പാപ്പാ: സമാധാനത്തിനായുള്ള അന്വേഷണത്തിൽ എപ്പോഴും നീതി കൂടെയുണ്ടായിരിക്കണം
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഇറ്റലിയിലെ നീതിന്യായ സംവിധാനത്തിന്റെ ഉന്നത സമിതി (Consiglio Superiore della Magistratura, CSM, ) അംഗങ്ങളെ അഭിസംബോധന ചെയ്ത പാപ്പാ "ശ്രേഷ്ഠവും ലോലവുമായ ദൗത്യ" ത്തിനായാണ് അവർ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് അവരെ ഓർമ്മിപ്പിച്ചു.
നീതിക്കുവേണ്ടിയുള്ള ജനങ്ങളുടെ ആവശ്യങ്ങളോടു പ്രതികരിക്കാനുള്ള ഉത്തരവാദിത്തം അവർക്കുണ്ട്, ആ ഉത്തരവാദിത്വം സത്യം, വിശ്വാസം, വിശ്വസ്ഥത, നിയോഗശുദ്ധി എന്നിവ ആവശ്യപ്പെടുന്നു.
നീതി നിർവ്വഹിക്കാൻ ഭരമേൽപ്പിക്കപ്പെട്ടവർ "ശബ്ദമില്ലാത്തവരുടെയും അനീതി അനുഭവിക്കുന്നവരുടെയും നിലവിളി കേൾക്കാൻ" വിളിക്കപ്പെട്ടിരിക്കുന്നു, അവരുടെ ജോലി മാനുഷിക അന്തസ്സിന്റെയും പൊതുനന്മയുടേയും സേവനത്തിനുള്ള ഒരു കടമയാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
നീതി എന്നത് പാരമ്പര്യത്തിൽ വേരൂന്നിയതും ഓരോരുത്തർക്കും അർഹമായത് നൽകുക എന്നതുമാണെങ്കിലും എന്താണ് മറ്റുള്ളവന് അവകാശമായത് എന്നതിനെ കുറിച്ചുള്ള ധാരണയ്ക്ക് പല സമയങ്ങളിലും സ്ഥലങ്ങളിലും വ്യത്യാസങ്ങൾ വന്നിട്ടുണ്ട് എന്ന് പാപ്പാ പറഞ്ഞു.
വിശുദ്ധ ഗ്രന്ഥ പാരമ്പര്യമനുസരിച്ച് "മനുഷ്യാന്തസ്സ് പവിത്രവും അലംഘനീയവുമാണെന്ന് തിരിച്ചറിയുകയാണ്" ഒരാൾക്ക് അവകാശപ്പെട്ടതെന്ത് എന്നതിനർത്ഥം.
ജുഡീഷ്യൽ പരിഷ്കരണം
നീതിന്യായ വ്യവസ്ഥയുടെ കാലാനുസൃതമായ പരിഷ്കരണത്തിന്റെ ആവശ്യകത കണക്കിലെടുത്ത്, എന്തെങ്കിലും പരിഷ്കരിക്കുന്നതിന് മുമ്പ് ആദ്യം ഒരാൾ സ്വയം പരിഷ്കരിക്കണമെന്ന് പഠിപ്പിച്ച ഇറ്റലിയിലെ മധ്യസ്ഥരിലൊരാളായ സിയന്നയിലെ വിശുദ്ധ കാതറിനെ പപ്പാ അനുസ്മരിച്ചു. നീതിന്യായ വ്യവസ്ഥയുടെ നവീകരണത്തിന്റെ പശ്ചാത്തലത്തിൽ, "ആർക്ക് വേണ്ടി" നീതി നടപ്പാക്കപ്പെടുന്നു, എന്നും അത് "എങ്ങനെ", "എന്തുകൊണ്ട്" നടപ്പിലാക്കുന്നു എന്നും ചോദിക്കുകയാണ് ഇതിനർത്ഥമെന്ന് വിശദീകരിച്ചു.
"ആർക്കുവേണ്ടി" എന്ന ചോദ്യം ഒരു ബന്ധത്തെ സൂചിപ്പിക്കുന്നുവെന്ന് പറഞ്ഞ പരിശുദ്ധ പിതാവ് നമ്മുടെ ലോകം കൂടുതൽ കണ്ണി ചേർക്കപ്പെട്ടിരിക്കുന്നതനുസരിച്ച്, വിരോധാഭാസമായി അത് കൂടുതൽ ഛിന്നഭിന്നമായിരിക്കുന്നുവെന്നും ചൂണ്ടികാണിച്ചു. ഈ പശ്ചാത്തലത്തിൽ, ബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ള നീതിയുടെ പുന:സ്ഥാപനം "പ്രതികാരത്തിനും മറവിക്കുമുള്ള ഒരേയൊരു യഥാർത്ഥ മറുമരുന്നായി അംഗീകരിക്കാൻ കഴിയും, കാരണം അത് തകർന്ന ബന്ധങ്ങളുടെ പുനരുദ്ധാരണത്തിലേക്ക് നോക്കുകയും സഹോദരന്റെ രക്തം പുരണ്ട ഭൂമി വീണ്ടെടുക്കാൻ അനുവദിക്കുകയും ചെയ്യുന്നു."
അതുപോലെ, "എങ്ങനെ" നീതി നടപ്പാക്കുന്നു എന്ന ചോദ്യം നീതിയിൽ മാത്രമേ സമാധാനം സ്ഥാപിക്കാൻ കഴിയൂ എന്ന തിരിച്ചറിവിൽ പ്രയോഗികമായ പല പരിഷ്കാരങ്ങളിലൂടെ കടന്നുപോകാൻ ഇടയാക്കും.
"എന്തുകൊണ്ട്" ഒരാൾ നീതിപൂർവ്വം പ്രവർത്തിക്കുന്നു എന്ന ചോദ്യത്തിന് നീതിയോടുള്ള പ്രതിബദ്ധത ഒരാളുടെ വ്യക്തിപരവും സാമൂഹികവുമായ സ്വത്വത്തിന്റെ ഭാഗമായി ആന്തരികവൽക്കരിക്കപ്പെടണമെന്ന് ഫ്രാൻസിസ് പാപ്പാ നീതി നടപ്പാക്കുന്നവരുടെ മനസ്സാക്ഷിയോടുള്ള ഒരഭ്യർത്ഥനയാക്കി.
പഴയനിയമത്തിലെ സോളമന്റെ മഹത്തായ വ്യക്തിത്വത്തെ അനുസ്മരിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ പറഞ്ഞു, നീതി നടപ്പാക്കുക എന്നത് "ജ്ഞാനപൂർവ്വം ഭരിക്കാൻ ആഗ്രഹിക്കുന്നവരുടെ ലക്ഷ്യമായിരിക്കണം, അതേസമയം വിവേചനമാണ് നന്മയെ തിന്മയിൽ നിന്ന് വേർതിരിച്ചറിയാനുള്ള വ്യവസ്ഥ."
രാഷ്ട്രീയ ഉത്കണ്ഠകളാൽ പ്രേരിതനായി, യഥാർത്ഥ നീതിയിലുള്ള താൽപ്പര്യം "കഴുകിക്കൊണ്ട്" യേശുവിനെ അപലപിക്കുന്ന ജനങ്ങളുടെ ഇഷ്ടത്തിന് വഴങ്ങിയ, പോന്തിയോസ് പീലാത്തോസിന്റെ എതിർ ഉദാഹരണവും ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിച്ചു. "സാക്ഷ്യത്തിന്റെ വിശ്വാസ്യത, നീതിയോടുള്ള സ്നേഹം, അധികാരം, മറ്റ് വ്യവസ്ഥാപിത അധികാരങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യം, നിലപാടുകളിലുള്ള ബഹുസ്വരതയോടു വിശ്വസ്ഥത എന്നിവ രാഷ്ട്രീയ സ്വാധീനങ്ങളും കാര്യക്ഷമതയില്ലായ്മയും വിവിധ സത്യസന്ധതയില്ലായ്മകളും തടയാനുള്ള മറുമരുന്നാണ്" എന്ന് പാപ്പാ പറഞ്ഞു.
റൊസാരിയോ ലിവാറ്റിനോയുടെ മാതൃക
"ഒരു വശത്ത് കർക്കശത്തിനും സ്ഥിരതയ്ക്കും ഇടയിലുള്ള വൈരുദ്ധ്യാത്മകതയിലും മറുവശത്ത് മാനവികതയിലും ... ചരിത്രത്തോടും സമൂഹത്തോടും ഒപ്പം സഞ്ചരിക്കാൻ കഴിവുള്ള സ്ത്രീകളെയും പുരുഷന്മാരെയും ഓർത്തുകൊണ്ട് നീതിന്യായ സംവിധാനത്തിലുള്ള തന്റെ സേവനത്തെക്കുറിച്ചുള്ള ആശയം രൂപകൽപ്പന ചെയ്യുകയും ന്യായാധിപന്മാരോടും, സിവിൽ നേതാക്കളോടും ,"നീതിക്ക് അനുസൃതമായി അവരുടെ ജോലി നിർവ്വഹിക്കാ൯ ആഹ്വാനം ചെയ്യുകയും ചെയ്ത" വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട ആദ്യത്തെ ജഡ്ജിയായ റൊസാരിയോ ലിവാറ്റിനോയുടെ മാതൃകാപരവും, മൂർത്തവുമായ ഉദാഹരണം അവർക്ക് പാപ്പാ നൽകി. 1990-ൽ മാഫിയയാൽ വധിക്കപ്പെട്ട വാഴ്ത്തപ്പെട്ട റൊസാരിയോ നമുക്ക് ഒരു "വിശ്വസനീയമായ സാക്ഷ്യം" മാത്രമല്ല, നീതിന്യായ വകുപ്പ് എന്തായിരിക്കണം എന്നതിനെക്കുറിച്ചുള്ള വ്യക്തമായ ധാരണയും നൽകി എന്ന് പാപ്പാ പറഞ്ഞു.
"എപ്പോഴും സത്യത്തിനും സ്വാതന്ത്ര്യത്തിനും മുൻഗണന നൽകുന്ന സമാധാനത്തിനായുള്ള അന്വേഷണത്തോടൊപ്പമായിരിക്കണം നീതി" എന്ന് പാപ്പാ വിശദീകരിച്ചു.
ഉന്നത സമിതിയിലെ അംഗങ്ങളെ നേരിട്ട് അഭിസംബോധന ചെയ്ത് "അനീതിക്ക് ഇരയായവരോടുള്ള ഐക്യദാർഢ്യത്താൽ പരിപോഷിപ്പിക്കപ്പെടുന്ന, നീതിയുടെയും സമാധാനത്തിന്റെയും രാജ്യം യാഥാർത്ഥ്യമാകുന്നത് കാണാനുള്ള ആഗ്രഹത്താൽ പോഷിപ്പിക്കപ്പെടുന്ന നീതിബോധം നിങ്ങളിൽ ഇല്ലാതാകില്ല" എന്ന പ്രത്യാശ പ്രകടിപ്പിച്ചു കൊണ്ടാണ് ഫ്രാൻസിസ് പാപ്പാ ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: