തിൽ പുനരാരംഭിച്ച കുരിശിൻറെ വഴിയുടെ സമാപന പ്രാർത്ഥനയിലാണ് ഫ്രാൻസീസ് പാപ്പാ ഈ അപേക്ഷ ഉയർത്തിയത്.
വിദ്വഷമുള്ളിടത്ത് പരസ്പര ധാരണ തളിരിടുന്നതിനും ശത്രുക്കൾ പരസ്പരം കരം കൊടുത്ത് പര്സ്പരം മാപ്പേകുന്നത് അനുഭവിച്ചറിയുന്നതിനും സമാധാന പദ്ധതികൾ പിന്തുടരാൻ പഠിക്കുന്നതിനും കഴിയുന്നതിനായി വിമത ഹൃദയങ്ങളെ കർത്താവിൻറെ ഹൃദയത്തിലേക്ക് പരിവർത്തനം ചെയ്യാനും ഏല്ലാവരെയും കൈപിടിച്ചു നടത്താനും പാപ്പാ കർത്താവിനോട് പ്രാർത്ഥിച്ചു.
ക്രിസ്തുവിൻറെ ഉത്ഥാനത്തിൻറെ ആന്ദത്തിൽ പങ്കുചേരാൻ കഴിയുന്നതിനായി അവിടത്തെ കുരിശിൻറെ ശത്രുക്കളായി വർത്തിക്കാതിരിക്കാനുള്ള അനുഗ്രഹം എല്ലാവർക്കും ലഭിക്കുന്നതിനു വേണ്ടി പാപ്പാ അപേക്ഷിച്ചു.
സന്തോഷസന്താപങ്ങളെയും ക്ലേശങ്ങളെയും പ്രതീക്ഷകളെയും പ്രകാശമാനമാക്കുന്ന സുവിശേഷ ദീപം എല്ലാകുടുംബങ്ങളിലും ദീപ്തമായിരിക്കുന്നതിനും അവ, സ്നേഹം പരമനിയമമായിട്ടുള്ള സഭയുടെ വദനം പ്രതിഫലിപ്പിക്കുന്നതിനും പാപ്പാ പ്രാർത്ഥിച്ചു.
കൊളോസിയത്തിൽ ദുഃഖവെള്ളിയാഴ്ച രാത്രി നടന്ന കുരിശിൻറെ വഴിയിൽ പതിനായിരത്തോളം വിശ്വാസികൾ പങ്കുകൊണ്ടു.
“അമോരിസ് ലെത്തീത്സിയ” കുടുംബവത്സര പശ്ചാത്തലത്തിൽ കുടുംബത്തിന് പ്രാമുഖ്യ കല്പിച്ചിരുന്ന ഈ സ്ലീവാപ്പാതയിൽ കുരിശുകുൾ വഹിച്ചത് വിവിധ കുടുംബങ്ങളുടെ പ്രതിനിധികളായിരുന്നു.
പതിമൂന്നാം സ്ഥലത്ത് കുരിശേന്തിയത്, ഇന്നു നടക്കുന്ന യുദ്ധത്തിൽ ആക്രമണകാരിയായ റഷ്യയെയും ആക്രമണ വേദിയായ ഉക്രൈയിനെയും പ്രതിനിധാനം ചെയ്ത രണ്ടു സ്ത്രീകൾ ആയിരുന്നു.
പതിമൂന്നാം സ്ഥലത്തിനായി തയ്യാറക്കിയിരുന്ന ധ്യാനത്തിൽ മാറ്റം വരുത്തി വിശ്വശാന്തിക്കുള്ള പ്രാർത്ഥന ഉൾപ്പെടുത്തിയിരുന്നു.
ആ പ്രാർത്ഥന ഇപ്രകാരമായിരുന്നു: “മരണത്തിന് മുന്നിൽ, മൗനം വാക്കുകളേക്കാൾ വാചാലമാണ്. ആകയാൽ നമുക്ക് പ്രാർത്ഥനാനിർഭരമായ നിശബ്ദത പാലിക്കാം, ഓരോരുത്തരും ലോക സമാധാനത്തിനായി ഹൃദയത്തിൽ പ്രാർത്ഥിക്കുക”.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: