ആരോഗ്യപ്രവർത്തകർക്കായി പ്രാർത്ഥിക്കുക - പ്രാർത്ഥനാ നിയോഗം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആരോഗ്യ പ്രവർത്തകർക്കായി പ്രാർത്ഥിക്കാൻ മാർപ്പാപ്പാ സഭാതനയരെ ക്ഷണിക്കുന്നു.
ഏപ്രിൽ മാസത്തെ (2022) പ്രാർത്ഥനാനിയോഗത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ക്ഷണമുള്ളത്.
ഈ പ്രാർത്ഥനാനിയോഗത്തിൻറെ ദൃശ്യാവിഷ്ക്കാരം ചൊവ്വാഴ്‌ച (05/04/22) വൈകുന്നേരം വത്തിക്കാൻ പരസ്യപ്പെടുത്തി.
കോവിദ് 19 മഹാമാരി, ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധപ്രവർത്തകരുടെയും അവരുടെ സഹായികളുടെയും പുരോഹിതരുടെയും സന്ന്യാസീസന്ന്യാസിനികളുടെയും സമർപ്പണവും ഉദാരതയും നമുക്ക് കാണിച്ചുതന്നതിനോടൊപ്പം തന്നെ, നല്ലൊരു പൊതു ആരോഗ്യ പരിരക്ഷാ സംവിധാനം എല്ലാവർക്കും പ്രാപ്യമല്ല എന്ന വസ്തുത തുറന്നുകാട്ടിയെന്നും പാപ്പാ പറയുന്നു.
ദരിദ്ര രാജ്യങ്ങൾക്ക്, ഏറ്റവും ദുർബ്ബലമായ രാജ്യങ്ങൾക്ക്, അന്നാടുകളെ അലട്ടുന്ന എണ്ണമറ്റ രോഗങ്ങൾക്ക് ആവശ്യമായ ചികിത്സ ലഭ്യമല്ലയെന്നും ഇതിന് കാരണം, പലപ്പോഴും, വിഭവങ്ങൾ മോശമായരീതിയിൽ കൈകാര്യം ചെയ്യുന്നതം ഗൗരവതരമായ രാഷ്ട്രീയ പ്രതിബദ്ധതയുടെ അഭാവവുമാണെന്നും പാപ്പാ തൻറെ സന്ദേശത്തിൽ വ്യക്തമാക്കുന്നു.
ആകയാൽ, എല്ലാവർക്കും പ്രാപ്യമായ, നല്ല ആരോഗ്യപരിരക്ഷയാണ് മുൻഗണനയെന്ന കാര്യം മറക്കരുതെന്ന് ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും സർക്കാരുകളോട് പാപ്പാ പറയുന്നു.
ആതുരസേവനം വെറുമൊരു സംവിധാനമല്ലെന്നും അപരൻറെ ആരോഗ്യം പരിപാലിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവയ്ക്കുന്ന സ്ത്രീപുരുഷന്മാരെ ആശ്രയിച്ചിരിക്കുന്ന ഒന്നാണ് അതെന്നും ഉദ്ബോധിപ്പിക്കുന്ന പാപ്പാ അവർ നിരവധി രോഗികളെ രോഗസൗഖ്യം പ്രാപിക്കാൻ സഹായിക്കുന്നതിന് മഹാമാരിക്കാലത്ത് ജീവൻ നൽകിയത് അനുസ്മരിക്കുന്നു.
ആരോഗ്യപരിപാലനപ്രവർത്തകർക്കായി, പ്രത്യേകിച്ച്, ദരിദ്ര രാജ്യങ്ങളിലെ രോഗികളെയും പ്രായമായവരെയും സേവിക്കുന്നവർക്കായി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും സർക്കാരുകളും പ്രാദേശിക സമൂഹങ്ങളും അവർക്ക് മതിയായ പിന്തുണയേകട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: