പാപ്പാ സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ വീണ്ടും ശബ്ദമുയർത്തുന്നു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സംഘടിത കുറ്റകൃത്യങ്ങൾ സമൂഹത്തിൽ വൻ നാശങ്ങൾ വിതയക്കുന്നുവെന്ന് പാപ്പാ.
മാഫിയ, അഴിമതി, അവയ്ക്ക് വളമേകുന്ന സകലവിധ കുറ്റകൃത്യങ്ങൾ, അനധികൃത സംഘടനകൾ തുടങ്ങിയവയ്ക്കെതിരെ പോരാടുന്നതിനായി സംഘടനകൾ സാമൂഹ്യസഹകരണ സംഘങ്ങൾ, പ്രസ്ഥാനങ്ങൾ, നഗരാധിപന്മാർ, രൂപതകൾ ഇടവകകൾ തുടങ്ങിയവയുടെ ഒരു ശൃംഖലയായ “സ്വതന്ത്രം|” എന്നർത്ഥം വരുന്ന “ലീബേര” (Libera) എന്ന പേരിൽ ഇറ്റലിയിൽ ജന്മം കൊണ്ട സംഘടനയുടെ അർജന്തീനയിലെത്തിയ പ്രിതിനിധി സംഘത്തിനുള്ള ഒരു കത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.
മാർച്ച് 25-ന് (25/03/22) പാപ്പാ എഴുതിയ ഈ കത്ത് “ലീബേര” എന്ന സംഘടനയുടെ സ്ഥാപകനായ വൈദികൻ ലൂയിജി ചോത്തി ഇക്കഴിഞ്ഞ ബുധനാഴ്ച (06/04/22) അർജന്തീനയിലെ ബുവനോസ് അയിരെസിലെ സർവ്വകലാശാലയിൽ ഒരു സമ്മേളനത്തിൽ വച്ച് വായിക്കുകയും പരിശുദ്ധസിംഹാസനത്തിൻറെ ദിനപ്പത്രമായ ലൊസ്സെർവ്വത്തോരെ റൊമാനൊ പ്രസിദ്ധീകരിക്കുകയും ചെയ്തു.
കുറ്റകൃത്യ സംഘടനകളിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളുടെ സാമൂഹ്യ പുനരുപയോഗത്തെ അധികരിച്ചായിരുന്നു യുറോപ്യൻ സമിതിയുടെ സഹകരണത്തോടെ നടന്ന ഈ സമ്മേളനം.
സംഘടിത കുറ്റകൃത്യങ്ങൾ ദൃശ്യവും അദൃശ്യവുമായ ഇരകളെ സൃഷ്ടിക്കുന്നുവെന്നും അവർ ശ്രവിക്കപ്പെടുകയും പരിഹരിക്കപ്പെടുകയും ചെയ്യേണ്ട സഹനങ്ങൾ സംവഹിക്കുന്നവരാണെന്നും പാപ്പാ എഴുതുന്നു.
സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ അർജന്തീന "യൂറോപ്യൻ സമിതിയുമായി, പ്രത്യേകിച്ച്, ഇറ്റലിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിൽ പാപ്പാ സന്തുഷ്ടി രേഖപ്പെടുത്തുകയും ചെയ്യുന്നു.
നിയമവിരുദ്ധ കൂട്ടായ്മകളെ മറികടക്കാൻ പരസ്പര സഹകരണം അത്യന്താപേക്ഷിതമാണെന്നും, വാസ്തവത്തിൽ, പൊതുനന്മയ്ക്കുവേണ്ടിയുള്ള പ്രവർത്തനത്തിന്, യാഥാർത്ഥ്യത്തെ അതിൻറെ സങ്കീർണ്ണതയിൽ നേരിടാൻ കഴിവുള്ള, ഏകോപനത്തിൻറെയും സഹകരണത്തിൻറെയും പൊതുവായ സംവിധാനങ്ങൾ ആവശ്യമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടുന്നു.
സംഘടിത കുറ്റകൃത്യങ്ങൾ സമൂഹത്തിനുണ്ടാക്കുന്ന നാശനഷ്ടങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന പ്രായോഗിക പരിഹാരങ്ങൾ തേടുന്നതിന് ഒത്തുചേരുന്ന സമിതികളുടെ പ്രവർത്തങ്ങൾക്ക് പാപ്പാ പ്രോത്സാഹനം പകരുകയം ചെയ്യുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: