പാപ്പായും ഹങ്കറിയുടെ പ്രധാനമന്ത്രിയും കുടിക്കാഴ്ച നടത്തി
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഏപ്രിൽ 3-ന് നാലാം തവണയും വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വിക്ടർ ഒർബാനുമായി നാൽപ്പത് മിനിറ്റ് നേരം പാപ്പാ സംസാരിച്ചു. 2021 സെപ്റ്റംബർ 12-ന് ബുഡാപെസ്റ്റിൽ ദിവ്യകാരുണ്യ കോൺഗ്രസിനായി എത്തിയ അവസരത്തിലാണ് അവർ തമ്മിൽ അവസാനമായി കൂടിക്കാഴ്ച നടത്തിയത്.
യുക്രെയ്നിൽ നിന്ന് പലായനം ചെയ്യുന്ന അഭയാർത്ഥികൾക്ക് അനുകൂലമായ സംരക്ഷണവും സ്വീകരണവും നടത്തുന്ന ഹങ്കറിയുടെ പ്രധാനമന്ത്രി വിക്ടർ ഒർബാൻ മറ്റു നാലു പേരോടൊപ്പം രാവിലെ 11 മണിക്ക് വത്തിക്കാനിൽ എത്തി. വന്നത് സ്വകാര്യ സന്ദർശനത്തിനായതിനാൽ ഈ ദിവസങ്ങളിൽ മെക്സിക്കോയിലായിരിക്കുന്ന വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിനുമായോ, വത്തിക്കാന്റെ വിദേശ രാജ്യബന്ധങ്ങളുടെ കാര്യദർശി മോൺ. പോൾ റിച്ചാർഡ് ഗാല്ലെഗെറുമായോ കൂട്ടിക്കാഴ്ച നടത്തിയില്ല.
കഴിഞ്ഞ ഏപ്രിൽ മൂന്നിലെ പുതിയ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള തന്റെ ആദ്യ യാത്രയിലാണ് ഓർബൻ. അദ്ദേഹത്തിന്റെ പാർട്ടിയായ Fidesz തെരഞ്ഞെടുപ്പിൽ തുടർച്ചയായി നാലാം തവണയും പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി. "തെരഞ്ഞെടുപ്പിന് ശേഷമുള്ള എന്റെ ആദ്യ ഔദ്യോഗിക യാത്ര എന്നെ വത്തിക്കാനിലേക്ക്, ഫ്രാൻസിസ് പാപ്പയുടെ അടുത്തേക്ക് കൊണ്ടുപോകും", എന്ന് ഓർബൻ തന്നെ ഇന്നലെ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചു. അതിന്റെ കൂടെ പാപ്പയുമായി ഹസ്തദാനം ചെയ്യുന്ന ഫോട്ടോയും പ്രസിദ്ധീകരിച്ചു. നാല് വർഷം മുമ്പ്, 2018 ലെ തിരഞ്ഞെടുപ്പിന് ശേഷം, ഓർബന്റെ ആദ്യ യാത്ര വാർസോയിലേക്കായിരുന്നു.
നാൽപ്പത് മിനിറ്റ് അഭിമുഖം
അപ്പോസ്തോലിക് ലൈബ്രറിയിൽ 11.05 ന് ആരംഭിച്ച കൂടിക്കാഴ്ചയിൽ " ഇവിടെ താങ്കളുടെ സാന്നിധ്യത്തിൽ താൻ സന്തുഷ്ടനാണ്" എന്ന് പാപ്പാ പറഞ്ഞു. ദ്വിഭാഷിയുടെ സാന്നിധ്യത്തിൽ നടത്തിയ അഭിമുഖം 11.45ന് അവസാനിച്ചു.
“ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, നിങ്ങളുടെ കുടുംബത്തെയും ഹങ്കറിയെയും അനുഗ്രഹിക്കട്ടെ,” എന്ന് പ്രധാനമന്ത്രിയെ ഇംഗ്ലീഷിൽ അഭിവാദ്യം ചെയ്തുകൊണ്ട് പാപ്പാ പറഞ്ഞു. ഹങ്കറി സന്ദർശിക്കാനുള്ള ക്ഷണം പ്രകടിപ്പിച്ചുകൊണ്ട് "തങ്ങൾ പാപ്പയ്ക്കായി കാത്തിരിക്കുന്നു" എന്ന് ഇംഗ്ലീഷിൽ ഒർബാ൯ മറുപടി നൽകി. "സമാധാനത്തിനായുള്ള തങ്ങളുടെ ശ്രമങ്ങളെ പിന്തുണയ്ക്കാൻ" ഫ്രാൻസിസ് പാപ്പയോടു താൻ അഭ്യർത്ഥിച്ചതായി യോഗത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ വക്താവ് സോൾട്ടൻ കോവാക്‌സിലൂടെ അദ്ദേഹം അറിയിച്ചു.
സമ്മാനങ്ങൾ
ഒർബാൻ പാപ്പയ്ക്ക് നിരവധി സമ്മാനങ്ങൾ നൽകി: ഹങ്കേറിയൻ സംഗീതസംവിധായകനും സംഗീത വിദഗ്ധനുമായ ബെലാ ബാർതോക്കിന്റെ രണ്ട് പുസ്തകങ്ങൾ നൽകി കൊണ്ട് "അത് കേട്ടാൽ ഞങ്ങളെ ശ്രവിക്കും," എന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് ഒപെറാ സംഗീത റെക്കോർഡുകളുടെ ഒരു ശേഖരവും വിശുദ്ധ വാര ആരാധനക്രമത്തിന്റെ 1750 ൽ ഇംഗ്ലീഷിലും ലാറ്റിനിലും പ്രസിദ്ധീകരിച്ച ഒരു പുസ്തകവും പാപ്പായ്ക്ക് നൽകി.
പന്നോണിയ (ഇന്നത്തെ ഹങ്കറി) സ്വദേശിയായ ടൂർസിലെ വിശുദ്ധ മാർട്ടിൻ - പാവപ്പെട്ടവരെ തന്റെ മേലങ്കിയുടെ ഒരു ഭാഗം നൽകി സംരക്ഷിക്കുന്ന വെങ്കലത്തിൽ കൊത്തിയ രൂപം പാപ്പാ അദ്ദേഹത്തിന് സമ്മാനിച്ചു. "നിങ്ങൾ ഹങ്കറിക്കാർ ഇപ്പോൾ ഈ അഭയാർത്ഥികളെ സ്വീകരിക്കുന്നുവെന്നതുകൊണ്ട് ഹങ്കറികാരനായ വിശുദ്ധ മാർട്ടിന്റെ ഈ രൂപം ഞാൻ നിങ്ങൾക്കായി തിരഞ്ഞെടുത്തതാണ്" എന്ന് പറഞ്ഞു കൊണ്ടാണ് ഈ സമ്മാനം അദ്ദേഹത്തിന് നൽകിയത്. കൂടാതെ പാപ്പയുടെ ഭരണ കാലഘട്ടത്തിൽ ഇറക്കിയ പ്രമാണങ്ങൾ, ഈ വർഷത്തെ ലോക സമാധാന ദിനത്തിനായുള്ള സന്ദേശം, 2019 ൽ അബുദാബിയിൽ ഒപ്പുവച്ച മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള രേഖ, 2020 മാർച്ച് 27 ന് സ്താസിയോ ഓർബിസി നെ (മഹാമാരിയുടെ നേരത്ത് നടത്തിയ അത്യസാധാരണ പ്രാർത്ഥന) ക്കുറിച്ച് LEV പ്രസിദ്ധീകരിച്ച പുസ്തകം എന്നിവയും പാപ്പാ സംഭാവന ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: