പാപ്പാ: മരണം മാത്രമല്ല, തിന്മയുടെയും വിദ്വേഷത്തിന്റെയും സഹോദരഹത്യയുടെയും ക്രൂരത യേശു സ്വയം ഏറ്റെടുത്തു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
പ്രിയ ശ്രീലങ്കൻ സഹോദരീ സഹോദരന്മാരേ, നിങ്ങൾക്ക് സമാധാനം! എന്ന് അഭിസംബോധന ചെയ്ത പാപ്പാ ഈ ഈസ്റ്ററിൻ്റെ എട്ടാം തിരുനാളിൽ സഭയിൽ മുഴങ്ങിയ ഉത്ഥിതനായ യേശുവിന്റെ മാറ്റൊലിയാൽ താൻ നിങ്ങളെ ആശംസിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് അവരെ സ്വീകരിച്ചത്. റോമിൽ നിന്നും ഇറ്റലിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അജപാലകരുടെ നേതൃത്വത്തിൽ വിശുദ്ധ പത്രോസിന്റെ ശവകുടീരത്തിലേക്കുള്ള തീർത്ഥാടനത്തിനായി അവരെത്തിയതിനെ അനുസ്മരിച്ചു പാപ്പാ അവരുടെ തീർത്ഥാടനം വിശ്വാസത്തിന്റെ ഒരു അടയാളവും, സുന്ദരമായ സാക്ഷ്യവുമാണെന്നും സൂചിപ്പിച്ചു. അതിന് പാപ്പാ അവർക്ക് നന്ദി പറയുകയും ചെയ്തു.
2019 ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ മരണവും ഭീകരതയും വിതച്ച ദാരുണമായ സംഭവങ്ങളുടെ വാർഷികമാണ് അവരെ വത്തിക്കാനിലേക്കു വിളിച്ചതിന് കാരണം എന്ന് പറഞ്ഞു പാപ്പാ ആ ഭീകരമായ ആക്രമണങ്ങളിൽ ഇരയായവർക്കായി ദിവ്യബലി അർപ്പിക്കുകയും, പരിക്കേറ്റ എല്ലാവർക്കും, ഇവിടെയുള്ളവർക്കും, ആക്രമണത്തിൽ ഇരകളായവരുടെ കുടുംബങ്ങൾക്കും, അതുപോലെ ശ്രീലങ്കയിലെ എല്ലാ ജനങ്ങൾക്കും വേണ്ടി അവർ പ്രാർത്ഥിക്കുകയും ചെയ്തുവെന്ന് അനുസ്മരിക്കുകയും പൂർണ്ണഹൃദയത്തോടെ അവരുടെ പ്രാർത്ഥനയിൽ താനും പങ്കുചേരുന്നുവെന്നു വെളിപ്പെടുത്തുകയും ചെയ്തു.
"നിങ്ങൾക്ക് സമാധാനം" എന്ന് ഉത്ഥിതനായ കർത്താവ് ആവർത്തിക്കുന്നു. അവിടുന്ന് നമ്മുടെ രക്ഷകനാണ്, അവിടുന്നു മാത്രം! മനുഷ്യർക്ക് ചെയ്യാൻ കഴിയില്ലെന്ന് തോന്നുന്ന ചില ഭീകരതയും അസംബന്ധവും അഭിമുഖീകരിക്കുമ്പോൾ, തിന്മയുടെ പ്രവൃത്തി പ്രകടമാണ്. അപ്പോൾ നിരപരാധിയും, പരിശുദ്ധനും, നീതിമാനുമായ ദൈവപുത്രൻ, നമ്മെ രക്ഷിക്കാൻ ക്രൂശിക്കപ്പെട്ട് മരിക്കേണ്ടിവന്നത് എന്തുകൊണ്ടാണെന്ന് നമുക്ക് മനസ്സിലാകും. മരണം മാത്രമല്ല, തിന്മയുടെയും വിദ്വേഷത്തിന്റെയും സഹോദരഹത്യയുടെയും ക്രൂരത അവിടുന്ന് സ്വയം ഏറ്റെടുത്തു. അവിടുത്തെ കുരിശും, ഉത്ഥാനവും, കനത്ത ഇരുട്ടിൽ പ്രത്യാശയുടെ വെളിച്ചവുമാണ്. അക്രമത്തിന്റെയും യുദ്ധത്തിന്റെയും, പ്രത്യേകിച്ച് തീവ്രവാദത്തിന്റെ ഇരകളായ എല്ലാവർക്കുമായി ഇന്ന് നമുക്ക് പ്രാർത്ഥിക്കാം." പാപ്പാ അവരെ ഉദ്ബോധിപ്പിച്ചു.
2015 ജനുവരിയിൽ ശ്രീലങ്ക സന്ദർശിച്ചതിൽ തനിക്കു സന്തോഷം തോന്നിയെന്ന് പറഞ്ഞ പാപ്പാ അവരുടെ മാതൃരാജ്യമായ ശ്രീലങ്കയ്‌ക്കായി അവരോടൊപ്പം പ്രാർത്ഥിക്കാൻ താൻ ആഗ്രഹിക്കുന്നുവന്നു വെളിപ്പെടുത്തി. ഭരണാധികാരികൾക്കും, സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉത്തരവാദിത്തങ്ങൾ ഉള്ളവർക്കും, എല്ലാ ജനങ്ങൾക്കും വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം എന്ന് പറഞ്ഞ പാപ്പാ എല്ലാവരുടെയും പ്രതിബദ്ധത കൊണ്ടും സഹകരണം കൊണ്ടും ഇപ്പോഴത്തെ പ്രയാസങ്ങൾ പരിഹരിക്കപ്പെടട്ടെ എന്നാശംസിക്കുകയും ചെയ്തു.
ശ്രീലങ്കയിലെ സഭയ്ക്കുവേണ്ടി പ്രാർത്ഥിക്കാം എന്നാവശ്യപ്പെട്ട പാപ്പാ പരിശുദ്ധ മറിയത്തിന്റെ മദ്ധ്യസ്ഥതയാൽ പരിശുദ്ധാത്മാവിനാൽ നിറയുകയും രക്ഷകനായ ക്രിസ്തുവിന്റെ സുവിശേഷം സന്തോഷപൂർവ്വം പ്രഖ്യാപിക്കുകയും ചെയ്യട്ടെ എന്ന് പറഞ്ഞു. അവസാനമായി അവരുടെ സാക്ഷ്യത്തിന് വീണ്ടും നന്ദിയർപ്പിച്ച പാപ്പാ അവരെയും അവരുടെ കുടുംബങ്ങളെയും താൻ ഹൃദയപൂർവ്വം അനുഗ്രഹിക്കുന്നുവെന്നു പറഞ്ഞു. തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്നാവശ്യപ്പെട്ടു കൊണ്ട് തന്റെ സന്ദേശം ഉപസംഹരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: